ആലപ്പിയിൽ നിന്നും വന്ന മൈനയുടെ ശബ്ദം
Nishadh Bala
സ്ഫടികം സിനിമ 4 K റി റീലീസ് സമയം ആണല്ലോ. ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു ആടുതോമ കൊടുക്കുന്ന പഴം കഴിച്ച് ചാക്കോ മാഷിനെ ‘കടുവ’ എന്ന വട്ടപ്പേരു വിളിക്കുന്ന മൈന.ആ മൈനയ്ക്കു വേണ്ടി ശബ്ദം നല്കിയതാര്?? 2021 ൽ മൈനയ്ക്കു ശബ്ദം നല്കിയ കലാകാരൻ തന്നെ അതിനെ പറ്റി അദ്ദേഹം തന്നെ തൻ്റെ ഫേസ് ബുക്കിൽ കുറിച്ചിരുന്നു അതിപ്രകാരമായിരുന്നു :സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. അവർ എന്നെ വേദിയിലേക്ക് വിളിച്ച് എൻ്റെ പേര് ആലേഖനംചെയ്ത ഒരു ഷീൽഡ് നല്കി എനിക്ക് ആദരവ് തന്നു.എന്തിനന്നോ… ആ സിനിമയിൽ ഞാനും ശബ്ദം നല്കിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാർക്കൊന്നുമല്ല.. പിന്നയോ.. ?അതിലെ അതികായകനായ ചാക്കോ മാഷ്നെ ” കടുവാ കടുവാ ” എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനക്ക് വേണ്ടി, ആ ശബ്ദം നല്കിയിരുന്നത് ഞാനായിരുന്നു.
സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞിരുന്നു. ആ സമയം ലാൽ ഇന്ത്യയിൽ ഇല്ലായിരുന്നു .റി റിക്കാർഡിംഗിൻ്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങൾക്കായ് അന്ന് ലാലിൻ്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു.ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാൻ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു. അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആവർത്തിച്ചു .മൈനക്ക് വേണ്ടിയുള്ള എൻ്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു.മൈനയുടെ ശബ്ദത്തിൻ്റെ കാര്യത്തിൽ അങ്ങിനെ തീരുമാനമായ്.സ്ഫടികം സൂപ്പർ ഹിറ്റായപ്പോൾ തമിഴിലും മൊഴിമാറ്റം നടത്തി .അവരും എന്നെ വിളിച്ചു .ഈ കിളിയുടെ ശബ്ദം ചെയ്യാൻ, “ഇവിടെ ഇത് ചെയ്യാൻ ആളില്ല സാർ.. “മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാൽ പോരെയെന്ന് ഞാൻ ചോദിച്ചു.
ഇല്ല സാർ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാർഗ്ഗമൊന്നുമില്ല സഹായിക്കണം.
കൊച്ചിയിൽ നിന്നും രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി , സ്ഫടികം മോഡൽ ശബ്ദത്തിൽ “കരടി കരടി ” എന്നു പറഞ്ഞു വൈകിട്ടത്തെ വിമാനത്തിൽ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല.ഈ കലാകാരൻ മറ്റാരുമല്ല…അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങൾ ചുവടെ കുറിക്കുന്നു…വിദ്യാഭ്യാസകാലത്തുതന്നെ മിമിക്രി ചെയ്തിരുന്നു അദ്ദേഹം. ആലപ്പുഴ എസ് ഡി കോളാജിലായിരുന്നു വിദ്യാഭ്യാസം. അവിടെ ഫാസിൽ ,നെടുമുടിവേണു, ജിജൊ തുടങ്ങിയവരായിരുന്നു സഹപാഠികൾ. കോളേജിൽ വെച്ച് മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അനുകരണ രംഗത്തേയ്ക്ക് കടക്കുന്നത്. മൃഗങ്ങളെയും പക്ഷികളെയും അനുകരിയ്ക്കുന്നതിനു ഒപ്പം മാറ്റം കൊണ്ടുവരാനായി സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും അനുകരിച്ചുകൊണ്ടാണ് പ്രശസ്തനായി.
തുടർന്ന് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി ആദ്യമായി ഉൾപ്പെടുത്തിയപ്പോൾ അതിൽ ഒന്നാം സ്ഥാനം കിട്ടിയത് അദ്ദേഹത്തിനായിരുന്നു.ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു .ആകാശവാണിയിലൂടെ ഈ സമ്മാനാർഹമായ പ്രോഗ്രാം പ്രക്ഷേപണം ചെയ്തത് അദ്ദേഹത്തെ കേരളം മുഴുവൻ അറിയപ്പെടുന്നവനാക്കി. തുടർന്ന് ധാരാളം മിമിക്രി പ്രോഗ്രാമുകൾ അദ്ദേഹത്തിന് ലഭിയ്ക്കാൻ തുടങ്ങി. മിമിക്സ് പരേഡ് എന്ന കലാരുപത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ് ഇദ്ദേഹം….. പേര് – ആലപ്പി അഷറഫ്. അഭിനേതാവ് ; കഥ,തിരക്കഥ രചയിതാവ് ; നിർമ്മാതാവ് ; സംഭാഷണ രചന ; സംവിധായകൻ എന്ന് പല രംഗങ്ങളിലും തൻ്റെ കഴിവ് പ്രകടിപ്പിച്ച ആലപ്പി അഷറഫ്…..!!