ഒരുപാട് ഇഷ്ടമുള്ള ആളോട് അത് തുറന്നു പറയൽ വല്ല്യ ചടങ്ങ് തന്നെയാണ്. എത്ര തന്നെ തയ്യാറെടുപ്പുകളോടെ പറയാൻ ചെന്നാലും അപ്പോഴുണ്ടാകുന്ന അഡ്രിനാലിൻ റഷിൽ എല്ലാം എന്തൊക്കയോ ആയി പോകുന്ന ചിലരുണ്ട്. ആ കൂട്ടത്തിൽപ്പെട്ട ഒരാളായിരുന്നു ഞാനും.
മണിരത്നത്തിന്റെയും GVM ന്റേയുമൊക്കെ പ്രൊപോസൽ സീനുകൾ കാണുമ്പോൾ ഇങ്ങനെയൊക്കെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപ്പോകാറുണ്ട്. ചെറിയ വാചകങ്ങളിൽ വലിയ ഫീൽ നൽകാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷയുടെ പ്രത്യേകതയും അതിന് അവരെ വളരെ സഹായിച്ചിട്ടുണ്ട്. അലൈപായുതേ ആയാലും വാരണം ആയിരം ആയാലും ഇങ്ങനെ കുഞ്ഞു വാക്കുകൾ കൊണ്ട് പ്രൊപോസൽ സീനുകൾ മനോഹരമാക്കിയ സിനിമകളാണ്.
മലയാളത്തിൽ ഇങ്ങനെ simple ആയിട്ടും subtle ആയിട്ടും പ്രണയം തുറന്നു പറഞ്ഞത് ഒരുപക്ഷെ ശ്രീനിവാസൻ ആയിരിക്കും. പലതും ആഘോഷിക്കപ്പെടാതെ പോയതാണെങ്കിലും അദ്ദേഹത്തിന്റെ പ്രണയങ്ങൾക്ക് എന്തെന്നില്ലാത്ത മനോഹാരിതയുണ്ട്. നായകരൊക്കെ ശാന്തമായി പ്രണയിക്കുന്നവരാണെങ്കിലും പ്രണയം തുറന്നു പറയുമ്പോൾ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും അവർ പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഒരു സാധാരണക്കാരന് പെട്ടെന്ന് ഉൾകൊള്ളാൻ കഴിയുന്ന തുറന്നുപറച്ചിലുകളായി അവ മാറുന്നതും. ലളിതമായ ഭാഷയിൽ ആറ്റിക്കുറുക്കി എഴുതുന്നതാണവ.
“നമുക്ക് രണ്ടാൾക്കും തല ചായ്ക്കാൻ ഒരിടം വേണം. മീരക്ക് സമ്മതമാണെങ്കിൽ, ആ വീട് ഇനി എന്റേതോ മീരയുടേതോ അല്ല, നമ്മുടേതാണ്.” എന്ന് ഗോപാലകൃഷ്ണ പണിക്കർ മീരയോട് പറയുമ്പോൾ അവിടെ പക്വതയുള്ള സാധാരണക്കാരന്റെ പ്രണയമാണ് കാണാനാകുന്നത്. ജീവിതാവസാനം വരെ ഈ പ്രണയം നിലനിൽക്കും എന്നൊരു തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കിയെടുക്കാൻ ഈ വാക്കുകൾക്ക് കഴിവുണ്ട്.എല്ലാവർക്കും എന്നപോലെ എനിക്കും ഏറ്റവും കൂടുതൽ ഇഷ്ടപെട്ട പ്രണയരംഗമാണ് നാടോടിക്കാറ്റിലേത്. ഒന്നുമല്ലാതിരുന്ന നായകനു നിമിഷങ്ങൾക്കുള്ളിൽ എല്ലാം ഉണ്ടാക്കികൊടുക്കുന്ന കുറച്ചു സംഭാഷണങ്ങൾ. മനോഹരമായ വാക്കുകളൊന്നും ഇല്ലാത്ത ഡയലോഗുകളായിരുന്നെങ്കിലും അവയിലൂടെ പ്രണയം പരക്കുന്നത് നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും. അവസാനം ‘മീൻകറി നല്ല സ്റ്റൈലായിട്ട് ഉണ്ടാക്കണം’ എന്ന് പറഞ്ഞു ദാസൻ പടർന്നു കയറുന്നത് നമ്മുടെ മനസിലേക്കാണ്. ആ ഡയലോഗിൽ എല്ലാം ഉണ്ട്. എല്ലാം…