534 ചലച്ചിത്രങ്ങളിൽ നായക വേഷത്തിൽ അഭിനയിക്കുക, അതിൽത്തന്നെ 130 ചിത്രങ്ങളിൽ ഒരേ നായികയോടൊപ്പം, 83വ്യത്യസ്ത നായികമാർ, ലോക റെക്കോഡിൽ ഇടം പിടിക്കാൻ പ്രേം നസീർ എന്ന ചിറയിൻകീഴ് അബ്ദുൾ ഖാദർക്കു സഹായകരമായത് ഈ അപൂർവതകളാണ്. അക്ഷരാർഥത്തിൽ അസാധാരണം. ഇത്രയൊക്ക ചെയ്തിട്ടും അഭിനയമികവിന്റ മുഹൂർത്തങ്ങൾ അടയാളപ്പെടുത്താൻ കുറച്ചു വേഷങ്ങൾ മാത്രമേ നസീറിനു കിട്ടിയുള്ളൂ എന്നത് നിർഭാഗ്യകരം.
1928ൽ ‘വിഗത കുമാര’നിലൂടെ ആരംഭിക്കുന്നു മലയാള സിനിമയുടെ ചരിത്രം. 1938ൽ ‘ബാലനി’ലൂടെ ശബ്ദചിത്രങ്ങളും ആയി.. 1952ൽ പുറത്തിറങ്ങിയ ‘മരുമകൾ ‘മുതൽ 1990ൽ നസീറിന്റെ മരണശേഷം റിലീസായ ‘കടത്തനാടൻ അമ്പാടി ‘വരെയാണ് പ്രേംനസീർ ചിത്രങ്ങൾ. ഇതിനിടയിൽ നാൽപ്പതോളം തമിഴ് ചിത്രങ്ങളിലും ചില തെലുങ്ക്, കന്നട ചിത്രങ്ങളിലും വേഷമിട്ടു. നാലു പതിറ്റാണ്ടു കാലത്തെ നിറഞ്ഞ സിനിമാക്കാലം.
അഭിനയമികവിനേക്കാൾ ശരീരസൗകുമാര്യവും, ശബ്ദനിയന്ത്രണവും, കുലീനവും, മാന്യവുമായ പെരുമാറ്റരീതികൊണ്ടുമൊക്കെയാണ് സിനിമാ വൃത്തങ്ങളിൽ അദ്ദേഹം ഇന്നും ഓർക്കപ്പെടുന്നത്. അമ്പതുകളിലും, അറുപതുകളിലുമൊക്കെ ഇന്നത്തെ രീതിയിലുള്ള താരകേന്ത്രീകൃത വിധമായിരുന്നില്ലല്ലോ നമ്മുടെ സിനിമാരംഗം. നിർമ്മാതാവിനും, സംവിധായകനുമൊക്ക കൃത്യമായ റോളുകൾ ഉണ്ടായിരുന്ന കാലം. അവിടെ അഭിനേതാവിനു സ്വയം കഥാപാത്രങ്ങളുടെ മാനറിസങ്ങൾ നിച്ഛയിക്കാനും, സ്വന്തം ഇമേജ് വളർത്താൻ വേണ്ടി പാത്രസൃഷ്ടിയിൽ മാറ്റങ്ങൾ വരുത്താനോ ഒന്നും കഴിയുമായിരുന്നുമില്ലല്ലോ. എന്തായാലും തന്റെ ഇമേജിന്റെ തടവറയെക്കുറിച്ചാലോചിക്കാതെ ഏത് തരം കഥാപാത്രങ്ങളും ചെയ്യാൻ നസീർ തയാറായിരുന്നു എന്നത് സിനിമാ വ്യവസായത്തിൽ അപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. സിനിമവളർന്നു തുടങ്ങുന്ന ഒരു കാലഘട്ടത്തിൽ അത് അത്യാവശ്യവുമായിരുന്നു.
സാങ്കേതികമായി ഇക്കാലത്തെ സിനിമാനിര്മാണവുമായൊന്നും സമാനതകളെ ഇല്ലായിരുന്നല്ലോ അന്ന്. പരിമിതമായ സൗകര്യങ്ങൾ, സ്റ്റുഡിയോ ഫ്ളോറുകളിൽ തന്നെ സൃഷ്ടിക്കുന്ന പശ്ചാത്തലങ്ങൾ, ചിലപ്പോൾ മാത്രമുള്ള ഔട്ട് ഡോർ ഷൂട്ടിങ്ങിനിടയിലെ നിരവധി അസൗകര്യങ്ങളും, ബുദ്ധിമുട്ടുകളും.. ഇതിനോടൊക്കെ സമരസപ്പെട്ടുകൊണ്ട് സിനിമ നിർമ്മിക്കുന്നവർക്കും, ടെക്നീഷ്യൻസിനുമൊക്കെ ഒരു പ്രയാസവും സൃഷ്ടിക്കാതെ സഹകരിക്കുന്ന നസീറിനെ പ്പറ്റി പലരും എഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ട്.
അതു പോലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള സഹപ്രവർത്തകരെ സഹായിക്കുന്നതിലും, സിനിമ പിടിച്ച് എല്ലാം നഷ്ടപ്പെട്ടവർക്കു വേണ്ടി പ്രതിഫലമില്ലാതെ അഭിനയിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്തതിനെപ്പറ്റിയുമൊക്കെ കേട്ടിട്ടുണ്ട്. എം. ടി, പി. ഭാസ്കരൻ തുടങ്ങിയ ധിഷണാശാലികളായ സിനിമാ പ്രതിഭകൾ നസീറിന്റെ അർപ്പണ ബോധത്തെപ്പറ്റി പ്രശംസയോടെ സംസാരിച്ചിട്ടുണ്ട്.
ഇരുട്ടിന്റെ ആത്മാവ് ‘, അടിമകൾ,, തുലാഭാരം, മുറപ്പെണ്ണ്, പടയോട്ടം,, അനുഭവങ്ങൾപാളിച്ചകൾ, തുടങ്ങി ശ്രദ്ധേയമായ അഭിനയമുഹൂർത്തങ്ങൾ കാഴ്ച വച്ച കുറെ നസീർ ചിത്രങ്ങളുണ്ട്. ‘ഭ്രാന്തൻ വേലായുധ’നും, ‘പൊട്ടൻ രാഘവ ‘നു മൊക്കെ മലയാള സിനിമാസ്വാദകരുടെ മനസ്സിൽ തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ട്.
നാൽപ്പതു വർഷം തുടർച്ചയായി സിനിമയിൽ നായക സ്ഥാനത്തു നിറഞ്ഞു നിൽക്കുന്നത് ചെറിയ കാര്യമല്ല. പ്രേം നസീറിന്റെ താരപ്രഭ, ദീർഘകാലം നിലനിർത്തിയ മുൻനിര സ്ഥാനം ഇതൊക്കെ ചലച്ചിത്ര വിദ്യാർത്ഥികൾ പഠനമാക്കേണ്ട ഗൗരവവിഷയം തന്നെയാണ്. ആസ്വാദ്യകരമായ ഒരു കലാരൂപമായി ചലച്ചിത്രം വളർന്നു വരുന്ന കാലത്ത് സിനിമ കാണുക എന്ന ശീലം മലയാളിയിലുണ്ടാക്കിയെടുക്കാൻ സഹായിച്ചു എന്നതാണ് പ്രേംനസിർ എന്ന നടന്റെ ഏറ്റവും വലിയ സംഭാവന എന്ന് തോന്നുന്നു. അങ്ങിനെ കണ്ടു കണ്ടാണല്ലോ നല്ല സിനിമയിലേക്ക് നമ്മുടെ ആസ്വാദനക്ഷമത വളരുന്നത്. തിരശീലയിലെ ആ വിസ്മയപ്രതിഭാസത്തിന്റ ജീവിതത്തിന് 1989ജനുവരി 16ന് തിരശീല വീണു. മുപ്പത്തിരണ്ട് വർഷങ്ങൾ… ആദരം.