രണ്ടു ചിത്രങ്ങൾ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. രണ്ടാമത്തെ ചിത്രമായ പ്രേമം മലയാളം കണ്ട ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ തന്റെ മൂന്നാമത്തെ ചിത്രമായ ഗോൾഡിന്റെ റിലീസിന് തയ്യാറെടുക്കുകയാണ് അദ്ദേഹം. ചിത്രത്തിന് ക്ളീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഡിസംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും. ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് അൽഫോൻസ് പുത്രന്റെ ഒരു കമന്റാണ്. പൊതുവെ സോഷ്യൽ മീഡിയയിൽ കമന്റുകൾക്ക് രസകരമായ മറുപടികൊടുക്കാറുണ്ട് അൽഫോൻസ് പുത്രൻ. അത്തരത്തിലെ ഒരു കമന്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘ഗോൾഡ്’ സിനിമയുടെ തമിഴ് മീം പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ കണ്ട തമിഴ് പ്രേക്ഷകൻ ‘അൽഫോൺസ് പുത്രനോ അതാരാ’ എന്ന് കമന്റ് ചെയ്തിരുന്നു.‘‘എന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസിലാകും ഞാൻ ആരാണെന്ന്’’, എന്നായിരുന്നു സംവിധായകന്റെ മറുപടി. എന്തായാലും ഈ കമന്റ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.