condolence
ജീവിതത്തിന്റെ സ്കോർ ബോർഡിൽ 46 മാത്രം, പ്രിയപ്പെട്ട ആൾറൗണ്ടർ ആദരാഞ്ജലികൾ

ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തുന്ന വാർത്തയാണ് ഇന്നത്തെ പ്രഭാതം സമ്മാനിച്ചത്. ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് (46) വാഹനാപകടത്തിൽ മരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു അത്. ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലയിൽ, സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഷെയ്ൻ വോണും റോഡ് മാർഷും ഒഴിച്ചിട്ടുപോയ ശൂന്യതയ്ക്ക് പിന്നാലെയാണ് മറ്റൊരു ദുരന്തം. എക്കാലത്തെയും മികച്ച ഓൺറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്സിസിന് ആദരാഞ്ജലികൾ. Roney Ron Thomas ന്റെ പോസ്റ്റ് വായിക്കാം.
Roney Ron Thomas
99 ലെ കിരീടനേട്ടവുമായി 2003 ലേക്ക് ഓസ്ട്രേലിയ എത്തുമ്പോൾ ക്രിക്കറ്റ് ലോകത്തിന് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ഒപ്പം ആരാവും എന്ന് മാത്രമായിരുന്നു ചിന്ത..കാരണം ഇതുവരെ മറ്റൊരു ടീമും പുറത്തെടുക്കാത്ത പ്രകടനവുമായി അവർ കളം നിറഞ്ഞ കാലം.. പക്ഷെ അവസാന വട്ട ടീം സെലക്ഷനിൽ ക്രിക്കറ്റ് ബോർഡ് കടുത്ത ആശയക്കുഴപ്പത്തിൽ ആയിരുന്നു.. കാരണം കഴിഞ്ഞ ലോകകപ്പ് ഹീറോകളായിരുന്ന അന്തരിച്ച സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ ഉത്തേജക ടോപ്പ് ടെസ്റ്റിൽ പരാജയപ്പെട്ടു പുറത്താവുന്നു ,വംശീയ അധിക്ഷേപം മൂലം ഡാരൻ ലേമാൻ സസ്പെൻഷനിൽ , എന്തിന് ഓസ്ട്രേലിയയുടെ എക്കാലത്തെയും വിശ്വസ്തനായ മൈക്കൽ ബെവൻ പരിക്ക് മൂലവും ടൂർണമെന്റിൽ നിന്ന് വിട്ടു നിൽക്കുന്നു.. പ്രതിഭകളുടെ ധാരാളിത്തം നിറഞ്ഞ ഓസീസ് ടീം അങ്ങനെ ടീം സെലക്ഷൻ പ്രതിസന്ധിയിൽപ്പെട്ടു നിൽക്കുന്ന കാഴ്ച.. മൈക്കൽ ക്ലാർക്ക്,കാമറൂൺ വൈറ്റ്, ഹസി തുടങ്ങിയവർ കരിയറിന്റെ തുടക്കത്തിൽ ആണെങ്കിലും പകരം ലിസ്റ്റിൽ ഉണ്ട്..പക്ഷെ പോണ്ടിങ്ങിന്റെ കണ്ണുകൾ ഉടക്കിയത് മറ്റൊരു താരത്തിലായിരുന്നു..എന്നാൽ വെറും 54 മത്സരങ്ങൾ മാത്രം പരിചയമുള്ള , 25 ശരാശരി പോലും അവകാശപ്പെടാൻ ഇല്ലാതിരുന്ന , അർദ്ധശതകങ്ങളെക്കാൾ പൂജ്യങ്ങൾ കരിയറിലുള്ള ആ താരത്തിനെ മറ്റാരേക്കാളും ക്യാപ്റ്റൻ നോട്ടമിട്ടിരുന്നതും വിശ്വാസമർപ്പിച്ചിരുന്നതും ഒറ്റയാൻ മികവിൽ കളിയുടെ ഗതി തിരിക്കാനുള്ള ആ ഓൾ റൗണ്ട് മികവിൽ ആയിരുന്നു..
അങ്ങനെ അപ്രതീക്ഷിത തിരിച്ചടികളുമായി 2003 ലെ അവരുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ …15 ഓവറുകൾ തികയ്ക്കുന്നതിന് മുൻപേ വെറും 86 റൺസിന് ഹെയ്ഡൻ, ഗിൽക്രിസ്റ്റ്,ഡാമിയൻ മാർട്ടിൻ എന്നീ വൻ തോക്കുകളും, ശേഷം ജിമ്മി മെഹറും അടുപ്പിച്ചു കൂടാരം കയറുന്ന കാഴ്ച്ച ഇന്നും കണ്ണിന്റെ മുൻപിലുണ്ട്..അക്തർ, അക്രം വഖാർ എന്നീ പേസ് ലെജൻഡ്സ് തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തു തുടങ്ങിയിരുന്നു…അങ്ങനെ ആ മനുഷ്യൻ ക്രീസിലേക്ക് വരുന്നു.. നേരിട്ട ആദ്യ പന്ത് തന്നെ വഖാറിന്റെ ഒരു കിടിലൻ ബൗൺസറിനെ അതിജീവിച്ച അദ്ദേഹം പിന്നെയങ്ങോട്ട് നായകനുമായി ചേർന്ന് രക്ഷാ പ്രവർത്തനം.. ശേഷം മെല്ലെ ‘ഗിയർ’ മാറുന്ന കാഴ്ച..പക്ഷെ പോണ്ടിങ്ങും 30 ആം ഓവറിൽ മടങ്ങിയതോടെ ഇന്നിംഗ്സ് തന്റെ ചുമലിലേറ്റേണ്ട അവസ്ഥയെ ഉൾക്കൊണ്ടു തുടർന്നുള്ള ഓവറുകളിൽ ബാറ്റ് വീശിയ അയാൾ കളി അവസാനിക്കുമ്പോൾ അന്നത്തെ ആ സാഹചര്യവും സന്ദർഭവും വിലയിരുത്തി വെച്ചു നോക്കുമ്പോൾ ഒരു ഓസ്ട്രേലിയക്കാരന്റെ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആണ് അന്ന് കാഴ്ച വെച്ചത്..124 പന്തിൽ പതിനെട്ട് ഫോറും രണ്ടു സിക്സറുമായി 143 റൺസ്..200 ൽ താഴെ അവസാനിക്കേണ്ട നിലയിൽ ടീം ടോട്ടൽ 50 ഓവറിൽ 310..തീർന്നില്ല, തുടർന്നുള്ള 3 മത്സരങ്ങൾക്ക് ശേഷം സെമിയിൽ 51 / 3 എന്ന നിലയിൽ നിന്ന ടീമിനെ 91 റൺസുമായി കര കയറ്റിയ മറ്റൊരു ഉശിരൻ ഇന്നിംഗ്സ്…
റോയ് എന്ന വിളിപ്പേരിൽ ഓസ്ട്രേലിയക്കാർ വിളിക്കുന്ന ആൻഡ്രൂ സൈമണ്ട്സിന്റെ പെർഫോമൻസ് പിന്നീട് അങ്ങോട്ട് പ്രത്യേകം വിവരിക്കേണ്ട ആവശ്യമില്ലല്ലോ..ആദ്യ ഐ പി എൽ ലേലത്തിൽ ധോണി കഴിഞ്ഞാൽ ഏറ്റവും കൂടിയ തുക പേരിലാക്കിയ ഓൾ റൌണ്ടർ.കളിയുടെ എല്ലാ മേഖലകളിലും എതിർ ടീമിന് തലവേദന ഉണ്ടാക്കുന്നവൻ, ആ മുദ്ര പതിപ്പിച്ച റൺ ഔട്ടുകൾ, അങ്ങനെ എല്ലാ അർത്ഥത്തിലും ‘Absolutely specialist’ എന്ന് പറയാവുന്ന താരത്തിന്റെ കരിയർ ,വഴി മാറി ഒഴുകിയ ജീവിതത്തിന്റെ ഫലമായി നഷ്ടപ്പെട്ട കാഴ്ചയും പിന്നീട് ക്രിക്കറ്റ് ലോകം കണ്ടു..പക്ഷെ ആ ചുരുങ്ങിയ പിരിയഡിലെ ആ പ്രകടനങ്ങൾ, ക്രിക്കറ്റ് ആരാധകർ എന്നെന്നും നെഞ്ചിലേറ്റുന്ന കിടിലൻ All round Performances എന്നെന്നും ഓർക്കാൻ ബാക്കിവെച്ചിട്ടാണ് വിടവാങ്ങുന്നത്. ജീവിതത്തിന്റെ സ്കോർ ബോർഡിൽ 46 ആം വയസ്സിലെ അപ്രതീക്ഷിതമായുള്ള ഈ പുറത്താകൽ വാഹനാപകടത്തിന്റെ രൂപത്തിൽ എത്തുമ്പോൾ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത് ആ കരുത്തുറ്റ അത്ലറ്റിക് ഫിഗർ ആണ്.. ആദരാഞ്ജലികൾ.. സൈമണ്ട്സ്.. 🌹🌹
2,338 total views, 20 views today