അലി സയ്യിദ് വളപട്ടണം
പെരുമാൾ:കെട്ടുകഥയല്ലത്, ശുദ്ധചരിത്രം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലെ 28 ഉപദേവതമാരിൽ ഒരാളായുണ്ട് ചേരമാൻ പെരുമാൾ. . കേരളചക്രവർത്തി ചേരമാൻ പെരുമാൾ ചോളരാജാവിന് കേരള രാജകുമാരിയിൽ കൊടുങ്ങല്ലൂരിൽ ജനിച്ച പുത്രനാണെന്ന് പെരിയപുരാണത്തിൽ ചേക്കിഴർ പറയുന്നു. ശൈവമതത്തോടുള്ള അഭിനിവേശം മൂലം എട്ടാം നൂറ്റാണ്ടിലോ ഒൺപതാം നൂറ്റാണ്ടിലോ സിംഹാസനം ഉപേക്ഷിച്ച് രാജ്യം സാമന്തന്മാർക്കും ബന്ധുക്കൾക്കും വീതിച്ചു കൊടുത്തു എന്നാണ് ഐതിഹ്യമെന്ന് ക്ഷേത്ര വിജ്ഞാനകോശം. ശൈവ- വൈഷ്ണവ – ശാക്തേയ- ബ്രാഹ്മണ ദർശനപ്രചാരണം അതിനുമെത്രയോ മുമ്പ് കേരളത്തിൽ നടന്നിട്ടുള്ളതിനാൽ ഈ പരാമർശത്തിൽ കഴമ്പൊന്നുമില്ല
കേരളോൽപ്പത്തിയനുസരിച്ച് അവസാനത്തെ പെരുമാളാണ് ചേരമാൻ പെരുമാൾ. പെരുമാൾ മക്കത്തുപോയി മുഹമ്മദ് നബിയെക്കണ്ട് ഇസ്ലാം മാർഗ്ഗം പൂകിയെന്ന് അതിൽ പറയുന്നു. കലിദിനസംഖ്യയനുസരിച്ച് AD 428 ൽ രാജ്യഭാരം ഏറ്റെടുത്ത പെരുമാൾ AD 632-ൽ ദിവംഗതനായ മുഹമ്മദ് നബിയെ കണ്ടെന്ന ഐതിഹ്യത്തിൽ കാലവൈരുദ്ധ്യം മുഴച്ചു കാണാം. എല്ലാവരെയും ഒരു പോലെ സ്നേഹിച്ച മഹാപ്രതിഭാശാലിയായിരുന്നു പെരുമാളെന്നും ആയതിനാൽ തന്നെ യഹൂദര്യം ക്രിസ്ത്യാനികളും മുസ്ലിംകളും തങ്ങളുടെ മതത്തിലേക്ക് പെരുമാൾ മതം മാറിയെന്ന് അവകാശപ്പെട്ടിരുന്നെന്നുമുള്ള ക്ഷേത്രവിജ്ഞാനകോശ പരാമർശം വൈരുദ്ധ്യാത്മകമാണ്. കാരണം ജൈനരോ ക്രിസ്ത്യാനികളോ അവരുടെ മതത്തിലേക്ക് പെരുമാൾ മതം മാറിയെന്ന് പറയുന്ന ഒരൊറ്റ കഥാ ലിഖിതവുമില്ല. എന്നാൽ ഏഴിമല മൂഷിക വംശപരമ്പരയിൽ വിവിധ ദർശനം സ്വീകരിച്ചവർ ഏറെയുണ്ട് താനും. മറ്റൊന്ന്, എല്ലാവരെയും ഒന്നായിക്കണ്ട പെരുമാൾ ശൈവമതത്തിലേക്ക് മാറി രാജ്യഭാരം ഒഴിയുകയുമില്ല.
സാമൂതിരി എന്നത് സാമവേദ ഭട്ടതിരി എന്നതാണെന്നും കോലത്തിരി എന്നത് കോലസ്വരൂപ ഭട്ടതിരി എന്നതാണെന്നും ഓർക്കണം. ഭട്ടന്മാരല്ല ഈ ഭട്ടതിരിമാർ. വംഗദേശ ഭട്ടാര്യർ എന്ന കേരളീയ പിടാരരാണവർ
പെരും ആൾ എന്നതിന് പെരിയ ആൾ, പെരുമയുള്ള ആൾ എന്നല്ലാതെ, ഓരോ നദിക്കിടയിലെ ഓരോ നാട്ടുപ്രദേശത്തിന് അന്ന് തളി വ്യവസ്ഥാ ഭരണത്തിൽ തളിയാതിരിമാരെയല്ലാതെ ചക്രവർത്തിമാരെയൊന്നും സങ്കൽപ്പിക്കാനാവില്ല. അത് മാത്രമല്ല രസം
കൃഷ്ണരായർ ചിരഞ്ജീവിയാണ്
സകല പെരുമാളെയും വാഴിച്ചത് മൂപ്പരൊരാളാണ് !!. കേരളം അന്നുമുണ്ട്. രാമായണ പരാമർശത്തിൽ കേരളനുണ്ട്. അഖണ്ഡ കേരളം അന്നില്ല. ചേര- പോള- പാണ്ഡ്യയിൽപ്പെടാത്ത സ്വതന്ത്രരാജ്യമായ ഏഴിമല രാജ്യം ഭരിച്ച രാമഘട മൂഷികൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള ഏഴിമല ആസ്ഥാനമായി ഭരിച്ച 118 മൂഷിക വംശ രാജാക്കന്മാരെയും ഇബ്നു ബതൂത്ത രിഹ്ലയിൽ പറഞ്ഞ ഇസ്ലാം സ്വീകരിച്ച കോയിൽ (കോലത്തിരി) രാജാവിനെയും ചരിത്രത്തിൽ വിട്ടു കളഞ്ഞതാണ് ചരിത്രപ്രമാദത്തിന് കാരണം.
കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ഭരിച്ച മഹോദയപുരം വർമ്മമാരെ മാറ്റി പെരുമാളെ മൂഷിക വംശത്തിൽ തിരഞ്ഞാലേ മക്കത്ത് പോയ പെരുമാളെ ലഭിക്കൂ. അത് മണർക്കാടൻ ഗുരിക്കൾ കോലരൂപത്തിൽ വാഴ്ത്തിയ വീരശേഖര രവിവർമ്മയല്ലാതെ മറ്റാരുമല്ല. പെരുമാൾ മക്കത്ത് പോയതുമായി ബന്ധപ്പെട്ട ചടങ്ങുകൾ അത് കൊണ്ടാണ് മലബാറിൽ മാത്രമായി ആചരിക്കപ്പെടുന്നതും പെരുമാൾ എന്നതിന്റെ പൂർണ്ണനാമം “സാമവേദഭട്ടതിരി പെരുംആൾ” എന്നാണെന്നും പെരുമാൾക്ക് വേദജ്ഞാനം മാത്രമല്ല, പക്ഷിമൃഗാദികളുടെ ഭാഷ കൂടി അറിവുള്ളതിനാൽ “കീഴോറ്ററിവർ” എന്ന പേരു കൂടിയുണ്ടായിരുന്നെന്നുമുള്ള ഐതിഹ്യം പെരുമാളുടെ വംശപരമ്പര ബൈബിൾ ശമര്യൻ എന്നു വിളിച്ച മോശെക്കാലത്തെ സമരിയൻ വഴി സോളമൻ ( ശലമോൻ) ചക്രവർത്തിയിലെത്തുന്നു എന്നതിലേക്ക് സൂചന നൽകുന്നുണ്ട്. പെരുമാൾ നാലാംവേദം (ഇസ്‌ലാംമതം) പുൽകി അശുവിന് ( ഹജ്ജിന്) പോയി എന്ന പരാമർശവും പ്രത്യേകം പഠനവിധേയമാക്കേണ്ടതാണ്.
കർണ്ണാടകയിൽ നിന്നിറങ്ങിയ ജഗത്ഗുരുവിലെ (1921) ഒരു പരാമർശം കേരള മുസ്ലിം ചരിത്രത്തിൽ ഗവേഷകനായ സെയ്ത് മുഹമ്മദ് ഉദ്ധരിക്കുന്നുണ്ട്.
“ഞാൻ സത്യാഗ്രഹകാലത്ത് അറബിവംശജന്മാരായ മാപ്പിളമാരുടെ ലഹളയുടെ കാരണമറിയാൻ മലബാറിൽ ചെന്നപ്പോൾ അവിടെ ഒരു ഹിന്ദുദേവാലയത്തിൽ സംസ്കൃതഭാഷയിൽ എഴുതപ്പെട്ട ഒരു ശിലാലിഖിതം സൂക്ഷിച്ചു വായിച്ചു. അതിൽ അവിടത്തെ രാജാവ് മുസ്ലിമായിത്തീർന്നത് വിവരിച്ചിരിക്കുന്നു. “ഞാൻ ഒരു ദിവസം രാത്രിയിൽ ചന്ദ്രനെപ്പിള്ളർന്നത് കണ്ട് അത്ഭുതപ്പെട്ടു. ജ്യോതിഷക്കാരെ വരുത്തി ഇതിനെക്കുറിച്ച് അന്വേഷിച്ചു. അവർ ഇങ്ങനെ പറഞ്ഞു: “രാജാവേ, അറേബ്യാ രാജ്യത്ത് ഒരു മഹാപുരുഷൻ ജനിച്ചിരിക്കുന്നു അദ്ധേഹത്തിന്റെ ധർമ്മം ഇഹപര ഭാഗ്യങ്ങൾക്ക് കാരണമായിത്തീരുന്നതാണ് അദ്ധേഹം കാരണമാണ് ഈ സംഗതി നടന്നത്” ഞാൻ ആ മഹാപുരുഷന്റെ സത്യസ്ഥിതി അറിയാൻ കുറേ പണ്ഡിതന്മാരെ അയച്ചു. അവർ മക്കയിൽ പോയി സംസാരിച്ചു. ജ്യോതിഷക്കാർ പറഞ്ഞത് ശരിയാണെന്ന് അവർ മടങ്ങി വന്നപ്പോൾ പറഞ്ഞു. യാഥാർത്ഥ്യം വിവരിച്ചു കേട്ടപ്പോൾ എനിക്ക് ആ മഹാപുരുഷനോട് ആദരവ് തോന്നുകയും ഞാനദ്ധേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാവുകയും ചെയ്തു.”
ഈ ശിലാലിഖിതം എവിടെയാണിപ്പോൾ? കൊടുങ്ങല്ലൂരിലെ പെരുമാൾ ക്ഷേത്രത്തിൽ അത്തരമൊന്നില്ല, മലബാറിലെ ഹിന്ദു ദേവാലയത്തിലാണതെന്ന് ജഗത്ഗുരു പറയുകയും ചെയ്യുന്നു. ഈയൊരന്വേഷണമാണ് മുസ്രിസ് അല്ല സമർപട്ടണ (സർമപട്ടണം) എന്നും അത് ധർമ്മപട്ടണം എന്ന ധർമ്മടമാണെന്നും, സർമപ്പെരുമാൾ എന്നത് ധർമ്മടം വാണ രാജാവാണെന്നും പന്തലായനി കൊല്ലം (കൂലോം) ഭരിച്ച ഇതേ രാജവംശ പരമ്പര തന്നെയാണ് കോലോത്തെ തമ്പുരാക്കന്മാരായ കോലത്തിരിയായി വന്നതെന്നുമുള്ള പഠനത്തിലേക്ക് എന്നെ നയിക്കുന്നത്. ധർമ്മടത്തെ ഇരണിയിലിനടുത്തെ പോയനാടിന് ആ പേരുലഭിച്ചത് പെരുമാൾ മക്കയിലേക്ക് പോയത് അവിടെ നിന്നാണെന്നതിനാലാണെന്നുള്ള ഐതിഹ്യവും, രണ്ടു മെതിയടികളും ഒരോട്ടുകിണ്ടി വെള്ളവും അവിടെ ഒരു പാറപ്പുറത്ത് ഒരുക്കി വെച്ചിരുന്നത് രാജാവിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചാണെന്നുമുള്ള ആചാരവും ചേർത്ത് വായിക്കുമ്പോൾ കിട്ടുന്ന ചിത്രവും പോയത് ധർമ്മടപ്പെരുമാൾ തന്നെയാണെന്നാണ്. ചരിത്രം മുഴുവൻ തെക്കോട്ടു കൊണ്ടുപോയവർ മഹോദയപുരം പെരുമാക്കന്മാരോട് സംസ്ക്കാരികഗമനങ്ങളെ ചേർത്തുവെച്ചതാണ് മുഴുവൻ സ്ഖലിതങ്ങൾക്കും കാരണം. ഏഴിമല രാജവംശത്തെക്കുറിച്ചു പോലും പുനർവായന നടന്നത് ഈയ്യടുത്ത കാലത്ത് അഥവാ മൂഷിക വംശകാവ്യം കണ്ടു കിട്ടിയതിന് ശേഷം മാത്രമാണല്ലോ? മൂഷികവംശം തെക്കാണെന്ന ചില വങ്കൻ ചരിത്രങ്ങൾ ചില മഹാചരിത്രകാരന്മാരിൽ (ഉദാ: റാവു) നിന്ന് നുണഞ്ഞ ഒരു കാലം നമുക്ക് മറക്കാനാവില്ല.
കോലത്തിരിമാരിൽ ഒരു രാജാവ് ( രവിവർമ്മയെന്ന് ചിറയ്ക്കൽ ടി. ബാലകൃഷ്ണൻ നായർ ) മതംമാറി മുസ്ലിമായ ഒരു കഥ ഇബ്നുബതൂത്ത രിഹ്ലയിൽ പറയുന്നുണ്ട്. തങ്ങളുടെ പൂർവ്വപിതാവ് ചെയ്ത ഈ മതംമാറ്റ പാപത്തിന് പ്രായശ്ചിത്തമായി, കോലത്തിരിമാർ ചിറയ്ക്കൽ കടലായി ക്ഷേത്രത്തിൽ ആണ്ടിലൊരിക്കൽ കൃഷ്ണന് വട്ടപ്പായസം നിവേദിക്കുന്ന ആചാരവും നടത്തപ്പെട്ടിരുന്നു. ഇരണിയിൽ ആണ്ടിലൊരിക്കൽ ആറാട്ടുത്സവത്തിനോടനുബന്ധിച്ച് ആനയെ കുളത്തിലിറക്കി പെരുമാളെ തിരയുന്ന ചടങ്ങും, തിരികെ വരുന്ന പെരുമാളെക്കാത്ത് അറയ്ക്കൽ കെട്ടിനകത്ത് ഒരു മുറിയിൽ നിത്യം വൃത്തിയാക്കി പിരിച്ചു വെച്ച ഒരു കട്ടിലും സദാ കത്തിച്ചു വെച്ച ഒരു നിലവിളക്കും സൂക്ഷിച്ചിരുന്നതും ഒക്കെ പെരുമാളുടെ യാത്രയെക്കുറിച്ച് മാത്രമല്ല, ഭരണകേന്ദ്രം തെക്കല്ല, വടക്കാണെന്ന് കൂടി സ്ഥാപിക്കുന്നു.
കണ്ണൂരിലെ അരയരാജവംശമാണ് മേൽ സർമ്മരാജ വംശത്തിൽ ലയിച്ച് അറയ്ക്കലായി മാറിയെന്നതും പഠനത്തിന്റെ മറ്റൊരു വശം. മക്കയിലേക്ക് പോയ പെരുമാളുടെ കൂടെ സഹോദരി ശ്രീദേവിത്തമ്പുരാട്ടിയുടെ പുത്രൻ കോഹിനൂർ എന്ന സൈഫുദ്ധീൻ മുഹമ്മദലി രാജകുമാരനും (അരയ രാജകുടുംബത്തിൽ വിവാഹം ചെയ്ത് അറയ്ക്കൽ രാജവംശം സ്ഥാപിച്ച അതേ ആദി ആഴി ആലി മമ്മാലി) ഉണ്ടായിരുന്നെന്നും പ്രബോധകസംഘം വന്നിറങ്ങിയത് രണ്ടത്തരയിലാണെന്നും ഈ രണ്ടത്തറയെയാണ് ഇതോടെ ധർമ്മ(ഇസ്ലാം)രാജ്യം എന്ന പേരിൽ വിളിക്കപ്പെട്ടതെന്നുമുള്ള ഉമറുസ്സുഹ്രവർദിയുടെ രിഹ്ലത്തുൽ മുലൂക്കിലെ പരാമർശവും ചേർത്തു വെച്ചാൽ സ്വാഭാവികമായും പെരുമാൾശില പരതേണ്ടത് ധർമ്മടത്തു തന്നെ. പഴയ ധർമ്മടംകോട്ട പോലെ, ക്ഷേത്രംതന്നെ നാമാവശേഷമായി അവിടം അറിവിൻ സ്ഥാപനമായി മാറിയാൽ ശിലാന്വേഷണം ക്ഷേത്രത്തിൽ നടത്തിയിട്ടെന്ത് കാര്യം?!
ബ്രണ്ണൻ കോളേജിന് വേണ്ടി പൊളിച്ച ആ പഴയ സെർമ്മൻ കോട്ടയുടെ ഒരൽപ്പ ഭാഗം വാട്ടർ ടാങ്കിന്റെ തൂണിനടിയിൽ തിരുശേഷിപ്പായി 16 വർഷത്തെ അന്വേഷണത്തിനിടയിൽ ഞാൻ കണ്ടെത്തിയത് പോലെ കോട്ടയ്ക്ക് കാവലായി നിന്ന ചേരമാൻറെ, പൂർണ്ണാവശിഷ്ടമായ നരസിംഹമൂർത്തി ക്ഷേത്രഭാഗത്ത് ഒടുവിലാ മണ്ണിലാണ്ട ശിലാഫലകം ഞാൻ കണ്ടെത്തുക തന്നെ ചെയ്തു. സംസ്കൃത ഭാഷാന്തര ഫലകത്തിനപ്പുറം കാട്ടിൽ കുലശേഖരരവിവർമ്മപ്പെരുമാളുടെ ഒറിജിനൽ ലിപിഫലകവും. കോലത്തിരി , സാമൂതിരി , ഇള തിരി, മൂത്തിരി , ഭട്ടതിരി മുതലായ തളിയാതിരിമാരിൽ വേദജ്ഞാനമുള്ള പെരുംതിരിയെയാണ് പെരുമാൾ എന്ന് വിളിക്കപ്പെട്ടതെന്നും, പെരുമാൾ രാജവംശമല്ല, സ്ഥാനബഹുമാന നാമമാണെന്നും അതോടെ തെളിയുകയും ചെയ്തു.
സംസ്ക്കാരങ്ങൾ കടന്നു വന്നത് തെക്ക് നിന്ന് വടക്കോട്ടല്ല, മറിച്ച് ഏഴിമല വഴി തെക്കോട്ടാണെന്നും, ചന്ദ്രഗിരിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലെ ഇസ്ലാം അടക്കമുള്ള ആദി സാംസ്ക്കാരിക പെരുമകളെ തെക്ക് കടം കൊള്ളുക മാത്രമാണുണ്ടായിട്ടുള്ളതെന്നും വിവരിക്കുന്ന, പെരുമാളെ പാടെ നിഷേധിച്ച് ട്രേഡ് കമ്യൂണിറ്റിക്ക് മത പ്രബോധന ചരിത്രം തീറെഴുതിയ അക്കാദമിക ചരിത്രകാരന്മാരെ പൊളിച്ചടുക്കുന്ന, സൂഫി പ്രബോധനത്തെ ശൈഖ് ളഹീറുദ്ധീൻ ബസ്വരിയിൽ നിന്ന് തുടങ്ങാതെ മാലിക്ക് ബ്ൻ ദീനാറിൽ നിന്ന് തുടങ്ങിയ മതചരിത്രകാരന്മാരെ തിരുത്തുന്ന , ഇസ്ലാം പ്രവാചക കാലത്ത് തന്നെ മലൈബാറിൽ വന്നില്ലെന്ന, അതിന് ശിലാരേഖ തെളിവില്ലെന്ന വാദമുയർത്തിയ ചരിത്രാപ്പോസ്തലന്മാരെ കണ്ണു തുറപ്പിക്കുന്ന , പെരുമാൾ രാജവംശത്തെ ഒന്നോ രണ്ടോ എന്ന ശങ്കതീർത്ത് ഇപ്പോളും സുതരാം സ്ഥാപിക്കാനാവാതെ ഇരുട്ടിൽ തപ്പുന്നവർക്ക് വെളിച്ചമേകുന്ന, കേരള ചരിത്രം മുഴുവൻ പുനർനിർമ്മാണം നടത്തേണ്ടി വരുന്ന പഠനപ്രബന്ധമാണ് കേരളാ ഹിസ്റ്ററി കോൺഗ്രസ്സിൽ ഞാൻ അവതരിപ്പിക്കാൻ തയ്യാറാകുന്നത്
* പെരുമാൾ തന്നെയാണ് പോയത്,
പ്രവാചകനെ കണ്ട സെർമ്മപ്പെരുമാൾ
* പെരുമാൾ, സാമൂതിരി, കോലത്തിരി
* പ്രബോധക സംഘം ഒന്നല്ല, മൂന്ന്
* മാലികുദ്ധീനും, ഹബീബും മാലിക്കുദ്ദീനാറും
* പെരുമാളുടെ യാത്രയ്ക്ക് മുമ്പും പള്ളിയുണ്ടായിരുന്നു, ഖാസിമാരും.
* കുന്നലക്കോന് പെരുമാൾ കൈമാറിയ വസ്വിയ്യത്ത് നാമ:
* ചരിത്രം തിരുത്തുന്ന ധർമ്മടം ശിലാരേഖ
* ആദ്യ പള്ളി: ധർമ്മടത്ത്
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.