ആദിദ്രാവിഡരുടെ ‘രക്ഷിണി’ എന്ന അമ്മദൈവമാണ് പിന്നീട് യക്ഷി ആയി മാറിയത്

0
136

” യക്ഷികളുടെ ലോകത്തിൽ കടുംനീലനിറത്തിലുള്ള ഒരു സൂര്യനാണ് പ്രകാശിക്കുന്നത്. അവർ ആ സൂര്യനിൽ നിന്നും കടുംനീല ചായം തോണ്ടിയെടുക്കും അത് കൊണ്ടാണവർ കണ്ണെഴുതുന്നത് അപ്പോൾ അവരുടെ കണ്ണുകൾക്ക് അഗാധനീലിമ ഉണ്ടായിരിക്കും ” ( യക്ഷി – മലയാറ്റൂർ രാമകൃഷ്ണൻ )

ആര്യൻമാരുടെ വരവിന് മുൻപ് ആദിദ്രാവിഡർ ആരാധിച്ചു വന്ന ‘രക്ഷിണി’ എന്ന അമ്മദൈവമാണ് പിന്നീട് യക്ഷി ആയി മാറിയത്. നമ്മുടെ പൂർവ്വസൂരികളുടെ ആരാധനകളും പ്രാർത്ഥനകളും ഏറ്റുവാങ്ങി ഗ്രാമാന്തരങ്ങളിൽ വെയിലും മഞ്ഞും മഴയുമേറ്റ് ഈ അമ്മദൈവങ്ങൾ ദേശങ്ങൾക്ക് കാവലിരുന്നു. ആര്യൻമാരു അധിനിവേശത്തോട് കൂടിയും ഋഗ്വേദകാലഘട്ടത്തിലുമാണ് യക്ഷീസങ്കൽപ്പങ്ങൾക്ക് ഭീകരമായ മാനങ്ങളും രൂപവും കൈവരാൻ തുടങ്ങിയത്. ആദിദ്രാവിഡന്റെ കറുത്ത അമ്മദൈവങ്ങളോടുള്ള അവജ്ജയായിരിക്കാം ഇതിന് കാരണമെന്ന് പ്രസിദ്ധ ചരിത്രകാരനായ കൊസാംബി എഴുതിയത് പണ്ടെവിടെയോ വായിച്ചിട്ടുണ്ട്. ഭാഗവത, മൽസ്യ, വിഷ്ണു, വായുപുരാണങ്ങളിലും യക്ഷീസങ്കൽപ്പങ്ങളെക്കുറിച്ച് പരാമർശമുണ്ട്.

നാട്ടിലേക്ക് വരുമ്പോൾ ഒരു കാലത്ത് യക്ഷിത്തറകളും യക്ഷിപ്രതിമകളും സർവ്വസാധാരണമായിരുന്നു.പ്രത്യേകിച്ച് ആരാധനകളോ, പൂജകളോ, നൈവേദ്യങ്ങളോ ഒന്നും കിട്ടാതെ അവർ ഗ്രാമങ്ങൾക്ക് പിന്നെയും പിന്നെയും കാവലിരുന്നു കൊണ്ടേയിരുന്നു. ചിലപ്പോൾ രാത്രികാലങ്ങളിലവർ നക്ഷത്രക്കതിർ കൂന്തലിലണിഞ്ഞ് അവർ വരുന്നുണ്ടാകാം, മണ്ണിലെ മനുഷ്യരെ മൻമഥകഥയിലെ മന്ത്രം ചൊല്ലി അവർ മയക്കാറുണ്ടായിരുന്നോ എന്നെനിക്കറിയില്ല.അവഗണിക്കപ്പെട്ട് കിടന്നിരുന്ന യക്ഷിത്തറകളിൽ പലതിലും പിന്നീട് വൈദികമതവിധിപ്രകാരം പൂജകളും ആരാധനകളും കളമെഴുത്ത് പാട്ട് നടക്കുന്നതിനും പിന്നീട് കാലം സാക്ഷ്യം വഹിച്ചു.

സിനിമാ സാഹിത്യരംഗങ്ങളിലും യക്ഷികൾ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചവരാണ്.’ കള്ളിയങ്കാട്ട് നീലി’ ഞാൻ കണ്ട ആദ്യത്തെ യക്ഷി സിനിമ.യക്ഷികൾ കഥാപാത്രങ്ങളായി വരുന്ന കഥകളും നോവലുകളും വായിച്ചു പേടിക്കുക എന്നത് ഒരുകാലത്തെ പതിവുമായിരുന്നു. ” യക്ഷിയമ്പലമടച്ചു അന്ന് ദുർഗ്ഗാഷ്ടമിയായിരുന്നു… ” എന്ന പാട്ട് കേൾക്കുമ്പോൾ പണ്ട് ഞങ്ങളുടെ വീട്ടിൽ ഇടക്ക് വന്നിരുന്ന പേരറിയാത്ത പ്രായംചെന്ന ഒരു ബന്ധു പറഞ്ഞ് തന്നിരുന്ന യക്ഷിക്കഥകൾ ഇപ്പോഴും ഓർക്കാറുണ്ട്.. ചിലപ്പോൾ പുറത്തെവിടെയോ ഒരു പാദസരം കിലുങ്ങുന്ന പോലെ, പാല പൂത്ത പോലെ.