പ്രതാപം നശിച്ച ചീനവലകൾ

93
Ambily Kamala
ചീനവലകൾ ചൈനയിൽ നിന്നും കടൽ കടന്ന് നമ്മുടെ തീരത്തെത്തി എന്നും ഇത് അയ്യായിരം വർഷങ്ങൾക്ക് മുൻപ് മുസിരിസുമായി പുരാതന ചൈനയ്ക്ക് ഉണ്ടായ കൊടുക്കൽ വാങ്ങലുകളുടെ അവശേഷിപ്പാണ് ഇങ്ങനെയാണ് ചീനവലയെ വിക്കിപീഡിയ വിവരിക്കുന്നത്.
പുഴയുടെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ സാധാരണ ഉള്ള ഈ മൽസ്യബന്ധന രീതി ഉത്തരകേരളത്തിൽ അങ്ങനെ കണ്ടുവരാറുമില്ല, പക്ഷെ ചീനവലകളുമായി ബന്ധപ്പെട്ട സാങ്കേതിക നാമങ്ങൾ എല്ലാം പറങ്കികളുമായി ബന്ധപ്പെട്ടതാണ് ഇടക്കാലത്ത് കേരളത്തിൽ വന്ന പോർച്ചുഗീസുകാർ ചീനവലയിൽ അധിനിവേശം നടത്തിയതായി പാർട്ടി ക്ലാസ്സുകളിൽ ഒന്നും റിപ്പോർട്ട് ചെയ്തു കണ്ടിട്ടില്ല.
ചീനവലയുമായി ബന്ധപ്പെട്ട പറങ്കിപ്പേരുകൾ ഇവയാണ് വലയിലെ നീളമുള്ള കഴകൾ “ബ്രാസ് “എന്നാണ് അറിയപ്പെടുന്നത്, വലയിടുമ്പോൾ പ്രവർത്തിക്കുന്ന ഉരുളൻ തടികൾ “കളുസാന്തി”, മീൻ കോരിയെടുക്കുന്ന കോരുവല “ബോൾസ്”, ചീനവലയുടെ ബാലൻസ് കാക്കുന്ന കരിങ്കല്ലുകൾ പദ്രാവോ, കഴുക്കോലുകളുടെ കെട്ടിവെക്കുന്നത് “സവായ,”, പിന്നെ “അർബോള”, വല താഴ്ത്തുന്ന കയർ “ഇമ്പീസ് “ഇങ്ങനെ പോകുന്നു പോർച്ചുഗീസ് പേരുകൾ.
Image result for cheenavalaഫോർട്ട് കൊച്ചിയിലെ വലകൾ താഴ്ത്തിയിടുന്ന സമയത്ത് ഇനി ഉയർത്തുമ്പോൾ കിട്ടുന്ന മീനിന് ഇത്ര രൂപാ എന്ന് ഊഹക്കച്ചവടം നടത്തിയിരുന്ന ചീനവലകളുടെ സുവർണ്ണകാലത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്, വലയിൽ നിറയുന്ന മീൻ പെലപ്പുകളുടെ സുവർണ്ണകാലം. തിരുതയും വഴുതയും, വറ്റയും, പ്രായിലും എല്ലാം വല നിറച്ച സമയം.കൊച്ചിയിലെ വലകൾ പോലെ അത്ര ലാർജ് സ്ക്കെയിലിൽ അല്ലെങ്കിലും വടക്കേക്കരയിൽ മൂത്തകുന്നം,കുര്യാപ്പിള്ളി ഭാഗങ്ങളിൽ എല്ലാം തന്നെ നിറയെ ചീനവലകൾ ഉണ്ടായിരുന്ന പഴയകാലം വിദൂരമായ ഓർമ്മയാണ്, മൂത്തകുന്നം കള്ളുഷാപ്പിന് കിഴക്ക് വശത്തെ ഡ്രൈവർ പ്രദീപിന്റെ വീട്ടിലെ വലകൾ ആണ് നാട്ടിൽ ഞാൻ കണ്ടിട്ടുള്ള വലിയ ചീനവലകൾ, ഒറ്റയ്ക്ക് ചീനവല വലിച്ചുയർത്തുന്ന ജിമ്മിലെ കുഞ്ഞപ്പൻ ആശാൻ അക്കാലത്ത് നാട്ടിലെ ചെറുപ്പക്കാരുടെ ഇടയിലെ താരവും ആയിരുന്നു. ചെറിയതോതിലുള്ള ഒരു ചീനവല കെട്ടിയോന്റെ പാപ്പനും ഉണ്ടായിരുന്നു.
Related image‘ചീനവല’ എന്ന പേരിൽ തന്നെ പണ്ട് മലയാളത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയെക്കുറിച്ച് എഴുതാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല എന്ന് തോന്നുന്നു. ചീനവല ഞാനും കണ്ടിട്ടുള്ള സിനിമയാണ് നസീറും ജയഭാരതിയും അടൂർ ഭാസിയും ജനാർദ്ദനന്റെ വില്ലനും മികച്ച പാട്ടുകളുമായി ചീനവല വെള്ളിത്തിരയിൽ നിറഞ്ഞോടി. “തളിർ വലയോ … “എന്ന ഗാനരംഗത്ത് ജയഭാരതി ഇട്ട ബ്ലൗസ് പോലെ പെർഫെക്റ്റ് ആയ ഒന്ന് ഇടണമെന്ന് അന്ന് ചേച്ചിമാർ അടക്കം പറഞ്ഞിരുന്നു.
മാറിയകാലം ചീനവലകൾക്കും ദുരിതമാണ് സമ്മാനിച്ചത്.കടലിലും, കായലിലും ഉള്ള ആവാസ വ്യവസ്ഥ ആഴക്കടൽ ട്രോളിംഗിനാൽ തകർക്കപ്പെട്ടപ്പോൾ ചിലവ് കാശ് പോലും കിട്ടാനില്ലാത്ത ചീനവലകൾ പുതിയ കാലത്ത് ദുരിതങ്ങളുടെ പ്രതീകമായ ന്യൂ ജെൻ ഇൻസ്റ്റലേഷനായി മാറി, ” മുറി ബീഡിം വലിച്ച് ചീനവലേം വലിച്ച നടന്ന ” പഴയ നാളുകളെപ്പറ്റി അടൂർ ഭാസിയുടെ കഥാപാത്രം സിനിമയിൽ പറഞ്ഞ സംഭാഷണമാണ് ഓർമ്മയിൽ വരുന്നത്.
(ചീനവലയുടെ സാങ്കേതിക നാമങ്ങൾ പറഞ്ഞ് തന്ന മരിയാൺ റോച്ചക്കും, ഫോട്ടോയ്ക്ക് സുശീൽ സഖാവിനും കടപ്പാട്

Sushil Kumar Ravindran)