തടവറയിലെ കാഴ്ചകൾ

85

Alvin Chris Antony

തടവറയിലെ കാഴ്ചകൾ

ഒരു കഥ പറയാം. കുറച്ചുപേരെ ഒരു ഗുഹയിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. കുട്ടിക്കാലം തൊട്ടേ അവർ ആ ഗുഹയിൽ ചങ്ങലയിലാണ് കഴിയുന്നത്. അവരുടെ കാലുകളും കൈകളും കഴുത്തും എല്ലാം കരുത്തുറ്റ ഇരുമ്പു വലയങ്ങളാൽ പൂട്ടിയിരുന്നു.അതിനാൽ അവർക്ക് എഴുന്നേറ്റു പോവാനോ കഴുത്തു തിരിക്കുവാനോ സാധിക്കില്ല. അവരെ ഗുഹാമുഖത്തിൽ നിന്നും ഉള്ളിലേക്ക് നോക്കും വിധമാണ് ഇരുത്തിയിരിക്കുന്നത്. അതുകൊണ്ട് അവർക്ക് പുറത്തെ കാഴ്ചകൾ ഒന്നും കാണാൻ പറ്റില്ല. എന്നും ആ ഗുഹയുടെ മുൻപിലൂടെ കുറെ സ്വതന്ത്രരായ ആളുകൾ തങ്ങളുടെ കഴുതകളും കുതിരകളും സാധനങ്ങളുമൊക്കെയായി കടന്നുപോകും. ചിലപ്പോൾ അതിലൂടെ കുട്ടികളും വാഹനങ്ങളും കടന്നുപോയിരുന്നു. പക്ഷേ നമ്മുടെ തടവുകാർക്ക് ഇതൊന്നും കാണാൻ കഴിഞ്ഞില്ല. അവർ കണ്ടത് ഈയാളുകളുടേയും അവരുടെ മൃഗങ്ങളുടെയും അവരുടെ കയ്യിലെ സാധനങ്ങളുടെയും ഒക്കെ നിഴൽ ഗുഹാഭിത്തിയിൽ പതിഞ്ഞതാണ്. അത് അത്ര വ്യക്തമൊന്നുമല്ലായിരുന്നു. ആളുകളുടെയും മൃഗങ്ങളുടെയും ശബ്ദം ഗുഹയിൽ തട്ടി പ്രതിധ്വനിച്ചപ്പോൾ തടവുകാർ കരുതിയത് അത് നിഴലുകൾ സംസാരിക്കുന്നതാണ് എന്നാണ്. വർഷങ്ങളോളം നിഴലുകളും എക്കോയും കണ്ടും കേട്ടും അവരാ തടവറയിൽ കഴിഞ്ഞു.

ഒരു ദിവസം രാവിലെ അതിലൊരാൾ എഴുന്നേറ്റു നോക്കുമ്പോൾ തന്റെ ചങ്ങലയെല്ലാം തുറന്നിരിക്കുന്നു. താൻ സ്വതന്ത്രനാക്കപ്പെട്ടിരിക്കുന്നു. അയാളെ നമുക്ക് തൽക്കാലം കുട്ടപ്പൻ എന്ന് വിളിക്കാം. കുട്ടപ്പൻ ഉടൻ തന്നെ ഗുഹയുടെ പുറത്തേക്ക് നോക്കാൻ ശ്രമിച്ചു. എന്നാൽ ശക്തമായ വെളിച്ചം അയാൾക്ക് സഹിക്കാൻ പറ്റിയില്ല. അയാൾ വീണ്ടും ഗുഹയ്ക്കുള്ളിലേക്ക് തന്നെ നോക്കിയിരിക്കാൻ തുടങ്ങി. അപ്പോൾ ഗുഹയ്ക്ക് പുറത്തു ഒരാൾ വന്നു. അയാളെ നമുക്ക് കുഞ്ഞപ്പൻ എന്ന് വിളിക്കാം. കുഞ്ഞപ്പൻ കുട്ടപ്പൻ സ്വതന്ത്രനായിരിക്കുന്നത് കണ്ട് അവനെ പുറത്തേക്ക് വിളിച്ചു. എന്നാൽ കുട്ടപ്പൻ പുറത്തേക്ക് വന്നില്ല. അവൻ കുഞ്ഞപ്പനെ നോക്കിയതുപോലുമില്ല. സഹികെട്ട കുഞ്ഞപ്പൻ കുട്ടപ്പനെ വലിച്ചിഴച്ച് പുറത്തേക്കിട്ടു. കുട്ടപ്പൻ പതിയെ കണ്ണുതുറന്നു നോക്കി. വളരെ കഷ്ടപ്പെട്ടാണ് അയാൾ കണ്ണുതുറന്നത്. ഉയർത്തി നോക്കാന് പറ്റാതിരുന്ന കുട്ടപ്പൻ ആദ്യം നിലത്തെ നിഴലുകളാണ് കണ്ടത്. പിന്നെയായാൽ മരങ്ങളും ആകാശവും ചെടികളും ഒക്കെ കണ്ടു. അയാൾക്ക് അത് വളരെ പുതുമയുള്ള അനുഭവമായി. താനിതുവരെ കണ്ടതും അറിഞ്ഞതുമില്ല യാഥാർഥ്യം എന്നയാൾക്ക് തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ അയാൾ കുഞ്ഞപ്പനെയും അയാളുടെ കുടുംബത്തെയും വളർത്തുമൃഗങ്ങളെയും കണ്ടു. അവരായിരുന്നു തങ്ങൾ മുൻപ് കണ്ട നിഴലുകൾ എന്ന് കുട്ടപ്പൻ മനസിലാക്കി.

കാഴ്ച്ചകൾ മതിവരുവോളം കണ്ടശേഷം കുട്ടപ്പൻ തിരികെ തടവറയിലേക്ക് പോയി. അവിടെ തന്റെ സുഹൃത്തുക്കളോട് പുറത്തു നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു. തങ്ങൾ കാണുന്ന നിഴലുകളും കേൾക്കുന്ന ശബ്ദങ്ങളുമൊന്നും അല്ല ശരിയായത് എന്നയാൾ ആവേശത്തോടെ അവരോടു പറഞ്ഞു. എന്നാൽ കുട്ടപ്പന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി അവരാരും തന്നെ അവനെ വിശ്വസിച്ചില്ല. കുട്ടപ്പന് ഭ്രാന്ത് പിടിച്ചു എന്നവർ കരുതി. കുട്ടപ്പൻ കഴിവിന്റെ പരമാവധി അവരെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു എന്നാൽ അവർ ഒട്ടും തന്നെ വില കൊടുത്തില്ല അവന്റെ വാക്കുകൾക്ക്. അവർ അവനെ വീണ്ടും പഴയതുപോലെയാക്കാൻ ശ്രമിച്ചു. അവർ കുട്ടപ്പനോട് തറയിലുരുന്നു കാഴ്ചകൾ കാണാൻ പറഞ്ഞു ഭിത്തിയിലേക്ക് നോക്കിത്തുടങ്ങി. ഭിത്തിയിൽ നിഴലുകൾ അനങ്ങുവാൻ തുടങ്ങി. അപ്പോൾ കുട്ടപ്പൻ പറഞ്ഞു – ‘അത് കുഞ്ഞപ്പനാണ്. അയാളെ ഞാൻ ഗുഹയ്ക്ക് പുറത്തുവെച്ചു കണ്ടു. അയാൾ നല്ല വെളുത്തു സുന്ദരനായ ഉയരമുള്ള ആളാണ്.” ഇരുണ്ട ചെറിയ നിഴലിലേക്ക് ഒന്നുകൂടി നോക്കിയ സഹതടവുകാർ കുട്ടപ്പനോട് പറഞ്ഞു – “കുട്ടപ്പാ, ഗുഹയിൽ നിന്ന് പുറത്തിറങ്ങിയ നിനക്ക് ചെറിയ മതിഭ്രമം പിടിപെട്ടു എന്നാണു ഞങ്ങൾ കരുതിയത്. പക്ഷേ നിന്റെ കാഴ്ചയ്ക്കും കേൾവിക്കും സാരമായ തകരാർ തന്നെ വന്നിട്ടുണ്ട്. മേലാൽ ഇത്തരം അബദ്ധങ്ങൾ പറയരുത്.” ഇനി ആരും തന്നെ ഗുഹ വിട്ടു പോകാൻ പാടില്ല എന്നും കുട്ടപ്പനെ പുറത്തേക്ക് വലിച്ചിഴച്ച് അന്ധനും ബുദ്ധിമാന്ദ്യവുള്ളവനാക്കിയ ശക്തിയെ തരം കിട്ടിയാൽ വധിക്കണമെന്നും അവരെല്ലാം കൂടി തീരുമാനിച്ചു.

പ്ളേറ്റോ തന്റെ റിപ്പബ്ലിക്ക് എന്ന പുസ്തകത്തിൽ പറയുന്ന കഥയുടെ ഒരു സ്വതന്ത്ര പരിഭാഷയാണ് ഞാൻ നിങ്ങളോടു പറഞ്ഞ കഥ. allegory of the cave, analogy of the cave, myth of the cave അല്ലെങ്കിൽ പ്ലേറ്റോയുടെ ഗുഹ എന്നെല്ലാം ഈ കഥയെ വിളിക്കാറുണ്ട്. പ്ലേറ്റോയുടെ സഹോദരൻ ഗ്ലൗക്കോനും ഗുരു സോക്രട്ടീസും തമ്മിലുള്ള ഒരു സംഭാഷണമായാണ് പ്ലേറ്റോ ഈ കഥ എഴുതിയിട്ടുള്ളത്. കുട്ടപ്പനേപ്പോലെയാണത്രെ ഒരു തത്വചിന്തകനും തന്റെ ഇന്ദ്രിയങ്ങളാലും സത്യത്തോട് മുഖം തിരിക്കുന്ന അവഗണനാ മനോഭാവത്തിലും ബന്ധിതനായ മനുഷ്യരിൽ നിന്നും ഗുഹയുടെ പുറത്തേക്കിറങ്ങി നോക്കുന്നവൻ. നമ്മളോരോരുത്തരും ഒരുപക്ഷേ ഇങ്ങനെ ഒരു തടവറയിലായിരിക്കാം. കുട്ടപ്പൻ ഭൗതിക വസ്തുക്കളുടെ നിഴലുകളാണ് ഏറ്റവും വലിയ യാഥാർഥ്യം എന്ന് കരുതുമ്പോൾ നമ്മൾ കരുതുന്നത് നമ്മുടെ ഇന്ദ്രിയങ്ങൾകൊണ്ട് അറിയാൻ സാധിക്കുന്ന ഭൗതിക വസ്തുക്കളാണ് ഏറ്റവും വലിയ യാഥാർഥ്യമെന്ന്. പക്ഷേ അങ്ങനെ ആവണമെന്നില്ല. ഇതിലും ഉന്നതമായ ഒരു സത്യം ഉണ്ടായിരിക്കാം അതിന്റെ നിഴൽ മാത്രമാവാം ഈ ലോകം എന്ന് പ്ലേറ്റോ പറയുന്നു.

ഉദാഹരണത്തിന് എത്രയോ വർഷങ്ങൾ മനുഷ്യരാശി കരുതിയത് ഭൂമി പരന്നതായിരുന്നു എന്നല്ലേ? എന്നാൽ ഏതോ ഒരു കുട്ടപ്പൻ അത് തെറ്റാണെന്നു തിരിച്ചറിഞ്ഞു. വേറെയും ഉദാഹരണങ്ങളുണ്ട്. ഹെറോയിനും പുകയിലയും ആരോഗ്യത്തിനു നല്ലതാണെന്നു നമ്മൾ ഒരിക്കൽ കരുതിയിരുന്നില്ലേ? പണ്ട് ഭൂമി ആയിരുന്നു പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് തടവറയിലുള്ളവർ കരുതിപ്പോന്നു. എന്നാൽ കോപ്പർ നിക്കസ് എന്നൊരു കുട്ടപ്പൻ പറഞ്ഞു അങ്ങനെയല്ല, സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന്. തടവറയിലുള്ളവർ കുട്ടപ്പനെ കേട്ടില്ലെങ്കിലും പിന്നീട് പലരും കുട്ടപ്പനെപ്പോലെ പുറത്തിറങ്ങി. പക്ഷേ കുട്ടപ്പൻ നിക്കസ് കണ്ടതിലും വലിയ യാഥാർഥ്യം പിന്നീട് വന്ന കുട്ടപ്പന്മാർ കണ്ടെത്തി. അതായത് സൂര്യനല്ല പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും; പ്രപഞ്ചത്തിന്റെ ഒരു ചെറുഭാഗം മാത്രമേ നമ്മുടെ അറിവിലുള്ളു എന്ന്. അതായത് കോപ്പർ കുട്ടപ്പൻ നിക്കസ് ഒരു ചെറിയ ഗുഹയുടെ അകത്തുനിന്നു അല്പം കൂടി വിശാലമായ മറ്റൊരു ഗുഹയുടെ പുറത്തേക്കാണ് കൊണ്ടുപോയത്. അതുപോലെ ഇനിയും പല തടവറകളിൽ നിന്നും നമ്മൾ പുറത്തുവരാനുണ്ടത്രേ.

ഇതിനെ അധികരിച്ചു ധാരാളം പഠനങ്ങളും ചർച്ചകളും ഒക്കെ വന്നിട്ടുണ്ട്. അതുപോലെ തന്നെ ഈ ആശയം വെച്ച് ധാരാളം സാഹിത്യരചനകളും ഉണ്ടായിട്ടുണ്ട്. അതിൽ പ്രശസ്തമായ ഒന്നാണ് H G Wells എഴുതിയ നോവൽ അന്ധരുടെ താഴ്വര (The Country of the Blind). ഈ നോവൽ അടിസ്ഥാനമാക്കി മലയാളത്തിൽ വന്ന പ്രശസ്ത സിനിമ “ഗുരു” എല്ലാവരും കണ്ടിട്ടുണ്ടാവുമല്ലോ.

ഒരു ചെറിയ കഥ കൂടി പറഞ്ഞു നിർത്താം. നിങ്ങളുടെ ചെറുപ്പകാലം സങ്കൽപ്പിക്കൂ. ഒരു മൂന്നോ നാലോ വയസുള്ളപ്പോൾ. നിങ്ങളുടെ സമപ്രായക്കാരായ കുട്ടികൾക്കെല്ലാം ഓരോ കരടിപ്പാവകൽ വീതമുണ്ട്. നിങ്ങൾക്കും നല്ലൊരു ടെഡി ബെയറുണ്ട്. കുഞ്ഞികൈകളും ബട്ടൺ കണ്ണുകളും വട്ടചെവിയുമുള്ള ഒരു സുന്ദരൻ പാവ. കൂട്ടുകാരെപ്പോലെതന്നെ നിങ്ങളും ആ കരടിയെ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറുള്ളത്. ഒരിക്കൽ നിങ്ങളുടെ അച്ഛൻ നിങ്ങളെ മൃഗശാലയിൽ കൊണ്ടുപോയി. അവിടെ വെച്ച് അച്ഛൻ നിങ്ങളായ കുഞ്ഞുവാവക്ക് കൂട്ടിൽ ഇറച്ചി കടിച്ചു വലിക്കുന്ന കൂറ്റൻ കരടിയെ കാണിച്ചു തന്നു. അതിന്റെ അലർച്ചയും രൂപവും നോട്ടവുമെല്ലാം നിങ്ങളിൽ ഭയം നിറച്ചു. അതുവരെ മനസിലുണ്ടായ ക്യൂട്ട് കരടി സങ്കൽപം മാഞ്ഞുപോയി. രാത്രി പഴയതുപോലെ ടെഡി ബെയറിനെ പിടിച്ചു കിടന്നുറങ്ങാൻ നിങ്ങൾക്കാവുന്നില്ല. ഈ കാര്യം മറ്റു കുഞ്ഞുവാവകളെ പറഞ്ഞു ബോധ്യപ്പെടുത്താൻ നിങ്ങൾ ശ്രമിക്കില്ലേ ? എങ്ങനെയാവുമത് ! അവർ അത് കേൾക്കുമോ, അതോ തങ്ങളുടെ പ്രിയപ്പെട്ട ഓമന കരടിപ്പാവായിൽ തങ്ങളെ അകറ്റാൻ വരുന്ന വില്ലനായാണോ നിങ്ങളെ കാണുക.