എതിർത്തു തോൽപ്പിക്കാൻ ഞാൻ വീണ്ടും വരും ?

185

Ambily Kamala

ഇന്ന് ബ്രൂസ് ലിയുടെ ജൻമദിനമാണ്, എഴുപതുകളിലും എൺപതുകളിലും ലോകയുവതയുടെ ആരാധനാ ഇത്രമേൽ ഏറ്റുവാങ്ങിയ വേറൊരു സെലിബ്രിറ്റി ഉണ്ടായിരുന്നോ സംശയമാണ്.’ എന്റർ ദ ഡ്രാഗൺ’ ,’ഫിസ്റ്റ് ഓഫ് ഫ്യൂറി’ ,’ഗെയിം ഓഫ്ഡത്ത് ‘ ,’ബിഗ് ബോസ്’ ഇങ്ങനെ നാലു ചിത്രങ്ങൾ മാത്രമേ ഞാൻ ബ്രൂസ് ലിയുടെ കണ്ടിട്ടിട്ടുള്ളു. സഹോദരിയെ കൊന്നവരോട് പ്രതികാരം വീട്ടാൻ പോകുന്ന എന്റർ ദ ഡ്രാഗണിലെ ആരോമാലങ്ങള എന്നത്തെയും ലോകസിനിമയിലെ വീരകഥാപാത്രമാണ്. (ഈ സിനിമകൾ കാണിച്ചു തന്നതിന് വീട്ടിലെ കരാട്ടെക്കാരനും ഷിറ്റോറിയോ സ്റ്റൈലിലെ സീനിയർ ബ്രൗൺ ബെൽറ്റുമായ വലിയമ്മയുടെ മകൻ ഉണ്ണിച്ചേട്ടന് നന്ദി) ഫിസ്റ്റ് ഓഫ് ഫ്യൂറിയിലെ ഫൈറ്റുകളും ഗെയിം ഓഫ് ഡെത്തിന്റെ ക്ലൈമാക്സിൽ ചക്ക് നോറിസുമായുള്ള സംഘട്ടന രംഗങ്ങളും ഇന്നും മനസ്സിലുണ്ട്.

ബ്രൂസ് ലീയെപ്പോലെ ചെറുപ്പക്കാർ മുടിവെട്ടി നടക്കുക എന്നത് ഒരു പ്രധാന ഫാഷനായിരുന്നു കുറേക്കാലം, ബ്രൂസ് ലി കട്ടിന് ബാർബർഷോപ്പുകളിൽ പ്രത്യേകം റേറ്റായിരുന്നു.കരാട്ടെ പഠിക്കാൻ നടക്കുന്നവരായിരുന്നു മിക്കവാറും ചെക്കൻമാർ അന്ന്. കരാട്ടെ പഠിക്കുന്ന സ്ഥലത്തെ ഡോജോ എന്നും പഠിപ്പിക്കുന്ന മാസ്റ്ററെ സെംപായി എന്നും വിളിച്ച് നാട്ടിലെ കരാട്ടെക്കാർ പരസ്പരം കാണുമ്പോൾ ചൈനീസ് മാതൃകയിൽ തലകുനിച്ച് അഭിവാദ്യം ചെയ്യുന്നത് പതിവായിരുന്നു. ഒക്കിനാവോ, നെഞ്ചക്ക്, കത്ത, ഫ്രണ്ട് കിക്ക്, റിവേഴ്സ് പഞ്ച്…. അങ്ങനെ എല്ലാം കരാട്ടെമയമായിരുന്ന നാളുകൾ…

ഒരു കണ്ണിന്റെ കാഴ്ച്ചയുടെ പ്രശ്നം ഒരു കാലിന്റെ നീളക്കുറവും മറികടന്ന് ലോക ആയോധനകലയുടെ രാജകുമാരനായി മാറിയ ലീയുടെ കഥ എന്നും അത്ഭുതാദരത്തോടെ മാത്രമേ കണ്ടിട്ടുള്ളു. മുപ്പത്തിരണ്ടാം വയസ്സിൽ അരങ്ങൊഴിയുമ്പോഴും ലീയുടെ ആരാധകർ ബിഗ് ബോസിലെ പ്രശസ്തമായ എതിർത്തു തോൽപ്പിക്കാൻ ഞാൻ വീണ്ടും വരും എന്ന സംഭാഷണമോർത്ത് അവരുടെ പ്രിയ ബ്രൂസ് നെ പിന്നെയും കാത്തിരുന്നത്രെ.

ആദരങ്ങൾ, ആയോധനകലയുടെ രാജകുമാരന്