Alfred Daniel
നൻപകൽ നേരത്ത് മയക്കത്തെക്കുറിച്ച് പ്രേക്ഷകരുടെ പല വിധത്തിൽ ഉള്ള വായനകൾ കണ്ടു കഴിഞ്ഞു. സ്വപ്നം ആണെന്നും നാടകം ആണെന്നും അമാനുഷിക ശക്തികളുടെ പ്രവൃത്തിയാണെന്നും പരകായ പ്രവേശം ആണെന്നും ക്രൈം ആസൂത്രണം ആണെന്നു വരെയുള്ള വ്യാഖ്യാനങ്ങൾ വന്നു. തിരിച്ചു പോയത് ജെയിംസ് ആണോ സുന്ദരം ആണോ എന്നതിനെക്കുറിച്ചുള്ള വ്യത്യസ്ത അനുമാനങ്ങളും കണ്ടു. എല്ലാവരും കണ്ടെത്താൻ ശ്രമിച്ചത് സിനിമയിൽ കണ്ട കാഴ്ചകളുടെ യുക്തിഭദ്രമായ കാരണങ്ങൾ ആണ്.
എന്നാൽ സിനിമ ആദ്യമായി കണ്ടപ്പോഴും ഇപ്പോഴും യുക്തി ഉപയോഗിച്ചുള്ള ഒരു വിശദീകരണത്തിന്റെ ആവശ്യം എന്നെ അലട്ടിയിട്ടേ ഇല്ല. കഥ പറയുക എന്നതിൽ ഉപരി മാനസികാവസ്ഥകളെ അനുഭവിപ്പിക്കുക എന്നൊരു സാധ്യത കൂടി ഉള്ളത് കൊണ്ടാണല്ലോ സിനിമ എന്ന കലാരൂപത്തിന് ഇത്രത്തോളം പ്രാമുഖ്യം ലഭിച്ചത്. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളുടെ ചിന്താഗതികൾ, ജീവിതശൈലി, സാമൂഹ്യ അവസ്ഥ എന്നിവയിലൂടെ ഒരു മനുഷ്യന് ആന്തരികമായി സംഭവിച്ച തിരിച്ചറിവും മാറ്റവുമാണ് ഞാൻ നൻപകൽ നേരത്ത് മയക്കത്തിൽ കണ്ടത്.
ഒപ്പം ഒരു മനുഷ്യനോട് ഏറ്റവും അടുപ്പം പുലർത്തുന്നവരുടെ നിസ്സഹായത…!! നമ്മുടെ അസ്ഥിത്വം നമ്മൾ അറിയാതെ തന്നെ എത്ര മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു തുടങ്ങി കുറച്ചു ചിതറിയ ചിന്തകളും!!
എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് 1962 ൽ പുറത്തിറങ്ങിയ To Kill a Mockingbird. അതേ പേരിൽ എഴുതപ്പെട്ട നോവലിന്റെ സിനിമാവിഷ്കാരം.സിനിമയിൽ Gregory Peck അവതരിപ്പിച്ച Atticus Finch എന്ന നായക കഥാപാത്രം ആർക്കും റോൾ മോഡൽ ആക്കാവുന്ന ഒരു കുടുംബനാഥനും സാമൂഹ്യജീവിയുമാണ്. സിനിമയിലെ ഏറ്റവും ഇഷ്ടമുള്ളൊരു രംഗമാണ് Atticus Finch തന്റെ പിണങ്ങി ഇരിക്കുന്ന മകൾ സ്കൗട്ടിനോട് നൽകുന്ന ഒരു ഉപദേശം: “You never really understand a person until you consider things from his point of view. Until you climb inside of his skin and walk around in it.”
കേൾക്കാൻ സുഖമുള്ളതും പ്രാവർത്തിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉള്ളതുമായ ഈ ഉപദേശമായിരുന്നു ജെയിംസിനെയും പിന്നീട് സുന്ദരത്തിനെയും കണ്ടുകൊണ്ടിരിക്കുമ്പോൾ എല്ലാം മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നത്. തമിഴ് പാട്ടുകളെയും സംസ്കാരത്തെയും വെറുക്കുന്ന, നാടക ട്രൂപ്പിനെ തീർത്ഥയാത്രയ്ക്ക് കൊണ്ടു വന്ന പാഴ്ചിലവിനെക്കുറിച്ച് ആശങ്കപ്പെടുന്ന, അവരുടെ ആഘോഷങ്ങളിൽ അസ്വസ്ഥനാവുന്ന, തന്റെ പാകത്തിലും അധികം മധുരമുള്ള ചായ ഹോട്ടലിൽ വിളമ്പുന്നതിൽ ദേഷ്യപ്പെടുന്ന ജെയിംസ് “ഇങ്ങോട്ട് വന്നു വണ്ടി ഇടിക്കുന്നവരുടെ നാട്ടി”ൽ ഒരു രാവിന്റെയും പകലിന്റെയും നീളമുള്ള രണ്ട് (അതോ ഒന്നോ?) ഉറക്കങ്ങൾ വിട്ടെഴുന്നേറ്റത് ജെയിംസ് ആയിട്ടു തന്നെയാണ്. പക്ഷേ പഴയ ജെയിംസ് ആയിരുന്നില്ലെന്നതാണ് ഞാൻ കണ്ട നൻപകൽ നേരത്ത് മയക്കം.ജെയിംസും സംഘവും വേളാങ്കണ്ണിയിലെ തീർത്ഥയാത്ര കഴിഞ്ഞാണ് മടങ്ങിയത്. A spiritual journey! പക്ഷേ ജെയിംസിന്റെ spiritual journey മടക്കയാത്രയ്ക്കിടെ ആയിരുന്നെന്ന് മാത്രം.”ഓരോ ഉറക്കവും മരണമാണ്. ഓരോ ഉണരലും ഒരു പുതിയ ജീവിതവും.” Not always. But in some cases like this!