കോവിഡ് ദുരന്തകാലത്ത് അൽപ നേരത്തേക്കെങ്കിലും ഇന്ത്യാനക്കാരനായ ചാൾസ് കാൾവിൻ കോടീശ്വരനായി. ഫയർ ഡിപ്പാർട്ട്മെന്റിലെ വോളന്റിയറായ കാൾവിൻ ന്യു ഷിക്കാഗോയിലുള്ള ഒരു സ്റ്റോറിലെ എറ്റിഎം മെഷീനിൽ നിന്നും കാർഡ് ഉപയോഗിച്ച് 200 ഡോളർ എടുത്തു.
ഗവൺമെന്റ് നൽകുന്ന കോവിഡ് സാമ്പത്തിക സഹായമായ 1700 ഡോളർ തന്റെ ചെക്കിങ് അക്കൗണ്ടിൽ എത്തിയിട്ടുണ്ടോ എന്നറിയാൻ എടിഎം രസീത് നോക്കിയ ചാൾസ് കാൾവിൻ ഞെട്ടിപ്പോയി. 8,200,000 ഡോളർ തന്റെ ചെക്കിങ് അക്കൗണ്ടിൽ ബാക്കി കാണിക്കുന്നു. വിശ്വസിക്കാനാകാതെ വീണ്ടും വീണ്ടും കാൾവിൻ എടിഎം മെഷീനിൽ നിന്നും രസീത് അടിച്ചെടുത്തു അപ്പോഴും ബാക്കി തുകയായി 8.2 മില്ല്യൻ ഡോളർ. വീണ്ടും എടിഎമ്മിൽ നിന്നും തുക ഒന്നും എടുക്കാതെ കാൾവിൻ അടുത്ത ദിവസം ബാങ്കിൽ നേരിട്ടെത്തി കാര്യം അന്വേഷിച്ചു.
ബാങ്ക് അധികൃതർ അത്രയും തുക കാൾവിന്റെ അക്കൗണ്ടിൽ ഇല്ലായെന്നും എറ്റിഎമ്മിനു പറ്റിയ പിഴവാണെന്നും അറിയിച്ചു. ഒരു നിമിഷം കോടീശ്വരനാകുകയും അടുത്ത നിമിഷം അല്ലാതാകുകയും ചെയ്ത കാൾവിനു ഗവൺമെന്റിനാണോ, ബാങ്കിനാണോ, എടിഎമ്മിനാണോ പിഴവു പറ്റിയത് എന്നറിയില്ല. എന്നാൽ തനിക്ക് ഗവൺമെന്റ് – സഹായമായി 1700 ഡോളർ ലഭിച്ചതിൽ സന്തുഷ്ടനാണെന്നു പറഞ്ഞു.