വൺ ഇന്ത്യ – വൺ പെൻഷൻ; ഒറ്റനോട്ടത്തിൽ ക്ഷേമരാജ്യസങ്കല്പം എന്നു തോന്നിപ്പിക്കുമെങ്കിലും പണിയെടുത്തു ജീവിക്കുന്നവരോടുള്ള അസൂയയിലാണിതിന്റെ നിലനിൽപ്പ്

60

Althaf Hussain

‘വൺ ഇന്ത്യ – വൺ പെൻഷൻ’ എന്നത് തൊഴിലാളി വിരുദ്ധ, സംവരണവിരുദ്ധ അരാഷ്ട്രീയമായിട്ടുള്ള ആശയമാണ്. ഒറ്റനോട്ടത്തിൽ ക്ഷേമരാജ്യസങ്കല്പം എന്നു തോന്നിപ്പിക്കുമെങ്കിലും പണിയെടുത്തു സൗകര്യത്തിൽ ജീവിക്കുന്നവരോടുള്ള അസൂയയിലാണിതിന്റെ നിലനിൽപ്പ്.കൂടുതൽ പെൻഷൻ വാങ്ങുന്നവരാണ് എല്ലാവർക്കും പെൻഷൻ കിട്ടുന്നതിനുള്ള തടസം എന്ന വാദം തൊഴിലെടുക്കുന്നവരാണ് തൊഴിലില്ലായ്മക്കുള്ള കാരണം എന്നു പറയുന്നപോലെ ആഴമില്ലാത്തതും വെറുപ്പ് നിറഞ്ഞതുമാണ്. ഇന്ത്യയുടെ മുഴുവൻ ആസ്ഥിയുടെ 77% കേന്ദ്രീകരിക്കുന്നത് 10% ത്തിൽ താഴെയുള്ള കോർപ്പറേറ്റുകളുടെ കയ്യിലാണ്. അതായത് സമ്പത്തില്ലായ്മയല്ല സാമ്പത്തിക അസമത്വമാണ് രാജ്യം നേരിടുന്ന പ്രശ്നം. നയങ്ങൾ തിരുത്തിയാണ് സർക്കാരുകൾ ഇത് പരിഹരിക്കേണ്ടത്.

ഉദാഹരണത്തിന് വൺ ഇന്ത്യ – വൺ പെൻഷൻ മുന്നോട്ട് വയ്ക്കുന്ന 60 വയസ്സു കഴിഞ്ഞ എല്ലാവർക്കും 10,000 രൂപ പെൻഷൻ എന്ന ആശയം 10% ത്തിൽ താഴെവരുന്ന കോർപ്പറേറ്റുകൾക്ക് 1/2% സെസ് ഏർപ്പെടുത്തിയാൽ പോലും സാധിച്ചെടുക്കാൻ കഴിയും. അങ്ങിനെയുള്ള ജനാധിപത്യ മാർഗങ്ങളിൽ ഗവണ്മെന്റിനെ പ്രഷർ ചെയ്തുകൊണ്ടാണ് ജനാധിപത്യസംഘടനകൾ കാര്യങ്ങൾ നേടിയെടുക്കേണ്ടത്. അതുകൊണ്ടുതന്നെയാണീയാശയം കാര്യങ്ങളെ ആഴത്തിൽ സ്പർശിക്കാതെ തൊഴിലാളി വിരുദ്ധതക്കു മുകളിൽ ലളിതയുക്തിയിൽ വാർത്തെടുത്തതാണെന്നു മനസിലാക്കേണ്ടതും.

സമൂഹത്തിൽ വിധ്വെഷം പ്രചരിപ്പിച്ചുകൊണ്ട് അധികാരത്തിലേക്ക് വരുന്നരീതി വളരെ എഫക്റ്റീവാണെന്നു ഇന്ത്യൻ രാഷ്ട്രീയം ശ്രദ്ധിച്ചാൽ മനസിലാക്കാം. ആ രീതിയിൽ വരുമ്പോൾ മുഖ്യധാരാ പാർട്ടികളൊക്കെ ചെയ്യുന്നപോലെ ജനങ്ങൾക്കിടയിലുള്ള പ്രവർത്തനമോ മിനിമം രാഷ്ട്രീയവിദ്യാഭ്യാസമോ പോലും ആവിശ്യമില്ല. സംഘടനയുടെ നേതൃസ്ഥാനത്തിരിക്കുന്നവർക്ക് രാഷ്ട്രീയയമായും അല്ലാതെയുമുള്ള പല ലക്ഷ്യങ്ങളുമുണ്ടാകാം. പക്ഷെ സോഷ്യലിസ്റ്റ് ആശയം എന്നരീതിയിൽ ആകർഷിക്കപ്പെട്ടിട്ടുള്ളവർ കാര്യങ്ങൾ തിരിച്ചറിയണമെന്നാഗ്രഹിക്കുന്നു. എന്തുകൊണ്ട് പെൻഷൻ ഒരു ഔദാര്യമല്ലെന്നും തൊഴിലാളിയുടെ അവകാശമാണെന്നും സാങ്കേതികമായി വിവരിക്കുന്ന, ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ഡോ. ആർ കെ സതീഷ് എഴുതിയ ആർട്ടിക്കിൾ അറ്റാച്ച് ചെയ്യുന്നുണ്ട് .