മതിൽ ചാട്ടങ്ങളെക്കുറിച്ചാണ്, ഒളിച്ചോട്ടങ്ങളെക്കുറിച്ചല്ല

454

Alice Cheevel എഴുതുന്നു 

മതിൽ ചാട്ടങ്ങളെക്കുറിച്ചാണ്, ഒളിച്ചോട്ടങ്ങളെക്കുറിച്ചല്ല

ഇവരുടെ ഓട്ടവും ചാട്ടവും വായിച്ചപ്പോ ഓർത്തുപോയതാണ്. പെണ്ണുങ്ങൾ ചാടീല്ലേ, വനിതാമതിൽ ഉപകാരപ്പെട്ടില്ലേന്നൊക്ക കമന്റ് കണ്ട് ചിരിച്ചു ചത്തു. പെൺ ചാട്ടങ്ങളെക്കുറിച്ചോക്കെ ഇങ്ങൾക്കെന്തറിയാം!! ചാട്ടങ്ങളുമായി വനിതാ മതിലിന് എന്ത് പങ്ക്!!! അതുക്കും മുന്നേയും പിന്നെയും പെൺ ചാട്ടങ്ങളുണ്ട്.

Alice Cheevel

ഇവരുടെ ചാട്ടങ്ങളെ കുറിച്ചല്ല, എന്റെ ചാട്ടങ്ങളെ ക്കുറിച്ചാണ് ഓർത്തത്.
കുട്ടിയായിരുന്നപ്പോ മതിൽ ചാടുക ഒരു ഹരമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. അന്ന് എപ്പോഴും മതിൽ ചാടി മാത്രം മുന്നിലെ വീട്ടിൽ പോകുമായിരുന്നുള്ളൂ…ഒരിക്കലും അവരുടെ മുൻവാതിലിലൂടെ കടക്കുക എന്നുള്ളത് എന്റെ രസങ്ങളിൽ പെട്ടതായിരുന്നില്ല. വീട്ടിൽ ഒരു വലിയ പഞ്ചസാരപ്പഴമര മുണ്ടായിരുന്നു. സ്ക്കൂൾ വിട്ടു വന്നാൽ അതിന്റെ തുഞ്ചത്താണ് ഇരുപ്പും കിടപ്പും കഴിപ്പും. 80 വയസോളമുള്ള ഒരു വല്യമ്മച്ചി ഉണ്ടായിരുന്നു അയല് വക്കത്ത്. ‘ ദേഷ്യം വന്ന് ‘അഞ്ചണ്ടിക്കാരത്തി’ എന്നാണ് അവർ ന്നെ വിളിച്ചിരുന്നത്.
“പെണ്ണായാൽ അടക്കവും ഒതുക്കവും വേണം. കാലകത്തി ഇങ്ങനെ ഇരിക്കാനും ചാടാനും പാടില്ല. കല്യാണം കഴിച്ച് പോകുമ്പോ കെട്ടിയവന് സംശയമാകും” വല്ല്യമ്മച്ചി ഉപദേശിക്കുന്നതാ!!! അന്തം വിട്ട് കുന്തം വിഴുങ്ങി ഞാൻ മതിലിനു മുകളിൽ കുറച്ചു നേരം കുത്തിയിരിക്കും. അൽപ്പം കഴിയുമ്പോ മതിലിൽ നിന്ന് അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും ചാടും.
പിന്നെപ്പിന്നെ എത്ര ചാട്ടങ്ങൾ. എനിക്ക് ന്ത് പെണ്ണ് ന്ത് ആണ്!!!
ഒരിക്കൽ ഒരു പ്രേത കൊട്ടാരത്തിൽ ഞങ്ങൾ 3 പേർ ചാടിക്കടന്നു. കൊട്ടാരത്തിന്റെ പുറകിലെ കാട്ടു വഴിയിലൂടെ പുറകിലെ മതിലിൽ ഇഴഞ്ഞു കയറി ഇടയിലെ ഒരു ചെറിയ വിടവിലൂടെ ഞാൻ ആദ്യം ഇഴഞ്ഞു കയറി. അടക്ക പോലെ ഇരിക്കുന്ന എനിക്ക് അത് എളുപ്പമായിരുന്നു. കൂടെ വന്ന രണ്ടു മല്ലന്മാർക്ക് അതിലൂടെ കടക്കാനായില്ല. ഒരാൾക്ക് 60ഓളം വയസ്സുണ്ട്. നല്ല ആരോഗ്യവാനാണ്. വിദേശത്ത് പ്രൊഫസർ ആണ്. പാരാ സൈക്കോളജിയിൽ റിസർച്ച് ചെയ്യുന്ന ആൾ. പുള്ളിയെ വലിച്ചിഴച്ച് അകത്തേയ്ക്കിട്ടു. പിന്നൊരുവൻ ജേര്ണലിസ്റ്റും ഫിലോസഫി സ്റ്റുഡന്റുമാണ്. അവൻ വേറൊരു വഴി ചാടി, കാലൊക്കെ മുറിഞ്ഞു. ഇവരുടെ ലക്ഷ്യം പ്രേതത്തെ എങ്ങനെ experience ചെയ്യാമെന്നുള്ളതായിരുന്നു. ആർട്ടിസ്റ്റ് സെൻസിറ്റിവ് ആയിരിക്കും. അതിനാൽ പ്രേതം ആർട്ടിസ്റ്റിനെ തേടിയെത്തും. എന്നെ ചൂണ്ടയിൽ കൊരുത്ത് പ്രേതത്തെ കണ്ടെത്തുകയായിരുന്നു മഹാത്മാകളായ ന്റെ കൂട്ടുകാരുടെ ലക്ഷ്യം. എനിക്കും പൂർണ്ണ സമ്മതം. ഞങ്ങൾ ആകെ ത്രില്ലിലായിരുന്നു. പിന്നെ നടന്ന സംഭവങ്ങളൊക്കെ ഭയങ്കര രസകരമായിരുന്നു. ഒരു സിനിമയ്ക്ക് സ്ക്കോപ്പുള്ള സംഭവങ്ങൾ തന്നെയുണ്ടായി. അതിനുശേഷം കൂട്ടുകാരൻ സിനിമ ലക്ഷ്യമാക്കി ഒരു സ്ക്രിപ്റ്റ് എഴുതുകയുമുണ്ടായി.ഓർമ്മകളിലെ ഏറ്റവും മനോഹരമായ മതിൽ ചാട്ടമായിരുന്നു അത്.

പിന്നൊരിക്കൽ രാത്രി ഒരു സെമിത്തേരി ഞങ്ങൾ കൂട്ടുകാർ ചാടിക്കടന്നിട്ടുണ്ട്. അവിടൊന്നുമില്ല. ഒരു രസം. കാടുപടർന്ന് ഇരുളിൽ നിശബ്ദതയുടെ രഹസ്യത്തെ മനോഹരമായി ഒളിപ്പിച്ചു വച്ച് ഉറങ്ങുന്ന സെമിത്തേരി.
“എന്തിനെയ് വന്നേ?” സെമിത്തേരി അതിന്റെ മൗനത്തിൽത്തന്നെ ചോദിച്ചു.

“ഏയ്….ചുമ്മാ…ഒന്ന് കാണാൻ”. ഞങ്ങൾ

“ന്നാ പൊയ്ക്കോ…ഞങ്ങളുടെ നിശ്ശബ്ദതയെ തുലയ്ക്കാൻ ചുമ്മാ പോലും ഈ വഴി കണ്ടുപോകരുത്.” സെമിത്തേരി

ഞങ്ങൾ വാ പൊത്തി, വന്നപോലെ മതിൽ ചാടി പുറത്തേയ്ക്ക്….

പിന്നെയും എത്രയെത്ര ചാട്ടങ്ങൾ. കൂട്ടുകൂടി കൊച്ചുകൊച്ചു പപ്പായ മോഷണങ്ങൾ, പഴ മോഷണങ്ങൾ….
ഒളിച്ചോട്ടങ്ങൾ ഇല്ല, ചാട്ടങ്ങളെയുള്ളൂ…. യാത്രകളെയുള്ളൂ….
ജീവിതം സുന്ദരമാക്കുന്ന ചാട്ടങ്ങൾ.

അവരുടെ ജയിൽ ചാട്ടവുമായി ഈ പോസ്റ്റിന് ബന്ധമൊന്നുമില്ല😜അതിനെക്കുറിച്ച് അവർക്ക് മാത്രം അറിയാം. അത് നിയമം നോക്കിക്കോളും.

ന്റെ കൂട്ടുപ്രതികളെല്ലാം ഇവിടൊക്കെതതന്നെയോണ്ട്❤️😘❤️
with Anjana Sasi

Advertisements