ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ പോയ യുവാക്കളുടെ കുടുംബത്തോട് സമൂഹം പെരുമാറുന്നതെങ്ങനെ ? ഉത്തരം സജിൻ ബാബുവിന്റെ ‘ബിരിയാണി’യിലുണ്ട്

389

ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ പോയ യുവാക്കളുടെ കുടുംബത്തോട് സമൂഹം പെരുമാറുന്നതെങ്ങനെ ? ഉത്തരം സജിൻ ബാബുവിന്റെ ‘ബിരിയാണി’യിലുണ്ട്

അമൽകൃഷ്ണ എഴുതുന്നു 

ജെല്ലിക്കെട്ടിന്റെയും മൂത്തോന്റെയും ചോലയുടെ യും കൂടെ,മലയാളസിനിമയുടെ യശസ്സ് ഒരിക്കൽ കൂടി കടൽ കടത്താൻ തയ്യാറെടുക്കുകയാണ് സജിൻ ബാബുവിന്റെ “ബിരിയാണി”.

“ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി യുവാക്കളുടെ മനം മാറ്റുന്നതായും പശ്ചിമേഷ്യയിലെ രാജ്യങ്ങളിലേക്ക് അവർ യാത്ര ചെയ്യുന്നതായും മാധ്യമങ്ങൾ ഇപ്പോൾ കുറച്ച് വർഷങ്ങളായി റിപ്പോർട്ടുകൾ നൽകുന്നു. ചിലരെ അറസ്റ്റ് ചെയ്തു, ചിലരെ കാണാനില്ല…അങ്ങനെ കാണാതായ ആണുങ്ങളുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു…അയൽക്കാർ,സമൂഹം, സർക്കാർ,സമുദായം എന്നിവർ ഈ കുടുംബത്തോട് എങ്ങനെ പെരുമാറി??? എങ്ങനെയാണ് അവർ ഇതിനൊക്കെ തരണം ചെയ്തത്??? ഇങ്ങനെയുള്ള ചോദ്യങ്ങൾ എന്നെ വേട്ടയാടി…”
സംവിധായകൻ സജിൻ ബാബുവിന്റെ വാക്കുകളാണിവ.
തന്റെ ചോദ്യങ്ങളുടെ ഉത്തരങ്ങളും കണ്ടെത്തലുകളും ചേരുവകളാക്കി, നല്ല സ്വാദുള്ള “ബിരിയാണി” വിളമ്പാൻ തയ്യാറായി നിൽക്കുകയാണ് നമ്മുടെ സജിൻ ബാബു.

ഈ “ബിരിയാണി” യുടെ സ്വാദ് അന്വേഷിച്ച് അങ്ങ് റോമിൽ നിന്ന് ആൾക്കാരെത്തി എന്നാണ് ഇപ്പോൾ അറിഞ്ഞ വാർത്ത…

അതെ…വാർത്ത ശെരിയാണ്…ഈ വരുന്ന ഒക്ടോബർ 3 മുതൽ 9 വരെ ഇറ്റലിയിലെ റോമിൽ നടക്കുന്ന ഇരുപതാമത് ഏഷ്യാറ്റിക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് ഈ സിനിമയെ തിരഞ്ഞെടുത്തിരിക്കുന്നു… വെറും 7 ചിത്രങ്ങൾ ആണ് മത്സരവിഭാഗത്തിലുള്ളത്…അതിലൊന്ന് നമ്മുടെ ‘ബിരിയാണി’ യും.

നടി കനിയാണ് ബിരിയാണിയിലെ കേന്ദ്ര കഥാപാത്രമായ ഖദീജയെ അവതരിപ്പിക്കുന്നത്.
‘സമൂഹത്തിൽ ഒരു പ്രതേക സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥയെയും, സമൂഹത്തിനും മതത്തിനും എതിരായി മത്സരിക്കാൻ അവളെ പ്രേരിപ്പിക്കുന്നതെന്താണെന്നും ചൂണ്ടി കാണിക്കുന്ന സിനിമ കൂടിയാണ് ബിരിയാണി’ എന്നാണ് സജിന്റെ വാക്കുകൾ…ഇത്തരമൊരു കഥാപാത്രത്തെ ചെയ്യാൻ തന്റെ മനസ്സിൽ ആദ്യമേ ഉണ്ടായിരുന്നതും കനി ആയിരുന്നു എന്നാണ് സംവിധായകൻ കൂട്ടിചേർത്തത്.കനിയുടെ കൂടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നാടകകലാകാരി ജെ ശൈലജ ആണ്.
ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക്ക് മുത്തുകുമാറും ഹരിശങ്കറും കൂടിയാണ്.മലയാളത്തിന്റെ അതുല്യപ്രതിഭ ലോഹിതദാസ് സാറിന്റെ മകനാണ് ഹരിശങ്കർ

സജിൻ ബാബുവിന്റെ മൂന്നാമത്തെ സിനിമയാണ് “ബിരിയാണി”.
2014 ൽ ഇറങ്ങിയ “അസ്തമയം വരെ” എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാനസംരംഭം.മുംബൈ ഫിലിം ഫെസ്റ്റിവൽ,ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവൽ,കേരള ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഫെസ്റ്റിവലിലൊക്കെ പ്രദർശിപ്പിച്ച ഈ സിനിമയ്ക്ക്,മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള ഫിലിം ഫെസ്റ്റിവലിന്റെ ‘രജതചകോരം’ പുരസ്കാരവും മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിന്റെ ‘ചിത്രഭാരതി’ പുരസ്കാരവും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.

അതിനു ശേഷം സജിൻ ബാബുവിന്റെ രണ്ടാമത്തെ ചിത്രമായി ഇറങ്ങിയതാണ് ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായ “അയാൾ ശശി”.

എന്തായാലും നമ്മുക്കും കാത്തിരിക്കാം…നല്ല മൊഞ്ചുള്ള ‘ബിരിയാണി’യുടെ രുചിയറിയാൻ…

 

Advertisements