ജണ്ടർ വാദത്തിൻ്റെ മറവിലൂടെ കേരള സംഗീത നാടക അക്കാദമി നടത്തിയ ദലിത് പീഡനം

54

ജണ്ടർ വാദത്തിൻ്റെ മറവിലൂടെ കേരള സംഗീത നാടക അക്കാദമി നടത്തിയ ദലിത് പീഡനം. ആലപ്പി അഷ്റഫിൻ്റെ വാക്കുകൾ വായിക്കാം…..

ആലപ്പി അഷറഫ്

“എനിക്ക് ശ്വാസം മുട്ടുന്നേ.. ” എന്ന് കരഞ്ഞുപറഞ്ഞു പിടഞ്ഞു മരിക്കുമ്പോഴും…കാൽമുട്ടു കഴുത്തിലമർത്തിപ്പിടിച്ച്
ആ അമേരിക്കൻ പോലീസ്കാരൻ ,ഒരു പാവപ്പെട്ട കറുത്ത വർഗ്ഗക്കാരനെ ഇല്ലായ്മ ചെയ്തപ്പോൾ ,മെഴുകുതിരി കത്തിച്ചവരാണ് നമ്മൾ. ഇന്നിപ്പോഴും ഇവിടെ ആ കഥ തുടരുകയാണ്…ജോർജ് ഫോളയിട്ൻ്റെ കഴുത്തിലമർത്തിയ ആ കാൽമുട്ടുകൾ
ഇന്നിവിടെ കലാഭവൻ മണിയുടെ അനുജൻ Dr.RLV രാമകൃഷ്ണൻ്റെ കഴുത്തിൽ അമർത്തുകയായിരുന്നു എന്നു വേണം കരുതാൻ.
കലാഭവൻ മണിയെന്ന കരുത്തുറ്റ നായകൻ്റെ അനുജൻ രാമകൃഷ്ണ നോട് കാണിച്ചത്, അദ്ദേഹം തന്നെ പറഞ്ഞത് നമ്മൾ കേട്ടതാണ്.
അത് നമുക്ക് അവിശ്വസിയ്ക്കുവാൻ കഴിയുമോ….? ഒരിക്കലുമില്ല.മോഹിനിയാട്ടത്തിന് Phd നേടിയ ആ കലാകാരന് അവസരം നല്കിയാൽ,നാലു വർഷം കൊണ്ടു നേടിയെടുത്ത അവരുടെ ഇമേജ് തകരും.അവരുടെ കലം ഉടയും.വിമർശനമേൽക്കേണ്ടി വരും… എന്തൊക്കെയാ അധികാര വർഗ്ഗത്തിൻ്റെ ആക്ഷേപശരങ്ങൾ .കഷ്ടം .മോഹിനിയാട്ടത്തിൽ നിറമാണ് പ്രശ്നമെങ്കിൽ തലപ്പത്തിരിക്കുന്നവർ അത് തിരുത്തേണ്ടതാണ്. “ആ ചട്ടങ്ങളെ നിങ്ങൾ മാറ്റിയില്ലങ്കിൽ അവ നിങ്ങളെ തന്നെ മാറ്റും.”
ചിലങ്ക ഹൃദയതാളമായ് മാറ്റിയ കറുത്ത കലാകാരന്മാരുടെ ഹൃദയമിടിപ്പ് നിങ്ങൾ ഇല്ലാതാക്കിയാൽ അതിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും തീർച്ച.

അടിക്കുറിപ്പ്: ആത്മഹത്യയിലൂടെ സ്വയം ഇല്ലായ്മ ചെയ്യുകയല്ല, പോരാടിയാണ് ദലിതർ മുന്നേറേണ്ടത് എന്ന് RLV രാമകൃഷ്ണൻ ഓർക്കേണ്ടതും, മുന്നിൽ നിന്ന് പൊരുതാൻ ആർജ്ജവം കാട്ടേണ്ടതുമായിരുന്നു. ബി.ജെ.പി. കോൺഗ്രസ്, സി.പി.എം ന്യായീകരണങ്ങൾ പലതും കണ്ടേക്കാം. എന്നാൽ മോഹിനിയാട്ടത്തെ ആചാരമാക്കുന്ന രീതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ പണം ചെലവാക്കുന്നത് നിർത്തണം എന്നാണ് ഈ അവസരത്തിൽ ശക്തമായി പറയാനുള്ളത്. ലിംഗഭേദത്തെ മറികടന്ന് മുന്നേറിയ മാർഗ്ഗിസതിയെയൊക്കെ ഇതിന് ഉദാഹരണമായി രാമകൃഷ്ണൻ കാണേണ്ടതും, പൊരുതാൻ തീരുമാനിക്കുകയുമാണ് വേണ്ടിയിരുന്നത്. കേരള സംഗീത നാടക അക്കാദമിയേയും, കലാമണ്ഡലത്തെപ്പോലെയുള്ള ഇടങ്ങൾ കല, ആചാരം എന്നൊക്കെപ്പറഞ്ഞ് മേലനങ്ങാതെ ജീവിക്കാൻ സവർണ്ണർ ഉപയോഗിക്കുകയാണ് കാലങ്ങളായി. ദലിത് കലാകാരന്മാരെ പലരീതിയിലാണ് അവിടെ പീഡിപ്പിക്കുന്നത്. RLV രാമകൃഷ്ണന് മോഹിനിയാട്ടം ആടാൻ കേരളത്തിൽ ഇഷ്ടം പോലെ ദലിത് ക്ഷേത്രങ്ങളുണ്ട് എന്നും രാമകൃഷ്ണൻ ഓർക്കണമായിരുന്നു. ആ കലാകാരൻ ജീവിതത്തിലേക്ക് വേഗം തിരിച്ചുവരട്ടെയെന്നും, കലയുടെ വഴിയിലെ പോരാട്ടത്തിന് ദലിത് ആത്മാഭിമാനത്തിൻ്റെ അടയാളമായി തീരുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

RLV രാമകൃഷ്ണൻ്റെ ലൈവ് ഇവിടെ കൊടുക്കുന്നു.

“മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള അപേക്ഷ നിഷേധിച്ച് കേരള സംഗീത നാടക അക്കാദമി. എനിക്ക് വേണ്ടി ശക്തമായ വാദിച്ച സംഗീത നാടക അക്കാദമി ചെയർ പേഴ്സൺ ശ്രീമതി കെ.പി.എ.സി ലളിത ഔവർകളോട് നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു. എനിക്കുണ്ടായ ദുരനുഭവം മറ്റൊരാൾക്കും ഉണ്ടാകരുത് എന്ന് പ്രാർത്ഥിക്കുന്നു. അക്കാദമി സെക്രട്ടറി കെ.രാധാകൃഷ്ണൻ നായരുടെ ലിംഗ വിവേചനപരമായ തീരുമാനങ്ങളോട് പ്രതിഷേധം അറിയിക്കുന്നു. എന്റെ സംഭാഷണത്തിൽ രാധാകൃഷ്ണൻ നായർ എന്ന് മുഴുവൻ പേര് പറയാതെ കൃഷ്ണൻ നായർ എന്നു പറഞ്ഞിൽ ഖേദിക്കുന്നു.”