‘എഴുപത് രൂപ കൊണ്ട് അവനു മാളിക കെട്ടാൻ പറ്റില്ല, അത് ഞങ്ങൾക്കുവേണ്ടിയാണ് പിരിച്ചത് ‘

350
ഓമനക്കുട്ടനെ അപമാനിച്ച മാധ്യമക്കാരും അവരുടെ കുഴലൂത്തുകാരും ഇത് വായിക്കുക
Amal Lal എഴുതുന്നു

ഈ മ യൗ സിനിമയില്‍ അച്ഛന്‍ മരിച്ചുപോയ, അച്ഛന്‍റെ ചാവടക്കിനായി കയ്യില്‍ ഇത്തിരി കാശില്ലാതെ ഓടി നടക്കുന്ന മകന്‍റെ വണ്ടിയുടെ പിന്നിലായി നനഞ്ഞൊട്ടിയൊരു മനുഷ്യന്‍ കൂടെ കൂടുന്നുണ്ട്. വാര്‍ഡ്‌ മെമ്പര്‍ അയ്യപ്പന്‍.
മറ്റൊരുത്തന്‍റെ വിഷമത്തില്‍ അയപ്പന്‍ കരഞ്ഞു തളരുമ്പോഴാണ് ഇന്‍സെന്‍സിറ്റീവായ മനസ്സ് ഈ സിനിമയിലെ മനുഷ്യരുടെ ഹൃദയങ്ങളിലും ചോരപൊടിഞ്ഞിട്ടുണ്ടെന്നറിയുന്നത്. അയ്യപ്പനത് മുന്നേ അറിയാവുന്നതാണ്.

Amal Lal

അത് കൊണ്ടാണാ മനുഷ്യന്‍ ഉറക്കം കളഞ്ഞും ഈശിയോടൊപ്പം വണ്ടിയെടുത്തിറങ്ങുന്നത്. മഴമുഴുവന്‍ നനയുന്നത്, തെറിമുഴുവന്‍ കേള്‍ക്കുന്നത്. അയാളുടെ ഷര്‍ട്ടും മുണ്ടും ഈശിയൊടൊപ്പമൊ ഈശിയെക്കാളെറെയോ വാവച്ചനു വേണ്ടി മുഷിഞ്ഞു കുതിരുന്നുണ്ട്. അയ്യപ്പനൊരു താങ്ങ് വടിയാണ്. വീഴാതിരിക്കാന്‍ മനുഷ്യന്മാര്‍ കൂടെ കൂട്ടുന്ന അവരുടെ വാര്‍ഡ്‌ മെമ്പറാണ്.

അങ്ങനെ എത്രയോ മനുഷ്യരെ, കൃത്യമായി പറഞ്ഞാല്‍, രാഷ്ട്രീയക്കാരെ നാട്ടില്‍ കാണാം. കല്യാണത്തിന്, മരണ വീട്ടില്‍, ആശുപത്രിക്കേസ്സുകളില്‍ നമുക്ക് വേണ്ടി നമ്മളെക്കാള്‍ വിയര്‍ക്കുന്നവരെ. വിശന്ന് വലയുന്ന ക്യാമ്പുകളില്‍ ഒരു മിനിറ്റ് ഇരിക്കഡാ എന്നും പറഞ്ഞ് കഞ്ഞിം പുഴുക്കും ഉണ്ടാക്കുന്നവര്‍. രാവിലെ മുതല്‍ രാത്രിവരെ മറ്റുള്ളവര്‍ക്ക് വേണ്ടി പണിയെടുത്തു ക്ഷീണിക്കത്തവര്‍. തോളില്‍ ഒരു തോര്‍ത്തിട്ട് വിയര്‍പ്പൊപ്പി വിശപ്പാറ്റുന്നവര്‍.

“നാട്ടാരെ മാത്രം നോക്കിയാ പോര” എന്ന് വീട്ടില്‍ നിന്നും പഴികേക്കുന്നവര്‍. “മര്യാദയ്ക്ക് ജീവിച്ചാല്‍ എവടെയൊക്കെ എത്തണ്ട ആളാണ്‌” എന്ന് സ്ഥിരം ഉപദേശം കേള്‍ക്കുന്നവര്‍. ‍. ഈ നാടിന്‍റെ കണക്ക് കളികളെ പാടെ ഉപേക്ഷിച്ചവര്‍, അവനവനെ നോക്കാന്‍ മറന്നവര്‍. വീട്ടില്‍ ലോണിനു മേലെ ലോണ്‍ എടുത്തവര്‍, പെട്ടെന്ന് പോക്കറ്റില്‍ തിരഞ്ഞാല്‍ എഴുപത് രൂപം പോലും തടയാത്ത മനുഷ്യര്‍. ഈ ലോകത്തെ ഇന്നും ജീവിക്കാന്‍ കൊള്ളാവുന്ന ഒന്നായി നിലനിര്‍ത്തുന്നവർ

ഇവടെ നിന്നെടുത്തു അവടെ കൊടുത്തു ബാലന്‍സ് ഒപ്പിക്കുന്ന ജീവിതമുണ്ടവര്‍ക്ക്. അതൊരു ഞാണിമ്മേല്‍ കളിയാണ്. ഒരു കൂട്ടം ആളുകളുമായി യൂണിവേഴ്സിറ്റി സോണല്‍ മത്സരത്തിനു പോകുന്ന കോളേജ് യൂണിയനുകളോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും ആ അഭ്യാസക്കളി. “എടാ കുറച്ചു കാശ് വല്ലതും ഉണ്ടെങ്കി എടുത്തെ അതൊന്ന് സെറ്റില്‍ ചെയ്യട്ടെ” എന്ന് നാട്ടുകാരോട് തന്നെ കൈനീട്ടേണ്ടി വരുന്ന അവസ്ഥയുണ്ടാവര്‍ക്ക്. നേരിട്ടറിയുന്നവര്‍, കൂട്ടുകാരുടെ അച്ചന്മാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, വാര്‍ഡ്‌ മെമ്പര്‍മ്മാര്‍, കോണ്‍ഗ്രസ്സുകാര്‍, പരിഷത്ത് പ്രവര്‍ത്തകര്, എസ് എഫ് ഐക്കാര്, കോളേജ് യൂണിയനിലെ കുട്ടികള്‍ അങ്ങനെ പലതായി പലരായി പലരിലായി ജീവിക്കുന്നവര്‍.

അഭിമാനബോധമാണ് ഈ മനുഷ്യരുടെ നീക്കിയിര്‍പ്പ്. മറ്റുമനുഷ്യരെ മനസ്സിലാക്കുന്ന മനസ്സാണ് അവരുടെ ഊര്‍ജ്ജം. പ്രത്യേയശാസ്ത്രത്തിനപ്പുറം, കണക്ക് കളികള്‍ക്ക് അപ്പുറം അവരെ നയിക്കുന്നത് അഭിമാനമാണ്. അതിനെയാണ് ഒരു ദിവസം മുഴുവന്‍ പണിയെടുത്ത് തച്ചുടക്കാന്‍ നോക്കിയത്.

ക്യാമ്പില്‍ ഒരു നേരം പോലും കഴിയാത്തവരായിരിക്കണം വാര്‍ത്ത കൊടുത്തത്. പരസ്പരം കൈകൊടുത്തും, കാശ് പിരിച്ചും ജീവിക്കാത്തവരായിരിക്കണം. മറ്റുള്ളവര്‍ക്കായി ഒരു ഇറ്റ്‌ നേരം മാറ്റിവയ്ക്കാന്‍ കഴിയാത്തവരായിരിക്കണം. വെട്ടവും വെളിച്ചവുമില്ലാത്ത ലോകത്ത് വളര്‍ന്നവരായിരിക്കണം. മുതലാളി ശമ്പളം കൊടുക്കാത്ത മാധ്യമ തൊഴിലാളിയുമാവം. എന്നാലും ഇങ്ങനെയുണ്ടോ ഒരു എഴുപത് രൂപയുടെ അഴിമതി എക്സ്ക്ലൂസീവ് സ്റ്റോറി. വിശക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ അയാള്‍ തന്നെ ഓടിപ്പോയി ഒരു പാത്രം കഞ്ഞി തരില്ലായിരുന്നോ ?

ആ മനുഷ്യനെ ഈ വിധം ധാര്‍മിക പ്രതിസന്ധിയിലാക്കി നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുമെന്നാണോ ? അയാളുടെ മുഖം നിങ്ങളുടെ മുന്നില്‍ നിന്ന് മാഞ്ഞു പോകുമെന്നാണോ ?
പലവട്ടം, പലവിധം, പലഘട്ടങ്ങളായി ചര്‍ച്ച നടത്തുന്ന പാര്‍ട്ടിക്ക് ഈ മനുഷ്യനെ പുറത്തിരുത്താന്‍ ഇത്രയും നേരം മതിയെന്നാണോ ?