സമീപകാലത്ത് അറബ് നാടുകളിലെ മുല്ലപ്പൂവിപ്ലവം ഉൾപ്പെടെ സ്ത്രീ സാന്നിധ്യത്താൽ സമ്പന്നമായിരിക്കെ കാന്തപുരത്തിന്റെ മനസ്സിലിരിപ്പ് ഒന്ന് ശ്രദ്ധിച്ചാൽ തിരിച്ചറിയുന്നതാണ്

0
169
അൽ ജിഹാൻ എഴുതുന്നു 
പൗരത്വബില്ലിനെതിരെ രാജ്യം ഒന്നടങ്കം തെരുവുകളിൽ സമരജ്വാല പടർത്തുമ്പോൾ
ആ മുന്നേറ്റത്തെ തുരങ്കം വയ്ക്കാനുള്ള കാന്തപുരത്തിന്റെ ശ്രമം ചരിത്ര നിഷേധമാണ്.
ഇസ്ലാമിക ചരിത്ര പാരമ്പര്യത്തിൽ സ്ത്രീ സമൂഹത്തിന്റെ മുന്നേറ്റങ്ങൾക്കും വ്യക്തിഗതമായ ഉയർച്ചകൾക്കും ലഭിച്ചിട്ടുള്ള അംഗീകാരം ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ആർക്കും കാണാവുന്നതാണ്.
അത് തിരിച്ചറിയാൻ കഴിയാത്ത മതപണ്ഡിതന്മാർ ഇപ്പോഴും സ്ത്രീയെ മാറ്റി നിർത്തേണ്ട ഒന്നാണ് എന്ന് വിലയിരുത്തുകയും സത്യത്തെ നിരാകരിക്കുകയുമാണ് ചെയ്യുന്നത്! സമീപകാലത്ത് അറബ് നാടുകളിലെ മുല്ലപ്പൂവിപ്ലവം ഉൾപ്പെടെ സ്ത്രീ സാന്നിധ്യത്താൽ സമ്പന്നമായിരിക്കെ കാന്തപുരത്തിന്റെ മനസ്സിലിരിപ്പ് ഒന്ന് ശ്രദ്ധിച്ചാൽ തിരിച്ചറിയുന്നതാണ്.
ലോകത്തിന് മാതൃകയായ നമ്മുടെ ഭരണഘടനയെ തന്നെ അട്ടിമറിച്ച് ഒരു ജനസമൂഹത്തെ നാടിലില്ലാത്തവരാക്കി മാറ്റുവാൻ ശ്രമം നടക്കുകയാണ്, അതിനെതിരെ മത-ജാതി -രാഷ്ട്രീയ-ലിംഗ-ദേശ വ്യത്യാസമില്ലാതെ ഇന്ത്യയിലെ ജനങ്ങൾ സമരരംഗത്താണ്. ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം രാത്രികളെ പകലുകളാക്കി ആൺപെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥിസമൂഹം പ്രതിരോധങ്ങളിലാണ്.
തന്റെ സുഹൃത്തിന്റെ തലതല്ലി പൊളിക്കാൻ വരുന്ന അധികാരിയുടെ ലാത്തിക്ക് മുന്നിൽനിന്ന് ആർജ്ജവത്തോടെ വിരൽ ചൂണ്ടാനും, തങ്ങളെ വെടിവെച്ചു വീഴ്ത്തുവാൻ നിൽക്കുന്ന പട്ടാളക്കാരന് സ്നേഹത്തിന്റെ പ്രതീകമായ ചെമ്പനീർ പൂവ് നൽകുകയും ചെയ്യുന്ന ഇന്ത്യയിലെ പെൺകുട്ടികളിൽ സഹജീവിസ്നേഹവും തിരിച്ചറിവും നിറഞ്ഞുനിൽക്കുന്നു.
ഈ സമരത്തിൽ തെരുവുകളിൽ ഏറ്റവും ഉച്ചത്തിൽ മുഴങ്ങുന്നത് സ്ത്രീകളുടെ ശബ്ദം തന്നെയാണ്.
നീതി നിഷേധത്തിനെതിരെയും മനുഷ്യത്വത്തിന് വേണ്ടിയും അവർ നടത്തുന്ന പോരാട്ടങ്ങൾ ചരിത്രത്തിലെ താളുകളിൽ ഇതിനകം രേഖപ്പെടുത്തി കഴിയുമ്പോൾ മരണത്തിനപ്പുറം ഓർമ്മകളിൽ പോലും ജീവിച്ചിരിക്കാത്ത ചില മതപണ്ഡിതരുടെ വാക്കുകളെ കാലം അർഹിക്കുന്ന ഗൗരവത്തോടെ ചവറ്റുകുട്ടയിലെറിയുമെന്ന് ആർക്കാണറിയാത്തത്.