1960-കളിൽ കൈതക്കുഴിയിലെ കല്യാണിയമ്മ നടത്തിയ സിനിമകാണാൻ സമരം എന്തെന്നറിയാമോ ?

38

Ambily Chandran

കൈതക്കുഴിയിലെ കല്യാണി അമ്മയുടെ സമരങ്ങൾ

  1. 1930 ൽ മരുത റോഡിലെ ഈഴവ തറവാട്ടിൽ നിന്ന് പാലക്കാട്ട് ഇലപ്പുള്ളിയിലെ കൈതക്കുഴി കുറവ സമുദായത്തിലെ കള്ള് ചെത്ത് കാരൻ ആയ കണ്ടുവേലനെ വിവാഹം ചെയ്തത് ആണ് കല്യാണി അമ്മയുടെ ആദ്യത്തെ സമരം. ഭർത്താവ് കണ്ടുവേലൻ ചെത്തിയെടുക്കുന്ന പനം കള്ളിൽ നിന്നും ചക്കരയുണ്ടാക്കാനും വിൽക്കാനും അവർ സഹായിച്ചു.

2.   അരി കിട്ടാനില്ലാത്ത കാലത്ത് തമിഴ് നാട്ടിൽ നിന്ന് ഊട് വഴികളിലൂടെ 25 kg നെല്ല് തലയിൽ വച്ച് കടത്തി കൊണ്ട് വന്നു അവർ. കൂറ്റൻ പാറപ്പുറങ്ങളിൽ കുഴി ഉരൽ തുരന്ന് നെല്ല് കുത്തി അരിയാക്കി വിറ്റു കാശുണ്ടാക്കാൻ അവർ കുറവ സ്ത്രീകളെ പഠിപ്പിച്ചു..

  1. കാട്ടിൽ നിന്ന് ഈറ്റ ചെത്തി കുട്ടകളും മുറങ്ങളും ഉണ്ടാക്കി ആണ് കുറവർ കഴിഞ്ഞു പോന്നത്. അത് അവർ വീടുകളിൽ കൊണ്ട് പോയി വിറ്റിരുന്നു. കല്യാണി അമ്മ ഇവർ ഉണ്ടാക്കുന്ന മുറവും കുട്ടയും പൊതു സ്ഥലങ്ങളിൽ വിൽപ്പനക്ക് വച്ചു. വീടുകളിൽ കൊടുക്കാതെ നെൽ കളങ്ങളിൽ നേരിട്ട് എത്തിച്ചു.. ഇത് അന്നത്തെ കാലത്തെ വലിയ ഒരു പ്രതിഷേധ സമരം ആയി കണക്കാക്കപ്പെടുന്നു.

4. സിനിമ സമരം :
എംജി ആറിന്റെ കടുത്ത ആരാധിക ആയിരുന്നു കല്യാണി അമ്മ. പകൽ വെളിച്ചത്തിൽ പോലും ഒറ്റക്ക് കൊഴിഞ്ഞാമ്പാറ യിലെ അങ്ങാടിയിൽ പോലും ഒറ്റക്ക് പോകാത്ത സ്ത്രീകളെ അണി നിരത്തി നേരം ഇരുട്ടുമ്പോൾ സിനിമാ കൊട്ടകയിലേക്ക് മാർച്ച് ചെയ്യിച്ചു അവർ. കല്യാണി അമ്മ മുന്നിൽ നടക്കും. നാൽപ്പതോളം സ്ത്രീകൾ പുറകിലും. ഇതാണ് സിനിമ കാണൽ സമരം. ( കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ അന്ന് ഉദയം ചെയ്തിട്ട് ഇല്ല).

5. കുടമുടച്ചു സമരം
1965–66 കാലത്തു കൈതക്കുഴിയിലുണ്ടായ കടുത്ത വേനൽ. എല്ലായിടത്തും വരൾച്ച. വെള്ളമെടുക്കാവുന്ന ഒറ്റക്കിണർപോലുമില്ല. ബോർഡ് മീറ്റിങ് നടക്കുന്ന ദിവസം നൂറോളം പേരെ സംഘടിപ്പിച്ച് എലപ്പുള്ളി പഞ്ചായത്ത് ഓഫിസ് മുറ്റത്ത് ഒഴിഞ്ഞ മൺകുടങ്ങളുമായി നിരന്നു. മുന്നിൽ കല്യാണിയമ്മ. ഓഫിസ് മുറ്റത്തു കലമുടച്ചു പ്രതിഷേധിച്ച സംഘം പിന്നീട് മേലേവീട്ടിൽ തമ്പ്രാന്റെ കിണറ്റിൽ നിന്നു വെള്ളമെടുക്കാനുള്ള അവകാശത്തിനായും പോരാടി. കുടങ്ങളുമായി കിണറിനരികിൽ ചെന്ന സമരസംഘവുമായി തർക്കം, സംഘർഷം. ഒടുവിൽ വെള്ളമെടുക്കാൻ തമ്പ്രാനു സമ്മതിക്കേണ്ടി വന്നു.

6. കുടിൽ കെട്ടി സമരം
നെൽവയലുകളിൽ കൊയ്ത്തു കഴിഞ്ഞാൽ‌ പത്തുപറ നെല്ല് തമ്പ്രാനും ഒരു പറ പണിക്കാരനും എന്നതായിരുന്നു വ്യവസ്ഥ. അനീതിയാണിതെന്നു കല്യാണിയമ്മ വാദിച്ചു. ഇതു മാറ്റണം. ആറു പറയ്ക്ക് ഒരു പറ എന്ന നിലയിലാക്കിയേ പറ്റൂ എന്നു ശഠിച്ചു ചെട്ടികുളം വാരിയമ്പാടത്തു നെൽക്കളത്തിൽ കുടിൽ കെട്ടി സമരം തുടങ്ങി. അവിടെത്തന്നെ കഞ്ഞിവച്ചും താമസമാക്കിയും പ്രതിഷേധം കനപ്പിച്ചു. ചില മുതലാളിമാർക്കു സമ്മതമായിരുന്നു. സമ്മതിക്കാൻ മടിച്ചവരുടെ നെൽക്കളങ്ങളിലെല്ലാം കുടിലുകൾ ഉയർന്നു. അവിടങ്ങളിൽ പ്രതിഷേധത്തിന്റെ അടുപ്പു പുകഞ്ഞു.
വയലുടമകൾ സർക്കാരിനു ലെവിയായി നൽകുന്ന നെല്ല് കൊണ്ടുപോകുമ്പോൾ അതു തടഞ്ഞു. പൊലീസ് ഇടപെട്ടു. ആണുങ്ങളായ പ്രതിഷേധക്കാർ ജയിലിലായി. എന്നിട്ടും സമരച്ചൂട് കുറയാതായതോടെ തമ്പ്രാക്കൻമാർ കൂലി വർധന അനുവദിച്ചു.

വിപ്ലവത്തിന്റെ തീപ്പന്തമായി കൈതക്കുഴിയിൽ സമരങ്ങൾ നയിച്ചതോടെ സോഷ്യലിസ്റ്റ് നേതാക്കൾക്കു കല്യാണിയമ്മ പ്രിയങ്കരിയായി. അവർ ശിവരാമ ഭാരതി നയിച്ച സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. അഖിലേന്ത്യാ സോഷ്യലിസ്റ്റ് നേതാക്കൾ ആയ മധുദന്തവതെയും ജോർജ് ഫെർണാണ്ടസുമെല്ലാം പാലക്കാട്ടെത്തിയപ്പോൾ മാലയിട്ടു സ്വീകരിച്ചതു കല്യാണിയമ്മയായിരുന്നു.

Ref:
1. കേരള ചരിത്രം , പുറത്തൂർ ശ്രീധരൻ. H&C books.
2. കൈതക്കുഴിയുടെ വിപ്ലവനായിക:
ഷജിൽ കുമാർ , മനോരമ online