മാളികപ്പുറം 🙏
Akshay Lal
ഭഗവാനും ഭക്തനും ഒന്നാണെന്നുള്ള തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർഥാടനമാണ് ഓരോ വിശ്വാസിക്കും ശബരിമലയിലേക്കുള്ളത്. കാനന പാതയിൽ കല്ലും മുള്ളും വേദന നൽകുന്ന അനുഭവങ്ങളുണ്ടാകുമ്പോഴും അയ്യപ്പനെ നേരിൽ കാണാനുള്ള അതിയായ വാഞ്ജയോടെ അതെല്ലാം മറികടന്ന് ശരണം വിളികളോടെ അവർ പതിനെട്ടാം പടി കടന്നു ചെല്ലും. ആ വിളികൾക്കിടയിൽ ഭഗവാൻ തന്നെ അവർക്കു മുന്നിലേക്കെത്തും. മാളികപ്പുറം എന്ന സിനിമ പറയുന്നത് കല്ലു എന്ന് എല്ലാവരും വിളിക്കുന്ന കല്യാണിയുടെ ശബരിമല യാത്രയുടെ കഥയാണ്. കാട് അവളെ പേടിപ്പിച്ചില്ല, പക്ഷേ കാട് കയറി വന്ന ചില മനുഷ്യർ അവൾക്കായി വല വിരിച്ചു. അവിടെ തൻ്റെ ആവനാഴിയിൽ നിന്നും വില്ലെടുത്ത് കുലച്ച് മാളികപ്പുറത്തിനു മുന്നിൽ അയ്യപ്പൻ തന്നെ കാവലാളായി.
ഭക്തിയും ഫാൻ്റസിയും ഇഴചേർത്ത് ത്രില്ലർ മൂഡും കൂട്ടിയോജിപ്പിച്ച് ഒരുക്കിയ ചിത്രം നവാഗതനായ വിഷ്ണു ശശിശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കയ്യൊതുക്കത്തോടെ ഒരുക്കിയ ചിത്രം ഫീൽ ഗുഡായി പ്രേക്ഷകരിലേക്ക് പതിപ്പിക്കാൻ ഈ യുവ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നൈറ്റ് ഡ്രൈവ്, പത്താം വളവ് തുടങ്ങിയ ത്രില്ലർ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് ചിത്രത്തിനു രചന നിർവഹിച്ചിരിക്കുന്ന്. കല്ലുവിൻ്റെ ഭക്തിയെ പ്രേക്ഷകരിലേക്കും കോർക്കുന്ന രീതിയിൽ കഥ മെനഞ്ഞെടുത്തതിൽ അഭിലാഷ് അഭിനന്ദനം അർഹിക്കുന്നു.
ഒരുപക്ഷേ, താളം തെറ്റിപ്പോകാവുന്ന കഥയെ കൃത്യമായ വാണിജ്യ ചേരുവകളോടെ കുറിച്ചിടാൻ അഭിലാഷ് പിള്ളയ്ക്കു കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൻ്റെ ഫീൽ കൃത്യം പകരുന്ന രഞ്ജിൻ രാജിൻ്റെ സംഗീത പശ്ചാത്തലും ഏറെ മികച്ച അനുഭവം പകരുന്നുണ്ട്. ഒന്നാം പാതിയിൽ കല്ലുവിൻ്റെ സ്വപ്നവും ജീവിതവും കുടുംബ ബന്ധങ്ങളും പറഞ്ഞ ചിത്രം രണ്ടാം പാതിയോടെയാണ് ടോപ് ഗിയറിലേക്ക് മാറുന്നത്. പമ്പയിലേക്കുള്ള യാത്രയും എരുമേലി പേട്ടതുള്ളലും കാനന യാത്രയും പതിനെട്ടാം പടി കയറ്റവും അയ്യപ്പ ദർശനവുമൊക്കെയായി ഒരു തീർഥാടന യാത്ര പോലെ സിനിമയെ മാറ്റിയെടുക്കാൻ അണിയറ പ്രവർത്തകർക്കു കഴിഞ്ഞിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ എന്ന താരത്തിൻ്റെ സ്ക്രീൻ പ്രെസൻസാണ് ചിത്രത്തിൻ്റെ ആത്മാവ്. കല്ലുവിൻ്റെ അയ്യപ്പനായി മാറുന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരിലേക്കും ആ വിശ്വാസം ഊട്ടിയുറപ്പിക്കും വിധം പകർന്നാടാൻ ഉണ്ണി മികുന്ദനു കഴിഞ്ഞിട്ടുണ്ട്. ഒപ്പം കല്ലുവായി എത്തിയ ദേവനന്ദും പീയുഷാകുന്ന ശ്രീപഥും പ്രേക്ഷക മനസിൽ ഇടം പിടിക്കുന്നു. ദേവനന്ദയുടെ ഓരോ ഭാവവ്യതിയാനങ്ങളും പ്രേക്ഷകരുടെതെന്നു തോന്നിപ്പിക്കും വിധമായിരുന്നെങ്കിൽ തൻ്റെ കൗണ്ടറുകളിലൂടെയാണ് ശ്രീപഥ് ശ്രദ്ധ നേടിയത്. ശിക്കാരി ശംഭുവിലെ രേവതിയിൽ നിന്നും മാളികപ്പുറത്തിലേക്ക് എത്തുമ്പോൾ വളരെ പക്വതയാർന്ന നടനഭാവം പ്രകടമാക്കാൻ ആൽഫി പഞ്ഞിക്കാരനു കഴിഞ്ഞിട്ടുണ്ട്.
രണ്ടാം പാതിയിൽ, ഉണ്ണി മുകുന്ദൻ്റെ വരവോടെ ത്രില്ലർ സ്വഭാവവും ഭക്തിയുടെ വൈകാരികതയും ചേർത്ത് സിനിമ പുതിയൊരു അനുഭവമാക്കി മാറ്റുന്നു. ഇടയിൽ സംഭവിക്കുന്ന താളക്കുറവ് പോലും അവസാനം ഒരുക്കിയ ട്വിസ്റ്റോടെ കവർ ചെയ്യുന്നുമുണ്ട് ചിത്രം. അയ്യപ്പനെ കാണാനുള്ള ഒരു എട്ടുവയസുകാരിയുടെ ആഗ്രഹ സാക്ഷാത്കാര യാത്രയെ ദൃശ്യവൽക്കരിക്കുമ്പോൾ ഭക്തിയുടെ സാധ്യതകൾ ഒപ്പം കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാനുള്ള വകയായി ചിത്രത്തെ മാറ്റിയതാണ് ചിത്രത്തിൻ്റെ പ്ലസ് പോയിൻ്റ് . “അപ്പോ… സ്വാമി ശരണം.”