മോഹനൻ വൈദ്യൻ ചികിത്സിച്ചു കൊന്ന കാൻസർ രോഗിയുടെ ബന്ധുവിന്റെ കുറിപ്പ്

726

മോഹനൻ വൈദ്യൻ ചികിത്സിച്ചു കൊന്ന കാൻസർ രോഗിയുടെ ബന്ധുവിന്റെ കുറിപ്പ്

Aman Aman എഴുതുന്നു 

ഭാര്യയുടെ ബന്ധത്തിലുള്ള ഒരാൾ സുഖമില്ലാതെ കിടക്കുന്നുണ്ടെന്നറിഞ്ഞു സന്ദർശിക്കാൻ പോയിരുന്നു.

ആൾ ബിസിനെസ്സുകാരനാണ്. തുള്ളിച്ചാടി ഒച്ചയിട്ടു നടക്കുന്ന പ്രകൃതം. എപ്പോൾ കണ്ടാലും പിടിച്ചിരുത്തി കുശലാന്വേഷണങ്ങൾ നടത്തുന്നയാൾ.

ആൾ ആകെ അവശനായിരിക്കുന്നു. പലതരം മരുന്നുകളുടെ രൂക്ഷഗന്ധം മുറിയിലാകെ നിറഞ്ഞു നിൽക്കുന്നു. ഷർട്ട് ധരിക്കാത്ത ദേഹത്തെ എല്ലുകൾ എണ്ണിയെടുക്കാവുന്ന നിലയിലാണ്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ആളുടെ ഭാര്യയാണ് കാര്യങ്ങൾ വിവരിച്ചു തന്നത്.

വയറു വേദനയായിരുന്നു തുടക്കം. എല്ലാവരെയും പോലെ ഡോക്ടറെ കണ്ടു അതിനുള്ള മരുന്ന് കഴിച്ചു. തൽക്കാലം സുഖമാവും, പിന്നെയും വരും. അവസാനം ആ ഡോക്ടർ തന്നെ പറഞ്ഞതനുസരിച്ചു ഒരു സ്പെഷ്യലിസ്റ്റിനെ കണ്ടു. പരിശോധനകൾ നടത്തി അസുഖം നിർണ്ണയിച്ചു, കാൻസർ. ചിലപ്പോൾ സർജറിയും അതിനു ശേഷം കീമോയും വേണമെന്നും ഡോക്ടർ അഡ്വൈസ് ചെയ്തു. കുറച്ചു സമയമെടുക്കുമെങ്കിലും ഭേദമാക്കാവുന്ന സ്റ്റേജിലാണ് എന്നും ഡോക്ടർ അവരെ ആശ്വസിപ്പിച്ചു.

പക്ഷെ, അതിനൊന്നും പോകാതെ ചില ഉല്പതിഷ്ണുക്കളുടെ ഉപദേശപ്രകാരം പാരമ്പര്യവൈദ്യനെന്നു അവകാശപ്പെടുന്ന മോഹനൻ വൈദ്യർ എന്നയാളുടെ കൊയിലാണ്ടിയിലെ ചികിത്സാ സ്ഥലത്തേക്ക് പോയി. രണ്ടാം നിലയിലോ മൂന്നാം നിലയിലോ ആണ് ചികിത്സ. കുറെ നേരം ഇയാളുടെ ഒരു പ്രഭാഷണമുണ്ട്. അതിനു ശേഷമേ മരുന്ന് കൊടുക്കാറുള്ളൂ. ആദ്യത്തെ തവണ ഉത്സാഹത്തോടെ ചികിത്സക്ക് പോയ ഇവർക്ക് രണ്ടാമത്തെ തവണയായപ്പോഴേക്കും അത് നഷ്ടപ്പെട്ടിരുന്നു. ആരോഗ്യം മോശമായെങ്കിലും അതൊക്കെ പണ്ട് കഴിച്ച മരുന്ന് ശരീരം പുറന്തള്ളുന്നതാണ്, ശരിയായിക്കൊള്ളും എന്ന വൈദ്യന്റെ ഉറപ്പിന്മേൽ അവർ വിശ്വാസമർപ്പിച്ചു. ഓരോ തവണ പോകുമ്പോഴും ആയിരക്കണക്കിന് രൂപയുടെ മരുന്നുകളായിരുന്നു ഇയാൾ നൽകിയിരുന്നത്, ഫീസില്ല എന്നും പറയുമായിരുന്നെങ്കിലും.

പക്ഷെ, ശരീരം കൂടുതൽ കൂടുതൽ ക്ഷീണിക്കുകയൂം അസഹനീയമായ വേദനയാൽ രോഗി പുളയുകയും ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ ആകാത്ത അവസ്ഥയിലെത്തുകയും ചെയ്തു.

വിവരങ്ങളിഞ്ഞ ചില ബന്ധുക്കളുടെ നിർബന്ധത്താൽ അവസാനം തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി.

ഇനി വേദന കുറയാനുള്ള മരുന്നുകൾ നൽകാം എന്നല്ലാതെ ചികിത്സ ഫലിക്കില്ല എന്ന സ്ഥിതിയിലാണ് രോഗാവസ്ഥ എന്ന ഞെട്ടിക്കുന്ന സത്യമാണ് അവരെ കാത്തുനിന്നിരുന്നത്.

” നിങ്ങൾ അടുത്ത തവണ വരുമ്പോൾ ഞാനുണ്ടാവില്ല …” എന്ന് വരണ്ട ശബ്ദത്തിൽ നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പറയുമ്പോൾ ഞങ്ങൾക്ക് മറുപടി പറയാനുള്ള വാക്കുകൾ നഷ്ടപ്പെട്ടിരുന്നു.

അടുത്ത തവണ എന്നദ്ദേഹം ഉദ്ദേശിച്ചത് ഞാൻ അടുത്ത തവണ ലീവിന് വരുമ്പോൾ എന്നായിരിക്കണം.

പക്ഷെ അത്രയൊന്നും അദ്ദേഹത്തിന് വേദന അനുഭവിച്ചു തീ തിന്നേണ്ടി വന്നില്ല.

മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഭാര്യയേം മകനെയും തനിച്ചാക്കി, വേദനകളില്ലാത്ത ലോകത്തിലേക്ക് അദ്ദേഹം യാത്രയായി.

—————————–

ഇനിയെത്ര ജീവനിയാൾ എടുത്താലായിരിക്കും അധികൃതർ കണ്ണു തുറക്കുക.!!

ഒരു കുരുന്നു ജീവൻ കൂടി പൊലിഞ്ഞു.