അടിച്ചമർത്തലുകളുടെ എല്ലാ കലാപങ്ങൾക്ക് ശേഷവും മഴയായി പെയ്യുന്നത് രക്തസാക്ഷിയുടെ രക്തമായിക്കും

18

അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു കൊലപാതകവും, അതിനെ തുടർന്നുണ്ടായ കോടതിവ്യവഹാരവും മറ്റു സംഭവങ്ങളുമാണ് രാജൻ കേസ് എന്നറിയപ്പെടുന്നത്. അടിയന്തരാവസ്ഥയുടെ ഭീകരത കാണിക്കാൻ രാജൻ കേസ് പലപ്പോഴും ഓർമ്മിക്കപ്പെടാറുണ്ട്. കോഴിക്കോടുണ്ടായിരുന്ന റീജിയണൽ എഞ്ചിനീറിങ് കോളേജിലെ (ഇന്നത്തെ എൻ.ഐ.റ്റി) വിദ്യാർത്ഥിയായിരുന്ന പി. രാജൻ വാരിയരെ പോലീസ് പിടിച്ചുകൊണ്ടുപോയതാണ് കേസിനാധാരമായ സംഭവം. അടിയന്തരാവസ്ഥ കഴിഞ്ഞു ആദ്യമായി കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഈ സംഭവത്തിൽ ആയിരുന്നു. നക്സലുകളെ പിടിക്കുന്നതിനായി പ്രവർത്തിച്ചുവന്ന കക്കയം പോലീസ് ക്യാമ്പിൽ വെച്ച് രാജൻ കൊല്ലപ്പെട്ടുവന്ന് പോലീസ് പിന്നീട് സമ്മതിച്ചു . അടിയന്തരാവസ്ഥയ്ക്കു ശേഷം ഈ കേസിൽ കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയതിന്റെ പേരിൽ കെ. കരുണാകരനു മന്ത്രിസഭയൊഴിയേണ്ടി വന്നു. രാജൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതാണെന്നു കോടതി കണ്ടെത്തിയെങ്കിലും, കുറ്റക്കാർക്കെതിരെ തെളിവില്ലായിരുന്നതിനാൽ ശിക്ഷ അപ്പീലിൽ ഒഴിവാക്കപ്പെട്ടു. ഇന്ന് രാജന്റെ രക്തസാക്ഷിത്വ ദിനം അമ്പിളി കമലയുടെ കുറിപ്പ് വായിക്കാം

Ambily Kamala

“ഈ കർക്കിടകത്തിൽ മഴ തകർത്തു പെയ്യുന്നു.പെരുമഴ ശ്രീവിഹാറിനു മുകളിൽ പെയ്തു വീഴുമ്പോഴൊക്കെ ഞാൻ മോനെ ഓർക്കുന്നു. പടിവാതിൽ അടച്ചു പൂട്ടിയാലും ആരോ വന്ന് മുട്ടിത്തുറന്ന് പൂമുഖപ്പടിയിൽ മുട്ടുന്ന പോലെ. ആത്മാവിനു പൂർവ്വജന്മബന്ധങ്ങൾ ഇല്ലെന്ന് എഴുതുന്നത് ശരിയാവില്ല….. പരുക്കനായൊരു അച്ഛനായതു കൊണ്ട് ഞാൻ കേൾക്കാതെ പോയ എന്റെ മകന്റെ പാട്ടുകൾ കൊണ്ട് എന്റെ ഭൂമി നിറയുകയാണ്, പുറത്ത് മഴ നനഞ്ഞ് എന്റെ മകൻ നിൽക്കുന്നു.. ലോകത്തിനോട് പക്ഷെ ഒരു ചോദ്യം ബാക്കിയാണ് എന്റെ നിഷ്ക്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങൾ എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്.??( ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ – ഈച്ചരവാര്യർ)..

ഇന്ന് രാജന്റെ രക്തസാക്ഷിത്വ ദിനം..നെഞ്ചിലെരിയുന്ന കനലും എപ്പോൾ വേണമെങ്കിലും പെയ്യാൻ പോകുന്ന ആകാശം പോലുള്ള മിഴികളുമായി മകനെ തിരഞ്ഞു നടന്ന വാര്യർ മാഷ് മലയാളിയുടെ ഓർമ്മയിൽ ഇന്നുമൊരു നൊമ്പരക്കാഴ്ചയാണ്. ഉള്ളിൽ നിന്നും അറിയാതെ ഉയരുന്ന തേങ്ങലും കണ്ണീരിന്റെ നേർത്ത പാടയും എല്ലാം അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ വായിക്കുമ്പോൾ വായന മുടക്കിയിട്ടുണ്ട് പലവട്ടം.. ഓർമ്മകളിൽ തീ പടർന്ന് മകനെ കാത്തിരുന്ന ആ അമ്മയേയും എങ്ങനെയാണ് മലയാളിക്ക് മറക്കാൻ കഴിയുക.. ഒരു ലോകം മുഴുവൻ വാര്യർ മാഷിനും കുടുംബത്തിനുമൊപ്പം രാജനെ കാത്തിരിക്കയായിരുന്നു..

മാഷിന്റെ ഓർമ്മക്കുറിപ്പുകൾ വായിക്കുമ്പോൾ തകർന്നു പോകുന്ന വിഗ്രഹങ്ങൾ ഒരുപാടാണ്.. അന്തിക്കാട് ഉള്ള ഷെൽട്ടർ തകർന്ന് പോലീസിന്റെ വേട്ടയാടലിൽ നിന്നും രക്ഷപ്പെടാൻ വാര്യർ മാഷുടെ സഹായം സ്വീകരിച്ച് സുരക്ഷിതനായ ആൾ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് രാജന്റെ തിരോധാനം. സഹായം ചോദിച്ചു ചെന്ന മാഷിനെ അവഹേളിച്ചു കൊണ്ട് ചേലില്ലാത്ത മറുപടി പറഞ്ഞ മുഖ്യമന്ത്രിയെ എങ്ങനെ മറക്കാൻ. ചരിത്രം അവരെ കുറ്റക്കാരെന്ന് എന്നേ വിലയിരുത്തി കഴിഞ്ഞു. എല്ലാവരും രാജനെ കാത്തിരുന്നു ,അമ്മമാർ മകനെയെന്ന പോലെ പെൺകുട്ടികൾ ആങ്ങളയെപ്പോലെ, കൂട്ടുകാരനെപ്പോലെ ആൺകുട്ടികൾ.രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ഒന്നുമറിയാത്ത ഞങ്ങളുടെ നാട്ടിലെ പാവം അമ്മമാർ രാജന്റെ മരണത്തിനു കാരണക്കാരായവർ മുച്ചൂടും മുടിഞ്ഞു പോകാൻ ശപിച്ചു കൊണ്ടിരുന്നു.

വീണ്ടുമൊരു സങ്കടപെരുമഴക്കാലം കൽപ്പാന്ത പ്രളയത്തിന്റെ ഒരു കണ്ണീർമഴക്കാലം കൂടി മനസ്സിൽ പെയ്തിറങ്ങുന്നു. മരിച്ചിട്ടും മഴയത്ത് നിൽക്കുന്ന, ഒരിക്കലും കാണാത്ത നീയെനിക്കും ഇപ്പോൾ കൂടപ്പിറപ്പാണ്. ഓർമ്മകളിൽ മാത്രമുള്ള തപിക്കുന്ന നിന്റെ ആത്മാവിന് മുന്നിൽ ഞാൻ ഒരു ഉരുളച്ചോറും ഒരു നുള്ള് പൂവും തിലോദകവും സമർപ്പിക്കുന്നു. പരലോക പുണ്യങ്ങളിൽ നിനക്ക് സ്വസ്തി നേരുന്നു..
അടിച്ചമർത്തലുകളുടെ എല്ലാ കലാപങ്ങൾക്ക് ശേഷവും മഴയായി പെയ്യുന്നത് രക്തസാക്ഷിയുടെ രക്തമായിക്കും. ഇനിയും പെയ്യുക… രക്തതാരമായി ഉദിക്കുക…..