വിപണിയില്‍ നിന്നും അംബാസിഡര്‍ പിന്‍വലിയുന്നു – അംബാസിഡര്‍ ചരിതം

279

ambassador

ഇന്ത്യയിലെ പ്രമുഖകാര്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്  അംബാസിഡര്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തിവച്ചു. വന്‍കിട കമ്പനികളുടെ പുതിയ മോഡലുകള്‍ വിപണി കയ്യടക്കിയതോടെ അംബാസിഡര്‍ കാറുകളുടെ വില്‍പ്പന വന്‍തോതില്‍ കുറയുകയും, കമ്പനിക്ക്  നഷ്ടം സഹിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥ സംജാതമായതിനാലാണ് പ്ലാന്റ് അനിശ്ചിതകാലത്തേക്ക് അടച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശനിയാഴ്ച്ചയാണ് പശ്ചിമബംഗാളിലെ കാര്‍ നിര്‍മാണ പ്ലാന്റ്  അടച്ചത്.

ബ്രിട്ടീഷ് കാര്‍ മോറിസ് ഓക്‌സ്‌ഫോഡിനെ അടിസ്ഥാനമാക്കി 1957 ല്‍ നിര്‍മ്മാണം തുടങ്ങിയ അംബാസിഡര്‍ കാറുകള്‍ക്ക് 60 വര്‍ഷത്തോളം ഇന്ത്യന്‍ നിരത്തുകളെ അടിക്കിവാഴാന്‍ കഴിഞ്ഞു. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അധികാരത്തിന്റെ പ്രതീകമായി ഏറെക്കാലം അംബാസിഡര്‍ തുടര്‍ന്നു. അടുത്തകാലംവരെ രാജ്യത്തെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്നത് ഈ കാറിലായിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ടാക്‌സി ഉടമകളുടെ ഏറ്റവും പ്രിയ വാഹനമായി അംബാസിഡര്‍ ഇന്നും തുടരുന്നു.

ഇനി അല്പം അംബാസിഡര്‍ ചരിതം..

 

ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് എന്ന കാര്‍ നിര്‍മ്മാണ കമ്പനി പുറത്തിറക്കിയ ഒരു മോഡലാണ് ഹിന്ദുസ്ഥാന്‍ അംബാസഡര്‍ കാര്‍. 1958 പുറത്തിറക്കിയ ഈ കാറിന്റെ രൂപകല്പന യുണൈറ്റഡ് കിങ്ഡത്തിലെ മോറിസ് ഓക്‌സ്‌ഫോര്‍ഡ് എന്ന കാറിനെ അടിസ്ഥാനപ്പെടുത്തിയാണ്. കൊല്‍ക്കത്തയിലെ ഉത്തര്‍പാറയിലെ പ്ലാന്റിലാണ് ഈ കാര്‍ നിര്‍മ്മിക്കുന്നത്. 2002വരെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡര്‍. ഇന്നും ഇന്ത്യയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും യാത്രക്കായി ഉപയോഗിക്കുന്നത് ഈ വാഹനമാണ്. വിദേശവിനോദസഞ്ചാരികളും ഇന്ത്യന്‍ നിരത്തിലെ അവരുടെ യാത്രയ്ക്കായി അംബാസഡര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്. ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യന്‍ നിരത്തുകളിലൂടെയുള്ള സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യപെട്ട കാറായി അംബാസഡര്‍ കണക്കാക്കപ്പെടുന്നു. ആദ്യ കാലത്ത് പെട്രോള്‍ ഏഞ്ചിനില്‍ മാത്രം ഇറങ്ങിയിരുന്ന അംബാസഡര്‍ ഇന്ന് പെട്രോളിനു പുറമേ ഡീസലിലും എല്‍.പി.ജി.യിലും ലഭ്യമാണ്.