Ambily Kamala

നടികര്‍തിലകം ശിവാജി ഗണേശൻ്റെ 21-ാം ഓർമ്മദിനം ????
(ഒക്ടോബർ 1, 1927 – ജൂലൈ 21, 2001)

” അവർ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ശിവാജി ഗണേശനെ നോക്കിയിരുന്നു.. സംഹാരതാണ്ഡവമാടുന്ന രുദ്രൻ, ദുരന്തമഹിമാപൂർണ്ണനായ കർണ്ണൻ, കാളമേഘത്തിൽ കവിത തുളുമ്പിച്ച കവികുലഗുരു കാളിദാസൻ, ഭാരതിയാർ, വീരപാണ്ഡ്യകട്ടബൊമ്മൻ ശിവാജി ഗണേശൻ പരിപൂർണ്ണതയിലെത്തിച്ച എന്റെ കലാഹൃദയത്തെ ചെറുപ്പം മുതൽ ആഭിചാരം ചെയ്ത എത്രയോ കഥാപാത്രങ്ങൾ എന്റെ കൺമുന്നിൽ മിന്നി മറഞ്ഞു (ബാലചന്ദ്രൻ ചുള്ളിക്കാട് – മഹാനടൻ). ഇന്ന്  ശിവാജി ഗണേശന്റെ ഓർമ്മ ദിവസം.

ശിവാജിയുടെ സമകാലികരായ നടൻമാരിലും അതിനു ശേഷം വന്നവരിലും ആ മഹാനടന്റെ സ്വാധീനം ഒളിഞ്ഞും തെളിഞ്ഞും കാണാവുന്നതാണെന്ന് ഒരിക്കൽ പറഞ്ഞത്ജഗതി ശ്രീകുമാറാണ്. മഹാനടൻ എന്ന് നിസ്സംശയം പറയാവുന്ന അത്ഭുത പ്രതിഭാസം എന്നാണ് ശിവാജിയെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്..

‘കർണ്ണനും ‘ ,’പട്ടാക്കത്തി ഭൈരവനും ‘, ‘തങ്കപ്പതക്കവും’, ‘വീരപാണ്ഡ്യകട്ടബൊമ്മനും ‘, ‘തേവർ മകനുമെല്ലാം’ ഞങ്ങളുടെ നാടിന്റെ സ്വന്തം കലാ ക്ഷേത്രമായ വീനസ്സിൽ നിറഞ്ഞ സദസ്സിലിരുന്ന് കണ്ടിട്ടുണ്ട്.. അവഗണിതനും തിരസ്കൃതനുമായ കർണ്ണന്റെ ദുഃഖം അഭ്രപാളികളിൽ ശിവാജിയോളം തീവ്രമായി ആരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്..

പണ്ട് അഭിനയിച്ച നാടകങ്ങളുടെ സ്വാധീനവും വൈകാരികതയുമെല്ലാം അദ്ദേഹത്തിന്റെ നടനത്തിൽ കടന്നു വന്നിരുന്നത് മറന്നു കളയാവുന്ന കാര്യമാണ്.. മികച്ച നടനുള്ള പുരസ്ക്കാരം ലഭിക്കാത്ത മഹാനടനായിരുന്നു ശിവാജിയെന്നത് ഇന്ത്യൻ സിനിമാചരിത്രത്തിലെ എറ്റവും വലിയ തമാശയാണ്. അഭിനയമെന്നത് അങ്ങാടി മരുന്നോ പച്ചമരുന്നോ എന്നറിയാത്തവർ എത്രയോ ഇന്നാട്ടിൽ പുരസ്കൃതരായിരിക്കുന്നു.. .

മഹാപുരുഷൻമാരെയും ധീരദേശാഭിമാനികളെയും പുരാണ കഥാപാത്രങ്ങളെയും എല്ലാം പ്രേക്ഷകരുടെയുള്ളിൽ കൊത്തിയിട്ടതിനു ശേഷമാണ് ശിവാജി അരങ്ങൊഴിഞ്ഞത്.ശിവാജിയുടെ താരസിംഹാസനം എന്നും ഒഴിഞ്ഞുതന്നെ കിടക്കുകയും ചെയ്യും.

കള്ളക്കടത്തുകാരനായ മകനെ വെടിവെച്ചുകൊന്ന തങ്കപ്പതക്കത്തിലെ പോലീസ് ഓഫീസറും കുപ്പത്തൊട്ടിയിൽ പിറന്നവനാണ് താനെന്ന് പറയുന്ന പട്ടാക്കത്തി ഭൈരവനും നീ ജ്യേഷ്ഠ പാണ്ഡവനാണെന്ന് പറയുന്ന കുന്തിയുടെ മുന്നിൽ ധർമ്മസങ്കടത്തിൽ ഉഴറുന്ന കർണ്ണനെയും പ്രേക്ഷകർ എങ്ങനെ മറക്കാൻ അധിനിവേശക്കാരനായ വെള്ളക്കാരനോട് നീങ്കൾ മഞ്ഞളരാച്ചായ ,കഞ്ചിക്കലം ചുമന്തായ.. എന്ന് പൊട്ടിത്തെറിച്ച വീരപാണ്ഡ്യന്റെ പേച്ച് കേട്ട് നാട്ടിലെ ഓലക്കൊട്ടക മുഴുവൻ കൈയ്യടി കൊണ്ട് പൊട്ടിത്തെറിക്കുന്ന രംഗത്തിന് സാക്ഷിയാവേണ്ടി വന്ന ഓർമ്മയുണ്ട്.ആ വലിയ നടനവൈഭവത്തിന് മുന്നിൽ കൂപ്പുകൈ.. ശിവാജി ഗണേശന് പ്രണാമങ്ങൾ.

**

 

തെന്നിന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായ വ്യത്യസ്തമായ ഒട്ടേറേ വേഷങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്ത് തമിഴകത്തെ പിടിച്ചടക്കിയ പ്രതിഭയായിരുന്നു. 1950 കളുടെ തുടക്കത്തിൽ അദ്ദേഹം തമിഴ് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. 1952ൽ പരാശക്തിയിലാണ് അരങ്ങേറ്റം കുറിച്ചത്. പാസമലർ (1961), നവരാത്രി (1964) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റ് സിനിമകളിൽ ഉൾപ്പെടുന്നു.’നവരാത്രി’യിൽ അദ്ദേഹം റെക്കോർഡ് തകർത്ത് ഒൻപത് വേഷങ്ങളാണ് അവതരിപ്പിച്ചത്. അഞ്ച് പതിറ്റാണ്ടുകളോളം നീണ്ട തന്റെ കരിയറിൽ തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ഗണേശൻ അഭിനയിച്ചു.

പരാശക്തി, പാലും പഴവും, വീരപാണ്ഡ്യ കട്ടബൊമ്മന്‍, പതിഭക്തി, തില്ലാനാ മോഹനാംബാള്‍, തിരുവിളയാടല്‍, മുതല്‍ മര്യാദൈ, തേവര്‍ മകന്‍, പടയപ്പ, തങ്കപ്പതക്കം, എന്‍ മകന്‍, രാജരാജചോഴന്‍, കപ്പലോട്ടിയ തമിഴന്‍, നവരാത്രി, മോട്ടോര്‍ സുന്ദരം പിള്ളൈ, തെന്നാലി രാമന്‍, മനോഹര, പാശമലര്‍, ഗൌരവം, ഉയര്‍ന്ത മനിതന്‍,അന്തമാന്‍ കാതലി തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മലയാളത്തില്‍ പ്രേംനസീറിനോടൊപ്പം തച്ചോളിഅമ്പുവിൽ തച്ചോളി ഒതേനനായും കഴിഞ്ഞ ദിവസം അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഒരുയാത്രാമൊഴിയിൽ മോഹൻലാലിനോടൊപ്പവും അഭിനയിച്ചു. അഭിനേതാവ് എന്നതിലുപരി മികച്ച നർത്തകനുമായിരുന്നു. ഭരതനാട്യം, കഥക്, മണിപ്പൂരി എന്നീ നൃത്ത രൂപങ്ങളിൽ പ്രാവീണ്യം നേടിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ തെക്കന്‍ ആര്‍ക്കോട്ട് ജില്ലയില്‍ വില്ലുപുരത്താണ് ശിവാജി ഗണേശന്‍ ജനിച്ചത്.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി.ചിന്നയ്യാ മന്ത്രായരുടെയും രാജമണി അമ്മാളുടെയും മകനായിരുന്നു. മൂന്നാം ക്ലാസു വരെയായിരുന്നു വിദ്യാഭ്യാസം. വില്ലുപുരം ചിന്നയ്യ മൺറയാർ ഗണേശമൂർത്തി എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ‘ശിവാജി കണ്ട ഹിന്ദുരാജ്യം’ എന്ന നാടകത്തിലെ മികച്ച പ്രകടനത്തിനുശേഷമാണ് ‘ശിവാജി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്‍ടോബര്‍ ഒന്ന് തമിഴ്നാട്ടില്‍ അഭിനേതാക്കളുടെ ദിനമായി ആചരിക്കുകയാണ്. കൃത്യനിഷ്ഠ, വിനയം, ഏതു മേക്കപ്പിനും ചേരുന്ന മുഖം, ശരീരഘടന, സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള സവിശേഷത ഇതെല്ലാം ശിവാജിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തി. തമിഴിലെ മിക്ക നടിമാരും ശിവാജിയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പണ്ടരീഭായ്, സരോജാദേവി, ബി.എസ്.സരോജ, പത്മിനി, വൈജയന്തിമാല, സാവിത്രി, ഷൌക്കാര്‍ ജാനകി, കെ.ആര്‍.വിജയ, ജയലളിത, വാണിശ്രീ, സുജാത ,രാധ എന്നിവരെല്ലാം ശിവാജിയുടെ നായികമാരായി. ഒട്ടേറെ പ്രമുഖ വ്യക്തികളായി ശിവാജി ഗണേശന്‍ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. കട്ടബൊമ്മന്‍, രാജരാജചോഴന്‍, സുബ്രഹ്മണ്യഭാരതി, തെന്നാലി രാമന്‍ എന്നിവ അവയില്‍ ചിലത് മാത്രം.1952 ല്‍ അഭിനയിച്ച പരാശക്തിയില്‍ പ്രമുഖ നടി പണ്ടരീഭായി ആയിരുന്നു നായിക.

തമിഴ്നാട് മുഖ്യമന്ത്രി കരുനാനിധിയായിരുന്നു തിരക്കഥാകൃത്ത്. തമിഴിലെ ആദ്യത്തെ പാട്ടില്ലാ പടമായ അന്തനാളില്‍ (1954) നായകന്‍ ശിവാജിയായിരുന്നു. അകിരാ കുറോസോവയുടെ റോഷമണ്ണിനെ മാതൃകയാക്കി എടുത്ത ഈ ചിത്രത്തിന്‍റെ സംവിധായകന്‍ കെ.ബാലചന്ദറായിരുന്നു. അണ്ണാദുരൈ ഏഴുതിയ ചരിത്ര നാടകത്തില്‍ ശിവാജി ചക്രവര്‍ത്തിയെ അവതരിപ്പിച്ച് കണ്ടപ്പോഴാണ് രാമസ്വാമി നായ്ക്കര്‍ അദ്ദേഹത്തെ ശിവാജി ഗണേശനാക്കി പുനര്‍ നാമകരണം ചെയ്തത്. 1960 ല്‍ ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന ആഫ്രോ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലാണ് ശിവാജിയെ മികച്ച നടനായി തെരഞ്ഞെടുത്തത്. ഒരു പക്ഷെ, ഒരു ഇന്ത്യന്‍ നടന് ലഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര അവാര്‍ഡായിരിക്കാം ഇത്. 1966 ല്‍ പത്മശ്രീയും 1984 ല്‍ പത്മഭൂഷണും 1995 ല്‍ ഫ്രാന്‍സില്‍ നിന്നുള്ള ഷെവലിയാര്‍ ബഹുമതിയും 1997 ല്‍ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡും ശിവാജിക്ക് ലഭിച്ചു. 1955 വരെ ദ്രാവിഡ മുന്നേറ്റ കഴകം അനുഭാവിയായിരുന്ന ശിവാജി 1961 ല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. അദ്ദേഹം 1982 ല്‍ രാജ്യസഭാംഗമായി. 1987 ല്‍ കോണ്‍ഗ്രസില്‍ നിന്നും തെറ്റി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് തമിഴ്നാട്ടിലെ ജനതാദളിന്‍റെ അധ്യക്ഷനായി മാറി.

രണ്ട് മലയാള ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും കേരളീയര്‍ക്ക് അദ്ദേഹം മലയാളിയെപ്പോലെയായിരുന്നു. സിനിമാ നടന്‍ പ്രഭു അടക്കം നാലു മക്കളുണ്ട്. ഇന്ത്യയിൽ വളരെ പ്രശസ്തനായിരുന്നു അദ്ദേഹം അധികം വൈകാതെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കും ഉയർന്നു.1960 -ൽ വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന ചരിത്ര യുദ്ധ ചിത്രത്തിലെ കഥാപാത്രത്തിന് ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ നടൻ ആയി ഗണേശൻ മാറി. 1995 ൽ ഫ്രാൻസ് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന അലങ്കാരമായ ഷെവലിയർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി ലീജിയൻ ഓഫ് ഹോണർ നൽകി ആദരിച്ചു. 1997 ൽ ഇന്ത്യൻ സർക്കാർ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.1999ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘പൂപ്പറിക വരുഗിറോം’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.. ശിവാജിയുടെ ഓര്‍മ്മയ്ക്കായി പരാശക്തി മുതല്‍ പടയപ്പവരെ എന്നൊരു ഡോക്യുമെന്‍ററി തയ്യാറാക്കിയിട്ടുണ്ട്. അമിതാഭിനയത്തിന്‍റെ ദോഷങ്ങള്‍ ശിവാജി ഗണേശനില്‍ കണ്ടേക്കാം എങ്കിലും അഭിനയം കൊണ്ട് മാത്രം തമിഴകത്തെ പിടിച്ചടക്കിയ പ്രതിഭയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല.

Leave a Reply
You May Also Like

സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ താൻ അച്ഛന്റെ ഗുണ്ടയാകുമായിരുന്നു എന്ന് ഗോകുൽ സുരേഷ്

സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ താൻ അച്ഛന്റെ ഗുണ്ടയാകുമായിരുന്നു എന്ന് ഗോകുൽ സുരേഷ്. നടനായില്ലായിരുന്നെങ്കില്‍ അച്ഛന്‍റെ ഗുണ്ടായായേനെയെന്ന്…

പച്ചമണ്ണിൻ്റെ പാട്ടുമായി ഇ’ ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം എത്തി

പച്ചമണ്ണിൻ്റെ പാട്ടുമായി ഇ’ ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം എത്തി പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ…

ആ ഓട്ടോഗ്രാഫ് ഇന്നും ഞാൻ സൂക്ഷിക്കുന്നുണ്ട്. മമ്മൂക്കയുടെ ആ വാക്കുകൾ ഇങ്ങനെയായിരുന്നു-വിനീത്.

നർത്തകനായും നടനായായും മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമുള്ള താരമാണ് വിനീത്. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ താരത്തിന് ആയിട്ടുണ്ട്. ഇപ്പോൾ താരം അഭിനയരംഗത്ത് അത്ര സജീവമല്ല.

“മലയാള സിനിമ നശിച്ചു, അന്യഭാഷയിലെ ആൺപിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു”

മലയാള സിനിമ നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സംവിധായകൻ ഒമർ ലുലു. അന്യഭാഷാ സിനിമകൾ ഇവിടെ വന്നു കാശുംവാരി…