“റിസ്ക്ക് എടുക്കണ്ട” എന്നതൊരു മനോഭാവമാണ്

0
139

Amal Lal

“റിസ്ക്ക് എടുക്കണ്ട” എന്നതൊരു മനോഭാവമാണ്.

“നമ്മളെന്തിനാ വെറുതെ അതിലൊരു റിസ്ക്‌ എടുക്കുന്നത്” എന്നൊരു പൊതു ചിന്തയുണ്ട്. വീട്ടില്‍ നിന്ന് കുഞ്ഞായിരിക്കുമ്പോ തന്നെ അതിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

“അന്‍റെ കാര്യം ഒന്നും അല്ലല്ലോ അണക്ക് അന്‍റെ കാര്യം നോക്കിയാ പോരെ മോനെ”

എന്നതാണ് മിഡില്‍ ക്ലാസ്സിന്‍റെ നിത്യജീവിതസാരോപദേശം. ആ മനോഭാവം ഒരു സിസ്റ്റത്തെ അപ്പാടെ എങ്ങനെ ഇന്‍എഫിഷ്യന്റാക്കും എന്നതും അത് നയിക്കാവുന്ന ദുരന്തത്തിന്‍റെ ആഴവുമാണ് ഷെഹലയുടെ മരണം.

“ടീച്ചറെ ഓളെ കാലിന്നു ചോര വരുന്നു” എന്ന് പറഞ്ഞാലും. ആ കുട്ടിടെ ഉപ്പ വരട്ടെ എന്നതൊരു റിസ്ക്കില്ല ചോയിസാണ്. അയാളും അയാളുടെ മോളും എന്തുമാകട്ടെ എന്നതാണ് എളുപ്പം. അത് പാമ്പ് കടിച്ചതൊന്നും ആവില്ല എന്ന ഉറപ്പുണ്ടല്ലോ, വല്ല ആണി കുത്തിയതാവുമെന്ന ആ നിഗമനം അതാണ് ഇതിൽ പ്രവർത്തിച്ച ടീച്ചര്‍ മനോഭാവാവും. കാരണം അവര് മാത്രമാണല്ലോ ശരി. ബാക്കി ഒക്കെ ചെരുപ്പഴിച്ച് അകത്ത് കയറേണ്ട അടിമകളാണ്. അവരുടെ അഭിപ്രായങ്ങളും, ഇമോഷനും ഒട്ടും പ്രാധാന്യമില്ലാതെ താഴെയിരിക്കണം. ക്ലാസ്സും റൂമും സ്മാര്‍ട്ടായാലും.

പാമ്പ് കടിച്ചൊരു കുട്ടിയെ കൊണ്ട് തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചെന്നാല്‍ “റിസ്ക്‌ എടുക്കണ്ട” എന്നാണു അവടുത്തെ ഡോക്റ്റര്‍ എടുക്കുന്ന ആദ്യത്തെ തീരുമാനം. ചെലപ്പോ വീട്ടില്‍ നേരത്തെയെത്തി മോളുടെ കൂടെ ഇത്തിരി നേരം ഇരിക്കണം എന്നൊക്കെ ഡോക്ട്ടര്‍ നേരത്തെ തീരുമാനിച്ച് കാണും. വെറുതെ മേല് പറ്റാണ്ടെ ഒഴിഞ്ഞ് പോകോട്ടെ മറ്റുജീവിതങ്ങൾ എന്നതാണ് ഫിലോസഫി. നമ്മുടെ സ്വന്തം ജീവിതം നമ്മളെ കാത്തിരിക്കുന്നുണ്ട് എന്നും അതിനെ പരിഭോഷിപ്പിക്കേണ്ടതുണ്ട് എന്നും വിദ്യാഭ്യാസത്തിലൂടെയും, പഠിച്ചിറങ്ങിയ സ്ഥലങ്ങളിലൂടെയും പഠിച്ചെടുത്ത പാഠമാണ്. മെയ് വഴക്കമാണ്. ആരെ തള്ളിയിട്ടാലും തള്ളി പറഞ്ഞാലും Internal മുതല്‍ ഫൈനല്‍ പരീക്ഷവരെ മികച്ച് നിന്ന് പുറത്ത് വരാന്‍ പഠിപ്പിച്ച ഒരു പാഠമുണ്ട് അത് ജീവിതത്തില്‍ പയറ്റി തെളിയുന്ന മനുഷ്യന്മാരില്‍ ചിലരാണ് ഷെഹലയെ ഇല്ലാതാക്കിയത്.

അങ്ങനെ ചില തൊളകളുണ്ട് നമ്മുടെ വിദ്യാഭ്യാസത്തില്‍. എന്‍ഡ് പ്രൊഡറ്റിനെ ഉണ്ടാക്കാന്‍ വേണ്ടി, ലോകത്ത് നിറയെ സക്സസ്ഫുള്‍ വ്യക്തികളെ ഉണ്ടാക്കുന്ന, ഏത് ചട്ടിയിലും പാകമാവുന്നവരെയുണ്ടാക്കുന്ന, ഒന്ന് സംഘടിക്കാനോ ഒരുമിച്ചിരിക്കാനോ അനുവദിക്കാത്ത തരത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു സ്ട്രക്ച്ചറുണ്ട്. ആ തൊളകളിലൂടെ പാമ്പ് കടിക്കും. ക്ലാസ്സ്‌ റൂം സ്മാര്‍ട്ടാക്കിയാലും കടിക്കും.

ഞങ്ങളുടെ ജനറേഷന്‍ വരുന്നുണ്ട്. പി സി കോച്ചിങ്ങ് ക്ലാസ്സുകളുടെ പകയും ട്രോമയും പേറിയ ഒരു തലമുറ, അടുത്തരിക്കരുത് മാറിയിരിക്കണം എന്ന് കേട്ട് പഠിച്ചവര്‍, സെമസ്റ്റര്‍ സിസ്റ്റത്തിന്‍റെ ആദ്യത്തെ products, Internal ഉം, സെമിനാറും, Attedance പറഞ്ഞ് കോളേജ് മുഴുവന്‍ ഓടി പഠിച്ച തലമുറ. അവര്‍ക്ക് മക്കളുണ്ടാവുകയും അവര്‍ സിസ്റ്റത്തിന്‍റെ പ്രാധാനപ്പെട്ട ഇടങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ സിസ്റ്റം ഉണ്ടാക്കി വിട്ട ഞങ്ങള്ജനറേഷന്‍ ഒരു സമൂഹത്തോട് പകരം ചോദിയ്ക്കാന്‍ പോകുന്നെയുള്ളൂ. ഇതിലും ഭീകരമായി.

പക്ഷെ പ്രതീക്ഷയുണ്ട്.

“കല്ല്‌ കുത്തിയതാണെങ്കിലും ആണി കുത്തിയതാണേലും ഒന്ന് ആശുപത്രീലെത്തിച്ചൂടെ” എന്ന് ഉറക്കെ പറഞ്ഞ കുട്ടികളുടെ ശബ്ദത്തിനു ഒരു മുദ്രാവക്യാത്തിന്‍റെ കരുത്തുണ്ടായിരുന്നു. “മൂന്നേ കാലിന് പാമ്പ് കടിച്ച കുട്ടീനെ ഓലിവടെ നിന്ന് കൊണ്ട് പോയത് നാല് മണിക്ക് അഞ്ച് മിനിറ്റ് ഉള്ളപ്പോഴാണ്” എന്നതില്‍ വലിയ തെറ്റ് നടന്നു എന്ന തെളിച്ചമുണ്ടോര്‍ക്ക്. അവരുടെ ലീന ടീച്ചര്‍ നടത്തിയ ശ്രമങ്ങളെ Acknowledge ചെയ്ത് കൊണ്ട് തന്നെ “ഓലെ ആശുപത്രി കൊണ്ട് പോ സാറേ” എന്ന് പറഞ്ഞപ്പോ അടിച്ചോടിച്ച മാഷേക്കുറിച്ച് അമര്‍ഷമുണ്ട്. ചെരിപ്പിട്ട് കയറാന്‍ സമ്മതിക്കില്ലെന്ന് ഒരുമിച്ച് നിന്ന് പറയുന്നുന്നുണ്ട്. സംഭവിച്ച ക്രൂരതയെ, അനാസ്ഥകളെ നാടതിന്‍റെ ആഴത്തില്‍ മനസ്സിലാക്കിയത് ആ കുട്ടികളുടെ ശംബ്ദത്തില്‍ നിന്നാണ്.

ജീവിതത്തില്‍, പഠിക്കുന്ന ഇടങ്ങള്‍ തന്നെ നിരന്തരം പരീക്ഷിച്ചാലും, പരീക്ഷയില്‍ തോല്‍പ്പിച്ചാലും, Internal കുറച്ചാലും, Guide സൈഡ് ആക്കിയാലും പതറുന്ന നേരങ്ങളില്‍ അടുത്തിരിക്കുന്നോന് വേണ്ടി, ഓലെ വെഷ്മങ്ങള്‍ക്ക് വേണ്ടി ഈ കുട്ടികള്‍ക്ക് ശംബ്ദമുണ്ടാക്കാന്‍ മാത്രം കരുത്തുണ്ടാവട്ടെ

Advertisements