‘Can I have sex with you ‘ ? എന്ന് ചോദിക്കുമ്പോൾ മടിയോ ഭയമോ കൂടാതെ yes or no പറയാൻ കഴിയണം

376
Amalraj Vijay

 

സെക്സ് എഡ്യൂക്കേഷൻ
നിങ്ങളുടെ മുന്നിൽ വിവസ്ത്രയാക്കപ്പെട്ട, ശരീരം കൊണ്ടും മനസ് കൊണ്ടും ഒരു ഭോഗത്തിന് തയ്യാറാവാതെ രതിമൂർച്ച സംഭവിക്കാതെ കിടക്കുന്ന സ്ത്രീയുടെ യോനിയിലേക്ക് നിങ്ങളുടെ ലിംഗം എങ്ങനെ കയറ്റിയിറക്കണം എന്നുള്ള പ്രാക്ടിക്കൽ ക്ലാസോ സണ്ണി ലിയോണിന്റെയും ജൂലിയ ആനിന്റെയും പോൺ വീഡിയോകൾ മാറിമാറി കുട്ടികളെ കാണിക്കുന്ന തിയറി ക്‌ളാസോ അല്ല ലൈംഗിക വിദ്യാഭ്യാസം.
ലൈംഗിക വിദ്യാഭ്യാസം നിലവിൽ വരുത്തേണ്ട ആവശ്യകതയെ അടിസ്ഥാനപ്പെടുത്തിയുള്ള വാർത്തകളിൽ സ്ഥിരമായി കണ്ട് വരുന്ന അഭിപ്രായപ്രകടനങ്ങളിലെ പക്വതയില്ലായിമ തന്നെയാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനാസ്ഥ എത്രമാത്രം ഭയാനകമാണ് എന്ന വസ്തുത നമുക്ക് മനസ്സിലാക്കി തരുന്നത്.
ബാല്യം വിട്ട് കൗമാരത്തിലേക്ക് കടക്കുന്നതോടെ മനുഷ്യശരീരത്തിലെ അന്തഃസ്രാവി ഗ്രന്ഥികൾ പ്രവത്തിച്ചു തുടങ്ങുന്നതിന്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളിലൂടെ തലച്ചോറിലെ പീയൂഷ ഗ്രന്ഥികളിലിൽ നിന്ന് വരുന്ന ഗുനാഡോട്രോഫിൻ റിലീസിങ് ഹോർമോൺ എന്ന ഹോർമോൺ ലൈംഗിക ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. അതിന്റെ ഫലമായി ആൺകുട്ടികളിൽ ടെസ്റ്റോസ്റ്റിറോണും, പെൺകുട്ടികളിൽ ഈസ്ട്രോജനും ഉല്പാദിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ലൈംഗിക ഹോർമോണുകളുടെ ഉത്പാദനതിലൂടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ വന്ന് തുടങ്ങുന്നു. ആൺകുട്ടികളുടെ ശരീരം വികസിക്കുകയും, മുഖത്തും സ്വകാര്യഭാഗങ്ങളിലും, കക്ഷത്തിലും രോമവളർച്ചയുണ്ടാവുകയും ചെയ്യുന്നു. പെൺകുട്ടികളിൽ യോനിയുടെ വശങ്ങളിലും കക്ഷത്തിലും രോമവളർച്ചയുണ്ടാവുകയും മാറിടങ്ങൾ വികസിക്കുകയും ചെയ്യുന്നു. ആൺകുട്ടികളുടെ ശബ്ദവും ശരീരവും ഉറച്ചതായി മാറുന്നു. ഈ വളർച്ചയിൽ തന്നെയാണ് മനുഷ്യൻ പ്രത്യുത്പാദന ശേഷിയും കൈവരിക്കുന്നത്.
ഇത്തരത്തിലുള്ള അറിവുകൾ പകർന്ന് കൊടുക്കുന്നതിലൂടെ സ്വന്തം ശരീരം എന്താണ് എങ്ങനെയാണ് എന്ന് സ്വയം പഠിച്ചെടുക്കാനുള്ള അപകടകരമായ അവസ്ഥയിലേക്ക് കുട്ടികൾ എത്തിച്ചേരാതിരിക്കാനുള്ള കരുതലാണ് സെക്സ് എഡ്യൂക്കേഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു രക്ഷിതാവോ അധ്യാപകനോ സ്വന്തം കുട്ടിയോട് അവന്റെ ശരീരത്തിലെ മാറ്റങ്ങൾ പ്രേത്യേക കാലഘട്ടത്തിലേക്ക് കടക്കുമ്പോൾ എങ്ങനെയായിരിക്കും എന്ന് പറഞ്ഞു കൊടുക്കേണ്ടുന്ന ഉത്തരവാദിത്വമാണ് ലൈംഗിക വിദ്യാഭ്യാസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്.
ചുണ്ണി ഇച്ഛിച്ചി എന്നീ വാക്കുകൾ മാറ്റിവച്ചു, ലിംഗം യോനി എന്നീ പദങ്ങൾ മടി കൂടാതെ അവരോട് പറയേണ്ടത് അനിവാര്യമാണ്. നിന്റെ ലിംഗം എന്ത് കൊണ്ട് ചില നേരങ്ങളിൽ വടി പോലെ നിൽക്കുന്നു എന്നും, എന്ത് കൊണ്ട് നിന്റെ യോനിയിൽ നിന്നും രക്തസ്രാവം ഉണ്ടാവുന്നു എന്നും എന്ത് കൊണ്ട് നിനക്ക് സ്വപ്സ്ഖലനം ഉണ്ടാവുന്നു എന്നും പറഞ്ഞു കൊടുക്കേണ്ടത് ആവശ്യമല്ല, അത്യാവശ്യമാണ്. ആർത്തവത്തെകുറിച്ചു പെൺകുട്ടികളെ പോലെ ആൺകുട്ടികളും ബോധവാന്മാരാവണം.
ഒമ്പതാം ക്‌ളാസിലെ ടെക്സ്റ്റ് ബുക്കിലെ റീപ്രൊഡക്ഷൻ അദ്ധ്യായം സ്വയം പഠിക്കേണ്ടതാണ് എന്ന് പറഞ്ഞു മനപൂർവം കയ്യൊഴിയുന്ന അദ്ധ്യാപകർ ഒന്നോർക്കുന്നില്ല. വലിയൊരു അന്തകാരത്തിലേക്കാണ് അദ്ധ്യാപകരായ നിങ്ങൾ എന്നെയടക്കമുള്ള സമൂഹത്തെ തള്ളിവിട്ടു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ സ്വകാര്യഭാഗങ്ങൾ അപരിചിതർ ചൂഷണം ചെയ്യുന്നത് അത് കൊണ്ടാണ്. ആ ചൂഷണം തുറന്ന് പറയാനോ പ്രതികരിക്കാനോ ഭയക്കുന്നതും അത് കൊണ്ടാണ്. സ്വന്തം ഐഡന്റിറ്റി എന്താണ് എന്ന് വ്യക്തമാക്കാനുള്ള മടി, ഒരേ ലിംഗത്തിലുള്ള മറ്റൊരാളോട് തോന്നുന്ന അട്രാക്ഷൻ എല്ലാം ഞങ്ങൾ മറച്ചു വയ്ക്കുന്നതും നിങ്ങൾ കാരണമാണ്. ട്രാൻജൻഡേഴ്‌സിന്റെയും, സ്വവർഗാനുരാഗ വിവാഹങ്ങളുടെയും ഫേസ്ബുക്ക് പോസ്റ്റിനടിയിൽ ഞങ്ങൾ തെറി വിളിക്കുന്നതും അത് കൊണ്ട് തന്നെ.
നമ്മുടെ മലയാള സിനിമയിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് അപകടകരമാം വിധം പ്രകടമാണ്. ഫിലിം മേക്കേഴ്‌സ് അവരുടെ ലൈംഗിക ദാരിദ്ര്യവും അപരിഷ്‌കൃത ലൈംഗിക ചിന്തകളും പ്രേക്ഷകനിൽ അടിച്ചേല്പിക്കുന്നു. റേപ് ചെയ്യപ്പെട്ട പെണ്ണിനെ അതേ പുരുഷൻ വിവാഹം കഴിച്ച് അവൾക്ക് പുതു ജീവൻ നൽകുന്നതും, അതി ക്രൂരമായി തന്നെയാക്രമിക്കുന്ന പുരുഷൻ അവളുടെ ശരീരത്തിലെ ജി സ്പോട്ടിൽ സ്പർശിക്കുന്നതോടെ അവൾ അവന് വഴങ്ങികൊടുക്കുന്നതും അവനോട് പ്രേമം തോന്നുന്നതും മലയാള സിനിമാക്കാരുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ അങ്ങേയറ്റം നമുക്ക് കാണിച്ചു തരുന്നു. സ്ത്രീയുടെ മനസ് കാണാതെ അവളുടെ ശരീരം, നാം കൊട്ടിഘോഷിക്കുന്ന മുൻനിര സംവിധായകരും എഴുത്തുകാരും താരങ്ങളും ആഘോഷമാക്കുന്നു.
രാധയാകാൻ ആഗ്രഹിച്ച ചാന്ത്പൊട്ടിലെ രാധയെ ഒരു നീണ്ട കടും പിടുത്തത്തിലൂടെ സംവിധായകൻ കൃഷ്ണനാക്കി മാറ്റുന്നു. കൃഷ്ണൻ ചൂല് കൈകൊണ്ട് തൊടാനോ നൃത്തം ചെയ്യാനോ വീട്ടുജോലിയെടുക്കാനോ പാടില്ല. ആന്റണി മോസസ് A ആന്റണി മോസസ് B യിലെ സ്വവർഗാനുരാഗിയുടെ പ്രവർത്തിയിൽ വിലപിച്ചു പൊട്ടിക്കരയുമ്പോൾ പ്രേക്ഷകനും വിതുമ്പുന്നു. ആന്റണി മോസസ് A തൻ്റെ ഐഡൻറിറ്റി പുറത്ത് പറയാൻ പറ്റാത്ത ഒന്നാണെന്ന് കരുതി കൂട്ട്കാരനെ കൊന്ന് കളയുന്നു. ആ രീതിയിൽ ചിന്തിച്ചാൽ ഒരു മോശം സന്ദേശം തന്നെയാണ് സിനിമ സംസാരിച്ചു വെക്കുന്നത്.
സ്വവർഗാനുരാഗിയായ പോലീസ് ഓഫീസറുടെ വേഷം പൃഥ്വിരാജ് ചെയ്തത് അത്ഭുദത്തോടെ കാണുന്നവർ, അതിനെ കയ്യടിച്ചു വിപ്ലവകരം എന്ന് വാഴ്ത്തുന്നവർ എന്തിനത് ചെയ്യുന്നു എന്ന് അറിയണം എങ്കിൽ സ്വവർഗാനുരാഗത്തെ നെഗറ്റീവ്‌ ആയി ചിത്രത്തിൽ കാണിച്ചിരിക്കുന്നു എന്നത് തന്നെയാണ് കാരണം. സ്വവർഗാനുരാഗിയായ കഥാപാത്രം ചെയ്യാൻ എന്തിനാണ് ധൈര്യം ?ഉറങ്ങിക്കിടക്കുന്ന നായികയെ നോക്കി “ഒരു റേപ് അങ്‌ വച്ചു തന്നാലുണ്ടല്ലോ” എന്ന് പറയുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനല്ലേ ധൈര്യം വേണ്ടത് ?
മലയാള സിനിമ ലൈംഗിക ദാരിദ്ര്യം ആഘോഷമാക്കുന്നതിൽ മയപെട്ടു എങ്കിലും സ്ത്രീയുടെ മൂത്രത്തിൽ പോലും കാമം കാണുന്ന ചിലർ ഇന്നും പ്രാകൃത മനുഷ്യനിലും അവന്റെ ചിന്തകളിലും ഒരു കൂട് കൂട്ടി ഇരിക്കുന്നു എന്നതും പുച്ഛത്തോടെ നോക്കി കാണേണ്ടി വരുന്നു. ലൈംഗിക ദാരിദ്ര്യം ആഘോഷമാക്കുന്നതിൽ കുറവ് വന്നെങ്കിലും ലൈംഗികതയും അതിന്റെ ആവശ്യകതയും എങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നിങ്ങനെ തുടങ്ങുന്ന ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമായ സിനിമ നമുക്ക് സ്വപ്നം മാത്രമാണ്. ഈയടുത്ത് റിലീസ് ചെയ്യപ്പെട്ട നിസാം ബഷീർ സംവിധാനം ചെയ്ത ‘കെട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമ പ്രതീക്ഷ നൽകുന്നുണ്ട് എന്നതും ആശ്വാസകരമാണ്.
ഇങ്ങിവിടെ ഇന്ത്യയിലും സെക്സ് എഡ്യൂക്കേഷൻ പോലൊരു സീരീസും , ഹൈഡ് ആൻഡ് സീക്കും, അയ്‌സ് വൈഡ് ഷട്ടും, അമേരിക്കൻ പൈയും, കോൾ മീ ബൈ യൂവർ നെയിമും, ജെനി ജുനോയും, ബ്ലൂ ഇസ് ദി വാമെസ്റ്റ് കളറും പോലെയുള്ള സിനിമകളും, it’s perfect normal , where did I come from എന്നിങ്ങനെയുള്ള പുസ്തകങ്ങളും ഇറങ്ങണം. എല്ലാത്തിനും മേലേ തന്റെ ലിംഗം അസ്വാഭാവികമായി ഉയരുന്നത് കണ്ട് പേടിയോടെ വരുന്ന കുട്ടിയെ സമാധാനിപ്പിച്ചു അതെന്താണ് എന്ന് വ്യക്തമായി പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കളും അധ്യാപകരും ഉണ്ടാവണം. എന്ത് കൊണ്ട് അവന്റെയോ അവളുടെയോ സ്വകാര്യ ഭാഗങ്ങൾ മറച്ചു വെക്കുന്നു എന്നും, ആ ഭാഗത്ത് മറ്റൊരാൾ ദുരുദ്വേശത്തോടെ സ്പർശിക്കുന്നു എന്നും എങ്ങനെയെല്ലാം അവയെ ചൂഷണം ചെയ്യാൻ സാധ്യതയുണ്ട് എന്നും അതിനെ എങ്ങനെ നേരിടാം എന്നും അറിയിച്ചു കൊടുക്കണം.
അക്ഷരങ്ങളോടൊപ്പം പഠിക്കേണ്ടത് തന്നെയാണ് ഇതൊക്കെയും.
‘ Can I have sex with you ‘ ? എന്ന് ചോദിക്കുമ്പോൾ മടിയോ ഭയമോ കൂടാതെ yes or no പറയാനും, തിരിച്ചൊരു പുഞ്ചിരി സമ്മാനിക്കാനും, no എന്ന് പറഞ്ഞാൽ ലിംഗത്തിന് പകരമായി ഇരുമ്പ് കമ്പിയും, കത്തിയും, ചുണ്ടിന് പകരം കട്ടിങ്‌ പ്ലെയേറും, ശുക്ലത്തിന് പകരമായി ആസിഡും പെട്രോളും ഉപയോഗിക്കാതെ ഇരിക്കാനും, ബസിൽ അവൻ കാമവെറി തീർക്കുന്ന അപരിചിതയായ സ്ത്രീയുടെ നിതംബത്തിനും അവന്റെ അമ്മയുടെ നിതംബത്തിനും ഒരേ മാർദവമാണ് എന്ന് മനസിലാക്കാനും ഇത് വഴി ഒരു പരിധി വരെ സാധിച്ചേക്കാം.
ഞാനും നീയും തമ്മിൽ പുറമെ ശരീരത്തിൽ കാണുന്ന പ്രകടമായ മാറ്റങ്ങൾ മാത്രമേയുള്ളൂ എന്ന് ആണും പെണ്ണും മൂന്നാം ലിംഗക്കാരനും മനസിലാക്കിയേക്കാം. സാനിറ്ററി പാഡ് വാങ്ങാൻ ലേഡി സ്റ്റാഫുള്ള കടകളിൽ മാത്രം പോകുന്ന സ്‌ത്രീകളിലും, കോണ്ടം വാങ്ങുമ്പോഴുണ്ടാവുന്ന മടിച്ചു നിൽക്കലിലും മറ്റുള്ളവരുടെ വല്ലാത്ത ചിരികളിലും മാറ്റം വന്നേക്കാം. ആർത്തവ സമയത്ത് സ്ത്രീകളുടെ വിഷമങ്ങളും ആർത്തവത്തിന് ആഴ്ചകൾക്ക് മുന്നേ സ്ത്രീകളിൽ ഉണ്ടാവുന്ന Premenstrual syndrome എന്ന ഭീകരമായ അവസ്ഥയും മനസിലാക്കാൻ കഴിഞ്ഞാൽ ( ആർത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രത്യക്ഷപ്പെടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് Premenstrual syndrome. ഈസ്ട്രജൻ,പ്രൊജസ്ട്രോൺ ഹോർമോണുകളുടെ നിലയിൽ വരുന്ന വ്യത്യാസങ്ങളാണ് premenstrual syndrome ന്റെ കാരണങ്ങളിലൊന്ന്. വിഷാദം, പിരിമുറുക്കം, അകാരണമായ ദേഷ്യം, സങ്കടം, അതിവൈകാരികത, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക എന്നിങ്ങനെ നീളുന്നു ഇതിന്റെ മാനസിക ലക്ഷണങ്ങൾ. തലവേദന, നടുവിന് വേദന, സന്ധിവേദന, ക്ഷീണം, സ്തനങ്ങളിൽ വേദന, വയറിന് വീക്കം അസ്വസ്ഥതകൾ എന്നിങ്ങനെ നീളുന്നു ശാരീരിക ലക്ഷണങ്ങും.)
പുരുഷന് സ്ത്രീയുടെ മനസിനെയും ശരീരത്തെയും ആർത്തവ നാളുകളെയും ബഹുമാനിക്കാൻ കഴിഞ്ഞേക്കാം. ചാണകത്തിന്റെ മുഷിഞ്ഞ നാറ്റമുള്ള സദാചാരം ഇല്ലാതെയായേക്കാം. യോനിയിലെ നേർത്ത ചർമത്തിലെ വിള്ളൽ ലോകാവസാനമല്ലെന്നും, ആർത്തവത്തെ കുറിച്ചുള്ള വിശദമായ പഠനവും മാത്രം ലഭിച്ചാൽ ഇവിടെയുണ്ടാവുന്ന മാറ്റങ്ങൾ ഊഹിക്കാവുന്നതെയുള്ളൂ. എല്ലാത്തിലും ഉപരി നല്ലൊരു നാളെയെ വാർത്തെടുക്കാൻ അത് വഴി കഴിഞ്ഞേക്കും.
***
നല്ല സിനിമകൾ ഉണ്ടാവട്ടെ, നല്ല പുസ്തകങ്ങൾ എഴുതപ്പെടട്ടെ നല്ല അധ്യാപകരുണ്ടാവട്ടെ , നല്ല രക്ഷിതാക്കൾ ഉണ്ടാവട്ടെ. നമുക്ക് ഒരുമിച്ചു നാളെയെ മാറ്റാൻ കഴിയട്ടെ. ലൈംഗിക ദാരിദ്ര്യം വറ്റി വരണ്ട് ഇല്ലാതെയാവട്ടെ.