” ഉയർന്ന് പറക്കുന്ന പ്രകാശൻ “
Alfy Maria
മലയാള സിനിമയിലെ ഏറ്റവും ഭാഗ്യമുള്ള യുവതാരം മാത്യുസ് ആണ്. കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീർമത്തൻ ദിനങ്ങൾ, അഞ്ചാം പാതിരാ, One, ജോ & ജോ അങ്ങനെ അഭിനയിച്ച പടങ്ങളിൽ ഒന്ന് ഒഴികെ ബാക്കിയെല്ലാം പ്രേക്ഷക പ്രീതി നേടിയ സൂപ്പർ ഹിറ്റ് സിനിമകൾ. ഒരിയ്ക്കൽ കൂടി മാത്യുസ് തന്റെ ഹിറ്റ് ചരിത്രം ആവർത്തിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി ഷഹദ് സംവിധാനം ചെയ്ത ‘പ്രകാശൻ പറക്കട്ടെ’ എന്ന പുതിയ ചിത്രത്തിലൂടെ.
ദിലീഷ് പോത്തനാണ് ടൈറ്റിൽ കഥാപാത്രമായ പ്രകാശനെ അവതരിപ്പിക്കുന്നത്. ആദ്യവസാനം സ്‌കോർ ചെയ്യുന്നത് മറ്റൊരാളാണ്. മാത്യുസ് അവതരിപ്പിക്കുന്ന ദാസന്റെ മാതുലനായ കോഴികുട്ടനായി ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്ന സൈജു കുറുപ്പ്. കോഴി കുട്ടന്റെ ഓരോ സീനിലും തീയറ്ററിൽ മുഴങ്ങുന്ന കൈയ്യടികൾ സൈജു കുറുപ്പ് എന്ന നടനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടിയാണ് വെളിവാക്കുന്നത്.
മനോഹരമായ ഒരു നാടിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ലളിതമായ ഒരു കഥയാണ് പ്രകാശൻ പറക്കട്ടെ. മാത്യുസ് അവതരിപ്പിക്കുന്ന ദാസന്റെ പ്രണയവും , കൂട്ടുകാരനുമായുള്ള രംഗങ്ങളുമെല്ലാം ചെറിയ ചിരിയോടെ പ്രേക്ഷകന് ആസ്വദിക്കാൻ പാകത്തിനുള്ളതാണ്. ലളിതമായ പ്രമേയത്തിന്റെ ലളിതവും മനോഹരവുമായ അവതരണമാണ് പ്രകാശൻ പറക്കട്ടെ.
അന്യ ഭാഷകളിൽ നിന്നുൾപ്പടെയുള്ള മാസ്സ് സിനിമകളുടെ കുത്തൊഴുക്കിൽ തീയറ്ററിൽ നിന്നും അകന്ന് പോയ കുടുംബ പ്രേക്ഷകർക്ക് തീയറ്ററിലേയ്ക് സകുടുംബം മടങ്ങി വരാൻ വഴിയൊരുക്കുന്ന ക്ളീൻ എന്റർടെയ്നർ പാക്കേജാണ് ”പ്രകാശൻ പറക്കട്ടെ”
റേറ്റിംഗ് : 3.5/5