മലയാളത്തിൽ മഹാനടൻ എന്ന് വിശേഷിപ്പിക്കാൻ എന്നും ഒരേയൊരു സത്യൻ മാഷേയുള്ളൂ, പ്രണാമങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
255 VIEWS

ഇന്ന് സത്യന്‍മാഷിന്റെ ഓര്‍മ്മ ദിനം , കുറിപ്പുകൾ വായിക്കാം

1 Ambily Kamala

” സത്യന്‍ മാഷ് അഭിനയത്തിന്‍റെ ഒരു സര്‍വ്വകലാശാലയാണ് .അദ്ദേഹത്തിന്‍റെ സിനിമകള്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ ഓരോ ചലനത്തിലും ഭാവത്തിലും നോട്ടത്തില്‍ പോലും മാഷ്‌ എന്നെ ഇപ്പോഴും അതിശയിപ്പിക്കുന്ന എന്തോ ഒന്ന് കരുതിവെക്കുന്നു…..” (കമൽഹാസന്‍).

 

 

ഇന്ന് സത്യന്‍മാഷിന്റെ ഓര്‍മ്മ ദിനം .
“ചെമ്മീന്‍” വായിക്കുമ്പോള്‍ അതിലെ പാത്രസൃഷ്ടിയില്‍ പരീക്കുട്ടിക്കും ചെമ്പന്‍കുഞ്ഞിനും ഒരുപടി താഴെ മാത്രമാണ് പളനിയുടെ സ്ഥാനമെന്ന് തോന്നിയിട്ടുണ്ട്.പക്ഷെ ചെമ്മീന്‍ അഭ്രപാളിയിലേക്ക് വരുമ്പോള്‍ പളനി പരീക്കുട്ടിക്കും ചെമ്പന്‍കുഞ്ഞിനും മുന്നിലേക്ക് അഭിനയകലയില്‍ പറയുന്ന “കളിച്ചുകയറുക” തന്നെ ചെയ്യുന്നുണ്ട്.ചാകര കടലില്‍നിന്നും കോള്മായി വരുന്ന ആ കഥാപാത്രത്തിന്‍റെ അനാഥത്വം ഒരു സീനില്‍ കൊണ്ടു മാത്രം അനുവാചാകനിലെക്ക് എത്തിക്കാന്‍ സത്യന്‍ മാഷിന് മാത്രം കഴിയുന്ന പകര്‍ന്നാട്ടം….
കണ്ടിട്ടുള്ള സത്യന്‍ സിനിമകള്‍ എന്നും അമ്പരപ്പിച്ചവയാണ്.

 

“നീലക്കുയില്‍” മുതല്‍ “പാലാട്ടുകോമന്‍” വരെ…എത്രയോ അവിസ്മരണീയമായ കഥാപാത്രങ്ങള്‍ “വെള്ളിചിലങ്കയണിഞ്ഞു കൊണ്ടൊരു പെണ്ണ്” എന്ന് പാടി കോളേജ് കുമാരന്‍ ആയിട്ട് അഭിനയിക്കുമ്പോള്‍ അന്ന്അദ്ദേഹത്തിനു 44 വയസ്സ് ആയിരുന്നു എന്ന് വായിച്ചതോര്‍ക്കുന്നു.”യക്ഷി”യിലെ മുഖം പാതി വെന്ത പ്രൊഫസര്‍ ശ്രീനിവാസന്‍, “ഒരുപെണ്ണിന്‍റെ കഥയില്‍” ഷീലയുടെ കഥാപാത്രത്തിന്റെ പ്രതികാരാന്ഗ്നിയില്‍ വേവുന്ന വിടന്‍ “ഓടയില്‍ നിന്നിലെ” പപ്പു.”വാഴ് വേമായത്തി”ലെ ഭാര്യയെ സംശയിക്കുന്ന കഥാപാത്രം “ശരശയ്യ”യിലെ ഡോക്ട്ടെര്‍ എല്ലാമെല്ലാം തന്‍റെ ശരീരത്തിന്‍റെയും ശബ്ദത്തിന്‍റെയും പരിമിതമായ സാധ്യതകളെ മറികടന്നു പ്രേക്ഷകനിലേക്ക് എത്തിയവ…….(മഹാരാജാസ് പഠനകാലത്ത് കോളേജ് ഫിലിം ഫെസ്റ്റിവലില്‍ സത്യൻ റിട്രോസ്പെക്റ്റീവ് തച്ചിനിരുന്ന് കണ്ടിട്ടുണ്ട്).

 

” ത്രിവേണി”യില്‍ സത്യന്‍ ശാരദയെ കല്യാണം കഴിക്കുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത് ഞങ്ങളുടെ സ്വന്തം മൂത്തകുന്നം അമ്പലത്തില്‍ ആണ്.ഞാനൊക്കെ ജനിക്കുന്നതിനു മുന്‍പ് നടന്ന ആ സംഭവത്തെകുറിച്ച് എത്രയോ കേട്ടിരിക്കുന്നു.പക്ഷെ ശകുന്തള ചേച്ചി പറഞ്ഞതാണ്‌ ഇന്നും ഓര്‍മ്മയിലുണ്ട് കാണാൻ സുന്ദരനല്ലാത്ത സത്യന്‍ മാഷ്‌ പക്ഷെ എന്താ പുള്ളിയുടെ അഭിനയം”.

മലയാള സിനിമയില്‍ അഭിനയ കലയുടെ ആലവട്ടവും വെഞ്ചാമരവും താലീപീലീ നെറ്റിപട്ടവും ഒക്കെ ഉണ്ടായിരുന്ന ഒരു കൊമ്പന്‍ ആയിരുന്നു മാഷ്‌. മലയാളത്തിൽ മഹാനടൻ എന്ന് വിശേഷിപ്പിക്കാൻ എന്നും ഒരേയൊരു സത്യൻ മാഷേയുള്ളൂ .പ്രണാമങ്ങൾ…

****

2 Nishadh Bala

സത്യൻ എന്ന നടന വൈഭവം

മലയാളം ഹയ്യറും ഇ എസ എല്‍ സി യും പാസായ അദ്ദേഹം സിനിമയില്‍ എത്തുന്നതിനു മുന്‍പ് തികച്ചും വൈവിധ്യമുള്ള പല ഉദ്യോഗങ്ങളിലും ഏര്‍പ്പെട്ടിരുന്നു. വിദ്വാന്‍ പരീക്ഷ ജയിച്ച ശേഷം സെന്റ്‌ ജോസഫ്‌സ് ഉള്‍പ്പെടെ മൂന്നു സ്കൂളുകളില്‍ അധ്യാപകനായി, പിന്നെ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആർക്കൈവ്സ് ഉദ്യോഗസ്ഥനായി , അതിനൊക്കെ ശേഷം 1941 –ല്‍ ഭാരത സേനയില്‍ ഭടനായി.

സുബേദാർ മുതൽ പടിപടിയായി ഓഫീസർ കമാൻഡിങ്ങ് വരെ അഞ്ചുവർഷം കൊണ്ടെത്തി. മണിപ്പൂര്‍ , ബര്‍മ്മ , മലേഷ്യ എന്നിവിടങ്ങളില്‍ സേവനം പൂര്‍ത്തിയാക്കിയ ശേഷം തിരുവിതാംകൂര്‍ പോലീസില്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ആലപ്പുഴയില്‍ സബ് ഇൻസ്പെടറായി 5 വർഷം,തിരുവനന്തപുരത്ത് ആംഡ് രിസർവ് പൊലീസിൽ എസ്.ഐ. ഇതിനിടെ ഏതാനും വർഷം ട്യുഷൻ മാസ്റ്റർ, അമെച്വർ നാടകനടൻ എന്നീ വേഷങ്ങളിലും ശോഭിച്ചു.

 

പോലീസില്‍ ജോലി ചെയ്യുന്ന സമയത്ത് കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ധാരാളം നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരെ പരിചയപ്പെട്ടു. അക്കാലത്താണ് സിനിമയില്‍ അഭിനയിക്കാനുള്ള ആശ അദ്ദേഹത്തിനുണ്ടായത്‌. 1951 –ല്‍ കൌമുദി ചീഫ് എഡിറ്റര്‍ കെ ബാലകൃഷ്ണന്‍ നിര്‍മ്മിച്ച ത്യാഗസീമയില്‍ അഭിനയിച്ചെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. വെളിച്ചം കാണാത്ത ആ ചിത്രമായിരുന്നു പിന്നീട് നിത്യവസന്ത നായകനായ പ്രേം നസീറിന്റെയും ആദ്യ സിനിമ. സത്യന്‍ അഭിനയിച്ചു ആദ്യം പുറത്തിറങ്ങിയ ചിത്രം “ആത്മസഖി” (1952) ആയിരുന്നു . എങ്കിലും 1954 –ല്‍ റിലീസായ “നീലക്കുയില്‍ ” എന്ന ചിത്രമാണ് സത്യനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്‌. 1962 –ല്‍ ഭാഗ്യജാതകം എന്ന സിനിമയില്‍ ഡബിള്‍ റോളില്‍ അഭിനയിച്ചു. 1969 –ല്‍ കടല്‍പ്പാലം എന്ന ചിത്രത്തില്‍ അച്ഛനായും മകനായും ഡബിള്‍ റോളില്‍ മികച്ച അഭിനയം കാഴ്ച വച്ച് അദ്ദേഹം ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.

തുടര്‍ന്ന് അഭിനയിച്ച 150 –ഓളം മലയാള ചലച്ചിത്രങ്ങളില്‍ അദ്ദേഹം പ്രേക്ഷകരുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അനേകം കഥാപാത്രങ്ങളെ അഭ്രപാളികളില്‍ അവതരിപ്പിച്ചു.സത്യന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ പലതും സാഹിത്യകൃതികളിലേതാണ്. ‘അരനാഴികനേര’ത്തിലെ കുഞ്ഞേനാച്ചനെ കൊട്ടാരക്കരയ്ക്ക് നല്‍കി ഒരു ചെറിയ വേഷത്തില്‍ ഒതുങ്ങിയ സത്യന്‍ എന്ന കലാകാരന്റെ വലിയ മനസ്സും അറിയാം. ഇന്നത്തെ ഏത് താരത്തിന് അങ്ങനെ സാധ്യമാകും?

 

 

ഇന്നത്തെ നായക സങ്കല്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായിരുന്നു അദ്ദേഹത്തിന്. ആസ്വാദക മനസ്സ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് അദ്ദേഹം തെളിയിച്ചു.
അവസാന കാലത്ത് അസുഖത്തിന്റെ കാഠിന്യം ശരീരത്തെ തളര്‍ത്തിയെങ്കിലും ഒന്നും മനസ്സിനെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പല സിനിമകളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

‘അനുഭവങ്ങള്‍ പാളിച്ചകള്‍’, ‘കരകാണാക്കടല്‍’, ‘പഞ്ചവന്‍കാട്’ തുടങ്ങിയ സിനിമകളിലെല്ലാം അഭിനയം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാലും ഏറ്റെടുത്ത പടം ഏങ്ങനെയും പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. പഞ്ചവന്‍കാട് എന്ന സിനിമയ്ക്കുവേണ്ടി രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു വരെ അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
കഥയും തിരക്കഥയും കഥാപാത്രങ്ങളും പൂര്‍ണമായി മനസ്സിലാക്കിയതിനുശേഷം മാത്രം സിനിമയെ സമീപിക്കുന്ന വ്യക്തിയാണ് സത്യൻ എന്ന് നടൻ മധു പറഞ്ഞത് എത്ര കൃത്യമായാണ് എന്ന് ഈയവസരത്തിൽ ഓർക്കാം…അഭിനയ ജീവിതത്തിന്റെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ പൊടുന്നനെ വിടപറഞ്ഞ മലയാള സിനിമയുടെ സ്വന്തം സത്യൻ മാസ്റ്റർ…!ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ദിനം..

**

Rajesh K Erumeli :

സത്യന്‍ വിട പറഞ്ഞിട്ട് 51 വർഷം

സംഭാഷണത്തില്‍ പുലര്‍ത്തുന്ന ചടുലതയും അനായാസമായ അഭിനയ ശൈലിയും സത്യന്‍റെ പ്രത്യേകതകളായിരുന്നു. സത്യന്‍റെ ശരീര ചലനങ്ങളെ അക്കാലത്തെ യുവാക്കള്‍ ജീവിതാനുകരണമാക്കി മാറ്റി. മലയാള സിനിമ മലയാളി തേടുന്ന സമയത്താണ് സത്യന്‍ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. മലയാളി പുരുഷന്‍റെ ശരീരശൈലിയായും സത്യന്‍റെ അഭിനയം മാറുന്നുണ്ട്. മനുഷ്യജീവിതത്തിന്‍റെ വ്യത്യസ്ത ഭാവങ്ങളെ വശ്യമായി ആവിഷ്കരിക്കാനുള്ള സത്യന്‍റെ കഴിവ് വളരെ വേഗത്തില്‍ ആരാധകരെ സൃഷ്ടിക്കാന്‍ കാരണമായി. സത്യന്‍റെ അഭിനയത്തെ വ്യത്യസ്ത കോണുകളില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യാവുന്നതാണ്. സത്യന്‍റെ ആദ്യ സിനിമ ആത്മസഖി പ്രേക്ഷകര്‍ കാര്യമായി സ്വീകരിച്ചില്ല. എന്നാല്‍ സത്യന്‍റെ ജീവിതത്തിലെ വഴിത്തിരിവു തന്നെയാണ് ഈ സിനിമ. സി.ഐ.ഡി ഇന്‍ ജംഗിള്‍, കെടാവിളക്ക്, ത്യാഗസീമ എന്നീ ചിത്രങ്ങളില്‍ സത്യന്‍ ആദ്യം അഭിനയിക്കുന്നുണ്ടെങ്കിലും അതൊന്നും പുറത്തിറങ്ങിയില്ല. ആ സമയത്താണ് ആത്മസഖി വരുന്നത്. സി.ഐ.ഡി ഇന്‍ ജംഗിള്‍ അറുപതുകളില്‍ പുറത്തിറങ്ങി.

 

1912 – ല്‍ ജനിച്ച സത്യന്‍ 1941 – ല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ കമ്മീഷന്‍സ് ഓഫീസറായി. ബര്‍മ്മാ യുദ്ധത്തിലും ഇന്ത്യാ-ചൈന യുദ്ധത്തിലും സൈനിക സേവനം ചെയ്തു. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ ക്ലാര്‍ക്കായി കുറെ കാലം ജോലി ചെയ്തു. തുടര്‍ന്ന് തിരുവിതാംകൂര്‍ പോലിസില്‍ സബ് ഇന്‍സ്പെക്ടറായി. ഈ സമയത്താണ് മെരിലാന്‍റ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന സിനിമയിലേയ്ക്ക് നടീ-നടന്മാരെ ആവശ്യമുണ്ടെന്ന പരസ്യം പത്രത്തില്‍ വരുന്നത്. ഇത് കണ്ട് സത്യനേശന്‍ എന്ന സത്യനും അപേക്ഷ അയച്ചു. സത്യനെ ഇന്‍റര്‍വ്യൂവിന് വിളിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെ സത്യന്‍ ആത്മസഖിയില്‍ നായകനായി.

ഇതുപതു വര്‍ഷം മാത്രമാണ് മലയാള ചലച്ചിത്ര ലോകത്ത് സത്യന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെങ്കിലും ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. അഭിനയത്തോടുള്ള താല്‍പര്യം കൊണ്ടാണ് എസ്.ഐ ജോലി രാജിവെച്ച് സത്യന്‍ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. താരപദവി എന്ന സങ്കല്‍പ്പമൊന്നും വികസിക്കാത്ത കാലഘട്ടമായിരുന്നു അത്. 1954 – ല്‍ നീലക്കുയില്‍ പുറത്തു വരുന്നതോടെയാണ് സത്യന്‍ എന്ന നടനെ കേരളം തിരിച്ചറിഞ്ഞത്. ചെമ്മീനിലെ പളനി, മുടിയനായ പുത്രനിലെ രാജന്‍, ഭാര്യയിലെ ബെന്നി, ഓടയില്‍നിന്നിലെ പപ്പു, മൂടുപടത്തിലെ അപ്പുക്കുട്ടന്‍, അശ്വമേധത്തിലെ ഡോക്ടര്‍ തോമസ്, കടല്‍പ്പാലത്തിലെ നാരായണ കൈമള്‍, നിങ്ങളെന്നെ കമ്യൂണിസ്റ്റ് ആക്കിയതിലെ പരമുപിള്ള, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ എന്നിങ്ങനെ നൂറ് കണക്കിന് കഥാപാത്രങ്ങളാണ് സത്യന്‍ അവതരിപ്പിച്ചത്. 145 മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്. രക്താര്‍ബുദ രോഗത്തോട് മല്ലിടുമ്പോഴും അഭിനയത്തിന് മുന്‍തൂക്കം നല്‍കിയ മഹാനായ നടന്‍ 1971 ജൂണ്‍ 15 – ന് ഈ ലോകത്തോട് വിടപറഞ്ഞു.
(Slightly edited version)

**

മലയാളത്തിന്റെ മഹാനടൻ സത്യൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 51 ആണ്ട് 💞🪄

മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടനായിരുന്നു മാനുവേൽ സത്യനേശൻ നാടാർ എന്ന സത്യൻ മാസ്റ്റർ. അധ്യാപകന്‍, ഗുമസ്തന്‍, പട്ടാളക്കാരന്‍, പൊലീസ്, നാടക നടന്‍ അങ്ങിനെ ജീവിതത്തില്‍ പലവിധ വേഷങ്ങള്‍ ചെയ്ത സത്യനേശന്‍ നാടാർ മലയാള സിനിമയിലെ സത്യന്‍ മാസ്റ്ററായത് പകരംവെക്കാനില്ലാത്ത അഭിനയ പാടവം ഒന്നുകൊണ്ടു മാത്രമാണ്.വെള്ളിത്തിരയിലെത്തിയ ആദ്യ നാളുകള്‍ മുതല്‍ അവസാന കാലഘട്ടത്തിലും അഭിനയ പ്രധാന്യമുള്ള സിനിമകളും കഥാപാത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മഹാനടനായിരുന്നു.

1912 നവംബർ 9 ന് പഴയ തിരുവനന്തപുരം തിരുമലയ്ക്കടുത്ത് ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും മകനായി സത്യൻ ജനിച്ചു. അക്കാലത്തെ ഉയർന്ന ബിരുദമായ വിദ്വാൻ പരീക്ഷ പാസായി സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. തുടർന്ന് സെക്രട്ടറിയേറ്റിൽ ഒരു വർഷത്തോളം ജോലി നോക്കി. 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി സേവനമനുഷ്ടിച്ചു പട്ടാളത്തിൽ നിന്നു പിരിഞ്ഞു തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. ആ കാലത്ത് പരിചയപ്പെട്ട സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതർ വഴി പലസിനിമ പ്രവർത്തകരെ കണ്ടെങ്കിലും അവസരം ലഭിച്ചില്ല.

 

അക്കാലത്ത് കെ. ബാലകൃഷ്ണൻ കൗമുദി എന്ന സിനിമക്ക് വേണ്ടി തയ്യാറെടുക്കുന്നു എന്നറിഞ്ഞ് അദ്ദേഹത്തെ പോയി കാണുകയും തുടർന്ന് 1951ൽ സത്യന് ത്യാഗസീമ എന്ന സിനിമയിൽ അവസരം ലഭിച്ചു. അതിനുശേഷം പോലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. തന്റെ പേർ ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു. എല്ലാ നായകരേയും പോലെ ആദ്യ സിനിമയായ ത്യാഗസീമ വെളിച്ചം കണ്ടില്ലെങ്കിലും.1952 ല്‍ പുറത്തിറങ്ങിയ ആത്മസഖി വന്‍ വിജയമായി. പിന്നെ, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ വളര്‍ച്ചക്കൊപ്പം സത്യനും വളർന്നു. പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ. ആ സിനിമ രചിച്ചത് പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു. സം‌വിധാനം ചെയ്തത് പ്രശസ്ത സം‌വിധായകൻ രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം ആയിരുന്നു. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സം‌ഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയിൽ. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.

തുടർന്ന് കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നീ സം‌വിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. സേതുമാധവൻ സം‌വിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, നീലക്കുയിലിലെ ശ്രീധരന്‍ നായര്‍, തച്ചോളി ഒതേനന്‍, ഓടയില്‍ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രഫസര്‍ ശ്രീനിവാസന്‍, മൂലധനത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് രവി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, സ്‍നേഹസീമ, ആശാദീപം, ലോകനീതി, തിരമാല എന്നീ സിനിമകളിലൂടെ സത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി.

കടല്‍പ്പാലത്തിലെ ഇരട്ട വേഷം മലയാളത്തിലെ ആദ്യ മികച്ച നടനുമാക്കി. ചെമ്മീൻ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. പുറമെ വളരെ ലളിതമെന്ന് തോന്നിപ്പിച്ച അഭിനയശൈലി അസാധ്യമായ ആഴങ്ങള്‍ ഉള്ളതായിരുന്നു. അതുകൊണ്ടാണ് ഒരുതവണയെങ്കിലും സിനിമയില്‍ സത്യനെ കണ്ടവര്‍ക്ക് സത്യന്‍ അവിസ്മരണീയനാകുന്നത്.
ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നടനും സത്യൻ തന്നെ. കടല്‍പ്പാലം എന്ന സിനിമയിലെ അഭിനയത്തിനാണ് സത്യന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. സത്യൻ ഇരട്ടവേഷത്തിലായിരുന്നു കടല്‍പ്പാലത്തില്‍ അഭിനയിച്ചത്. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രത്തിലെ നായകനും സത്യൻ ആയിരുന്നു. മരണാനന്തരവും സത്യന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കരകാണാക്കടല്‍ എന്ന സിനിമയിലെ അഭിനയത്തിന് ആണ് സത്യന് അവാര്‍ഡ് കിട്ടിയത്.

 

ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് ‘എനിക്കൊന്നുമില്ല.
ഞാനൊന്നുറങ്ങട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഒടുവിൽ, 1971 ജൂൺ 15-ന് പുലർച്ചെ 4.30 ന് 59-ാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു. മലയാളക്കര ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. സിനിമയിൽ കത്തിനിൽക്കുന്ന സമയത്ത് ഒരു നടൻ്റെ മരണം അക്കാലത്ത് അപരിചിതമായിരുന്നു. മൃതദേഹം പ്രത്യേക വിമാനത്തിൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്ത് എച്ചപ്പോൾ നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തുടർന്ന് സത്യന്റെ വീട്ടിലും വി.ജെ.ടി. ഹാളിലും പൊതുദർശനത്തിനുവച്ചശേഷം പാളയം എൽ.എം.എസ്. കോമ്പൗണ്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു. ഇന്നത്തെ നായക സങ്കല്പത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായിരുന്നു അദ്ദേഹത്തിന്. ആസ്വാദക മനസ്സ് കീഴടക്കാൻ കലർപ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് അദ്ദേഹം തെളിയിച്ചു.

“മലയാള സിനിമാലോകത്ത് അക്ഷരാർഥത്തിൽ സത്യന്റെ സിംഹാസനമുണ്ട്. പ്രമുഖ സ്റ്റുഡിയോകളിലും സത്യന്റെ വീട്ടിലും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരകളിൽ ഒന്നിരിക്കാനുള്ള മോഹവുമായി നടന്ന നടന്മാർ എക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേപ്പറ്റി പലകഥകളും ഉണ്ടായിട്ടുണ്ട്. ആരൊക്കെ അതിൽ കയറിയിരുന്നാലും സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും” ഇപ്പോഴും മാധ്യമങ്ങൾ ആ നടന് നൽകുന്ന ഏറ്റവും വലിയ ആദരവാണ്. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് മക്കൾ: പ്രകാശ്, സതീഷ്, ജീവൻ. മൂന്ന് പേരും അന്ധരായിരുന്നു. പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചു. അദ്ദേഹത്തിന്റെ കാഴ്ച വളരേ നേർത്തത് മാത്രമായിരുന്നു.

***

ആർ. ഗോപാലകൃഷ്ണൻ (2022 ജൂൺ 14)

അനശ്വര നടൻ സത്യൻ
•••••••••••••••••••
ഓർമ്മയായിട്ട്, ഇന്ന് അരനൂറ്റാണ്ട് പിന്നിട്ടു!
🔸🔸
മലയാളിളെല്ലാം, ഈ ദിവസം ഒരാളുടെ സമരണക്കുമുന്നിൽ കൈകൂപ്പുകയാണ്! 🙏
നടൻ സത്യൻ…
വേർപാടിന്റെ അമ്പത്തൊന്ന് വർഷങ്ങൾ: സ്മരണാഞ്ജലികൾ! 🌹
🌍

‘എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാൾ’‍ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന അഭിനയ പ്രതിഭ…. ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാളികളിൽ ദീപ്തസ്മരണയായി ഇന്നും നിലനിൽക്കുന്ന നടൻ…. സത്യൻ.

█ ആ വേർപാടിന്റെ രംഗങ്ങൾ:

ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. ഈ സത്യം വളരെ അടുപ്പമുള്ള ചിലരിൽ ഒതുങ്ങി നിന്നു… അല്ലങ്കിൽ രക്താർബുദം എന്ന രോഗാവസ്ഥ അത്രമേൽ ഗുരുതരമാണെന്ന് അധികമാരും കരുതിയില്ല.
‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് ‘എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഒടുവിൽ, 1971 ജൂൺ 15-ന് പുലർച്ചെ നാലരയോടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 59-വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

മലയാളക്കര ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. കത്തിനിൽക്കുന്ന സമയത്ത് ഒരു മരണം അക്കാലത്ത് അപരിചിതമായിരുന്നു. മൃതദേഹം പ്രത്യേക വിമാനത്തിൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചപ്പോൾ നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തുടർന്ന് സത്യന്റെ വീട്ടിലും വി. ജെ. ടി. ഹാളിലും പൊതുദർശനത്തിനുവച്ചശേഷം പാളയം എൽ.എം.എസ്. കോമ്പൗണ്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു.
ദൃശ്യ മാധ്യമങ്ങൾ ഇല്ലാത്ത അക്കാലത്തു നാം (ഞങ്ങൾ) സത്യൻറെ സംസ്ക്കാര ചടങ്ങുകൾ കാണാൻ അവസരം ലഭിച്ചു: മരണശേഷമുള്ള രംഗങ്ങൾ മഞ്ഞിലാസ് മൂവി ക്യാമറയിൽ പകർത്തി; ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയോടൊപ്പം പ്രദർശിപ്പിക്കുകയും ചെയ്തു.
മഞ്ഞിലാസ്സിൻ്റെ ആ ദൃശ്യ റിപ്പോർട്ട് ശബ്ദ വിവരണം ഇങ്ങനെയാണ് തുടങ്ങിയത്: ” സത്യൻ ഞങ്ങളുടെ ശക്തിയായിരുന്നു…” അതെ, അന്നത്തെ മലയാള സിനിമയുടെ ഒരു ശക്തികേന്ദ്രം തന്നെയായിരുന്നു ആ അനശ്വര നടൻ!
🌍

തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും താൻ അവതരിപ്പിച്ച കഥാപാത്ര പൊലിമകൊണ്ടും സത്യൻ മലയാളസിനിമയിൽ ഒരു സിംഹാസനം നേടി. അനേകം മികച്ച (ഒരു അർഥത്തിൽ സത്യനേക്കാൾ തികവുള്ള) നടൻമാർ വന്നിട്ടും സത്യൻറെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു.
നായക സങ്കല്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായിരുന്നു അദ്ദേഹത്തിന്. ആസ്വാദക മനസ്സ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് അദ്ദേഹം തെളിയിച്ചു.
സത്യന്റെ അഭിനയത്തെപ്പറ്റി ഒരിക്കൽ തകഴി എഴുതിയത് ഇങ്ങനെ, “കഥാപാത്രത്തെ മനസ്സിലാക്കി ആ കഥാപാത്രം ജീവിച്ചിരുന്ന ചുറ്റുപാടുകൾ മനസ്സിലാക്കി അയാളുടെ വൈകാരിക ഭാവങ്ങൾ ഉൾക്കൊണ്ടഭിനയിക്കുന്ന ഒരു നടൻ വേറെ ഇല്ല.” സത്യന്റെ നിര്യാണത്തിൽ പി.കേശവദേവ് അനുശോചിച്ചപ്പോൾ പറഞ്ഞത്, “എന്റെ എല്ലാമെല്ലാമായ പപ്പു പോയി!” എന്നാണ്. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന കഥയിലെ പപ്പു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചത്‌. അതുപോലെ വയലാർ രാമവർമ്മ പറഞ്ഞത്, ”എണ്ണ കറുപ്പ് നിറവും നീളം കുറഞ്ഞ കൈവിരലുകളും എന്നാൽ തികഞ്ഞ പൗരുഷവുമുണ്ടായിരുന്ന, ആ കുറിയ മനുഷ്യൻ ചലച്ചിത്ര രംഗത്തേയ്ക്ക് കയറി വന്നപ്പോൾ ഗതാനു ഗതികത്വത്തിന്റെ ഫോർമുലകളുമായി നിന്ന പടം പിടിത്തക്കാർ അമ്പരന്നിരിക്കണം. നായക സങ്കൽപ്പത്തിന്റെ മുൻധാരണകളുടെ കോട്ടകൊത്തളങ്ങൾ ആ ഭാവാഭിനയത്തിന്റെ ശക്തിയിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുണ്ടായി.”

സാഹിത്യ നിരൂപകനായ കെ.പി. അപ്പൻ ഒരിക്കൽ എഴുതി: “സത്യനേശൻ നാടാർ എന്ന പോലീസ് സബ് ഇൻസ്‌പെക്ടർ എതിരാളികളെ നടുറോഡിലിട്ട് നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് സിനിമയിൽക്കൂടി സത്യനെന്ന കലാകാരനെ കണ്ടു. ‘ഓടയിൽനിന്നുള്ള’ പപ്പുവിനേയും’ അനുഭവങ്ങൾ പാളിച്ചകളിലെ’ ചെല്ലപ്പനെയും ചെമ്മീനിലെ ‘പളനി’യെയും കണ്ടു. പോലീസുകാരനിൽ നിന്ന് നടനിലേക്കുള്ള ഈ കുതിച്ചു ചാട്ടം അവിശ്വസിനീയമായിരുന്നു.”

🌍
യഥാർത്ഥപേര്: ‘മാനുവേൽ സത്യനേശൻ നാടാർ’ എന്നാണ്. 1912 നവംബർ 9-ന് തിരുവനന്തപുരം ജില്ലയിലെ തിരുമലക്കടുത്തുള്ള തൃക്കണ്ണാപുരം കുന്നുപുഴ ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും എമിലിയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സത്യൻ സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടീ. അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം സത്യൻ 1941-ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി സേവനമനുസരിച്ചിരുന്നു. പട്ടാളസേവനത്തിനുശേഷം അദ്ദേഹം തിരിച്ചുപോരുകയും തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. പുന്നപ്ര വെടിവെപ്പിൽ പങ്കെടുത്തതായും പറയപ്പെടുന്നു.

അദ്ദേഹം

പോലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു. ഈ നാടകാഭിനയങ്ങൾ അദ്ദേഹത്തിന് അഭിനയത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കി. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്ന സം‌ഗീത സം‌വിധായകൻ വഴി പല സിനിമ പ്രവർത്തകരേയും സത്യൻ കണ്ടു. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചില്ല. അക്കാലത്ത് കെ. ബാലകൃഷ്ണൻ ‘കൗമുദി’ എന്ന സിനിമക്ക് വേണ്ടി തയ്യാറെടുക്കുന്നു എന്നറിഞ്ഞ്, സത്യൻ അദ്ദേഹത്തെ പോയി കാണുകയും അദ്ദേഹത്തിൽ മതിപ്പുളവാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1951-ൽ സത്യന് ‘ത്യാഗസീമ’ എന്ന സിനിമയിൽ അവസരം ലഭിച്ചു. തന്റെ പേർ ചുരുക്കി ‘സത്യൻ’ എന്നാക്കുകയും ചെയ്തു. പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല.

പൊലീസിലായിരുന്നപ്പോഴായിരുന്നു സിനിമാ ലോകത്തേയ്‍ക്കും സത്യൻ കാല്‍വെച്ചത്. ത്യാഗസീമയടക്കമുള്ള ആദ്യകാലസിനിമകള്‍ വെളിച്ചം കാണാതെ വന്നപ്പോൾ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു: അതിനുശേഷം, സത്യൻ പോലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

1952-ലാണ് സത്യൻ്റെ (വെളിച്ചം കണ്ട) ആദ്യ സിനിമ പുറത്തിറങ്ങിയത്. ‘ആത്മസഖി’ എന്ന പേരിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു. പക്ഷേ, സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954-ൽ ഇറങ്ങിയ ‘നീലക്കുയിൽ’ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. അതായിരുന്നു മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ. (‘നീലക്കുയിൽ’: രചന: ഉറൂബ്; സം‌വിധാനം: രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം. നീലക്കുയിലില്‍ ശ്രീധരൻ പിള്ള എന്ന കഥാപാത്രമായിട്ടായിരുന്നു സത്യൻ അഭിനയിച്ചത്. നായിക മിസ് കുമാരി. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സം‌ഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി.) കേന്ദ്ര സർക്കാറിന്റെ ‘രജത കമലം’ അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു ‘നീലക്കുയിൽ’. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.

‘ചെമ്മീൻ’ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. അതു പോലെ ‘കടൽപ്പാലം’ എന്ന സിനിമയിലെ ഇരട്ട വേഷവും.
‘സത്യൻ’ ഒരുപാട് പ്രമുഖ സം‌വിധായകരുടെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്. കെ.എസ്. സേതുമാധവൻ സം‌വിധാനം ചെയ്ത് സത്യൻ അഭിനയിച്ച ഒരു പാട് വേഷങ്ങൾ ജനങ്ങൾക്കിടയിൽ അക്കാലത്ത് പ്രശസ്തമായി. ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലെ പപ്പു, ‘ദാഹം’ എന്ന ചിത്രത്തിലെ ‘ജയരാജൻ’, ‘യക്ഷി’ , എന്നീ ചിത്രത്തിലെ ശ്രീനി, ‘അടിമകൾ’ എന്ന ചിത്രത്തിലെ അപ്പുക്കുട്ടൻപിള്ള (കള്ളസന്യാസിമാരെയും, കപടവേഷധാരികളെയും വെറുത്തിരുന്ന പിള്ള) എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. വളരെ പ്രശസ്തമായ മറ്റു ചില സത്യൻ ചിത്രങ്ങൾ ‘സ്നേഹസീമ’, ‘നായർ പിടിച്ച പുലിവാ’ൽ, ‘മുടിയനായ പുത്രൻ’, ‘ഭാര്യ’, ‘കായംകുളം കൊച്ചുണ്ണി’, ‘അടിമകൾ’, ‘കരകാണാകടൽ’ എന്നിവയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. മലയാളത്തിൽ സത്യൻ 150-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ തമിഴിലും 2 ചിത്രങ്ങൾ അഭിനയിച്ചു.

‘അരനാഴിക നേരം’ മലയാള സിനിമയുടെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലാണ്. അതിലെ നായകനായി (കുഞ്ഞോനാച്ചൻ) അഭിനയിക്കാൻ സത്യനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം കൊട്ടാരക്കര ശ്രീധരൻ നായരെ നിർദ്ദേശിക്കുകയും താൻ അല്പം പ്രധാന്യം കുറഞ്ഞ ഒരു വേഷം (കുഞ്ഞോനാച്ചൻറെ മകൻ മാത്തുക്കുട്ടി) സ്വീകരിക്കുകയും ചെയ്തു. (നസീർ അതിൽ സത്യൻറെ മകൻ രാജൻ.)
1969-ൽ ചലച്ചിത്ര അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചപ്പോഴും തിളങ്ങിയത് സത്യന്റെ പേരായിരുന്നു. ‘കടല്‍പ്പാലം’ എന്ന സിനിമയിലെ ഇരട്ട വേഷ അഭിനയത്തിനാണ് സത്യൻ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. അതിനു ശേഷം 1971-ൽ ‘കരകാണാക്കടൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി സം‌സ്ഥാന അവാർഡ് ലഭിച്ചു.
🔸 സത്യന്റെ ഭാര്യ: ജെസി സത്യൻ – മൂന്ന് ആൺമക്കൾ: പ്രകാശ് സത്യൻ, സതീശ് സത്യൻ, ജവൻ സത്യൻ
____________

LATEST

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.