വാദിക്കാം ഇന്ത്യയുടെ സമ്പദ് വളർച്ചയെക്കുറിച്ച്, മനോഹരമായ സൗധങ്ങളെക്കുറിച്ച്, പക്ഷെ പുഴുക്കളെപ്പോലുള്ള മനുഷ്യരെ കണ്ടില്ലെന്ന് നടിക്കാനാവില്ല

120
Alice Mahamudra
അവകാശങ്ങൾ എന്നത് കേട്ടുകേൾവി പോലുമില്ലാത്ത ദാരിദ്ര്യത്തിന്റെ ദുരന്തങ്ങളിൽ പരിപൂർണ്ണമായി കീഴടങ്ങി ജീവിക്കുന്ന വലിയൊരു ഭൂരിഭാഗം മനുഷ്യരുണ്ട് ഇന്ത്യയുടെ ഉൾഗ്രാമങ്ങളിലും ചേരികളിലും. അവരോടാണ് പൗരത്വം തെളിയിക്കാൻ രേഖകൾ ആവശ്യപ്പെടുന്നത്!! അവരോടാണ് ഭാരത സംസ്‌കൃതിയെക്കുറിച്ചൊക്കെ പുളകം കൊള്ളുന്നത്!
ഒരിക്കൽ ബംഗാൾ ഉൾഗ്രാമങ്ങളിൽ കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവിടുത്തെ യഥാർഥ ചിത്രം അറിഞ്ഞത്. പല കുടുംബങ്ങളിൽ നിന്നും പെണ്കുഞ്ഞുങ്ങൾ കടത്തപ്പെട്ടിരിക്കുന്നു. ക്രിസ്ത്യൻ convertion ശക്തമായി നടന്നതുകൊണ്ട് കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ പരിവർത്തനം ചെയ്തു കഴിഞ്ഞു. ഈ പെണ്കുഞ്ഞുങ്ങൾ വീട്ടുവേലയ്ക്ക് എന്നപേരിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തപെട്ട് പിന്നീട് അപ്രത്യക്ഷമായവരാണ്. അവിടെയുള്ള എല്ലാ ഗ്രാമങ്ങളിൽ നിന്നും കുട്ടികൾ കടത്തപ്പെട്ടിരിക്കുന്നു. അവർ എവിടെപ്പോയി, അവരെക്കുറിച്ച് ഏതുപേരിൽ പറയണം, ഇവിടെ പറയണം, എന്തു ചെയ്യണം എന്നൊന്നും യാതൊരു ബോധ്യവുമില്ലാതെ അന്തം വിട്ടു ജീവിക്കുന്ന കുടുംബങ്ങൾ. ഒരു നേരത്തെ അന്നത്തിനു പോലും വക കണ്ടെത്താൻ നെട്ടോട്ടമൊടുന്ന ഒത്തിരി ഗ്രാമങ്ങളിലെ മനുഷ്യർ… അവർക്ക് ഒന്നുമില്ല, അവർക്ക് വിശപ്പുണ്ടെന്നല്ലാതെ ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ല. നമ്മൾ നെഞ്ചുവിരിച്ചു പറയുന്ന ഈ മഹാരാജ്യത്തെക്കുറിച്ചോന്നും ഒന്നുമറിയില്ല. അടുത്തെങ്ങും സ്കൂളുകളില്ല, ആശുപത്രികൾ ഇല്ല…ക്രിസ്ത്യൻ സംഘടനകൾ ഏച്ചു കെട്ടിയ ഏതാനും ഷെഡുകൾ സ്കൂളുകൾ ആയിപല ഗ്രാമങ്ങളിലും ഉണ്ട്. അവരുടെ തന്നെ ആശുപത്രികളും. അതിൽ ഒട്ടുമിക്കതും വ്യാജ ഡോക്ടർമാർ… പല സംസ്ഥാനങ്ങളിൽ നിന്നും കുടിയേറി അവരെ പറ്റിച്ചു ജീവിക്കുന്നവർ. എന്നിരിക്കുകിലും അത്രയെങ്കിലും ആശ്വസിക്കാം.
പഴംപായിൽ പൊതിഞ്ഞു കെട്ടി വീടിന്റെ മുറ്റത്ത് കിടത്തിയിരിക്കുന്ന മരണാസന്നയായ രോഗിയ്‌ക്ക് painkiller വായിലൊഴിച്ചുകൊടുക്കാൻ അവർക്ക് കാത്തുകാത്തിരിക്കേണ്ടി വന്നത് ഈ വ്യാജ ഡോക്ടറെ ആയിരുന്നു. അവർക്ക് അയാൾ ദൈവമാണ്!
അതേ…അയാൾ ദൈവമാണ്, കാരണം എന്തുമാവട്ടെ അയാളെങ്കിലും അവർക്കുണ്ട് എന്നല്ലാതെ മറ്റൊന്നും ആശ്വസിക്കാൻ അവിടെയില്ല.
വെസ്റ്റ് ബംഗാൾ ഭൂട്ടാൻ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടാണ്. അവർക്ക് വെളിച്ചവും അന്നവും ഒന്നുമില്ല. വിരലിലെണ്ണാവുന്ന കുടുംബങ്ങളാണ് അവിടെയുള്ളത്. വീട്ടിലെ പുരുഷന്മാർ അവിടെയുള്ള ഒരു കായ വാറ്റിക്കുടിച്ചു കാട്ടുവഴിയിലൊക്കെ ബോധം കെട്ടു കിടക്കുന്നത് കാണാം! പെണ്ണുങ്ങൾ എല്ലുമുറിയെ പണിയെടുത്തിട്ടും വയർ നിറയ്ക്കാൻ തികയുന്നില്ല. ക്രിസ്ത്യൻ സംഘടന കെട്ടിയുണ്ടാക്കിയ prayer ചായ്പ്പിൽ ഇത്തിരിപ്പോന്ന കുരുന്നുകളുടെ പ്രാർത്ഥന കരച്ചിൽ കേട്ടു. ഇത്രയും നിഷ്ക്കളങ്കമായി പ്രാർത്ഥിക്കാൻ സാധിക്കുമോ എന്നാണ് അത്ഭുതപ്പെട്ടു പോയത്!! ആകാശത്ത് നിന്ന് മന്നാ പൊഴിക്കുന്ന ദൈവത്തെക്കുറിച്ചാണ് അവരോട് ഈ സംഘം പറഞ്ഞിരിക്കുന്നത്!! അതേ….അത് അവരെ സംബന്ധിച്ചു സത്യമാണ്. അല്ലെങ്കിൽ, അതുമാത്രമാകുന്നു അവരുടെ സത്യം; ആഴച്ചയിൽ ഒരിക്കൽ പ്രാർത്ഥന ഹാളിൽ നിന്ന് നിധിപോലെ കിട്ടുന്ന 2 ആരോറൂട്ട് ബിസ്ക്കറ്റ് അവർക്ക് ദൈവം എറിഞ്ഞിട്ടു കൊടുക്കുന്ന മന്നയാണ്!
നമ്മുടെ മാറി മാറി വരുന്ന ഭരണവർഗം ന്യൂനതയുള്ള ഈ ദരിദ്ര ഭൂരിഭാഗത്തിന് വേണ്ടി എന്തു ചെയ്തു? നിങ്ങൾ ഇക്കാലമത്രയും എന്തു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അധികാരികളെ??? നിങ്ങളുടെ വികസനങ്ങൾ നഗരങ്ങളെ മാത്രം ലക്ഷ്യം വച്ചു. നിങ്ങൾ അമ്പരചുംബികളായ പ്രതിമകൾ പണിത് 56 ഇഞ്ച് നെഞ്ച് വിരിച്ചു. കോർപ്പറേറ്റുകളെ വളർത്തി. നഗരങ്ങളെ മോടിപിടിപ്പിച്ചു മുഖം മിനുക്കി. ഉൾഗ്രാമങ്ങളിലേയ്ക്കു നോക്കൂ…പുഴുക്കളെപ്പോലെ മനുഷ്യർ….ജീവിതത്തെക്കുറിച്ചുപോലും അറിയാത്തവർക്ക് എന്ത് അറിയാം അവകാശങ്ങളെക്കുറിച്ച്? അവരോടാണ് പൗരത്വ പട്ടികയെക്കുറിച്ച് പറയുന്നത്? നമ്മൾ ഏത് സംസ്കാരത്തെക്കുറിച്ചാണ് ഊറ്റം കൊള്ളുന്നത്?
എക്കാലവും ഇവിടെ പുഴുക്കളെപ്പോലെപ്പോലെ മനുഷ്യരുണ്ടായിരുന്നു. അവകാശങ്ങൾ എന്നും ചില വിഭാഗങ്ങൾ മാത്രം പിടിച്ചടക്കിയിരുന്നു!
ഏതാനും ദിവസം കണ്ട കാഴ്ചകളാണ്.
വാദിക്കാം ഇന്ത്യയുടെ സമ്പദ് വളർച്ചയെക്കുറിച്ച്. മനോഹരമായ സൗധങ്ങളെക്കുറിച്ച്. ടെക്നോളജിയിലെ വളർച്ചയെക്കുറിച്ച്. പിന്നെയും പിന്നെയും ഊറ്റംകൊള്ളാവുന്ന പലതും. അഭിമാനിക്കാൻ ഏറെയുണ്ട് ഇന്ത്യയ്ക്ക്.
എന്നാൽ
അതിന്റെ മറവിലെ ജീവിത നേർസാക്ഷ്യങ്ങൾ മായ്ച്ചുകളയാൻ ആവില്ല . പുഴുക്കളെപ്പോലുള്ള മനുഷ്യരെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
വികസനമെന്നത് ഗ്രാമങ്ങളിൽ നിന്നു തുടങ്ങണം. ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് തുടങ്ങണം. അവകാശങ്ങൾ എന്നത്‌ ചിലർക്കുള്ളതും ചിലർക്കില്ലാത്തതുമല്ല.
ഇന്ത്യൻ സംസ്കൃതിയെക്കുറിച്ച് പുളകം കൊള്ളൂമ്പോൾ വികസനത്തെക്കുറിച്ച് ഊറ്റം കൊള്ളുമ്പോൾ പുഴുക്കളെപ്പോലുള്ള ഈ മനുഷ്യരെക്കൂടി ഓർത്തു നമ്മൾ രോമാഞ്ചമണിയുക.
രാജ്യത്തെ ജനത എക്കാലവും ഭിന്നിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക, സാമൂഹിക, ജാതി, മത, വർണ്ണ, വർഗ്ഗ, ലിംഗ ഭേദങ്ങളാൽ ജനങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു. ആ ഭേദങ്ങളെ വളർത്തി വളർത്തി കൊഴുത്തു വളരുകയാണ് ഭരണ വർഗ്ഗങ്ങൾ. ഇന്ത്യൻ ഭരണവർഗ്ഗങ്ങളുടെ മഹത്സംഭാവനയിൽ സുവർണ്ണലിപികളിൽ ഇതുപോലെ പലതും ചേർക്കെണ്ടതുണ്ട്. നമ്മൾ കടന്നുപോകുന്ന ഇക്കാലം ചരിത്രം ശക്തമായി രേഖപ്പെടുത്തും. ഒരു രാജ്യം( അതിന്റെ ഭരണവർഗം) തന്റെ ജനതയോട് ഇക്കാലം ചെയ്തുകൂട്ടിയ ക്രൂരമായ വിഭാഗീയതയുടെ പേരിൽ!!!!!!