മലയാളത്തെ ഒരുകാലത്തു വിറപ്പിച്ച സിനിമയായിരുന്നു ലിസ. അതുവരെയുള്ള ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായ മേക്കിങ് ആയിരുന്നു ലിസ. 1979 -ൽ ഇറങ്ങിയ ഈ സിനിമയുടെ അനുഭവം എഴുതുകയാണ് അമ്പിളി കമല.
Ambily Kamala
പ്രേത സിനിമകൾ എന്നും പ്രിയപ്പെട്ടവയാണ്. നാട്ടിൽ ഒരു സമയത്ത് പ്രേതകഥകൾക്കും യാതൊരു കുറവുമില്ലായിരുന്നു. സ്കൂൾക്കാലത്താണ് അടുത്തുള്ള സിനിമാ തീയറ്ററായ വീനസിൽ ലിസ കാണുന്നത്. കൊടുങ്ങല്ലൂരും പറവൂരുമുള്ള സിനിമാകൊട്ടകകളിൽ പോയി ലിസ കണ്ട ചേട്ടൻമാരും ചേച്ചിമാരും ഇങ്ങനെ പറഞ്ഞതോർക്കുന്നു പറഞ്ഞു “പേടിച്ചു വിറച്ചു പോയിട്ടാ ഞങ്ങ ഈ സിനിമ കണ്ടപ്പ”….
ഒരുപക്ഷേ മലയാള സിനിമ പ്രേക്ഷകരെ ഏറ്റവും അധികം ഭയപ്പെടുത്തിയ പ്രേത സിനിമ ലിസ ആയിരിക്കാം, സാങ്കേതികത ഉപയോഗിച്ചുള്ള കെട്ടുകാഴ്ചകളോ വിഷ്വൽ ഇഫക്ട്സുകളുടെ തലകുത്തിമറച്ചിലുകളോ ഇല്ലാതെ ലിസ പ്രേക്ഷകരിൽ ഭയം നിറച്ചുവെച്ചു. മഴയുള്ള ഒരു ദിവസം ഫസ്റ്റ് ഷോ കാണാനാണ് ഞങ്ങൾ പോയത് സിനിമാ കാണാൻ ഞങ്ങളുടെയൊപ്പം എറണാകുളത്തു നിന്നും രണ്ട് ദിവസം അവധിക്ക് വീട്ടിൽ നിൽക്കാൻ വന്ന സതി ചിറ്റയുടെ മകൾ പ്രിയയുമുണ്ടായിരുന്നു, കവിതയിൽ നേരത്തെ ലിസ കണ്ട അവൾ എന്നോട് പറഞ്ഞു പെട്ടെന്ന് ഭയപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ട് അത് വരുമ്പോൾ ഞാൻ നിന്റെ കയ്യിൽ പിടിക്കാം അന്നേരം കണ്ണടച്ചിരുന്നാൽ മതി അപ്പോൾ പേടിക്കില്ല. പക്ഷെ തീയറ്ററിലെത്തിയപ്പോൾ കഥ മാറി എന്നെ സഹായിക്കാമെന്ന് ഏറ്റയാൾ നല്ല ക്ലീനായി കാലുമാറി.ഭവാനിയുടെ കഥാപാത്രം ഹോസ്റ്റൽ മുറി തുറക്കുമ്പോൾ പെട്ടെന്ന് വരുന്ന കരിമ്പൂച്ചയും മറിഞ്ഞു വീഴുന്ന ദൈവത്തിന്റെ ഫോട്ടോയും വീനസിന്റെ മുഴുവൻ തൂണുകളിൽ കെട്ടിവെച്ചിരുന്ന സ്പീക്കറിന്റെ വലിയ ശബ്ദങ്ങളും കേട്ട് ഞാൻ ഭയന്നു വിറച്ച് നോക്കിയപ്പോൾ എന്റെ അടുത്ത കസേരയിൽ പ്രിയ കണ്ണടച്ച് ഇരിക്കുന്നു..
ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും പട്ടണത്തിൽ ജോലി കിട്ടി ഹോസ്റ്റലിൽ താമസിക്കുന്ന ഭവാനിയുടെ കഥാപാത്രത്തിൽ അതേറൂമിൽ നേരത്തെ താമസിച്ചിരുന്ന ലിസയുടെ ആത്മാവ് പ്രവേശിച്ച് തന്റെ മരണത്തിന് കാരണക്കാരയവരോട് പ്രതികാരം നിർവഹിക്കുന്നതാണ് ലിസയുടെ വൺലൈൻ കഥ. ഭവാനിയുടെ മുറച്ചെറുക്കനും കാമുകനുമായി പ്രേംനസീറും, ലിസയുടെ കൂട്ടുകാരിയായി വിധുബാലയും അവരുടെ കാമുകനും പോലീസ് ഓഫീസറുമായി ജയനും (നീയാണോടാ അലവലാതി ഷാജി എന്ന ഡയലോഗ് ഈ സിനിമയിലാണ് ) ലിസയായി സീമയും അവരുടെ കാമുകനായി രവികുമാറും പതിവുപോലെ വില്ലനും വില്ലത്തിയുമായി ജോസ്പ്രകാശും കനകദുർഗ്ഗയും അങ്ങനെ താരനിബിഡമായിരുന്നു സിനിമാ. പക്ഷെ എനിക്കിഷ്ടപ്പെട്ട കഥാപാത്രം പ്രേംജി അവതരിപ്പിച്ച ബാധയൊഴിപ്പിക്കാൻ വരുന്ന തിരുമേനിയായിരുന്നു.
യക്ഷഗാനവും, കള്ളിയാങ്കട്ട് നീലിയും ഭാർഗ്ഗവി നിലയവും ഒക്കെ കണ്ട് പേടിക്കാത്ത മലയാളിയെ പക്ഷെ ലിസ ഭയപ്പെടുത്തി കളഞ്ഞു. എക്സോർസിസ്റ്റിന്റെ കഥാതന്തു മലയാളത്തിൽ വിദഗ്ധമായി ഉപയോഗിച്ച സംവിധായകൻ ബേബിക്കാണ് മുഴുവൻ അഭിനന്ദനങ്ങളും. ഒടുവിൽ സിനിമ കഴിഞ്ഞ് വീട്ടിൽ വന്ന് ഉറങ്ങാൻ കിടന്നപ്പോൾ ഉറക്കം പിടിതരാതെ മാറി നിന്നു ,അടച്ചിട്ട വാതിലിൽ നോക്കി ആരാണെന്ന് ചോദിച്ചാൽ ലിസ എന്ന് എഴുതി കാണിച്ചാലോ…
**