തായ്‌ലാന്റിൽ വലിയ മുതല ഫാമുകളുണ്ട്. ലോകത്തെ തന്നെ വലിയ മുതലഫാമുകളിൽ പലതും തായ്‌ലാന്റിലാണ്. ആയിരത്തോളം ഫാമുകളിലായി പന്ത്രണ്ടുലക്ഷത്തോളം മുതലകളെ അവർ വളർത്തുന്നു.
മുപ്പത്തഞ്ചുവർഷത്തോളമായി പ്രവർത്തിക്കുന്ന ശ്രീ അയുത്തായ ഫാമിൽ ഒന്നരലക്ഷം മുതലകളാണ് ഉള്ളത്. മുതലകളെ വളർത്തി ലെതർ ബാഗുകളും കുപ്പായങ്ങളും ഉണ്ടാക്കി അവർ വിൽക്കുന്നു. ഒരു ബാഗിന് ഏതാണ്ട് ഒന്നരലക്ഷം രൂപയ്ക്കു മുകളിൽ വിലയുണ്ട്. കോട്ടിനാവട്ടേ നാലുലക്ഷത്തിനുമുകളിലും. മുതലയിറച്ചിയും നല്ല ഡിമാന്റുള്ള വസ്തുവാണ്. അവയുടെ പിത്തരസവും രക്തവും കാപ്സ്യൂളുകളാക്കി വിൽപ്പന നടത്തുന്നുണ്ട്. ചൈനയാണ് ഇവരുടെ ഏറ്റവും വലിയ വിപണി. ലോകമെങ്ങുമുള്ള ഫാഷൻ ബ്രാന്റുകൾ മിക്കവയും തങ്ങളുടെ അസംസ്കൃതവസ്തുക്കൾ വാങ്ങുന്നത് തായ്‌ലാന്റിൽ നിന്നുമാണ്. നല്ല ഈടുനിൽക്കുന്നതിനാൽ ഷൂസ്, ബെൽറ്റുകൾ എന്നിവയുണ്ടാക്കാനും മുതലത്തോലിന് നല്ല ഡിമാന്റാണ്. യൂറോപ്പിൽ സ്ത്രീകളുടെ ബാഗുകൾക്ക് ഇവ ഉപയോഗിക്കുമ്പോൽ അമേരിക്കയിൽ ആണുങ്ങളുടെ പേഴ്സിനും കൗബോയ് തൊപ്പികൾക്കുമാണ് പ്രധാനമായി മുതലത്തോൽ ഉപയോഗിക്കുന്നത്.
20000-40000 ഡോളർ വിലമതിക്കാറുണ്ട് ചില ബാഗുകൾക്ക്, നാലുമുതലകളുടെ തോലുകൾ വേണ്ടിവരും ചിലപ്പോൾ ഇത്തരമൊരു ബാഗ് ഉണ്ടാക്കാൻ, കാരണം മുതലയുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലെയും തോൽ ബാഗുണ്ടാക്കാൻ എടുക്കാൻ ആവില്ല. ഇവയെ കാണാൻ വരുന്ന ടൂറിസ്റ്റുകളും നല്ലൊരു വരുമാനമാർഗമാണ് ഇവിടെ. തരതമ്യേന വലിപ്പം കുറഞ്ഞ് ശുദ്ധജല മുതലയായ സയാമീസ് മുതലകളെയാണ് ഇവർ വ്യാവസായികമായി വളർത്തുന്നത്. മനുഷ്യർക്കും ഈ സയാമീസ് മുതലകൾക്കും ഒരേ ആവാസവവസ്ഥയിൽ ഭീഷണികൾ ഇല്ലാതെ ജീവിക്കാനാവുന്നതാണ്.
ഗുരുതരമായ വംശനാശഭീഷണിയുള്ളവയാണ് സയാമീസ് മുതലകൾ. അവയുടെ സ്വാഭാവിക ജീവിതമേഖലകളിൽ നിന്നും വന്യതയിൽ നിന്നും 99 ശതമാനം മുതലകളും ഇല്ലാതായിക്കഴിഞ്ഞു. എന്നാൽ വ്യാവസായികഫാമുകളിൽ ഏഴുലക്ഷത്തിലേറെ എണ്ണത്തെ വളർത്തുന്നുണ്ട്. വന്യതയിൽ ഭീഷണി നേരിടുന്ന ജീവികളെ വ്യാവസായികമായിട്ടാണെങ്കിൽപ്പോലും വളർത്താൻ കഴിഞ്ഞാൽ അവ എന്നേക്കുമായി ഇല്ലാതാവുന്നതു തടയാൻ ആവില്ലേ?