അഡ്വക്കേറ്റ് മുകുന്ദനുണ്ണി അത്ര നല്ലവനല്ല
(സ്പോയിലേഴ്സ് ഉണ്ട്. സിനിമ കാണാത്തവർ ക്ഷമിക്കുമല്ലോ)
Amal Das
ജീവിതവിജയം നേടാൻ ആദർശമോ ധാർമിക മൂല്യങ്ങളോ നോക്കാതെ മുന്നോട്ടു പോകുന്ന നായക കഥാപാത്രത്തിന്റെ ലോകമാണ് “മുകുന്ദനുണ്ണി അസോസിയേറ്റ്സി”ന്റെ കഥാപരിസരം. കഥ പറയാനായി ഡാർക്ക് കോമഡിയുടെ ഴോണർ ആഖ്യാനരീതി തെരഞ്ഞെടുത്തിരിക്കുന്നു. പ്രധാന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെ അടിസ്ഥാനപ്പെടുത്തി സെറ്റ് ചെയ്തിരിക്കുന്ന “ബോധധാരാ രീതി” (stream of consciousness) ആണിവിടെ ആഖ്യാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. മാർട്ടിൻ സ്കോർസെസെ (Martin Scorsese) യുടെ “ടാക്സി ഡ്രൈവർ” (Taxi Driver, 1976) ലൊക്കെ ഉപയോഗിച്ചിരിക്കുന്ന ഫസ്റ്റ് പേഴ്സൺ ആഖ്യാന രീതിയാണ് “മുകുന്ദനുണ്ണി അസ്സോസിയേറ്റ്സി”ലേതും. കൂടാതെ പ്രധാന കഥാപാത്രത്തിന്റെ മാനസികമായ പിരിമുറുക്കങ്ങൾ പ്രേക്ഷകർക്കും അനുഭവപ്പെടാനായി ആസ്പെക്ട് റേഷ്യോ (സ്ക്രീനിലെ ഫ്രെയിമിന്റെ നീളവും വീതിയും തമ്മിലുള്ള അനുപാതം) പഴയകാല ഹോളിവുഡ് സിനിമകളിലുണ്ടായിരുന്ന അക്കാദമി ആസ്പെക്ട് റേഷ്യോ ആക്കി വെച്ചിരിക്കുന്നു. ഇതൊരു നല്ല ആഖ്യാന തന്ത്രമായി തോന്നി. ദീർഘ ചതുരാകൃതിയിലുള്ള (rectangle) വിസ്തൃതമായ ഫ്രെയിമിൽ സിനിമ കണ്ടു ശീലിച്ച പ്രേക്ഷകർ സമചതുരാകൃതിയിലുള്ള (square) ഫ്രെയിമിനകത്ത് വസ്തുക്കളെയും മനുഷ്യരെയും അവരുടെ ചെയ്തികളെയും പൂർണമായി കാണാൻ സാധിക്കാതെ പ്രധാന കഥാപാത്രത്തിന്റെ മാനസിക ലോകത്ത് കുടുങ്ങി നിൽക്കുകയാണ്.
സിനിമ എന്ന സാങ്കേതിക കലാമാധ്യമത്തെ കുറിച്ച് ആഴത്തിലുള്ള അവഗാഹവും ആഖ്യാനരീതികൾ എങ്ങനെ സർഗാത്മകമായി ഉപയോഗിക്കാമെന്നതിൽ നല്ല കൈയൊതുക്കവുമുള്ളവരാണ് “മുകുന്ദനുണ്ണി അസോസിയേറ്റ്സി”നു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. എന്നാൽ ആദ്യം പറഞ്ഞതുപോലെ കഥയുടെ പ്രത്യയശാസ്ത്രം അല്പം പ്രശ്നമാണെന്ന് തോന്നുന്നു. വിജയത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യന്റെ കഥയാണിത്. അതിനായി അയാൾ ചെയ്തുകൂട്ടുന്ന കാര്യങ്ങളിൽ പലതും അതിക്രൂരം തന്നെ. ഡാർക്ക് കോമഡി എന്ന ഴോണറിന്റെ രീതികൾ പിൻപറ്റുന്നതിനാൽ സിനിമയിൽ ഈ കൃത്യങ്ങളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ ആണ് അവതരിപ്പിക്കപ്പെടുന്നത്. “പാരസൈറ്റ്” (Parasite, 2019) പോലുള്ള പല പ്രസിദ്ധ ഡാർക്ക് കോമഡി സിനിമകളും ഇവിടെ ഓർക്കാം. അതിലെല്ലാം അധാർമികമായ പല ചെയ്തികളും ഹാസ്യത്തിൽ ചാലിച്ചാണ് കാണിച്ചിരിക്കുന്നത്. പക്ഷെ, ആ ഹാസ്യം ചിരിയേക്കാൾ പ്രേക്ഷകരിൽ ഒരു അസ്വസ്ഥതയാണുണ്ടാക്കുക. മനുഷ്യന്റെ വിചിത്രവും അസഹനീയവുമായ ജീവിതാവസ്ഥകളെ കുറിച്ച് കാഴ്ചക്കാരെ ബോധവാന്മാരാക്കുകയാണ് അത്തരം സിനിമകൾ. എന്നാൽ “മുകുന്ദനുണ്ണി അസോസിയേറ്റ്സ്” ഒരു പരിധി കഴിയുമ്പോൾ ഈ ദൗത്യം മറക്കുന്നു. പ്രത്യേകിച്ച് അവസാന ഭാഗം. ഈ ഭാഗത്ത് പ്രധാന കഥാപാത്രം ചെയ്യുന്ന ഹീനമായ പല ക്രൂരതകളും പ്രേക്ഷകന് വലിയ ഞെട്ടലുണ്ടാക്കുന്നില്ല. പകരം ആദർശ ശൂന്യത എന്നത് ആകർഷണീയവും ജീവിതവിജയം നേടാൻ അത്യന്താപേക്ഷിതവുമായ ഒന്നാണെന്ന കാഴ്ചപ്പാടിന് പ്രേക്ഷകർ കൈയ്യടിക്കുന്ന അവസ്ഥ വരികയാണ്. അവസാനഭാഗത്ത് പ്രധാന കഥാപാത്രത്തിന്റെ ഭാര്യ പറയുന്ന ഒരു ഡയലോഗിന് തീയേറ്ററിൽ നിറഞ്ഞ കൈയ്യടിയായിരുന്നു. ഇത് ചിത്രത്തിന്റെ സ്രഷ്ടാക്കൾ മനപ്പൂർവം ചെയ്തതായിരിക്കണമെന്നില്ല. പക്ഷെ ആ കൈയ്യടിയാണ് സിനിമയ്ക്ക് കിട്ടുന്ന പ്രധാന അംഗീകാരംമെന്ന് കാണാം.
“മുകുന്ദനുണ്ണി അസോസിയേറ്റ്സി” ന്റെ കഥാപരിസരം അതേപടി പിന്തുടരുന്ന മറ്റൊരു സിനിമയാണ് “നൈറ്റ്ക്രൗളെർ” (Nightcrawler, 2014). ജീവിത വിജയത്തിനായി എന്തും ചെയ്ത്, അവസാനം പ്രതീക്ഷിച്ചതെന്തോ അത് നേടിയെടുക്കുന്ന നായകകഥാപാത്രങ്ങളാണ് രണ്ട് ചിത്രങ്ങളിലുമുള്ളത്. എന്നാൽ “നൈറ്റ്ക്രൗളെറി”ൽ കഥാപരിസരത്തെ വ്യക്തമായ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കകത്താണ് സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സിനിമ അവസാനിക്കുമ്പോൾ നായകന്റെ വിജയത്തിൽ പ്രേക്ഷകർ സന്തോഷിക്കുന്നില്ല. പകരം ഒരു ഭീകരത കാഴ്ചക്കാരിൽ തളം കെട്ടിക്കിടക്കും. പകരം “മുകുന്ദനുണ്ണി അസോസിയേറ്റ്സ്” കാണുന്ന പ്രേക്ഷകന് ആ ഭീകരത അനുഭവപ്പെടുന്നില്ല. അവൻ നായികാ കഥാപാത്രം പറയുന്ന ഡയലോഗിന് കയ്യടിച്ചു ചിരിച്ചാണ് തീയേറ്റർ വിടുന്നത്. ആ കൈയ്യടിയും ചിരിയും അപകടകരമാണ്. അതിന് സഹായകമാകുന്ന എന്താണോ “മുകുന്ദനുണ്ണി അസോസിയേറ്റ്സി”ലുള്ളത്, ആ പ്രത്യയശാസ്ത്രത്തെ ഭയക്കണമെന്നാണ് തോന്നുന്നത്.