ഒരു സിനിമയിൽ വേണ്ടപോലെ സ്ത്രീ പ്രാതിനിധ്യം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉 സിനിമയിലെ സ്ത്രീ പ്രാധിനിത്യം തിരിച്ചറിയാൻ നമുക്ക് സഹായകം ആകുന്ന ഒന്നാണ് ബെക്ടെയ്ൽ ടെസ്റ്റ് അഥവാ ബെക്ടെയ്ൽ -വാലസ് ടെസ്റ്റ് (bechdel-wallace). അമേരിക്കൻ കാർട്ടൂണിസ്റ്റ് ആയ അലിസൺ ബെക്ഡൽ (alison becdel) 1985 ൽ ‘Dykes to watch out for’ എന്ന കാർട്ടൂണിലൂടെ ആണ് ബെക്ഡെൽ ടെസ്റ്റിന് ആധാരമായ ആശയം അവതരിപ്പിച്ചത്. ഈ ആശയം തന്റെ സുഹൃത്തായ വാലസിന്റേതാണെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തി. അങ്ങനെ ആണ് ഈ ടെസ്റ്റ് ബെക്ഡെൽ-വാലസ് ടെസ്റ്റ് എന്ന് അറിയപ്പെട്ടു തുടങ്ങിയത്.ഈ ടെസ്റ്റ് അനുസരിച്ചു ഒരു സിനിമയിൽ കൃത്യമായ സ്ത്രീ പ്രാതിനിധ്യമുണ്ടെന്നു കണ്ടെത്താൻ ആ സിനിമയിൽ നാല് കാര്യങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി.
✨സിനിമയിൽ കുറഞ്ഞത് രണ്ട് സ്ത്രീകൾ എങ്കിലും ഉണ്ടായിരിക്കണം.
✨അവർ പരസ്പരം സംസാരിച്ചിരിക്കണം.
✨അവരുടെ സംസാര വിഷയം മറ്റൊരു പുരുഷൻ അല്ലാതെ മറ്റെന്തെങ്കിലും ആയിരിക്കണം.
✨സ്ത്രീ കഥാപാത്രങ്ങൾക്ക് പേരും ഉണ്ടായിരിക്കണം .
ഈ നാല് മാനദണ്ഡങ്ങളും പാലിക്കുന്നൊരു സിനിമയിൽ കൃത്യമായ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരിക്കും. ഇന്ന് നമ്മൾ പലരും നെഞ്ചേറ്റുന്ന പല സിനിമകളും ഈ ബെക്ഡെൽ ടെസ്റ്റിൽ പരാജയപ്പെടുന്നു എന്നതാണ് മറ്റൊരു സത്യം. ഹോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള സിനിമകളിൽ ചെറിയൊരു ശതമാനം മാത്രമേ ഈ ടെസ്റ്റ് വിജയിക്കുന്നുള്ളു. ഇതിനൊരു കാരണമായി പലരും ചൂണ്ടി കാട്ടുന്ന കാരണം സിനിമാമേഖലയിൽ സ്ത്രീകളുടെ അഭാവമാണ്. സംവിധാനം, തിരക്കഥ, ക്യാമറ പോലുള്ള മേഖലകളിൽ, പ്രത്യേകിച്ച് മലയാള സിനിമാ മേഖലയിൽ, സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. എന്നാൽ പല വിമർശകരും ബെക്ഡെൽ ടെസ്റ്റിന്റെ പല പോരായ്മകളും ചൂണ്ടികാട്ടുന്നുണ്ട്.
അതിൽ ഒന്നാണ്, ഈ ടെസ്റ്റിൽ വിജയിക്കുന്ന സിനിമകൾ ചിലപ്പോഴെങ്കിലും സ്ത്രീ വിരുദ്ധ നിലപാടുകൾ ഉള്ളവയോ, പുരുഷമേധാവിത്ത നിലപാടുകൾ ഉള്ളവയോ ആകാറുണ്ട്. കാരണം, ഒരു സിനിമയിൽ സ്ത്രീകൾ ഉണ്ടോ എന്നും അവർക്ക് പ്രാധാന്യം ഉണ്ടോ എന്നും മാത്രമേ ഈ ടെസ്റ്റിന് പരിശോധിക്കാൻ സാധിക്കുന്നുള്ളൂ. അതിൽ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും, നിലപാടുകളും ഉണ്ടോ എന്ന് പരിശോധിക്കാൻ ഇതിനു കഴിയുന്നില്ല. ഈ ടെസ്റ്റ് പരാജയപ്പെടുന്ന സിനിമകളിൽ ചിലതാകട്ടെ സ്ത്രീ കഥാപാത്രങ്ങൾ തീർത്തും ആവശ്യമില്ലാത്ത സിനിമകളും. ഉദാഹരണം, പൂർണമായി ഒരു ജയിലിൽ കഥ നടക്കുന്ന സിനിമയോ, അല്ലെങ്കിൽ രണ്ടേ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള സിനിമയോ ഒക്കെ ഫെമിനിസ്റ്റ് ചിന്താഗതികൾ ഉയർത്തിപ്പിടിക്കുന്നവ ആണെങ്കിൽ കൂടിയും പരാജയപ്പെടുന്നു.
📌 വാൽ കഷ്ണം: ഈ ടെസ്റ്റിൽ നിന്നും ഊർജം ഉൾക്കൊണ്ട് പലരും വത്യസ്ത ടെസ്റ്റുകൾ വികസിപ്പിച്ചിട്ടുണ്ട്. അവയിൽ ചിലതാണ് സിനിമയിലെ ✨വർണ്ണവിവേചണം ചിരിച്ചറിയാനുള്ള ടെസ്റ്റ്,✨ body shaming തിരിച്ചറിയാനുള്ള ടെസ്റ്റ് തുടങ്ങിയവ.