അമൽരാജ് വിജയ്
സിനിമകൾ ആളുകളെ സ്വാധീനിക്കുന്നത് പല തരത്തിലാണ്. ചില സിനിമകൾ ആളുകൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നു വരാം, അതേ സിനിമ തന്നെ മറ്റുള്ളവർക്ക് ഒരുപാട് ഇഷ്ടമായി എന്നും വരാം. മാളികപ്പുറം സംസാരിക്കുന്ന വിഷയം, രാഷ്ട്രീയം അത് ഒരു മനുഷ്യന്റെ ദിവസം മനോഹരമാക്കാനും രാത്രി അയാൾ ആഗ്രഹിച്ച ഒരു കാര്യം ഒരു കലാസൃഷ്ടിയിലൂടെ എങ്കിലും സാധ്യമായി എന്ന ആശ്വാസത്തിൽ സന്തോഷത്തോടെ ഉറങ്ങാനും സഹായിക്കുമെങ്കിൽ അത് അയാൾക്ക് നല്ലൊരു സിനിമയായിരിക്കും.
ഇനി പറയാൻ പോകുന്നത് മാളികപ്പുറം എന്ന സിനിമയുടെ വിജയം അസ്വസ്ഥതരാക്കിയ ചിലരെപറ്റിയാണ്.സിനിമ സംസാരിച്ച രാഷ്ട്രീയം എനിക്ക് ഉൾകൊള്ളാൻ പറ്റാത്തതാണ്. അത്രയും നേരം നന്നായി പോയി കൊണ്ടിരുന്ന സിനിമ അവരുടെ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഉപയോഗിച്ചു എന്നത് പേർസണലി എനിക്ക് അംഗീകരിക്കാൻ പറ്റുന്നതല്ല. എന്ന് വച്ചു അത് ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ടാവാൻ പാടില്ല എന്ന് വാശി പിടിക്കാൻ എനിക്ക് പറ്റില്ല. ഒരു സിനിമ ഇഷ്ടപ്പെടാതെ ഇരിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരാളുടെ പേഴ്സണൻ കാര്യമാണ്.
നേരത്തെ പറഞ്ഞത് പോലെ എന്റെ ആഗ്രഹം സിനിമ വഴി നിറവേറിയെങ്കിൽ എന്റെ രാഷ്ട്രീയം ആ സിനിമ ചർച്ച ചെയ്തെങ്കിൽ, എന്റെ വാക്കുകളായി ആ സിനിമ ശബ്ദിച്ചു എങ്കിൽ എല്ലാത്തിനും മേലെ അത് നല്ല സിനിമയാണ് എങ്കിൽ ഞാൻ കാണുന്ന ആളുകളോട് ആ സിനിമ കാണാൻ പറയും.എന്റെ ശബ്ദമോ, ആ സിനിമയോ നിങ്ങൾക്ക് ഇല്ലാതെയാക്കാൻ കഴിയില്ല.അത് തീർച്ചയായും വിജയിക്കും.
തീവ്ര ഇടതുപക്ഷ സിനിമകളും, വലതു പക്ഷ സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്, അരാഷ്ട്രീയ സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഒരിക്കലും രാഷ്ട്രീയം സംസാരിക്കുന്ന മോശം സിനിമകൾ ഇവിടെ ജയിച്ചിട്ടില്ല. രാഷ്ട്രീയം സംസാരിക്കുന്ന നല്ല സിനിമകൾ മാത്രമേ വിജയിച്ചിട്ടുള്ളൂ.അതായത് രാഷ്ട്രീയത്തിനും അപ്പുറം സിനിമയാണ് വിജയിക്കുന്നത്.
മതത്തിനോ, ജാതിക്കോ, രാഷ്ട്രീയത്തിനോ, സൂപ്പർ താരങ്ങൾക്കോ സിനിമകളുടെ വിജയ പരാജയങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല.അത് നല്ലതാവുന്ന പക്ഷം വിജയിക്കും.പേടിക്കേണ്ടതും, അസ്വസ്ഥരാവേണ്ടതും മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിൽ അല്ല. എന്റേതല്ലാത്ത രാഷ്ട്രീയം പങ്കു വച്ച സിനിമകൾ ഇവിടെ നിർമിക്കപെടരുത്, ജനങ്ങൾ ഏറ്റെടുക്കരുത്. അതിനെ ഇഷ്ടപ്പെടുന്നവർ വാ തുറക്കരുത്. അവരോ അവരുടെ സിനിമകളോ ഇവിടെ നിലനിൽക്കരുത് എന്ന് പറയുന്ന, വാശി പിടിക്കുന്ന ആളുകളെയാണ്. ആ സിനിമ കണ്ട് സമാധാനമായി ഉറങ്ങിയവരെക്കാൾ ഭയക്കേണ്ടത് ആ സിനിമയുടെ പേരിൽ ഉറക്കം നഷ്ടമാവുന്നവരെയാണ്.