കൊച്ചിയിൽ രാത്രി ഒറ്റയ്ക്ക് നടക്കാനിറങ്ങിയ യുവതിക്ക് ഫ്രീക്കനിൽ നിന്നുണ്ടായ അനുഭവം

300

Aleena Aakashamittayi

കുറച്ചു നാൾ മുന്പ് ഉണ്ടായ അനുഭവം ആണ്. കൊച്ചിയിൽ വെച്ച് ഒരു രാത്രി ഏകദേശം പതിനൊന്നു മണിയോടെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി നടക്കാൻ തീരുമാനിച്ചു. മാനസികമായി ആകെ തകർന്ന അവസ്ഥയിലായിരുന്നു. എവിടുന്നെങ്കിലും ഇച്ചിരി സമാധാനം കിട്ടുമോ എന്ന് നോക്കാൻ ഫോണോ പേഴ്സോ എടുക്കാതെ ആണ് ഇറങ്ങിയത്. ആളും അനക്കവും ഒക്കെ അവിടിവിടെയായി ഉണ്ട്. ഒരു ഒഴിഞ്ഞ കോണിൽ എത്തിയപ്പോ ഒരു ഫ്രീക്കൻ (പേരൊന്നും എനിക്കിപ്പോ ഓർമ്മ ഇല്ല) “ഹലോ എവിടെ പൊവ്വാ” എന്ന് ചോദിച്ച് ഒപ്പം കൂടി. ഞാൻ റെസ്പോണ്ട് ചെയ്തില്ല.

“ഒറ്റക്ക് നടക്കാൻ ഇറങ്ങീതാണോ? ഞാനും വന്നോട്ടേ” എന്നൊക്കെ ചോദിച്ചു. ഞാൻ അതിനും മറുപടി ഒന്നും കൊടുത്തില്ല. പക്ഷേ അയാളും എന്റെ കൂടെ വന്നു. പിന്നെ കലപില സംസാരം ആയിരുന്നു. ഞാൻ മുക്കിയും മൂളിയുമൊക്കെ പ്രതികരിച്ചു. ആരെയും പരിചയപ്പെടാനോ സംസാരിക്കാനോ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല, പക്ഷേ അത് പറയാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.
കള്ളു കുടിക്കാൻ പോയാലോ എന്ന് അയാൾ പറഞ്ഞപ്പോ ഞാൻ പേഴ്സ് എടുത്തിട്ടില്ല കയ്യിൽ പൈസ ഇല്ല എന്നു പറഞ്ഞു. അതിനെന്താ എന്റെ കയ്യിൽ ഉണ്ടല്ലോ എന്നുപറഞ്ഞ് അയാൾ എന്നെ ഒരു ബാറിൽ കൊണ്ടുപോയി. ഒന്നു രണ്ടു പെഗ് കഴിഞ്ഞപ്പോ അയാൾടെ സംസാരം പിന്നേം കൂടി.
“ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്.”

ഞാൻ ചോദിച്ചോളൂ എന്ന് തലയാട്ടി.
“താനിങ്ങനെ മിണ്ടാതെ ഇരിക്കുന്നതു കൊണ്ട് എനിക്ക് വല്ലാതെ ബോറഡിക്കുന്നു. ഒരു കമ്പനിക്ക് ഞാനെന്റെ ഒരു ഫ്രണ്ടിനെ കൂടെ വിളിച്ചാൽ തനിക്ക് പ്രശ്നം ഉണ്ടോ?”
ഞാൻ ഇല്ലെന്ന് തലയാട്ടി.
അയാൾ മാറി നിന്ന് ഫ്രണ്ടിനെ വിളിച്ചു. അയാളെക്കാളും കുറച്ച് പ്രായമുള്ള ഒരാൾ വന്നു.
അവരു തമ്മിൽ സംസാരിക്കുന്നത് ഞാനിങ്ങനെ കേട്ടിരുന്നു.
“എന്റെ ബാപ്പ മരിച്ചിട്ട് അധികം നാൾ ആയില്ല. ആരെങ്കിലും ഞാനിവിടെ ഇരിക്കുന്ന കണ്ടാൽ പ്രശ്നം ആകും. അതുകൊണ്ട് ഇവന് വിളിച്ചപ്പോ ആദ്യം എനിക്ക് വരാൻ താല്പര്യം ഇല്ലായിരുന്നു. ”
ഫ്രണ്ട് പറഞ്ഞു, അയാള് കള്ളുകുടിച്ചില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ഫ്രീക്കന് ഒരു കോൾ വന്നു, അയാള് പോയപ്പോ ഞാനും അയാൾടെ ഫ്രണ്ടും ഒറ്റക്കായി.
“അവൻ കളി കിട്ടും എന്ന് വിചാരിച്ചാ തന്റെ കൂടെ കൂടിയെ എന്ന് തനിക്കറിയാമോ?”
“അറിയാം.”
“പക്ഷേ തനിക്ക് താല്പര്യം ഇല്ലല്ലേ?.”
“ഇല്ല.”
“അവൻ വിളിച്ചപ്പോ പറഞ്ഞു വഴിയിൽ വെച്ച് ഒരാളെ പരിചയപ്പെട്ടു, അയാൾക്ക് ഡിപ്രഷൻ പോലെ എന്തോ ആണെന്ന് തോന്നുന്നു, ഒന്നും മിണ്ടുന്നും ചിരിക്കുന്നും ഒന്നുമില്ല. നിനക്ക് അങ്ങനൊക്കെ വന്നിട്ടുള്ളതല്ലേ അപ്പോ നീയൊന്ന് സംസാരിച്ചു നോക്ക് .”
ഞാൻ അതിനും ഒന്നും മിണ്ടിയില്ല. പിന്നെ അയാൾക്ക് ഡിപ്രഷൻ വന്നപ്പോ പ്രാന്താണെന്നു പറഞ്ഞു കമ്പനീന്ന് പിരിച്ചു വിട്ടതും കുറേ നാള് ജോലി ഇല്ലാതെ അലഞ്ഞതും അതിനിടെ പെങ്ങൾടെ കല്യാണം നടന്നതും ബാപ്പാക്ക് അസുഖം വന്നതും മരിച്ചതും ഒക്കെ പറഞ്ഞു. എന്താണെങ്കിലും മരുന്നു മുടങ്ങാതെ കഴിക്കണം, ഈ അവസ്ഥയിൽ തീരുമാനങ്ങൾ ഒന്നും എടുക്കരുത് ഒക്കെ അബദ്ധം ആകും എന്നൊക്കെ പറഞ്ഞു ഉപദേശിച്ചു.

ഫ്രീക്കൻ വന്ന് ഫ്രണ്ടിനോട് “ഇത്രേം നേരം ആയില്ലേ, നമ്മൾക്ക് ഇയാളെ വീട്ടിൽ കൊണ്ട് ആക്കാം, ഒറ്റക്ക് ഇത്രേം ദൂരം നടക്കണ്ടല്ലോ” എന്നു പറഞ്ഞു. അവര് ബൈക്കിൽ എന്നെ ഞാൻ താമസിക്കുന്ന സ്ഥലത്ത് ആക്കി. ഫ്രീക്കൻ ഒരു ടിഷ്യൂ പേപ്പറിൽ ഫോൺ നംബർ തന്നിട്ട് എപ്പഴേലും വിളിക്കാൻ തോന്നിയാൽ വിളിക്കണം എന്നു പറഞ്ഞിട്ട് പോയി. എപ്പഴോ ആ പേപ്പർ എന്റെ കയ്യിൽ നിന്ന് കാണാതെ പോയി.
പറഞ്ഞു വന്നത് ഇത്തരം പൊളിറ്റിക്കൽ സ്ഫിയറുകളിൽ ഒന്നും പെടാതെ പോയിട്ടും കൺസെന്റ് മനസിലാകുന്ന ഒരു ജെനറേഷൻ വളർന്നുവരുന്നുണ്ട്, അതും “സംസ്കാരം” ഇല്ലെന്ന് നിങ്ങളൊക്കെ പറയുന്ന ഫ്രീക്കൻമാരുടെ ഇടയിൽ നിന്ന്. ഞാൻ രാത്രി ഒറ്റയ്ക്ക് നടന്നതുകൊണ്ടോ ഒപ്പം ബാറിൽ പോയതുകൊണ്ടോ ഫിറ്റായതുകൊണ്ടോ ബൈക്കിൽ കയറിയതു കൊണ്ടോ I wasn’t asking for it എന്ന് മനസിലാകുന്ന ഇവരുടെ മുന്നിൽ വരുന്ന കാലങ്ങളിൽ എങ്ങനെ പറയും men doesn’t understand consent എന്ന്.