Narmam
ആലിയും കണാരേട്ടനും പിന്നെ കബറിലെ ചോദ്യവും
എന്തായാലും ഒരടി ഇന്നും ഫര്‍ളായും (നിര്‍ബന്ധമായും) കിട്ടും. ഇന്നലെയും ക്ല്ലാസ്സില്‍ പോയില്ല. ചെത്തയ് തോട്ടില്‍ മിനിഞ്ഞാന്നത്തെ മഴ വെള്ളത്തില്‍ ഏറ്റു മീന്‍ കയറിയത് മദ്രസ്സയിലേക്ക് വരുമ്പോള്‍ അസൈന്‍ ആണ് പറഞ്ഞത് മദ്രസ്സന്റെ പടിപ്പുര കാണാത്ത ആ പഹയന് എന്തും പറയാമല്ലോ
115 total views

എന്തായാലും ഒരടി ഇന്നും ഫര്‍ളായും (നിര്‍ബന്ധമായും) കിട്ടും. ഇന്നലെയും ക്ല്ലാസ്സില്‍ പോയില്ല. ചെത്തയ് തോട്ടില്‍ മിനിഞ്ഞാന്നത്തെ മഴ വെള്ളത്തില്‍ ഏറ്റു മീന്‍ കയറിയത് മദ്രസ്സയിലേക്ക് വരുമ്പോള്‍ അസൈന്‍ ആണ് പറഞ്ഞത് മദ്രസ്സന്റെ പടിപ്പുര കാണാത്ത ആ പഹയന് എന്തും പറയാമല്ലോ ..അടി ഞാന്‍ തന്നെ കൊള്ളണം ..മീന്‍ പിടിക്കാന്‍ പോയി എന്ന് ഉസ്താദ് അറിഞ്ഞാല്‍ അടി ഇരട്ടിയാകും .വരട്ടെ വായില്‍ വരുന്ന എന്തെങ്കിലും അപ്പോള്‍ വിളിച്ചു പറയാം ..ഈയിടയായി ഇടയ്ക്കിടയ്ക്ക് ഈ അടി കിട്ടിയില്ലെങ്കില്‍ ഒരു മാതിരി ഉപ്പില്ലാത്ത ഇല്ലാത്ത സാള്‍ട്ട് മംഗോട്രീ പോലയാ .. “നോ ട്ടേയ്സ്റ്റി നോ ഹെല്‍ത്തി ” ഇതൊക്കെ ആലോചിച്ചു കൊണ്ടാണ് ആലി അന്ന് കിടക്കപ്പായില്‍ നിന്നും പ്രഭാതവന്ദനം ചൊല്ലി വെള്ള കുപ്പായവും തൊപ്പിയും വെച്ച് അടികൊണ്ടാലും വേദന അറിയാതിരിക്കാന്‍ കട്ടി ജീന്‍സും വലിച്ചു കേറ്റി മദ്രസ്സയിലേയ്ക്ക് മാര്‍ച്ച് പാസ്റ്റ് നടത്തിയത് ..
ഹാജര്‍ പട്ടികയിലെ ആദ്യാക്ഷരം തുടങ്ങുന്നത് തന്നെ ആലിയിലാണ് ..
“ആലി “….”ഹാജര്‍ ഉസ്താദേ” “ഓഹോ നീ ഹാജരുണ്ടോ?: “നീ ഒന്ന് ഇങ്ങട്ട് വാ ഒന്നന്നെ കാണട്ടെ” അറുക്കാന്‍ കൊണ്ട് പോകുന്ന ആടിന്കുട്ടികള് പേടിച്ചു മുന്‍ കാലുകള്‍ നിലത്തമര്‍ത്തി ബ്രൈക്കിട്ടു നില്ക്കുന്നതു പോലെ ആലിയും ഒന്ന് ബ്രയ്ക്കില് കാലമര്‍ത്തി ,പിന്നെ മൈക്കല്‍ ജാക്സണ് സ്റ്റൈലില്‍ ഒരു ഡാന്‍സ് സ്റ്റെപ്പിട്ടു മുന്നോട്ടു നടന്നു
“എവിടെയായിരുന്നോടാ നീ ഇന്നലെ ? ”
രേഡിയേറ്റരില് വെള്ളമില്ലാതെ ഹീറ്റായി നിന്നുപോയ കാര്‍ പോലെ ഉസതാദ് ഹൈട്ടെമ്പ്രെച്ചറിലാണ് ..അടിയുടെ കാര്യത്തില്‍ ഏതായാലും ഒരു തീരുമാനമായി, ഇനി അതിന്റ പവര്‍ കുറക്കാന്‍ രണ്ടും കല്പിച്ചു ആലി അല്പം സെന്ടിയടിച്ചു പറഞ്ഞു
“ഉസ്താദേ ഇന്നലെ ന്റെ വലിയുമ്മ മരിച്ചു പോയി ..അതാ വരാഞ്ഞെ ” പറഞ്ഞു കഴിഞ്ഞില്ല ചൂരല്‍ ആലിയുടെ കൈവെള്ളയില്‍ ഒരു മിന്നല്‍ വിസിറ്റ് നടത്തി …അപ്രതീക്ഷിത ആക്രമണമായതിനാല്‍ ആലി ,വേദനകൊണ്ട് പുളയുമ്പോള്‍ അറിയാതെ ചോദിച്ചു പോയി “വലിയുമ്മ മരിക്കണതു തെറ്റാണോ ഉസ്താദേ ?
“തെറ്റല്ല ..പക്ഷേന്കില് അന്റെ വെല്ലീമ്മ മരിച്ചാല്‍ ഈ പള്ളീക്കല്ലെടാ മയ്യത്ത് കൊണ്ട് വരല്? ” ആ മയ്യത്ത് ഞാനല്ലെടാ നിസക്കരിക്കല്? .ഇന്നലെ ഒരു മയ്യത്തും ഈ പള്ളിക്കാട്ടില്ക്ക് വന്നിട്ടില്ല ..”മേലാല്‍ വല്ലിമ്മ മരിച്ചാല്‍ എന്നോട് പറയാതിരിക്കാനും കൂടിയാ ഈ അടി! പോയി ബെന്ജിന്റെ മോളില് കേറി നിക്ക് “!!! ബെഞ്ചില്‍ കയറി നില്ക്കുക എന്നാല്‍ ഇതിലും വലിയ ഒരു നാണക്കേട് വേറന്താ ..വേണ്ടിയിരുന്നില്ല വലിയുംമ്മാനേ ഈ ഉസ്താദ്ഉള്ളപ്പോള് മരിപ്പിക്കേണ്ടിയിരുന്നില്ല്ല ..ആലി അതിനു മുകളില്‍ കയറി നിന്നപ്പോള്‍ ‘ആത്മാര്‍ഥമായി’ ഖേദിച്ചു ..
ബെഞ്ചിന്റെ മുകളില്‍ നിന്ന് കൊണ്ട് അടുത്ത ക്ലാസ്സിലേക്ക് നോക്കിയപ്പോഴുണ്ട് തന്റെ മനസ്സാക്ഷി കീപ്പറും ഇതേ പോസില്‍ ബെഞ്ചില്‍ കയറി ‘അങ്ങിനെ നീ മാത്രം അടി വാങ്ങി അഹങ്കരിക്കണ്ട എന്ന മട്ടില്‍ തന്നേ നോക്കുന്നു’ “ഡാ എന്ത് പറ്റി” ? ദൂരദര്‍ശനില്‍ ഞായറാഴ്ച മാത്രം വരുന്ന ബാധിരര്‍ക്കുള്ള വാര്‍ത്തപോലെ ആഗ്യം കാണിച്ചു ആലിയും കൂട്ടുകാരനുമായി വാര്‍ത്താ വായന സംപ്രേഷണം തുടങ്ങി …പരസ്പരം മതി മറന്ന ഇണക്കുരുവികളുടെ ലോഹ്യ പ്രകടനം കൂടുതല്‍ സമയം നീണ്ടു നിന്നില്ല ,വാര്‍ത്താവായന കണ്ട ഉസ്താദ് ഒരു പരസ്യം കൊടുത്തു രണ്ടിനെയും പിടിച്ചു പുറത്താക്കി ക്ലാസ്സ് തുടര്‍ന്നു …
ഹൌസ് ഡ്രൈവര്‍ ഇച്ചിച്ചതും മെക്കാനിക് കല്പിച്ചതും എന്ജിന് പണി എന്ന് പറഞ്ഞത് പോലെ ആലിയും കൂട്ടുകാരനും മദ്രസ്സയില്‍ നിന്നും പതുക്കെ മുങ്ങി …പോകുമ്പോള്‍ ആലി ചോദിച്ചു “അന്നെ എന്തിനാ പുറത്താക്കിയത്? യ്യ് ന്നലെ ന്റെ കൂടെ മീന്‍ പിടിക്കാനൊന്നും വന്നീല്ലായിരുന്നല്ലോ ? “ഡാ കുറേ ദിവസം മുമ്പേ ഉസ്താദു എന്റെ കോഞാട്ടയായ ലൈഫ് കണ്ടിട്ട് , ന്നെ നന്നാക്കാന്‍ ഒരു ബുക്ക് തന്നിരുന്നല്ലോ ..”ജീവിതം തെറ്റും ശെരിയും എന്ന പേരുള്ള ബുക്ക് ..അത് ഞാന്‍ എനിക്ക് കിട്ടിയ അന്ന് തന്നെ കിടക്കന്റെ അടിയില്‍ ടെപ്പോസിറ്റ് ചെയ്തു” “പിന്നേ അത് വായിച്ചിട്ട് വേണല്ലോ ഞാന്‍ നന്നാകാന്‍ ? ന്റെ ബാപ്പയും ബാപ്പന്റെ ബാപ്പയും വിചാരിച്ചിട്ടു ഞാന്‍ നന്നായില്ല പിന്നല്ലേ ബുക്ക് വായിച്ചിട്ട് ഞാന്‍ നന്നാകണത് “? “കുറേ ദിവസമായി ഉസ്താദ് അത് തിരിച്ചു ചോദിക്കുന്നു .ഇന്ന് അത് മടക്കി കൊടുത്തപ്പോള്‍ ന്നോടൊരു ചോദ്യം “ടാ അനക്ക് ഇതില്‍ നിന്നും എന്താ മനസ്സിലായെ എന്ന് , ഞാന്‍ പറഞ്ഞു ” ഉസ്താദെ ഇതില്‍ കൊറേ തെറ്റുംണ്ട് കൊറേ ശെരിയും ണ്ട് ” .”അത് പറഞ്ഞതെന്നെ നിക്ക് ഓര്‍മ്മയുള്ളൂ അടിച്ചതും ബെഞ്ചില്‍ കേറിയതും ഒന്നും ഓര്‍മ്മയില്ല അമമാതിരി അലക്കല്ലേ മൂപ്പര് തന്നത് ” മൂപ്പരെ വീടരെ ആലോചിച്ചിട്ടാ യിരിക്കും ന്നെ അടിച്ചത് അതാ ഇത്ര വേദന ” ..:ആ ബുക്കിന്റെ പേര് കേട്ടാല്‍ തന്നേ അറിയൂലെ അതില്‍ തെറ്റുണ്ടാകും എന്ന് വായിക്കണ്ട കാര്യംണ്ടോ,പക്ഷെ ഉസ്താദിന് ഫീല്‍ ചെയ്തത് അയാളെ കളിയാക്കാന്നാ ” ?..
ഓരോരോ കിന്നാരവും പറഞ്ഞു രണ്ടു പേരും അങ്ങിനെ പുതുതായി റിലീസ് ആയ സിനിമയും കണ്ട് കവലയില്‍ എത്തിയപ്പോള്‍ നേരം ഏറെ വൈകിയിരുന്നു .അപ്പോഴാണ് അന്നത്തെ മതപ്രഭാഷണം ശ്രദ്ദയില്‍ പെട്ടത് ..മരണവും അനന്തര ജീവിതവും കബറിലെ ശിക്ഷയും ആയിരുന്നു വിഷയം ..കബറില്‍ കിടക്കുമ്പോള്‍ മലക്കുകള്‍ വരുമെന്നും അവര്‍ ചിലചോദ്യങ്ങള്‍ ചോദിക്കും എന്നും ഒക്കെ കേട്ടപ്പോള്‍ ആലിക്കു ഒരു ഡൌട്ട് ? ഇത് സത്യമാകുമോ? എന്തായിരിക്കും ചോദിക്കുക ? എങ്കില്‍ അത് തന്നേ ഒന്നു പരീക്ഷിച്ചാലോ? ആ ഒടുക്കത്തെ സംശയം മനസ്സില്‍ കിടന്നങ്ങനെ ചെങ്ങറ സമരം പോലെ നീണ്ടു പോയി …
ഒരുച്ച നേരം പള്ളിക്കാട്ടില്‍ കൂടി ആലി തന്റെ വീട്ടിലേയ്ക്ക് മൂളിപ്പാട്ടും പാടി പോകുമ്പോള്‍ ആണ് അത് ശ്രദ്ദയില്‍ പെട്ടത് .ഒരു കബര്‍ ആരെയോ പ്രതീക്ഷിച്ചു നില്ക്കുന്നു ,അത് കണ്ടപ്പോള്‍ ആലി യുടെ മനസ്സിലേ ഇന്ബോക്സിലെക്ക് ഒരു ‘എസ്സ് എം എസ്സ് ‘ഡെലിവറിയായി ..അന്ന് രണ്ടും കല്പിച്ചു ആലി ആ തീരുമാനം എടുത്തു ..കബറില്‍ കയറി ഒന്ന് കിടക്കുക തന്നേ ,മലക്കുകള്‍ വരുമെന്നും ചോദ്യം ചോദിക്കും എന്നും ഉസ്താദ് പറഞ്ഞത് സത്യമാണോ എന്നറിയാലോ ?ഇനി സത്യമായാലോ ? ചോദ്യം ചോദിക്കുമ്പോള്‍ മറുപടി ഇല്ലാതെ കുഴയാന്‍ പാടില്ലല്ലോ ,അവിടെ പ്രതീക്ഷിക്കാവുന്ന എല്ലാ ചോദ്യവും ഉത്തരവും മനസ്സില്‍ പല തവണ കാണാപാഠം പഠിച്ചിട്ടും ,ആള് താമസം ഇല്ലാത്ത തലയില്‍ ഒന്നും കയറിയില്ല ..കൈവെള്ളയില്‍ എഴുതിയാലും തുണ്ട് കടലാസില്‍ കോപ്പി അടിച്ചാലുംശെരിയാകില്ല ഇരുട്ടത്ത് എങ്ങിനെ മന്സ്സില്ലാകും…
ജീവിതത്തില്‍ ആദ്യമായി ആലിയുടെ തലയില്‍ ആ പ്രശ്നം ‘കോയാസ് മായാസ്ചന്ദനത്തിരി’ പോലെ പുകഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ബാപ്പാന്റെ മൊബൈല്‍ ഫോണ്‍ ആലിയുടെ റഡാര്‍ ചെക്കിങ്ങില്‍ പെട്ടത്. പിന്നേ ഒന്നും നോക്കിയില്ല പഴഞ്ചന്‍ കോപ്പിയടിക്ക് പകരം മോഡേണ്‍ കോപ്പിയടി പരീക്ഷണം നടത്താന്‍ ചോദ്യവും ഉത്തരവും അതില്‍ റെക്കോര്‍ഡ് ചെയ്തു.ഇനി ആരെ പേടിക്കാന്‍ ? ഒരു ഇയര്‍ ഫോണെടുത്ത് ചെവിയില്‍ വെച്ചാല്‍ രാത്രി ഒരു മലക്കും കാണില്ല …എല്ലാം സെറ്റപ്പ് ആക്കി രാത്രി ഏകദേശം പതിനൊന്നു മണിക്ക് ആലി നേരെ പള്ളിക്കാട്ടിലെ കബറില്‍ കയറി കിടന്നു ….അര മണിക്കൂര്‍ കിടന്നിട്ടും ഒരു മലക്കും തന്നെ തേടി വരാത്തതിനാല്‍ ,ആലി അസ്വസ്ഥാനായി …ഒന്നും കൂടി കാത്തിരിക്കാം , ബോറടി മാറ്റാന്‍ ,മൊബൈല്‍ ഫോണില്‍ ബ്രിക്ക് ഗെയിമു കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ..ഒരു കാലടിയൊച്ച ആലിയുടെ കാതില്‍ മുഴങ്ങിയത് …ഉടന്‍ അത് നിര്‍ത്തി മൊബൈല്‍ ,’ചോദ്യംമോഡി’ലേക്ക് മാറ്റി എല്ലാം റെഡിയായിരുന്നു ..ശബ്ദം അടുത്തടുത്തു വരുന്നു .ഒപ്പം ആലിയുടെ കല്‍ബും ഉച്ചത്തില്‍ ചെണ്ട കൊട്ടാന്‍ തുടങ്ങി ..”മരണം വാതില്ക്കലോരുനാള്..മന്ജലുമായ് വന്നു നില്ക്കുമ്പോള് ” ..പടച്ചോനേ ഇതെന്താ മലക്കുകള്‍ പാട്ടും പാടിയാണോ കബറില്‍ വരുന്നത് ? ഞാന്‍ പഠിച്ച ചോദ്യം അറബിയിലാണല്ലോ ഇതിപ്പം മലയാളി മലക്കാണല്ലോ റബ്ബേ വരുന്നത് ,പാട്ട് വീണ്ടും ശ്രദ്ധി ക്കുന്നതിനിടയില്‍ ആലി നെടുവീര്‍പ്പിട്ടു .
കബറില്‍ നിന്നും മെല്ല തല പൊക്കി നോക്കിയപ്പോള്‍ മലക്ക് അതാ ഒരു ടോര്‍ച്ചും അടിച്ചു തന്റെ നേരില്‍ വന്നടുക്കുന്നു “ന്റെ അള്ളോ” മൊബൈലും ഇയര്‍ഫോണും ഒക്കെ ഈ മലക്ക് കാണുമല്ലോ .കോപ്പിയടി ഇനി നടക്കില്ല ആപ്പോള്‍ താന്‍ ഇനി നരകത്തില്‍ തന്നേ .. ആലി ആകെ വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കി ജോലി വാങ്ങിയവനെപ്പോലെ അന്തം വിട്ടു നിന്നു. വരേണ്ടത് റോട്ടിന്മേല് തങ്ങില്ലല്ലോ ..എന്തും നേരിടാന്‍ ആലി വാര്‍മപ്പ് ആയി നിന്നു .ആ ആള് രൂപം അടുത്ത് വന്നപ്പോള്‍ ആലിക്ക് ചിരി വന്നു . ഇത് മലക്കല്ലല്ലോ ,തൊട്ടടുത്ത റബ്ബര്‍ കമ്പനിയില്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞു വരുന്ന അയല്‍വാസി എക്സ് മിലിട്ടറി കണാരേട്ടനല്ലേ ? ലഡാക്കിലെ യുദ്ധവും പട്ടാളട്രയിനിങ്ങും ഒറ്റയ്ക്ക് ഒളിപ്പോര് നടത്തിവിജയം വരിച്ച ‘ധീര’ കഥയും ബഡായി പറയുന്ന ഇയാള്‍ പേടി മാറ്റാന്‍ ഉറക്കേ പാട്ടും പാടി വരുന്നത് കണ്ടപ്പോള്‍ ചിരിക്കാതെ എന്ത് ചെയ്യും ഏതായാലും കാണാരേട്ടന്റേ കൂടെ കമ്പനി കൂടി ഇനി വീട്ടില്‍ പോകാം ..മലക്ക് ഇനി വരും എന്നു തോന്നുന്നില്ല ..കാണാരേട്ടന് ആലി കിടക്കുന്ന കബറിന്റെ അടുത്തെത്തിയപ്പോള്‍, നീട്ടിയൊരു വിളി …
കാണാരേട്ടാ ?…
കൂരാ കൂരിരുട്ടില്‍ ജ്നമനാ പേടി ട്രേഡ്മാര്‍ക്കായ കണാരേട്ടന് ഒന്ന് തിരഞ്ഞു നോക്കിയപ്പോള്‍ ആരെയും കാണുന്നില്ല ,ചിലപ്പോള്തോന്നിയതായിരിക്കും ..
അപ്പോഴാണ് വീണ്ടും ആ അശിരീരി …
“കണാരേട്ടാ ..”
പേടിച്ചു വിറച്ചു അയാള്‍ ആ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് വെറുതെ തന്റെ എട്ടുകട്ട എവറഡി ടോര്‍ച്ച് ഒന്ന് ഫോക്കസ് ചെയ്തപ്പോഴുണ്ട് കബറില്‍ നിന്നും ഒരു തല ഉയര്‍ന്നു വരുന്നു ..അയ്യോ “കാലന്” അയാള്‍ ഉറക്കെ നിലവിളിച്ചു ” പേടിക്കണ്ട കണാര ഇത് ഞാനാ …അത് മുഴുവന്‍ കേള്‍ക്കാനുള്ള ചാര്‍ജ് കണാരേട്ടന്റേ ബോഡിയില്‍ ഇല്ലാത്തതിനാല്‍ ആളുടെ ബാറ്ററി അവിടെ ഡൌണ്‍ ആയി ..കബറില്‍ നിന്നും കയറി വന്ന ആലി കണ്ടത് സ്വിച്ച് ഓഫായി കിടക്കുന്ന കാണാരേട്ടനെയാണ് … ഒന്ന് തട്ടി വിളിച്ചു വീണ്ടും കണാരേട്ടനെ ചാര്‍ജാക്കി ആലി പറഞ്ഞു “കാണാരാ നടക്കു നമുക്ക് പോകാം ” തന്റെ ജീവന് എടുക്കാന്‍ വന്ന കാലന് അയ്യാളുടെ കൂടെ നടക്കാന്‍ കൂടി പറഞ്ഞപ്പോള്‍ പിന്നേ വെള്ളത്തില്‍ വീണ മൊബൈല്‍ പോലെ കാണാരേട്ടന് ഫുള്‍ ടൈം ഓഫായി ..മൂന്നാം നാള് ആശുപത്രിയില്‍ ബോധം തെളിഞ്ഞപ്പോള്‍ കണാരേട്ടന് ആദ്യം കണ്ടത് തനിക്ക് കാവല്‍ നില്ക്കുന്ന ആലിയെയാണ് .. സഹതാപ പൂര്വ്വംതന്നെ നോക്കുന്ന ആലിയെ സ്നേഹപൂര്‍വ്വം അടുത്ത് വിളിച്ചു കാണാരേട്ടന്പറഞ്ഞു ..പോടാ കബറാലീ ..;ന്റെ മുമ്ബീന്നു …. !
116 total views, 1 views today