ബോളീവുഡ് സിനിമകളുടെ പ്രമേയങ്ങൾ പ്രേക്ഷകർ നിരന്തരം അവഗണിക്കുകയാണ്. റീമേക്കുകളും ഡബ്ബിങ് ചിത്രങ്ങളും മാത്രമാണ് ക്ലച്ച് പിടിക്കുന്നത്. ഇത് ബോളീവുഡിനെ കുറച്ചൊന്നുമല്ല ആശങ്കയിൽ ആഴ്ത്തുന്നത്. ജനമനസ്സറിയുന്ന ഫിലിം മേക്കേഴ്‌സ് ബോളീവുഡിൽ കുറഞ്ഞു വരികയാണോ ? ഈയിടെ എടുത്തു പറയാവുന്ന വിജയം സഞ്ജയ് ലീല ബൻസാലി ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത ഗാംഗുഭായി കത്യവാടിയാണ്. മറ്റൊന്ന് മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക് ആയ ഭൂൽ ഭുലയ്യ . ഇത് ഒഴികെ നോക്കിയാൽ ബോളീവുഡിന് ആശങ്കയുടെ കാലമാണ് . കങ്കണയുടെ എട്ടു ചിത്രങ്ങളാണ് വരിവരിയായി പൊട്ടിയത്. ഇപ്പോൾ അക്ഷയ്കുമാറിന്റെ രണ്ടു ചിത്രങ്ങളും തകർന്നിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ തിയറ്ററുകളിലെത്തിയ ബച്ചൻ പാണ്ഡെ എന്ന ചിത്രം വൻ പരാജയമായിരുന്നു. 180 കോടി മുടക്കിയ സിനിമയ്ക്ക് ആകെ ലഭിച്ചത് 68 കോടി മാത്രമാണ്. അതുപോലെ തന്നെ 300 കോടി മുടക്കി കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം ഇതുവരെ നേരിയത് 60 കോടി രൂപ. അക്ഷയ് കുമാറിന്റെ കരിയറിലെ വമ്പൻ പരാജയമായിരിക്കും സാമ്രാട്ട് പൃഥ്വിരാജ്. ഇതിനോടൊപ്പം ഇറങ്ങിയ കമൽ ഹാസന്റെ വിക്രം വമ്പൻ വിജയമായി മാറുകയാണ്. മറ്റൊരു ചിത്രം മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറയുന്ന മേജർ ആണ്. തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നിമ്മിച്ച ചിത്രവും വൻ വിജയമാകുകയാണ് .