ചൈന കമ്മ്യൂണിസം കൊണ്ടോ ആയുധബലം കൊണ്ടോ അല്ല അമേരിക്കയുടെ അപ്രമാദിത്വം തകർത്തത്

266

Iqbal Vatakara

അമേരിക്കയുണ്ടാക്കി വെച്ച ഒരു സാമ്പത്തിക ക്രമമുണ്ട്. ഡോളറിന്റെ അപ്രമാദിത്വം. മറ്റെല്ലാ രാജ്യങ്ങളുടെയും ആഗോള വ്യപാരം ഡോളറിൽ നിലനിർത്തി ഡോളറിനെ എല്ലായ്പോഴും കരുത്തുറ്റതാക്കി നിലനിർത്താനുള്ള വഴി റഷ്യക്ക് പോലും ഈ ചിലന്തിവലയിൽ നിന്നും മോചനമുണ്ടായില്ല. ഡോളറിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിച്ച പലരും കടപ്പുഴക്കപ്പെട്ടു.

എന്നാൽ ഇന്ന് ചൈനയുടെ മുൻപിൽ ഈ അപ്രമാദിത്വം തകർക്കപ്പെട്ടിരിക്കുന്നു. ചൈന കമ്മ്യൂണിസം കൊണ്ടോ ആയുധബലം കൊണ്ടോ അല്ല ഇതു തകർത്തത്. സ്റ്റേറ്റ് സ്പോൺസർഡ് ക്യാപിറ്റലിസം കൊണ്ട് തന്നെയാണ്. നമുക്ക് തുരുമ്പു പിടിച്ച അമേരിക്കയാണിന്ന്‌ കൂട്ട്. ചൈനയാണെങ്കിലോ നമുക്ക് ചുറ്റും വല നെയ്യുന്ന പണിയിലും. ഹിന്ദുരാജ്യമായ നേപ്പാൾ പോലും ചൈനീസ് പാളയത്തിലേക്ക് കൂറുമാറ്റപ്പെട്ടിരിക്കുന്നു. അതിനെ പോലും തങ്ങളുടെ കൂടെ നിർത്താൻ മോഡിഫൈഡ് ഇന്ത്യക്ക് പറ്റിയിട്ടില്ല.

യഥാർത്ഥത്തിൽ നാം കാറ്റിലും കോളിലും പെട്ട് ഒരു നിയന്ത്രണവുമില്ലാതെ നീങ്ങികൊണ്ടിരിക്കുന്ന പായകപ്പൽ പോലെയാണ് പോയികൊണ്ടിരിക്കുന്നത്. അതേ സമയം നമ്മെക്കാൾ വലിയ ജനസംഖ്യയും വലിപ്പമുള്ള നാടും വെച്ചു ചൈന അവരുടെ വരുതിയിൽ തന്നെ കാര്യങ്ങൾ കൊണ്ടു വരുന്നു. ലോകത്ത് തന്നെ ഒരു അജയശക്തിയായി അമേരിക്കപോലും ഭയക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. നമ്മുടെ വീഴ്ച വ്യക്തമായ സ്ട്രാറ്റജി ഇല്ലാത്ത മുന്നോട്ടുള്ള പോക്കാണ്. നാടിന്റെ ശക്തി ദൗർബല്യങ്ങൾ വ്യക്തമായി മനസിലാക്കി ദീർഘകാല പദ്ധതികൾ സമയ ബന്ധിതമായി രൂപീകരിക്കാനും, അവയെ ഇച്ഛാശക്തിയോടെ നേടിയെടുക്കാനുമുള്ള ആർജ്ജവം, കഴിവ് ആഭ്യന്തര രാഷ്ട്രീയത്തിൽ വോട്ട് നേടാൻ വർഗ്ഗീയത വളർത്തുന്നവർക്ക് ഇല്ല എന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ നാടിന്റെ അവസ്ഥ.

കൊറോണ വന്നു എല്ലാവരും പൂട്ടുന്നത് കൊണ്ടു ഞാനും നാടിനെ ലോക്ക് ചെയ്തു. രണ്ടുമാസം കഴിഞ്ഞു കൊറോണ കൂടികൊണ്ടിരിക്കെ ലോക്ക് ഒന്നൊന്നായി അഴിച്ചുകൊണ്ടിരുന്നു. അതിനിടയിൽ പാത്രം മുട്ടി, ദീപം തെളിച്ചു കൊറോണയെ ഓടിക്കാൻ ശ്രമിച്ചു, ഇന്ന് കൊറോണ നമുക്ക് ഒന്നാം സ്ഥാനം തളികയിൽ വെച്ചു തരാനുള്ള ശ്രമത്തിലാണ്. നമ്മുടെ മുൻഗണനകൾ മാറേണ്ടതുണ്ട്. അയല്പക്ക ബന്ധങ്ങൾ മാറ്റി സെറ്റ് ചെയ്യുപ്പെടേണ്ടതുണ്ട് .ഉത്പാദന രംഗങ്ങൾ യാഥാർത്ഥ്യബോധത്തിലൂന്നിയാവേണ്ടതുണ്ട്.

നമ്മുടെ മത്സരം പോലും ശരിയായി ബെഞ്ച്മാർക്ക് ചെയ്തു ആവേണ്ടതുണ്ട്. ഇനിയങ്ങോട്ടുള്ള നീക്കങ്ങൾ എങ്കിലും വളരെ കരുതലോടെ ഓരോ ചുവടും ആലോചിച്ചുറപ്പിച്ചതാവണം. ജനാധിപത്യ ഇന്ത്യ, അതിന്റെ അലൈൻമെന്റുകൾ ശരിയാക്കി, ടയറുകളിൽ ആവശ്യമായ നൈട്രേജൻ തന്നെ അടിച്ചു മുൻപോട്ടു പോയാലെ നാട് ഗതിപ്പിടിക്കൂ. സ്റ്റേറ്റിന്റെ ജി എസ് ടി കുടിശ്ശിക പോലും തിരിച്ചു നൽകാതെ, ദിവസം തോറും പെട്രോളിന് വിലകൂട്ടി ഇങ്ങനെ മുനോട്ട് പോയാൽ അധികകാലം പിടിച്ചു നിൽക്കാൻ ആവില്ല.