അടിമത്തം നിലനിർത്തുവാൻ അവർ പരമാവധി ശ്രമിച്ചു

0
90

Amarnath Shenoy

അടിമത്തം നിലനിർത്തുവാൻ അവർ പരമാവധി ശ്രമിച്ചു

രാജ്യത്തിന് പുറത്തേക്കു കുടിയേറുക, അവിടെ ഉള്ള ഭൂമി വെട്ടിപിടിക്കുക, ആ ഭൂമിയിൽ കൃഷി ചെയ്യുക – ഇതാണ് കോളനിവത്കരണത്തിന്റെ വ്യാഖ്യാനം. കൊളംബസ് അമേരിക്കയിലേക്കുള്ള പാത കണ്ടെത്തിയതിന് ശേഷം യൂറോപ്യൻമാർ അമേരിക്കൻ ഭൂഖണ്ഡത്തിലേക് കുടിയേറുവാനും അവിടം വെട്ടിപിടിച്ചു അവിടെ ജീവിച്ചിരുന്ന ഇന്ത്യൻസ് അഥവാ നേറ്റീവ് അമേരിക്കൻസിനെ വംശീയമായി ഉന്മൂലനം ചെയ്തും, ആട്ടി ഓടിച്ചും കൃഷിക്ക് ആവശ്യമായ എസ്റ്റേറ്റുകൾ സ്ഥാപിക്കുവാൻ തുടങ്ങി. ഈ എസ്റ്റേറ്റുകളിൽ തൊഴിൽ ചെയുവാൻ ആയിട്ടാണ് മുഖ്യമായി ആഫ്രിക്കയിൽ നിന്നും അടിമകളെ ഇവിടെ എത്തിച്ചു തുടങ്ങിയത് . അമേരികയിലേക്കുള്ള കുടിയേറ്റം തുടങ്ങിയ കാലം മുതൽ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായിട്ടാണ് എങ്കിലും കറുത്തവർഗക്കാർ അമേരിക്കയിൽ എത്തിയിരുന്നു എന്ന് ചുരുക്കം. ഇന്ന് യൂ എസ് എന്ന് അറിയപ്പെടുന്ന ഭാഗം ബ്രിട്ടീഷ് സർക്കാരിന്റെയും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും നിയന്ത്രണത്തിൽ ആയിരുന്നു, ബ്രിട്ടീഷുകാരാണ് കൂടുതലായും ആദ്യകാലങ്ങളിൽ ഇവിടെക്കു കുടിയേറിയത്, സ്വീഡിഷ് ,ഡച്ച് വംശജരും ഇതേ കാലഘട്ടത്തിൽ ഇവിടെ എത്തി, ഫ്ലോറിഡ ഭാഗം സ്പാനിഷ് വംശജരുടെ നിയന്ത്രണത്തിൽ ആയിരുന്നു, ബ്രിട്ടീഷ് നിയന്ത്രണത്തിൽ ഉള്ള പ്രദേശത്തു നിന്നും ഒളിച്ചോടിവരുന്ന കറുത്ത വർഗക്കാർ കാതൊലിക് മതം സ്വീകരിക്കാൻ തയാറായാൽ അടിമത്തത്തിൽ നിന്നും മോചനം സ്പെയിൻ വാഗ്‌ദാനം ചെയ്തു, ഇതിനെ തുടർന്ന് നിരവധി ആഫ്രിക്കൻ വംശജർ ബ്രിട്ടീഷ് കോളനികളിൽ ലഹളകൾ നടത്തുകയും ഫ്ളോറിഡയിലേക് പലായനം ചെയ്യുകയും ചെയ്തു, ഇവർ സ്‌പാനിഷ്‌ വംശജർക്ക് വേണ്ടി പോരാടിയും അവിടെ തൊഴിൽ ചെയ്തും ജീവിച്ചു . ബ്രിട്ടീഷ് കോളനികളിൽ വ്യാപകമായ അസ്ഥിരതകൾ സൃഷ്ടിക്കുവാൻ ഇത് കാരണം ആയി. പിനീട് ഫ്ലോറിഡ ബ്രിട്ടീഷുകാർക്ക് നൽകി ക്യൂബയും ഹവാനായും പകരം വാങ്ങി സ്പാനിഷ് വംശജർ പിൻവാങ്ങിയതോടു കൂടി ഇങ്ങനെ സംഭവിച്ചുകൊണ്ടിരുന്ന കറുത്ത വർഗക്കാരുടെ മോചനം അവസാനിച്ചു.

അമേരിക്ക ഭരിച്ചിരുന്നത് ബ്രിട്ടൻ ആയിരുന്നു, പ്രതിനിധികൾ ഇല്ലാതെ അമിതമായി കരം പിരിക്കുന്നതും ,ബ്രിട്ടീഷ് സൈനികർക്കു വേണ്ട ചിലവ് വഹിക്കാൻ കോളനികളെ നിര്ബന്ധിച്ചതും മറ്റും പറഞ്ഞു ചായപ്പൊടി കടലിൽ എറിഞ്ഞു ബോസ്റ്റൺ ടീ പാർട്ടി ഒരുവശത്തു നടന്നപ്പോൾ , അമേരിക്കയുടെ തെക്കു ഭാഗത്തു പഞ്ഞിയും ധാന്യങ്ങളും യൂറോപ്പിലേക്ക് കയറ്റി അയക്കുന്ന ബിസിനസ് തഴച്ചു വളരുകയായിരുന്നു, അമേരിക്കൻ വിപ്ലവത്തിന് യാതൊരു പിന്തുണനയും ആദ്യകാലങ്ങളിൽ ഈ ഭാഗത്തു നിന്നും ലഭിച്ചിരുന്നില്ല. 13 ബ്രിട്ടീഷ് കോളനിയുടെ പ്രതിനിധികൾ ചേർന്ന് സൈനിക കമ്മാൻഡർ ആയിരുന്ന ജോർജ് വാഷിംഗ്‌ടണ്ണിന്റെ നേതൃത്വത്തിൽ, ഫ്രഞ്ച് സൈന്യത്തിന്റെ സഹായത്തോടെ ബ്രിട്ടനും ആയി യുദ്ധം പ്രഖ്യാപിച്ചു, ഈ കാലഘട്ടത്തിൽ ബ്രിട്ടീഷ് സൈനീക സേവനത്തിന് ആവശ്യമായ ആളുകളെ സംഘടിപ്പിക്കുവാൻ ആയും, യുദ്ധപ്രഖ്യാപനം നടത്തിയ അമേരിക്കൻ കോളനികളിലെ ഭൂ ഉടമകളെ അസ്വസ്ഥർ ആകുവാൻ ആയും സ്പാനിഷ് വംശജർ ചെയ്തതിനു സമാനമായ തന്ത്രം അന്നത്തെ ബ്രിട്ടീഷ് ഗവർണ്ണർ ആയിരുന്ന ജോൺ മുറെ പയറ്റി, അമേരിക്കൻ നിയന്ത്രണത്തിൽ ഉള്ള പ്രവിശ്യയിൽ നിന്നും അടിമകൾ ഒളിച്ചോടി വന്നു ബ്രിട്ടീഷ് ആർമിയുടെ ഭാഗം ആയാൽ യുദ്ധാനന്തരം അവർ സ്വതന്ത്രർ ആയിരിക്കും എന്ന ഉത്തരവ് ഇറക്കി, നിരവധി ആഫ്രിക്കൻ വംശജർ ഇത് മൂലം ബ്രിട്ടീഷ് ആർമിയുടെ ഭാഗം ആയി , പക്ഷെ ഇത് അമേരിക്കൻ വിപ്ലവത്തിന് കൂടുതൽ ശക്തി പകരുക മാത്രം ആണ് ചെയ്തത്, അടിമകളെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവിൽ അസ്വസ്ഥർ ആയ, വിപ്ലവത്തിന് അനുകൂലമല്ലാത്ത നിലപാടിൽ ആദ്യം നിലയുറപ്പിച്ച നിരവധി അമേരിക്കൻ പ്രഭുക്കൾ ഇ കാരണത്താൽ ബ്രിട്ടന് എതിരാവുകയും പാട്രിയട്ട്സ്(Patriots) എന്ന് അറിയപ്പെട്ട വിപ്ലവ പക്ഷത്തോട് ചേരുകയും ചെയ്തു , നിരവധി കറുത്തവർഗക്കാർ അടിമത്തത്തിൽ നിന്നും ഈ കാലഘട്ടത്തിൽ മോചിപ്പിക്കപ്പെട്ടു. പക്ഷെ ആയിരകണക്കിന് പേര് ഇരുചേരികളിലും ആയി യുദ്ധത്തിലും , രോഗബാധകളാലും മറ്റും കൊല്ലപ്പെടുകയും ചെയ്തു. ഇതെല്ലം കൊണ്ട് തന്നെ അടിമത്തം നിലനിർത്തുവാൻ നടത്തിയ വിപ്ലവം എന്ന് അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിനെ വിമർശകർ ആക്ഷേപിക്കാറുണ്ട്..

കാലാന്തരത്തിൽ ബ്രിട്ടീഷ് കമാൻഡർ ആയിരുന്ന കോൻവാലസിനെ വാഷിംഗ്‌ടൺ പരാജയപ്പെടുത്തി തുടർന്ന് അമേരിക്കയിൽ ജനാധിപത്യ സർക്കാർ സ്ഥാപിച്ചു, കറുത്ത വർഗക്കാർ അന്നും സ്വതന്ത്രർ ആയിരുന്നില്ല അവരിൽ ഭൂരിഭാഗവും അടിമകൾ ആയി തന്നെ തുടർന്നു, സമൂഹത്തിന്റെ അവഗണനയും ക്രൂരതയും തുടർന്നും നേരിട്ട് കൊണ്ടിരുന്നു, ജനാധിപത്യം ആയിരുന്നു എങ്കിലും ഭൂ ഉടമകളും,വെള്ളക്കാരും ആയ പുരുഷന്മാർക്ക് മാത്രം ആയിരുന്നു ആദ്യ കാലത്തു അമേരിക്കയിൽ വോട്ട് ചെയ്യുവാൻ ഉള്ള അവകാശം ഉണ്ടായിരുന്നത്. അടിമത്തം നിയമപരമായി ഉള്ള സ്റ്റേറ്റിൽ നിന്നും അടിമത്തം നിരോധിക്കപ്പെട്ട സ്റ്റേറ്റിലേക് കറുത്തവർഗക്കാർ പലായനം ചെയ്‌താൽ അവർ അടിമത്തത്തിൽ നിന്നും മോചിക്കപെടില്ല എന്നും , കറുത്ത വർഗക്കാരൻ ആയ പുരുഷന് ഒരു വെള്ളക്കാരന്റെ അഞ്ചിൽ മൂന്ന് ഭാഗം ആയി മാത്രം ആണ് പരിഗണിക്കപ്പെടുക എന്നും അമേരിക്കൻ ഭരണഘടനയിൽ എഴുതപ്പെട്ടു (ഇത് ഓരോ സ്റ്റേറ്റുകളിൽ ഉള്ള ജനപ്രതിനിധികളുടെ എണ്ണം നിശ്ചയിക്കുന്നതിന് വേണ്ടി ആണ് എന്ന് പറയപ്പെടുന്നു). അമേരിക്കയുടെ വടക്കു ഭാഗം വ്യാവസായിക വിപ്ലവത്തിന്നു ഊന്നൽ നൽകി, നിരവധി ഫാക്ടറികളും മറ്റു തൊഴിൽശാലകളും ആയിരുന്നു ഈ ഭാഗത്തെ പ്രധാന വ്യാവസായം, ഇവിടങ്ങളിൽ സ്വതന്ത്രർ ആയ കറുത്തവർഗക്കാർ ആയിരുന്നു തൊഴിലാളികൾ, അമേരിക്കയുടെ വടക്കു കിഴക്കു ഭാഗത്തുള്ള പല സ്റ്റേറ്റുകളും അടിമത്തം അവസാനിപ്പിച്ചു, അതേസമയം തെക്ക്ഭാഗത്തുള്ള സ്റ്റേറ്റുകളുടെ അവസ്ഥ പഴയപോലെ തുടർന്നു, അവിടങ്ങളിൽ പ്രധാന വ്യവസായം എസ്റ്റേറ്റുകളും കൃഷിയും തന്നെ ആയിരുന്നു , ഭൂ ഉടമകൾ ആയ വെള്ളക്കാർ അടിമത്തം അവസാനിപ്പിക്കുവാൻ തയ്യാറായിരുന്നുമില്ല. പതിറ്റാണ്ടുകൾക്കപ്പുറം ജനാധിപത്യം അമേരിക്കയിൽ കുറചു കൂടി ശക്തി പ്രാപിച്ചു എല്ലാ വെള്ളക്കാരായ പുരുഷന്മാർക്കും വോട്ടവകാശം ലഭിച്ചു , ഒന്നിലധികം പാർട്ടികളും നിലവിൽ വന്നു , അടിമത്തത്തിനു എതിരെ പ്രവർത്തിക്കുന്ന അബൊളിഷനിസ്റ്റുകൾ ശക്തർ ആയി, അബൊലിശനിസ്റ് ആശയത്തിനോട് ചായ്‌വ്‌ള്ള നിലപാടും ആയി എബ്രഹാം ലിംകൺ അധികാരത്തിൽ എത്തി. അടിമത്തം ഘട്ടം ഘട്ടം ആയി കാലക്രമത്തിൽ സമൂഹത്തിൽ നിന്നും ഇല്ലാതെ ആകണം എന്നും , ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അമേരിക്ക കോളനിവത്കരണം നടത്തി കറുത്തവർഗക്കാരെ അവിടേക്ക് മാറ്റണം എന്നും ആയിരുന്നു ലിങ്കണിന്റെ നിലപാട്.

അബൊളിഷനിസ്റ്റുകൾ ശക്തർ ആകുന്നതു കണ്ടു എബ്രഹാം ലിങ്കണിന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാതെ തെക്കൻ സംസ്ഥാനങ്ങൾ വിഘടിച്ചു കോൺഫെഡറേറ്റ് രൂപീകരിച്ചു, അമേരിക്കൻ യൂണിയനും ആയി സിവിൽ വാർ ആരംഭിച്ചു, അടിമത്തം നിലനിർത്തുവാൻ ആയി മറ്റൊരു രാജ്യം രൂപീകരിക്കുക എന്നതായിരുന്നു ലക്‌ഷ്യം, യൂണിയനോട് ചേർന്ന് നിൽക്കുന്ന തെക്കൻ സ്റ്റേറ്റുകളുടെ അതിർത്തി പങ്കിടുന്ന ബോർഡർ സ്റ്റേറ്റുകളിലും അടിമത്തം വ്യാപകം ആയിരുന്നു, സിവിൽ വാറിൽ ഇവരെ പിണക്കുവാൻ സാധിക്കില്ല. അടിമത്തം ഒറ്റയടിക്കില്ലാതാക്കുവാൻ ലിങ്കണ് ആദ്യകാലത്തു താല്പര്യവും ഇല്ലായിരുന്നു എന്നിരുന്നാലും ഒരു മിലിറ്ററി സ്ട്രാറ്റജി എന്ന നിലക്ക് കോൺഫെഡറേറ്റ് സ്റ്റേറ്റുകളിൽ നിന്നും യൂണിയൻ ആര്മിയിലേക്ക് വരുന്ന അടിമകളെ സ്വതന്ത്രർ ആക്കികൊണ്ട് ലിങ്കൻ ഉത്തരവിറക്കി. ഇത് തെക്കൻ സംസ്ഥാനങ്ങൾക്ക് മാത്രം ആയിരുന്നു ബാധകം, നിരവധി കറുത്തവർഗക്കാർ ഇതിനെ തുടർന്നു തെക്കൻസംസ്ഥാങ്ങളിൽ നിന്നും യൂണിയൻ ആർമിയിൽ ചേരുകയും ചെയ്തു. സിവിൽ വാറിൽ യൂണിയൻ വിജയിച്ചു. രണ്ടു വര്ഷത്തിനപ്പുറം റിപ്പബ്ലിക്കൻ പാർട്ടി അംഗം ആയിരുന്ന ലിങ്കണിന്റെ നേതൃത്വത്തിൽ അടിമത്തം നിരോധിക്കുവാൻ ഒരു ബില് കൊണ്ടുവന്നു എങ്കിലും ഡെമോക്രറ്റുകൾ അതിനെ എതിർത്ത് തോൽപ്പിചു. ആ വര്ഷം തന്നെ നടന്ന തിരഞ്ഞെടുപ്പിൽ ലിങ്കൻ വീണ്ടും അധികാരത്തിൽ എത്തി , ഇത്തവണ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്നു, ഇത് ഉപയോഗപ്പെടുത്തി അമേരിക്കൻ ഭരണഘടനയുടെ പതിമൂന്നാമത്തെ അമ്മേൻഡ്മെന്റ് എന്ന പ്രസിദ്ധമായ അടിമത്ത നിരോധന ഭേദഗതി പാസ് ആക്കി. അടിമകൾ ആയി ഉണ്ടായിരുന്ന എല്ലാ കറുത്തവർഗക്കാരും നിയമം മൂലം സ്വതന്ത്രർ ആയി.

തുടർന്നുള്ള വർഷങ്ങളിൽ പതിനാലാം ഭരണഘടനാ ഭേദഗതി കറുത്ത വർഗക്കാരെ മുഴുവൻ പൗരൻ ആയി അംഗീകരിക്കുകയും പതിനഞ്ചാം ഭേദഗതി കറുത്ത വർഗക്കാർക്കു വോട്ടവകാശം നല്കുകയും ചെയ്തു . അടിമത്തം നിലനിർത്തുവാൻ ആയി ബ്രിട്ടനുമായുള്ള യുദ്ധവും പിനീട് സിവിൽ വാറും മറ്റു സാഹസങ്ങളെയും എല്ലാം പരാജയപ്പെടുത്തി മനുഷ്യത്വം വിജയിച്ചു . 1870ഇൽ ആണ് കറുത്തവർഗക്കാർക്ക് വോട്ടവകാശം ലഭിച്ചത്, (വനിതകൾക്കു വോട്ടവകാശം ലഭിച്ചത്1920ഇൽ ആണ് ). പിന്നീടൊരു 139 വര്ഷങ്ങള്ക്കു ശേഷം അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ബരാക് ഒബാമ, ഒരു കറുത്തവർഗക്കാരൻ, പ്രസിഡന്റ് ആയി, അതായത് അമേരിക്ക സ്വതന്ത്ര്യം ആയതിന് 233 വര്ഷങ്ങള്ക്കു ശേഷം.