Akshay Lal
പിഴുതെറിയാൻ കഴിയാത്ത വണ്ണം ഉള്ളിൽ പിടിച്ചു പോയ ഒരു സിനിമയാണ് ‘ഒന്നു മുതൽ പൂജ്യം വരെ’. പ്രത്യേകിച്ചു ടെലഫോൺ അങ്കിളും, ദീപ മോളും. അച്ഛൻ മരിച്ചു എന്ന കാര്യം ദീപമോൾക്ക് ഇനിയുമറിയില്ല. അവളെ സംബന്ധിച്ചിടത്തോളം അച്ഛൻ ഒരു ടെലിഫോൺ കോളിനപ്പുറത്ത് എവിടെയോ ഉണ്ട്. ആ പ്രതീക്ഷ ഇല്ലാതാക്കാൻ അലീനയും ശ്രമിക്കുന്നില്ല. ദീപ മോളുടെ ഏറ്റവും പ്രിയപ്പെട്ട വസ്തു എല്ലാ കളിക്കോപ്പുകൾക്കുമപ്പുറം വീട്ടിലെ ഫോണാണ്. അമ്മയുടെ കണ്ണുവെട്ടിച്ച് അവൾ ഇടയ്ക്കിടയ്ക്ക് അതിന്റെ അടുത്തുവന്നിരിക്കും. ഒരു മണിയൊച്ചയ്ക്ക് വേണ്ടിയുള്ള ദീപ മോളുടെ കാത്തിരിപ്പിന്റെ ഫ്രെയിമുകൾ ഷാജി . N. കരുൺ ഹൃദയസ്പർശിയായി തന്നെ തിരശ്ശീലയിൽ കോറിയിട്ടിട്ടുണ്ട്. ഒരിക്കലും ഡാഡി അവളെ വിളിച്ചില്ല. നിരാശയായ അവൾ ഇടയ്ക്ക് എതൊക്കെയോ റാൻഡം നമ്പറുകൾ ഡയൽ ചെയ്യുന്നുണ്ട്; റിസീവറിന് മറുപുറം മോളേ എന്ന വിളിക്ക് കാതോർത്ത്. അച്ഛന്റെ ഓർമ്മകളിൽ അവൾക്കു കൂട്ടായി ഒരു പിയാനോയുമുണ്ട്.
ഏകാന്തതയുടെ ഈ ദ്വീപിലേക്കാണ് ഒരു ദിവസം ആ ശബ്ദം വിരുന്നെത്തുന്നത്. ഒരു റോംഗ് നമ്പർ പോലെ എത്തുന്ന ശബ്ദം ദീപമോളുമായി സൗഹൃദത്തിലാവുന്നു. ടെലിഫോൺ അങ്കിൾ എന്ന് അവൾ പേരിടുന്ന ആ ശബ്ദവുമായുള്ള ദീപമോളുടെ ബന്ധം വികസിക്കുന്നത് ഒരു പൂ വിരിയുന്ന സുഭഗതയോടെയാണ് പലേരി സ്ക്രീനിൽ വരച്ചിടുന്നത്. ഞാൻ കണ്ട മലയാള സിനിമകളിൽ ഇതിലും നന്നായി ഒരു ബന്ധം സ്ഥാപിച്ചെടുക്കുന്നത് കണ്ടിട്ടില്ല.
ദീപമോളും ടെലിഫോൺ അങ്കിളും തമ്മിലുള്ള സംഭാഷണങ്ങൾ ഒരു കവിത പോലെ പെയ്തിറങ്ങുന്നവയാണ്. എവിടെ നിന്നാണ് അങ്കിൾ വിളിക്കുന്നതെന്ന് ഒരിക്കൽ അവൾ അയാളോട് ചോദിക്കുന്നുണ്ട്. അപ്പോൾ അയാൾ പറയുന്നു “ഒരു കുളത്തിനടുത്തുള്ള വലിയ ഒരു വീട്ടിലാണ് ഞാൻ താമസിക്കുന്നത്.ആ കുളത്തിൽ ഒരു പാട് മത്സ്യങ്ങളുണ്ട്. പിന്നെ, അവയെ പിടിക്കാൻ കുറേ പക്ഷികളും വരും.” ഇമേജറികളുടെ കണ്ണഞ്ചിപ്പിക്കുന്ന കുടഞ്ഞിടൽ ആണ് ഈ ദൃശ്യങ്ങളിലുടനീളം. ഒരു കൊച്ചു കുട്ടിയുടെ ഉള്ളിൽ അയാൾ വരച്ചിടുന്ന വർണ്ണജാലം. പിന്നേയും കുറേ കഴിഞ്ഞാണ് നമ്മൾ അറിയുന്നത് അയാളും ആ കുളത്തിൽ പിടിച്ചിടപ്പെട്ട ഒരു മത്സ്യമാണെന്ന്; ഒരു തടവുകാരനാണെന്ന്.
പലരും മോഹൻലാൽ എന്ന നടന്റെ ശബ്ദത്തിലെ പോരായ്മകളെക്കുറിച്ച് പറയാറുണ്ട്. പ്രത്യേകിച്ചും മമ്മൂട്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ശബ്ദത്തിലുള്ള ഗാംഭീര്യക്കുറവിനെക്കുറിച്ച്. പക്ഷേ എന്റെ നിരീക്ഷണങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്, ആ കുറവാണ് ലാലേട്ടന്റെ അനുഗ്രഹം എന്നാണ്. മമ്മൂട്ടിയിൽ നിന്നും വിഭിന്നമായി, കേൾക്കുന്നവന്റെ ഹൃദയവുമായി നേരിട്ടു സംവദിക്കുന്ന എന്തോ ഒന്ന് ലാലേട്ടന്റെ ശബ്ദത്തിലുണ്ട്. ഈയടുത്ത് സൈറാ ബാനുവിൽ ആ വോയ്സ് ഓവർ കേട്ടപ്പോഴും അതു തോന്നി. ദേ ഞാൻ നിങ്ങളുടെ അരികിൽ നിന്നാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന ഒരു ഫീൽ. അതിന്റെ അനന്തമായ പ്രകടനമാണ് ഒന്നു മുതൽ പൂജ്യം വരെയിൽ.
ലാൽ മാജിക് എന്ന് വക്കു പൊട്ടാതെ വിളിക്കാവുന്ന പ്രകടനങ്ങളിലൊന്ന്. ഓരോ തവണ ഈ ചിത്രം കാണുമ്പോഴും കോരിത്തരിപ്പിക്കുന്ന ഒരു മാനവികതലം അതിൽ അനുഭവപ്പെടാറുണ്ട്. മറ്റൊരു സിനിമയിലും തോന്നാത്തത്ര.ഒന്നു മുതൽ പൂജ്യം വരെ ഒരു ഒറ്റയാനാണ്; വിസ്മയങ്ങളുടെ അന്തമില്ലാ വർണ്ണക്കാഴ്ച്ചകളിലെ ഏറ്റവും തിളക്കമുള്ള ഒറ്റയാൻ.