അല്ലാഹു അക്ബർ, ആൾക്കൂട്ടങ്ങളുടെ അത്യുച്ചത്തിലുള്ള ആരവം

369

അല്ലാഹു അക്ബർ, ആൾക്കൂട്ടങ്ങളുടെ അത്യുച്ചത്തിലുള്ള ആരവം.

കലാപരംഗങ്ങളിൽ സമ്മേളന ഇടങ്ങളിൽ വൈകാരിക പ്രകാശനത്തിനായി ഉച്ചത്തിലുച്ചത്തിൽ സമുദായം വിളിച്ചു കൂവിത്തുടങ്ങിയത് എപ്പോഴാണ് ? ശാന്തമായിരുന്നു ആഘോഷനാളുകളിൽ പതിഞ്ഞ താളത്തിൽ പാടിയിരുന്ന അല്ലാഹു അക്ബർ അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് എന്ന ദൈവസ്തുതി എന്ന് മുതലാണ് ആയുധം പോലെ മൂർച്ചയുള്ളതായത് ?
മുസ്തഫ അക്കാദെന്ന വിശ്രുത ചലചിത്രകാരനെ ബോംബെറിഞ്ഞു വീഴ്ത്തിയപ്പോഴോ , ഫറൂഖെന്ന തമിഴ് സഹോദരനെ വെട്ടിക്കൊന്നപ്പോഴോ ചേകന്നൂർ മൗലവിയെ അപ്രത്യക്ഷനാക്കിയപ്പോഴോ തിയോയെ പാരീസിന്റെ തെരുവിൽ കഴുത്തറുത്തു കൊന്നപ്പോഴോ ജോസഫ് മാഷിന്റെ കൈകൾ വെട്ടിയപ്പോഴോ ?

അപ്പോഴൊക്കെ അള്ളാഹുവിന്റെ മഹത്വം വാഴ്ത്തപ്പെടുന്നു എന്ന സൂക്തം ആയുധമാക്കിയപ്പോൾ നിങ്ങളിൽ ചിലർ ഗൂഢമായി ആഹ്ളാദിച്ചുവോ ? അത്തരം തിന്മയുടെ ശക്തികൾക്കെതിരിൽ തീവ്രമായി നിങ്ങൾ പ്രതികരിച്ചുവോ ഇല്ലായെങ്കിൽ സമുദായമേ അല്ലാഹു അക്ബർ ഇസ്‌ലാമോ ഫോബിയ ഉണ്ടാക്കി കള്ളന്മാർക്ക് ഉപയോഗിക്കാവുന്ന ഒന്നായി പാരീസിലെ തിയറ്ററുകളിൽ മാറുമ്പോൾ നിങ്ങൾക്കതിനെതിരിൽ ഒരക്ഷരം പോലും ഉരിയാടാനാകില്ല .

ഒരൊറ്റ ശബ്ദം അല്ലാഹു അക്ബർ നിമിഷങ്ങൾക്കകം ഭീതിയുണർത്താൻ അതിനായി അത് കള്ളന്മാർക്ക് പോലും ആയുധമായി ആളുകൾ ഭയന്ന് പരസ്പ്പരമുന്തിയും തള്ളിയും പുറത്തേക്കു പാഞ്ഞു അവരുടെ വിലപ്പെട്ട പല വസ്തുക്കളും ഉപേക്ഷിച്ചു കൊണ്ട് . ആർക്കാണ് നാണം തോന്നേണ്ടത് ? ഭയം കൊണ്ട് വിറച്ചു പോയ മനുഷ്യർക്കോ അതല്ല വേണ്ടാത്തയിടങ്ങളിൽ ദൈവ മഹത്വം പ്രകീർത്തിക്കുന്ന ശബ്ദത്തെ മൂർച്ചയുള്ള ആയുധമായും നിങ്ങളിലെ ആൾ ദൈവങ്ങൾക്ക് കീർത്തനമായും എതിരാളികളെ വേദികളിൽ പിച്ചി ചീന്തുമ്പോൾ ആവേശം കൊണ്ടും കലാപ കേന്ദ്രങ്ങളിലും പ്രകടനങ്ങളിലും ഒക്കെ ഭീതിപ്പെടുത്ത ശബ്ദമാക്കി അതിനെ മാറ്റിയ നിങ്ങൾക്കാണോ നാണം തോന്നേണ്ടത് ?

ഇന്നിതാ നിങ്ങളിലെ കലാപകാരികളും കാപട്യക്കാരും ആയുധധാരികളും കള്ളന്മാരും വ്യാജന്മാരും സ്ലോഗൻ ആക്കി കൊണ്ട് നടന്ന ദൈവസ്തുതിയെ പാരീസിലെ കള്ളന്മാർ ഉപയോഗിക്കുന്നു .

സമ്മതിക്കുന്നു, ഇസ്‌ലാമോ ഫോബിയ ഒരു പരിധിവരെ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടത് തന്നെയാണ് .
അതിനാവശ്യമായ ഇന്ധനം നൽകാൻ ജിഹാദികൾ പിന്തുണയും നല്കിപ്പോന്നിട്ടുണ്ട് .ഇന്ത്യൻ പരിസരങ്ങളിൽ പൊതുവെ ദുർബ്ബലരായ മുസ്ലിം സമൂഹത്തിന് ഇസ്‌ലാമോ ഫോബിയ സൃഷ്ട്ടിക്കാൻ ആയിട്ടില്ലായെന്നാലും നിഴൽ ശത്രുവിനെ എതിരിൽ നിർത്തി വേട്ടയാടാൻ ശ്രമിക്കുന്ന ഇന്ത്യൻ ഫാസിസവും ഇസ്‌ലാമോ ഫോബിയ സൃഷ്ട്ടിക്കുന്നതിൽ പങ്കു വഴിച്ചിട്ടുണ്ട് . കേരളത്തിൽ സമാധാന ജീവിതം നയിക്കുന്ന മുസ്ലിം സമൂഹം അല്ലാഹു അക്ബർ മൂർച്ചയുള്ള ആയുധമെന്നത് പോലെ അന്തരീക്ഷത്തിൽ ഉയർത്തപ്പെട്ടപ്പോൾ ശേഷം ഐ എസ് ഐഎസ് തേടി ആളുകൾ പോയപ്പോൾ അതിനെതിരിൽ ശബ്ദമുയർത്തുകയും പ്രതിരോധം തീർക്കുകയും ചെയ്തുവോ എന്ന് കൃത്യമായി പഠിക്കേണ്ടതുണ്ട് . ഞാൻ വിചാരിക്കുന്നു ഭൂരിപക്ഷവും നിസ്സംഗരായിരുന്നുഎന്ന് .

ഇനിയെങ്കിലും മനസ്സിലാക്കുക വാക്കുകൾപലപ്പോഴും ആയുധങ്ങളാണ് അത് തിരിഞ്ഞു വന്നു നിങ്ങളെ വേട്ടയാടും .