സെലിബ്രിറ്റികൾ വേട്ടയാടപ്പെടുമ്പോൾ

494

Akshaya Jayakumar എഴുതുന്നു

സെലിബ്രിറ്റികൾ വേട്ടയാടപ്പെടുമ്പോൾ.

സമൂഹത്തിൽ ഏറ്റവും കൂടുതൽ ഓഡിറ്റ് ചെയ്യപ്പെടുന്നവർ സെലിബ്രറ്റികൾ ആണ്. സിനിമ താരങ്ങൾ ആണെങ്കിൽ ഈ ഓഡിറ്റുകൾ കൂടുകയും ചെയ്യും. ആൾക്കൂട്ടത്തിന്റെ മനോഭാവത്തിന് അനുസരിച്ചും സമൂഹത്തിന്റെ ചിന്താഗതിക്ക് അനുസരിച്ചും എല്ലാവരും പ്രവർത്തിക്കണം, പറയണം എന്നുള്ള വാശിയാണ് ഈ ഓഡിറ്റിങ്ങിനു കാരണമാകുന്നത്. വിവാഹം, വിവാഹമോചനം, റിലേഷൻഷിപ് തുടങ്ങി എല്ലാം സൈബർ ലോകത്തിന്റെ ഇടവഴികളിലെ ചർച്ചാ വിഷയമാണ്. റീച്ചിനാണോ എഴുതുന്ന ആളുടെ മനസുഖത്തിനു വേണ്ടിയാണോ എന്നറിയില്ല, ഇത്തരം വാർത്തകൾ ആഘോഷമാക്കാൻ പ്രമുഖ

Akshaya Jayakumar

മാധ്യമങ്ങളുടെ ഓൺലൈൻ പോർട്ടലുകൾ തമ്മിൽ കടുത്ത മത്സരം കാഴ്ച വയ്ക്കാറുണ്ട്.

ഇത്തരക്കാരുടെ പുതിയ ഇരയാണ് റിമി ടോമിയുടെ വിവാഹ മോചന വാർത്ത. ഒട്ടേറെ ഹേറ്റേഴ്സിനെ ഇക്കാലയളവ് കൊണ്ടു തന്റെ അവതരണ ശൈലി കൊണ്ടും തുറന്ന പെരുമാറ്റം കൊണ്ടും റിമി സമ്പാദിച്ചിട്ടുണ്ട്. അതായിരിക്കണം അവരുടെ ജീവിതത്തിൽ ഉണ്ടായ ഒരു നെഗറ്റീവ് ഇമ്പാക്റ്റിനെ ഇത്രയധികം ആഘോഷിക്കപ്പെടുന്നത്. ചിരിക്കുമ്പോൾ പല്ലുകൾ അവകാശപ്പെടുന്ന മിനിമം സ്വാതന്ത്ര്യത്തെ പോലും കൈകൊണ്ടു മൂടി വയ്‌ക്കേണ്ടി വരുന്ന പെൺകുട്ടികൾ ഉള്ള ഈ നാട്ടിൽ പൊട്ടിച്ചിരിക്കുകയും വേണ്ടി വന്നാൽ അട്ടഹസിക്കുകയും ചെയ്യാൻ റിമി മടിക്കില്ല. ആരൊക്കെ തന്റെ മുന്നിലിരിപ്പുണ്ട് എന്ന് നോക്കി ക്യാമറയ്ക്കു മുന്നിൽ അവർ അഭിനയിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും തുറന്ന ചിരിയുടെയും, പെണ്ണ് പ്രകടിപ്പിക്കുമ്പോൾ ‘അടക്കമില്ലാതായ്മ ‘ ആകുന്ന ഊർജ്വസ്വലതയോടെയും പെരുമാറുന്നത് കൊണ്ടാണ് റിമി കുലപുരുഷ കുലസ്ത്രീ കൂട്ടായ്‍മകളിൽ വെറുക്കപ്പെട്ടവൾ ആയി മാറിയത്. ആ വെറുപ്പിന്റെ / ആണധികാര ബോധത്തിന്റെ ബൈപ്രോഡക്ട് ആണ് ഇപ്പോൾ അവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്ന ഒരു പേർസണൽ ഇവെന്റിനെ അവരുടെ സ്വഭാവ വൈകല്യം കൊണ്ടു ഉണ്ടായതാണെന്ന് സ്ഥാപിച്ചെടുക്കാൻ ഉള്ള ശ്രമങ്ങൾ.

ഓൺലൈൻ പോർട്ടലുകളിൽ റിമിയുടെ വിവാഹ മോചന വാർത്തയുടെ താഴെ വരുന്ന കമന്റുകളിൽ കൂടുതലും ‘ഇത്രയും കാലം ഇവളെ സഹിച്ച ഭർത്താവിന് അവാർഡ് കൊടുക്കണം ‘എന്ന ലൈനിൽ ഉള്ളവയാണ്. അവാർഡ് കമ്മിറ്റിക്കാരുടെ കണ്ണിൽ റിമി ചെയ്തിരിക്കുന്ന ഏറ്റവും വലിയ പാതകം ഒന്ന് ഉറക്കെ ചിരിച്ചതും പാട്ട് പാടുമ്പോൾ ഡാൻസ് കളിച്ചതുമൊക്കെ ആയിരിക്കും. റിമിയെ പോലെ സാമൂഹിക വിഷയങ്ങളിൽ വലിയ ഇടപെടലുകൾ നടത്താത്ത ഒരാൾ ഇത്രയേറെ ആക്രമണങ്ങൾ നേരിടുമ്പോൾ വ്യക്തമായി അഭിപ്രായങ്ങൾ തുറന്നു പറയുന്ന പെണ്ണുങ്ങൾ നേരിടുന്ന സൈബർ ആക്രമണത്തിൽ അതിശയം കൊള്ളേണ്ടതില്ല. റിമിയെ സഹിച്ചവർക്ക് അവാർഡ് നൽകുന്നത് കൂടാതെ കല്ലട ബസിൽ കയറ്റി അയക്കുന്നവരും ലൈംഗിക ദാരിദ്ര്യം അക്ഷരങ്ങളിലൂടെ പുറന്തള്ളുന്നവരും കുറവല്ല.

സെലിബ്രറ്റി ആയതുകൊണ്ട് ഇതെല്ലാം സഹിച്ചേ മതിയാകൂ, അവളുടെ അഹങ്കാരത്തിനു ഇത് വേണം എന്നൊക്കെ ആണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വരുന്ന മര്യാദരാമന്മാർ ആയ പ്രജകളുടെ നിരീക്ഷണം. സെലിബ്രറ്റി ആയതുകൊണ്ട് അവർക്ക് സ്വന്തം ജീവിതത്തിന് പ്രൈവസി പാടില്ല എന്നൊന്നുണ്ടോ?. ഇത്തരം വാർത്തകൾ അമിത പ്രാധാന്യത്തോടെ, മസാലച്ചുവയുള്ള ടൈറ്റിലുകളോടെ നിങ്ങൾക്ക് കിട്ടുന്ന റവന്യു മാത്രം ലക്ഷ്യം വച്ച് നൽകുമ്പോൾ വിവാഹമോചനം എന്നത് ഒരാളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന സാധാരണ കാര്യമാണെന്നും അതത്ര ആഘോഷിക്കപ്പെടേണ്ട ഒന്നല്ല എന്നും മാധ്യമങ്ങൾ മനസ്സിലാക്കണം.

വിവാഹ മോചനം നടന്നാൽ അത് വാർത്തയാകുമല്ലോ, മറ്റുള്ളവർ അറിയുമ്പോൾ എന്ത് പറയും തുടങ്ങിയ വ്യാകുലതകൾ ഒന്നുമില്ലാതെ തന്റെ ജീവിതത്തിൽ എന്ത് സംഭവിക്കണം എന്ന് സ്വയം തീരുമാനിച്ചതിനും വിമർശനങ്ങൾ ഒട്ടനേകം ഉണ്ടായിട്ടും ഇതുവരെ തന്റെ ശൈലികളിൽ മാറ്റങ്ങൾ ഒന്നും വരുത്താതെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും റിമി അഭിനന്ദങ്ങൾ അർഹിക്കുന്നുണ്ട്. നീ നീ ആയിത്തന്നെ മുന്നോട്ട് പോകുക. സദാചാരം കുരയ്ക്കുന്നവരുടെ ഓഡിറ്റുകളെയും കുത്തുവാക്കുകളെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുക.