സ്കൂളിൽ പോയാൽ, ഞങ്ങൾക്ക് കഴിക്കാനുള്ള ആഹാരം നിങ്ങൾ തരുമോ?

510

Althaf Ali എഴുതുന്നു 

‘നീങ്കൾ സോറ് തർവീങ്കളാ’..

അറുപതുകളുടെ തുടക്കത്തിൽ,
തെക്കൻ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ്.

ലെവല്‍ ക്രോസ്സ് തുറക്കാൻ വൈകിയതു കൊണ്ടാവണം അദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങി നിന്നത്.

കാലികളെ മേച്ചുകൊണ്ട് കുറെ കുട്ടികൾ ആ വഴി കടന്നു പോകുന്നത് ശ്രദ്ധയിൽപെട്ടതും അപ്പോഴാണ്.

‘നിങ്ങൾക്കിന്ന് സ്കൂളിൽ പോകണ്ടേ? ഈ സമയത്താണോ കാലികളെ മേയ്ക്കുന്നത്?’ അതിലൊരു കുട്ടിയോടദ്ദേഹം ചോദിച്ചു.

Althaf Ali
Althaf Ali

‘സ്കൂളിൽ പോയാൽ, ഞങ്ങൾക്ക് കഴിക്കാനുള്ള ആഹാരം നിങ്ങൾ തരുമോ? പട്ടിണി കിടന്നാൽ ഞങ്ങൾക്കെങ്ങനെ പഠിക്കാൻ കഴിയും?’ അവൻ തിരിച്ചു ചോദിച്ചു.

ബീക്കൺ ലൈറ്റും കരിമ്പൂച്ചകളും പരിവാരങ്ങളുമില്ലാതെ, ചുളുങ്ങിയ ഒരു ഖദർ വസ്ത്രം മാത്രം ധരിച്ച് ഒറ്റയ്ക്കവിടെ നിന്നിരുന്ന ആ മനുഷ്യൻ തങ്ങളുടെ നാടിന്റെ മുഖ്യമന്ത്രിയാണെന്ന് അവൻ അറിഞ്ഞു കാണില്ല.

അദ്ദേഹത്തിന്റെ ചോദ്യത്തിന് താൻ നൽകിയ മറുപടി തന്നെപ്പോലുള്ള അനേകലക്ഷം കുട്ടികളുടെ പശിയടക്കാനുതകുന്ന ചരിത്രപരമായ ഒരു തീരുമാനത്തിന് നിദാനമായിത്തീരാൻ പോകുന്നുവെന്നും അവൻ കരുതിയിട്ടുണ്ടാവില്ല.

1957 മുതൽ 1963 വരെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് ആയിരുന്നു അത്.

ഇതാദ്യമായി നിർധന വിദ്യർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് രാജ്യത്തിനാകെ മാതൃകയായ ഒരു പദ്ധതി (Mid-Day Meal Program) തമിഴ്നാട്ടിലെ സ്കൂളുകളിൽ ആരംഭിക്കുന്നതിന് കാമരാജിന് പ്രേരണയായത് ആ കുട്ടി ഉന്നയിച്ച ചോദ്യമാണ്.

സാക്ഷരത, പ്രത്യേകിച്ച് സ്ത്രീ സാക്ഷരത വ്യാപകമാക്കുന്നതിനും സ്കൂൾ കൊഴിഞ്ഞ് പോക്ക് കുറക്കാനും മാത്രമല്ല അവിടത്തെ ദാരിദ്ര്യത്തിന്റെ തോത് കുറക്കുന്നതിലൂടെ ആരോഗ്യ സൂചികകൾ മെച്ചപ്പെടുത്തുന്നതിനും ചെറുതല്ലാത്ത സംഭാവനയാണ് ഈ സ്കൂൾ ഉച്ചഭക്ഷണ പരിപാടി നൽകിയത്. എൺപതുകളിൽ ഇത് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു.

സാമ്പത്തിക വിദഗ്ധർ അന്നതിനെ എതിർത്തിരുന്നെങ്കിൽ കൂടി
സമൂഹത്തിന്റെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ പുരോഗതിക്ക് ഉപകരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ഇന്ത്യ പോലെ ദരിദ്രർ ഏറെയുള്ള ഒരു രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവും ഭരണാധികാരിയും എങ്ങനെയായിരിക്കണം എന്നതിന് നല്ലൊരു ഒന്നാം തരം മാതൃകയാണ് കാമരാജ്. ലാളിത്യത്തിന്റെ പര്യായമായി ഒരു രാഷ്ട്രീയ നേതാവ്..

സ്വാതന്ത്ര്യാനന്തരം രാജ്യത്ത് തന്നെ ഏറെ പിന്നോക്കമായിരുന്ന ഒരു പ്രദേശത്തെ ഇന്ന് നാം കാണുന്ന ഏറ്റവും മികച്ച ആരോഗ്യ സൂചികകളും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ മികവും പുരോഗതിയുമുള്ള ഒരു ആധുനിക നാടായി രൂപപ്പെടുത്തിയെടുത്തതിന് പിന്നിൽ കാമരാജിനെ പോലുള്ള നേതാക്കളുടെ ക്രാന്തദർശിത്വം പ്രകടമാണ്.

2001ലെ സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ഇന്ന് ‘സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി’ രാജ്യവ്യാപകമാണ്.

എന്നിട്ടും 2018ലെ Global Hunger Index പ്രകാരം ലോകത്തേറ്റവുമധികം വിശക്കുന്നവരുള്ള രാജ്യമാണ് ഇന്ത്യ.

ഈ വിശപ്പിനെയാണ് നാം ഇല്ലാതാക്കേണ്ടത്, വിശക്കുന്നവരെയല്ല.

അങ്ങനെ വിശപ്പ് ഇല്ലാതാക്കാൻ കഴിയുന്ന രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്.

– ഡോ. അൽത്താഫ്

Advertisements