അംബിക (സീനിയർ): അന്നും ഇന്നും

1139

അംബിക (സീനിയർ): അന്നും ഇന്നും. ആർ. ഗോപാലകൃഷ്ണന്റെ (Gopal Krishnan)പോസ്റ്റ്
—————-

ഒരുകാലത്ത് മലയാള ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന നായിക, അംബിക. ഇന്ന് അംബികാ സുകുമാരൻ എന്ന പ്രവാസി (അമേരിക്കൻ) മലയാളായി…. അംബിക (സീനിയർ) എന്ന് വിശേഷിപ്പിച്ചില്ലങ്കിൽ ‘നീലത്താമര’ (ആദ്യപതിപ്പ്) വഴി കടന്നുവന്ന കല്ലറ സരസമ്മ മകൾ ‘അംബിക’യെ ആണ് പുതു തലമുറ ഓർക്കുക….

‘കുപ്പിവള’, ‘കണ്ടംബെച്ചകോട്ട്’, ‘കടത്തുകാരന്‍’, ‘മുടിയനായ പുത്രന്‍’, ‘കുട്ടിക്കുപ്പായം’, ‘സുബൈദ’, ‘നിണമണിഞ്ഞ കാൽപ്പാടുകൾ’,’തുറക്കാത്ത വാതിൽ’, ‘തച്ചോളി ഒതേനൻ’ ,’വിരുതൻ ശങ്കു’, ‘ആദ്യകിരണങ്ങൾ’, ‘ശബരിമല ശ്രീ ധർമ്മസാസ്താ’, ‘ഓമനക്കുട്ടൻ’, ‘കാത്തിരുന്ന നിക്കാഹ്’, ‘കടലമ്മ’, ‘സ്കൂൾ മാസ്റ്റർ’, ‘കണ്ടംബെച്ച് കോട്ട്’, ‘ചെകുത്താൻ്റെ കോട്ട’, ‘കുപ്പിവള’ തുടങ്ങി ധാരാളം ചിത്രങ്ങൾ… അമ്പതുകളിലും ആറുതുകളിലും എഴുപതുകളിലുമായി അനേകം (74 മലയാളം) സിനിമകളിൽ അംബിക അഭിനയിച്ചിട്ടുണ്ട്.

“സ്വന്തം ശബ്ദം (അത് വളരെ നുനുത്തതും ഭാവപൂർണ്ണവും ആയിരുന്നു) എന്നും ഉപയോഗിച്ചിരുന്നു അംബിക. ഒരിയ്ക്കലും ഡബ്ബിങ് വേണ്ടി വന്നിട്ടില്ല… -ബാബുരാജിന്റെ സംഗീതം, പി . ലീല യുടെ ശബ്ദം, അംബികയുടെ അഭിനയം : അതൊരു ക്ലാസിക് കോമ്പിനേഷൻ ആയിരുന്നു!” എന്ന് Ethiran Kathiravanഅഭിപ്രയപ്പെടുന്നു…. “മാഗസിനുകൾ അവരെക്കുറിച്ച് എന്താണെഴുതാത്തത് എന്നൊക്കെ പലവട്ടം ഞാൻ ഓർക്കുമായിരുന്നു – എന്റെ മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞ ആ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിന്റെ രാജകുമാരിയായിരുന്നു അംബിക – കണ്ണീർക്കഥകളിൽ അവരെ ഒന്ന് പ്രത്യേകം തന്നെ കാണണം…” കഥാകൃത്ത് Jyothiraj Vb പറയുന്നു…

“കന്നിനിലാവത്തു കസ്തൂരി പൂശുന്ന…” – ‘തച്ചോളി ഒതേനൻ’:

“ഇതുമാത്രം ഇതുമാത്രം ഓർമ്മവേണം…” – ‘നിണമണിഞ്ഞ കാൽപാടുകൾ’:

അംബിക തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ്. പഴയകാല നായികമാരായ, അതിപ്രശസ്‌തരായ, തിരുവിതാംകൂർ സഹോദരിമാരായ ‘ലളിത – പത്മിനി – രഗിണി’മാരുടെ മാതൃ-സഹോദരിയായ മാധവിക്കുട്ടിയമ്മയുടെയും, എം രാമവർമ്മരാജയുടെയും മകൾ. റീജൻ്റ് മഹാറാണിയുടെ സഹോദരനായിരുന്നു രാമവർമ്മയാണ് അച്ഛൻ. ‘തിരുവിതാംകൂര്‍‌ സഹോദരിമാരുടെ’ തിളക്കമാർന്ന നൃത്തപ്രകടനങ്ങളും, അഭിനയവും ഒക്കെയാണ് അംബികയ്ക്കും നൃത്തം ചെയ്യുവാനും സിനിമയിൽ അഭിനയിക്കുവാനുമൊക്കെയുള്ള പ്രചോദനമായത്. വളരെ ചെറുപ്പത്തിൽത്തന്നെ നൃത്തം അഭ്യസിക്കുവാൻ ആരംഭിക്കുകയും, ലളിത-പത്മിനി-രാഗിണിമാർക്കൊപ്പം പല വേദികളിലും നൃത്തപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

‘ഉമ്മിണി തങ്ക’ – രാഗിണിയോടൊപ്പം ഗീതോപദേശം:

പ്രശസ്ത നർത്തകൻ ശ്രീ ഗുരുഗോപിനാഥിന്റെ കീഴിലായിരുന്നു അംബിക നൃത്തം അഭ്യസിച്ചത്. നർത്തകിയായി അറിയപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അംബികയ്ക്ക് വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ ഒരു നൃത്തം അവതരിപ്പിക്കുവനുള്ള അവസരം ലഭിക്കുന്നത്. അങ്ങിനെ 1952 ൽ വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ ഒരുനൃത്തം അവതരിപ്പിച്ചുകൊണ്ട് അംബിക തന്റെ സിനിമാപ്രവേശനത്തിന് തുടക്കം കുറിച്ചു. 1956 ൽ കൂടപ്പിറപ്പ് എന്ന ചിത്രത്തിലാണ് അംബിക ആദ്യമായി നായികയാകുന്നത്. സത്യൻ. പ്രേംനസീർ. മധു എന്നിവരുടെ നായികയായി അംബിക ധാരാളം സിനിമകളിൽ അഭിനയിച്ചു.. തന്റെ നായകന്മാരോടൊപ്പം തുല്യപ്രാധാന്യമുള്ള ശക്തമായ നായികാകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുവാൻ അംബികയ്ക്കു കഴിഞ്ഞു.

ഒട്ടേറെ സിനിമകളിൽ ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അംബികയ്ക്ക് പ്രേക്ഷകാംഗീകാരം ആവോളം ലഭിച്ചിരുന്നു. ‘ഉമ്മിണിത്തങ്ക’, ‘തച്ചോളി ഒതേനൻ’, ‘ആദ്യകിരണങ്ങൾ’, ‘സ്കൂൾ മാസ്റ്റർ’, ‘കുടുംബിനി, ‘നിത്യകന്യക, ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍, ‘ചേട്ടത്തി’, ‘കാത്തിരുന്ന നിക്കാഹ്’, ‘കായംകുളം കൊച്ചുണ്ണി’, ‘മൂടുപടം’, ‘നദി’, ‘മൂലധനം’, ‘അമ്മയെ കാണാന്‍’, ‘കുട്ടിക്കുപ്പായം’ എന്നിങ്ങനെയുള്ള പഴയ ചിത്രങ്ങളിൽ അംബിക ഉജ്ജ്വലമാക്കിയ കഥാപാത്രങ്ങൾ അനവധിയാണ്. അതിൽ മിക്കവയിലും ചിത്രങ്ങളില്‍ അംബിക നായിക / ഉപനായികയായിരുന്നു. ‘വിശപ്പിന്‍റെ വിളി’ മുതല്‍ അവസാനം റിലീസായ ‘അല്ലാഹു അക്ബര്‍’ വരെ 74 മലയാളം പടത്തിലാണ് അംബിക വേഷമിട്ടത്… കൂടുതലും സത്യനും പ്രേംനസീറിനുമൊപ്പമാണ് അഭിനയിച്ചത്. മലയാളസിനിമയിലെ ആദ്യ മുഴുനീള വർണ്ണചിത്രമായ ‘കണ്ടം ബെച്ച കോട്ടി’ ലും അവര്‍ തന്നെയായിരുന്നു നായിക. മലയാളത്തിനു പുറമെ പത്തോളം തമിഴ് ചിത്രങ്ങളിലും, രണ്ട് ഹിന്ദി ചിത്രങ്ങളിലും ഒരു ഇംഗ്ളീഷ് സിനിമയിലും അംബിക അഭിനയിച്ചിട്ടുണ്ട്.

എഴുപതുകളുടെ തുടക്കത്തിൽ ‘നദി’, അരനാഴികനേരം’ തുടങ്ങിയ സിനിമകൾ അഭിയയിച്ച ശേഷം അംബിക വിവാഹിതയായി അമേരിക്കയിലേക്കു പോയി. പിന്നീട് അമേരിക്കയിൽ “അംബിക സ്കൂൾ ഓഫ് ഡാൻസ്” എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ ആരംഭിക്കുകയും ഒരു നൃത്താധ്യാപികയായി തന്റെ കലാജീവിതം തുടരുകയും ചെയ്തു. 42 വർഷമായിമായി ഭർത്താവ് സുകുമാരനോടൊപ്പം അമേരിക്കയില്‍ ന്യു ജേഴ്സിയിൽ കുടുംബിനിയായി കഴിയുകയാണിവര്‍. ഭർത്താവ് കെ.വി. സുകുമാരൻ്റെ തറവാട് പൊന്നാനി തൃക്കാവ് ‘കോഴിക്കോട്ട് കത്തിട്ടപുതിയവീട്ടില്‍’… (ന്യു ജേഴ്സി വിട്ടെന്നും 2014-ൽ ന്യൂയോർക്കിൽ ഉണ്ടായിരുന്നെന്നും ഇപ്പോൾ അവിടം വിട്ടെന്നും ഇപ്പോൾ ഇല്ലിനോയിസിലാണ് താമസം എന്നും FB ഫ്രെണ്ട്സ് അറിയിക്കുന്നു.) പ്രഭ. രമ എന്നീ രണ്ടു പെണ്മക്കളാണ് അംബിക-സുകുമാരൻ ദമ്പതികൾക്കുള്ളത്.

– ആർ. ഗോപാലകൃഷ്ണൻ പുതുക്കിയ പോസ്റ്റ്: 16/03/2019