എങ്ങനെയാണ് ആംബര്‍ഗ്രിസിനെ പെര്‍ഫ്യൂമാക്കി മാറ്റുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

മനുഷ്യര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം പലതരത്തിലാണ് നിര്‍മ്മിക്കുന്നത്. സവിശേഷമായ പല പ്രക്രിയകളും കടന്നാണ് വിലയേറിയ പല പെര്‍ഫ്യൂമുകളും വിപണിയിലെത്തുന്നത്. എന്നാല്‍ കടലിലെ ജീവികളില്‍ നിന്നും പെര്‍ഫ്യൂം ഉണ്ടാക്കുന്നുണ്ട്.കോടികള്‍ വിലമതിക്കുന്നതും അപൂര്‍വവുമായ വസ്തുവാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് എന്ന് നമുക്കറിയാം. സ്പേം തിമിംഗിലങ്ങളുടെ (Sperm Whales) ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബർഗ്രീസ്. തീപിടിക്കുന്നതും ചാരനിറമുള്ളതുമായ അത്, മുൻകാലങ്ങളിൽ, സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഇപ്പോൾ അതിന്റെ സ്ഥാനം മിക്കവാറും കൃത്രിമമായി നിർമ്മിക്കപ്പെട്ട വസ്തുക്കൾ കയ്യടക്കിയിരിക്കുന്നു.

സ്പേം തിമിംഗിലങ്ങളുടെ കുടലിൽ ഒരു പിത്തസ്രവമായി ഉത്പാദിപ്പിക്കപ്പെടുന്ന ആംബർഗ്രീസ് കടലിൽ പ്ലവാവസ്ഥയിലും കടൽത്തീരത്തെ മണലിൽ അടിഞ്ഞും കാണപ്പെടാറുണ്ട്. ഭീമൻ കിനാവള്ളികളുടെ അധരഭാഗങ്ങൾ ആംബർഗ്രീസ് പിണ്ഡങ്ങൾക്കൊപ്പം കണ്ടുകിട്ടാറുള്ളതിനാൽ തിമിംഗിലങ്ങളുടെ കുടൽ ഇതിനെ ഉത്പാദിപ്പിക്കുന്നത് ഭക്ഷണത്തിനൊപ്പം അറിയാതെ ഉള്ളിലാവുന്ന കാഠിന്യവും മൂർച്ചയുമുള്ള വസ്തുക്കളുടെ കുടലിലൂടെയുള്ള നീക്കം എളുപ്പമാക്കാനാണെന്ന് ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നു.

സാധാരണയായി തിമിംഗിലങ്ങൾ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോടൊപ്പം ആംബർഗ്രീസ് വിസർജ്ജിക്കുന്നു. എന്നാൽ ഏറെ വലിപ്പമുള്ള ആംബർഗ്രീസ് പിണ്ഡങ്ങളെ അവ ഛർദ്ദിച്ചു കളയുകയും പതിവുണ്ട്. ആംബർഗ്രീസ് തിമിംഗില-ഛർദ്ദിയുടെ (whale-vomit) അംശമാണെന്ന ധാരണ നിലവിൽ വരാൻ അത് കാരണമായി.അറ്റ്ലാന്റിക് സമുദ്രത്തിന്റെ ബ്രസീൽ, മഡഗാസ്കർ തീരങ്ങളിലും; ആഫ്രിക്ക, പൂർവേന്ത്യൻ ദ്വീപുകൾ, മാലദ്വീപ്, ചൈന, ജപ്പാൻ, ഇൻഡ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, മൊളൂക്കാ ദ്വീപുകൾ എന്നിവയുടെ തീരങ്ങളിലും ആംബർഗ്രീസ് കാണാറുണ്ട്. വ്യാവസായികാവശ്യങ്ങൾക്കുവേണ്ടി ആംബർഗ്രീസ് ശേഖരിക്കപ്പെടുന്നത് ഏറെയും ബഹാമാസ്, പ്രൊവിഡൻസ്, കരീബിയൻ ദ്വീപുകളിൽ നിന്നാണ്.

പെര്‍ഫ്യൂമുകളുടെ നിര്‍മ്മാണത്തിന് ആംബര്‍ ഗ്രിസിനെ പ്രധാനമായും ഉപയോഗിക്കുന്നു. തിമിംഗലത്തിന്റെ ശരീരത്തിന് പുറത്തെത്തു മ്പോള്‍ ആംബര്‍ഗ്രിസിന് അതിരൂക്ഷമായ ദുര്‍ഗന്ധമാണ്. എന്നാല്‍, കട്ടികൂടുന്നതോടെ ദുര്‍ഗന്ധം മാറി ഏകദേശം കസ്തൂരിയ്ക്ക് സമാനമായ നേരിയ സുഗന്ധം ഉണ്ടാകുന്നു. ആംബര്‍ഗ്രിസില്‍ നിന്ന് ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ അധിഷ്ഠിതമായ ആംബ്രിന്‍ എന്ന വസ്തു വേര്‍തിരിച്ചെടുക്കുന്നു. പെര്‍ഫ്യൂമുകളിലെ സുഗന്ധം കൂടുതല്‍ കാലം നിലനില്‍ക്കാന്‍ ഇത് സഹായിക്കുന്നു.
ആംബര്‍ഗ്രിസിന്റെ നിറം അനുസരിച്ചാണ് പെര്‍ഫ്യൂമുകളുടെ നിലവാരവും അളക്കുന്നത്. നേര്‍ത്ത വെള്ള നിറത്തിലെ ആംബര്‍ഗ്രിസാണ് ഏറ്റവും ശുദ്ധവും വിലകൂടിയതും. ഇതില്‍ നിന്ന് നിര്‍മ്മിക്കുന്ന പെര്‍ഫ്യൂമുകളാണ് ഏറ്റവും ഗുണനിലവാരം കൂടിയവയായി കണക്കാക്കു ന്നത്. കറുത്ത നിറത്തിലെ ആംബര്‍ഗ്രിസിനാണ് വില കുറവ്. കാരണം, ഇതില്‍ ആംബ്രിന്റെ അളവ് കുറവാണ്. ആംബര്‍ഗ്രിസിന്റെ നിറമാറ്റത്തിന് പിന്നില്‍ ഓക്‌സിഡേഷന്‍ പ്രക്രിയയാണ്. കടലുമായും വായുവുമായും കൂടുതല്‍ കാലം സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

ആംബർഗ്രീസ് വ്യത്യസ്ത ആകൃതികളും വലിപ്പവുമുള്ള പിണ്ഡങ്ങളായി കാണപ്പെടാറുണ്ട്. പതിനഞ്ചു ഗ്രാം മുതൽ 50 കിലോഗ്രാമോ അതിലധികമോ വലിപ്പമുള്ള പിണ്ഡങ്ങൾ കാണപ്പെടുന്നുണ്ട്. തിമിംഗിലങ്ങൾ വിസർജ്ജിച്ച ഉടനേയുള്ള അവസ്ഥയിൽ, കറുപ്പ് ഇടകലർന്ന മങ്ങിയ വെള്ളനിറവും, നെയ്യിന്റെ മൃദുത്വവും, തീവ്രമായ വിസർജ്ജ്യഗന്ധവുമാണ് ഇതിനുള്ളത്. തുടർന്ന് സമുദ്രോപരിതലത്തിൽ മാസങ്ങളോ വർഷങ്ങൾ തന്നെയോ വെയിലേറ്റുകിടക്കുമ്പോഴുണ്ടാകുന്ന രാസ-ഭൗതിക പരിവർത്തനങ്ങൾക്കൊടുവിൽ ഖനീഭവിക്കുന്ന അതിന്, കടുത്ത ചാരമോ കറുപ്പോ നിറവും പരുപരുത്ത ഉപരിതലവും ഉണ്ടാകുന്നു. ഒരേസമയം മധുരവും, ഭൗമവും സാമുദ്രികവും, മൃഗീയവും ആയ ഗന്ധം അപ്പോൾ അതിന് കിട്ടുന്നു. അത്ര തന്നെ നിശിതമല്ലെങ്കിലും, ആംബർഗ്രീസിന് ഐസോപ്രൊപാനോളിന്റെ ഗന്ധമാണെന്ന് പറയാറുണ്ട്.
പക്വമായ ഈ അവസ്ഥയിൽ ആംബർഗ്രീസിന്റെ ആപേക്ഷിക സാന്ദ്രത 0.780 മുതൽ 0.926 വരെ ആണ്. 62 ഡിഗ്രി സെന്റിഗ്രേഡിൽ ഉരുകി അത് മഞ്ഞനിറമുള്ള കൊഴുത്ത ദ്രവമായി പരിണമിക്കുന്നു. ഈതറിലും എണ്ണകളിലും ആംബർഗ്രീസ് ലയിക്കുന്നു.ആംബർഗ്രീസിന് അമ്ലങ്ങളുമായി കാര്യമായ പ്രതിപ്രവർത്തനമില്ല. അസംസ്കൃതമായ ആംബർഗ്രീസിനെ ചാരായത്തിലിട്ട് ചൂടാക്കി കിട്ടുന്ന ലായനിയെ തണുപ്പിച്ചാൽ ആംബറീൻ എന്നറിയപ്പെടുന്ന വസ്തുവിന്റെ വെളുത്ത പരലുകൾ വേർതിരിഞ്ഞു കിട്ടും.

കസ്തൂരിയെപ്പോലെ ആംബർഗ്രീസും സുഗന്ധദ്രവ്യങ്ങളുടേയും ലേപനങ്ങളുടേയും നിർമ്മാണത്തിനാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ആംബർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ഇന്നും ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിലെ സുഗന്ധലേപനനിർമ്മാതാക്കൾ, അതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ സന്നിഗ്ധത മൂലം മിക്കവാറും അത് ഉപയോഗിക്കാറില്ല. പുരാതന ഈജിപ്തിൽ ആംബർഗ്രീസ് ധൂപാർച്ചനക്ക് ഉപയോഗിച്ചിരുന്നു. ആധുനിക ഈജിപ്തിലാകട്ടെ അത് സിഗരറ്റുകൾക്ക് സുഗന്ധം പകരാൻ ഉപയോഗിക്കുന്നു.. പുരാതനചൈനയിൽ ആംബർഗ്രീസ് “വ്യാളിയുടെ തുപ്പൽ” (Dragon’s spittle) എന്നറിയപ്പെട്ടു.. കറുത്തമരണം എന്നപേരിൽ യൂറോപ്പിനെ ബാധിച്ച പ്ലേഗ് മഹാമാരിയുടെ സമയത്ത് ആംബർഗ്രീസിന്റെ ശകലം കയ്യിൽ കൊണ്ടുനടക്കുന്നത് പ്ലേഗ് ബാധയിൽ നിന്ന് രക്ഷപെടാൻ സഹായിക്കുമെന്ന് ജനങ്ങൾ കരുതി.ഭക്ഷണത്തിന് സുഗന്ധം ചേർക്കാൻ കൂടി ഉപയോഗിച്ചിരുന്ന ആംബർഗ്രീസിന്, രതിസം‌വർദ്ധനക്ഷമതയുണ്ടെന്നും കരുതപ്പെട്ടിരുന്നു. മദ്ധ്യയുഗങ്ങളിൽ യൂറോപ്പിലുള്ളവർ ആംബർഗ്രീസ് തലവേദന, ജലദോഷം അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിച്ചു.

മുൻകാലങ്ങളിൽ ആംബർഗ്രീസിന്റെ ഏറ്റവും പ്രധാന വ്യാവസായികപ്രാധാന്യം സുഗന്ധദ്രവ്യങ്ങളുടെ രസതന്ത്രവുമായി ബന്ധപ്പെട്ടായിരുന്നു. അതിനു പുറമേ ചികിത്സാവിദ്യയിലും ഭക്ഷണസാധനങ്ങളിൽ ഗന്ധം ചേർക്കാനും അത് ഉപയോഗിച്ചിരുന്നു. സുഗന്ധദ്രവ്യങ്ങളിലെ ഉപയോഗം മൂലം ആംബർഗ്രീസ് ചരിത്രത്തിലുടനീളം വിലമതിക്കപ്പെട്ടിരുന്നു. എന്നാൽ ഗുണത്തികവുള്ള ആംബർഗ്രീസ് ആവശ്യമനുസരിച്ച് മുടങ്ങാതെ കിട്ടുമെന്ന് ഉറപ്പാക്കുക ബുദ്ധിമുട്ടായിരുന്നു. ആംബർഗ്രീസിന്റെ ദുർല്ലഭതയും അതിന് കൊടുക്കേണ്ടിവന്ന വിലയും മൂലം, സുഗന്ധദ്രവ്യനിർമ്മാതാക്കളും മറ്റും അതിന്റെ സ്ഥാനത്ത് ഉപയോഗിക്കാൻ സ്വാഭാവികമോ സംസ്കൃതമോ ആയ മറ്റു വസ്തുക്കൾ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ കണ്ടെത്തിയ വസ്തുക്കളിൽ ഏറ്റവും പ്രധാനമായവ ആംബോക്സാൻ, ആംബ്രോക്സ്, അതിന്റെ സ്റ്റീരിയോഐസോമറുകൾ എന്നിവയാണ്. ഈ വസ്തുക്കൾ ആംബർഗ്രീസിന് പകരം ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു..

2006-ൽ സാധാരണ ഗുണമുള്ള ഒരു ഗ്രാം അസംക്സൃത ആംബർഗ്രീസിന് പത്ത് അമേരിക്കൻ ഡോളർ വിലയുണ്ടായിരുന്നു. ഗുണത്തികവേറിയതിന്റെ വില ഇതിനേക്കാൾ വളരെ അധികവുമായിരുന്നു.[5][6] അമേരിക്കൻ ഐക്യനാടുകളിൽ, ആംബർഗ്രീസ് ഇറക്കുമതി ചെയ്യുന്നതും, തീരത്ത് വന്നടിയുന്നതടക്കമുള്ള ആംബർഗ്രീസിന്റെ കൊടുക്കൽ വാങ്ങലും 1972-ലെ സമുദ്രസ്തന്യപസം‌രക്ഷണ നിയമത്തിന്റെ ലംഘനമായി പരിഗണിക്കപ്പെട്ടിരുന്നു. 2001-ൽ ഈ നിയമവ്യാഖ്യാനം അടിസ്ഥാനമില്ലാത്തതാണെന്ന് തീരുമാനമായി. തിമിംഗിലങ്ങൾ ശരീരത്തിൽ നിന്ന് സ്വാഭാവികമായി ബഹിഷ്കരിക്കുന്ന വസ്തു എന്ന നിലയിൽ ആംബർഗ്രീസ് തിമിംഗിലവ്യവസായത്തിന്റെ(whaling industry) ഉല്പന്നമല്ല എന്ന വാദമാണ് ഈ തീരുമാനത്തിനുപിന്നിൽ ഉണ്ടായിരുന്നത്.ഇന്ത്യയിൽ ആംബർഗ്രിസ് കൈവശം വെക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്

You May Also Like

‘ഡിജിറ്റൽ വില്ലേജ്’ വീഡിയോ ഗാനം

‘ഡിജിറ്റൽ വില്ലേജ്’ വീഡിയോ ഗാനം ഋഷികേശ്, അമൃത്, വൈഷ്ണവ്,സുരേഷ് എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി…

പുകയുന്ന പ്രൊജക്ടർ

പുകയുന്ന പ്രൊജക്ടർ Sanuj Suseelan യാദൃശ്ചികമായി ടിവിയിൽ “വെള്ളിത്തിര” എന്ന സിനിമയിലെ പാട്ടു കാണാനിടയായി. ഒരു…

“അജിത്ത് ജെന്‍റില്‍മാന്‍ അല്ല, വെറും ഫ്രോഡ്”, തെളിവുകൾ നിരത്തി നിർമ്മാതാവ്

അജിത്ത് തമിഴ് സിനിമയിലെ ഒരു മുന്‍നിര താരമാണ്.തമിഴ്നാട്ടിൽ അജിത്തിന് വലിയ ആരാധകവൃന്ദമുണ്ട് പൊതുവേദിയില്‍ അധികം പ്രത്യക്ഷപ്പെടാത്ത…

മമ്മൂട്ടിയുടെ ‘റോഷാക്കും’, റോഷാക്ക് ഇങ്ക്ബ്ലോട്ട് ടെസ്റ്റും

അനിൽ കുമാർ.കെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മമ്മൂട്ടിയുടെ ‘റോഷാക്കും’, റോഷാക്ക് ഇങ്ക്ബ്ലോട്ട് ടെസ്റ്റും മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ…