രണ്ടു കാലിലും മന്തുള്ളവൻ അതു ചികിൽസിച്ചു മാറ്റിയിട്ടു വേണം ഒരു കാലിൽ നീരുള്ളവനെ കുറ്റം പറയാൻ

354

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറക്കണമെന്ന പി. സി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് അമൽ ജോസ് നൽകിയ മറുപടി.

ഈ കരയുന്ന PC ജോർജ് അടക്കമുള്ള MLA മാർ ഓരോ മാസവും എത്ര രൂപ ശമ്പള- അലവൻസ് ഇനത്തിൽ വാങ്ങുന്നുണ്ടെന്നറിയാമോ? ഒരു മുൻ MLA മരിക്കുന്നത് വരെയുള്ള സകല ചികിത്സാ ചെലവും (ലോകത്തെ ഏതു ആശുപത്രിയിൽ ആയാലും ) വഹിക്കുന്നത്, ഇദ്ദേഹം കിടന്ന് നിലവിളിക്കുന്ന ഇതേ സർക്കാർ പണം കൊണ്ടാണെണെന്നറിയാമോ? മന്ത്രിമാരുടെയും ക്യാബിനറ്റ് റാങ്കുള്ള മറ്റു പദവികളിലും ഇരിക്കുന്നവരുടെ പേർസണൽ സ്റ്റാഫിന് 2 വർഷം സർവീസ് പൂർത്തിയാക്കിയാൽ ആജീവനന്തകാലം പെൻഷൻ ലഭിക്കും എന്നറിയാമോ? ഈ സുന്ദരമായ നിയമം ഉണ്ടാക്കിയത് ഇവരൊക്കെ തന്നെയാണ് എന്നറിയാമോ? ഈ പേർസണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം അതത് തസ്തികകളിൽ തന്നെ ഇരിക്കുന്ന ജനപ്രതിനിധികൾ തന്നെയാണെന്നറിയാമോ? തന്റെ കാലവധിയായ 5 വർഷം പൂർത്തിയാക്കുന്നതിന് മുൻപ് പരമാവധി സിൽബന്ധികൾക്കു പെൻഷൻ കിട്ടാനായി രണ്ടു വർഷവും ഒരു ദിവസവും സർവീസ് പൂർത്തിയാക്കുന്ന മുറക്ക് പേർസണൽ സ്റ്റാഫിനെ മാറ്റി, പുതിയ ആളുകളെ പേർസണൽ സ്റ്റാഫിൽ ഇതേ ജനപ്രതിനിധികൾ നിയമിക്കുന്നുണ്ടെന്നു അറിയാമോ? PC ജോർജ് ക്യാബിനറ്റ് റാങ്കിൽ ചീഫ് വിപ്പ് ആയിരുന്ന സമയത്തു അദ്ദേഹത്തിന്റെ സ്റ്റാഫിൽ, ഒരു ജനപ്രതിനിധിക്കു പേർസണൽ സ്റ്റാഫിൽ പരമാവധി നിയമിക്കാവുന്ന ആളുകളുടെ എണ്ണമായ 40 പേർ ഉണ്ടായിരുന്നെന്നു അറിയാമോ? ഇവരിൽ ഭൂരിഭാഗത്തിനെയും പെൻഷൻ ലഭിക്കാനുള്ള മിനിമം കാലാവധിയായ 2 വർഷം തികച്ച മുറക്ക് മാറ്റി, പുതിയ ആളുകളെ നിയമിച്ചിട്ടുണ്ടെന്നും അറിയാമോ?ഈ സമയത്തു മൂന്നും നാലും വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പലമന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ എണ്ണം ശരാശരി 20-30 ആയിരുന്നെന്ന് അറിയാമോ? ഈ പറയുന്ന കർഷകർക്കുള്ള ധനസഹായത്തെക്കുറിച്ചുള്ള ചർച്ച വരുമ്പോൾ പോലും കൂട്ടതല്ലും തെറിവിളിയും മുണ്ടിപൊക്കികാണിക്കലും വാക്ക്ഔട്ടും നടക്കുന്ന നിയമസഭയിൽ, ഒരു ചർച്ചയുമില്ലാതെ, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ, എല്ലാവരുടെയും കയ്യടിയോടെ, വെറും ഒരു മിനിറ്റ് കൊണ്ട് പാസാകുന്ന ഒരേയൊരു മണി ബിൽ MLA മാരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കാനുള്ള ബിൽ ആണെന്നറിയാമോ? ഈ കേരളത്തിൽ സ്വന്തം ശമ്പളം സ്വയം തീരുമാനിക്കാനുള്ള അധികാരം MLA മാർക്ക് മാത്രമേയുള്ളൂ എന്നറിയാമോ?

ഏറ്റവും രസകരവും വിചിത്രവുമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എത്ര വകുപ്പുകളിൽ മാറിമാറി ജോലി ചെയ്താലും വിരമിക്കുമ്പോൾ ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. എന്നാൽ MLA മാർക്ക് അവർ എത്ര തവണ MLA ആയിരുന്നോ അത്രയും പെൻഷൻ ലഭിക്കും എന്നറിയാമോ?
*അതായത് ശ്രീ പിസി ജോർജ് എന്ന ഈ മാന്യ ദേഹത്തിന് 1980, 1982, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ MLA ആയ വകയിൽ 6 പെൻഷനുകളും 2016 ൽ MLA ആയതിന്റെ വകയിൽ ഓണറേറിയവും ഇന്നേ ദിവസം ലഭിച്ചു കൊണ്ടിരിക്കുകയാണ്.* ആ മാന്യദേഹമാണ് പത്തേക്കർ ഭൂമിയുള്ള കർഷകന് ഇവിടെ ജീവിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞു കരയുന്നതും സർക്കാർ ജോലിക്കാരന്റെ പെൻഷൻ 25000 ൽ നിജപ്പെടുത്തണമെന്നും കവല പ്രസംഗത്തിൽ പറഞ്ഞു കയ്യടി വാങ്ങുന്നത്. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ അല്ലെങ്കിൽ, ഉളുപ്പ് എന്നു പറയുന്ന സാധനം അല്പമെങ്കിലും ഉണ്ടെങ്കിൽ.. ഈ മാന്യദേഹം താൻ വാങ്ങി വരുന്ന 6 പെൻഷനുകൾ, തനിക്കു നിലവിൽ വേതനം ലഭിക്കുന്നതിനാൽ “ഇനി വേണ്ട” എന്നു എഴുതി കൊടുക്കുകയും ഇങ്ങനെ എല്ലാ ജനപ്രതിനിധികളും ചെയ്യാൻ ആഹ്വാനം ചെയ്യുകയും അതിനായി നിയമസഭയിൽ സംസാരിക്കുകയുമാണ് വേണ്ടത്.

NB: രണ്ടു കാലിലും മന്തുള്ളവൻ അതു ചികിൽസിച്ചു മാറ്റിയിട്ടു വേണം ഒരു കാലിൽ നീരുള്ളവനെ കുറ്റം പറയാൻ. അല്ലെങ്കിൽ ജനത്തിനു മുന്നിൽ സ്വയം പരിഹാസ്യനാകുകയെ ഉള്ളു.