അമേരിക്കയിലൊക്കെ പെൻഷൻ കിട്ടുന്നതിൻ്റെ കഥ

189

Ajith Sudevan

നിങ്ങളുടെ വരുമാനത്തിന്റെ 15.3% ഇതര നികുതികൾക്ക് പുറമെ സർക്കാരിന് നല്കാൻ തയ്യാറാണോ. എങ്കിൽ അമേരിക്കൻ മാതൃകയിൽ പ്രായം ഉള്ളവർക്ക് താങ്ങാവുന്ന ചെലവിൽ ബ്രാൻഡഡ് മരുന്നുകൾ സഹിതം ഉറപ്പ് നൽകുന്ന മികച്ച ആരോഗ്യ ഇൻഷുറൻസും അതോടൊപ്പം പൊതുപെൻഷനും ഇന്ത്യയിലും നടപ്പാക്കാൻ കഴിയും.ഒരാളുടെ വരുമാനത്തിന്റെ 12.4% ആണ് അമേരിക്കയിൽ പൊതുപെൻഷൻ പദ്ധതിയിലേക്ക് ഉള്ള വിഹിതം. മറ്റൊരു 2.9% പ്രായം ഉള്ളവർക്ക് ഉള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കും നൽകണം. ഭൂരിപക്ഷം തൊഴിലാളികളുടെ കാര്യത്തിലും ഇതിന്റെ പകുതി തൊഴിൽ സ്ഥാപനം നൽകും.

എന്നാൽ യൂബർ ഡ്രൈവർ പോലുള്ള താൽക്കാലിക ജീവനക്കാരുടെ കാര്യത്തിൽ അവരെ സ്വതന്ത്ര കരാറുകാർ ആയാണ് കണക്കാക്കുന്നത്. കാരണം അവർക്ക് സമയത്തിന് അനുസരിച്ചല്ല ചെയ്യുന്ന ജോലിയുടെ അളവിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം. എന്ന് മാത്രമല്ല ഒര് ദിവസം എത്ര സമയം ജോലി ചെയ്യണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വതന്ത്രവും തൊഴിലാളിക്ക് ഉണ്ട്. അതിനാൽ സ്വതന്ത്ര കരാറുകാർ ആയ തൊഴിലാളികളുടെ കാര്യത്തിൽ മുതലാളിയുടെ വിഹിതം ഇല്ല. മൊത്തം വിഹിതവും തൊഴിലാളി നൽകണം.

ഉദാഹരണമായി ഒഴിവ് സമയങ്ങളിൽ ജോലി ചെയ്‌തു വട്ട ചെലവിന് കാശ് കണ്ടെത്തുന്ന രണ്ട് കോളേജ് വിദ്യാർഥികളെ എടുക്കുക. ഒന്നാമൻ ഒര് കടയിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ ശമ്പളത്തിൽ ഓരോ ചെക്കിലും 6.2% വെച്ച് പെൻഷൻ പദ്ധതിയിലേക്ക് ഉള്ള വിഹിതവും 1.45% വെച്ച് പ്രായം ഉള്ളവർക്ക് ഉള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക് ഉള്ള വിഹിതവും പിടിക്കുന്നു. തത്തുല്യമായ തുക മുതലാളിയും അടയ്ക്കുന്നു.എന്നാൽ രണ്ടാമൻ യൂബർ ഓടിക്കുക ആണ്. അതിനാൽ അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്ന് ഇവയൊന്നും പിടിക്കില്ല. എന്നാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ചെല്ലുമ്പോൾ രണ്ടാമന്റെ കണ്ണ് തള്ളും. കാരണം വരുമാനത്തിന്റെ 15.3% self-employment tax അദ്ദേഹം ആദായ നികുതിക്ക് പുറമേ നൽകണം.

ഇവരിൽ ഒന്നാമൻ 12,000 ഡോളറും രണ്ടാമൻ 10,000 ഡോളറുമാണ് ഈ വർഷം സമ്പാദിച്ചത് എന്ന് കരുതുക. ആദ്യ 12,200 ഡോളറിന് ആദായ നികുതി ഇല്ലാത്തതിനാൽ ഒന്നാമൻ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ല എങ്കിലും പ്രശനം ഒന്നും ഇല്ല. എന്നാലും പല കാര്യങ്ങൾക്കും ആദായ നികുതി റിട്ടേൺ അത്യാവശ്യം ആയതിനാൽ മിക്കവരും ഫോർമാലിറ്റി റിട്ടേൺ ഫയൽ ചെയ്യാറുണ്ട്. എന്നാൽ രണ്ടാമന്റെ കാര്യത്തിൽ കണിശമായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം എന്ന് മാത്രമല്ല 10,000 ത്തിന്റെ 15.3% ആയ 1530 ഡോളർ അദ്ദേഹം self-employment tax ആയി നൽകേണ്ടിയും വരും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാതെ self-employment tax ലാഭിക്കാൻ പോയാൽ അത് ഭാവിയിൽ പെൻഷൻ ആനുകൂല്യങ്ങൾ കുറയുന്നതിനും മറ്റും കാരണം ആകും. അതിനാൽ ഭൂരിപക്ഷം പേരും അത്തരം പരിപാടികൾക്ക് പോകാറില്ല.

അമേരിക്കയിലും സർക്കാർ ജീവനക്കാർക്ക് വേറെ പെൻഷൻ പദ്ധതികളാണ് ഉള്ളത്. അത് സർക്കാർ ജീവനക്കാർക്ക് ഒഴിവ് സമയങ്ങളിൽ ഇതര ജോലി ചെയ്യാൻ ഉള്ള നിയമപരമായ തടസങ്ങൾക്കും അതോടൊപ്പം അവരുടെ അധ്വാനത്തിനും നൽകുന്ന പ്രതിഫലത്തിന്റെ ഒര് വിഹിതമാണ് എന്ന ബോധം ഉള്ളതിനാൽ, അതിന്റെ പങ്ക് വേണം എന്നും പറഞ്ഞു ഇവിടുത്തെ ഭൂരിപക്ഷ ജനത ബഹളം ഉണ്ടാക്കാറില്ല. അതിനാൽ അമേരിക്ക അടക്കം ഉള്ള വികസിത രാജ്യങ്ങളിലെ പോലെ ഒര് പൊതുപെൻഷൻ സംവിധാനം ഇന്ത്യയിലും വേണം എന്ന് നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു എങ്കിൽ അതിലേക്ക് നിങ്ങളുടെ വരുമാനത്തിന്റെ ഒര് പങ്ക് നല്കാൻ തയ്യാറാകുക.

ഇനി അത്തരം ഒര് പദ്ധതി വരുന്നത് വരെ കാത്തിരിക്കണം എന്നില്ല. വരുമാനത്തിന്റെ 10 മുതൽ 15 ശതമാനം എല്ലാമാസവും ഏതെങ്കിലും സുരക്ഷിതമായി ഒര് സമ്പാദ്യപദ്ധതിയിലേക്ക് ഒര് 30 മുതൽ 40 വർഷം മുടക്കം ഇല്ലാതെ നീക്കിവെച്ചാൽ, നിങ്ങൾക്കും 60 വയസ് ആകുമ്പോൾ മാന്യമായ ഒര് നീക്കിയിരിപ്പ് ഉണ്ടായിരിക്കും. അല്ലാതെ ആരാന്റെ അധ്വാനത്തിന്റെ പങ്ക് വേണം എന്ന് പറയുന്നതിൽ യാതൊരു അർഥവും ഇല്ല. അമേരിക്കയിലും അവശ ജനങ്ങളെ സഹായിക്കാൻ ആയി സപ്പ്ളിമെന്ററി സോഷ്യൽ സെക്യൂരിറ്റി എന്നൊരു സംവിധാനം ഉണ്ട്. അത് അമേരിക്കൻ പൗരത്വം ഉള്ള ചെറുപ്രായത്തിൽ ശാരീരികമോ മാനസികമോ ആയ കാരണങ്ങളാൽ പണിയെടുക്കാൻ കഴിയാതെ പോയ അവശരും പാവങ്ങളും ആയ തികച്ചും അർഹരായ ഒര് ചെറിയ വിഭാഗത്തിന് മാത്രമേ കിട്ടുക ഉള്ളൂ.

അല്ലാതെ ആയ കാലത്ത് തൊഴിൽ നികുതി വെട്ടിച്ചു നടക്കുന്നവരോ, അല്ലെങ്കിൽ അന്യനാട്ടിൽ പോയി പണിയെടുത്തു മോശമല്ലാത്ത സാമ്പത്തിക ഭദ്രത ആർജിച്ചവരോ ആയ ആൾക്കാർക്ക് ഒന്നും പ്രസ്തുത ആനുകൂല്യം കിട്ടില്ല. പ്രസ്തുത ആനുകൂല്യം ഒക്കെ കൂടുതൽ വ്യാപിപ്പിക്കാൻ വന്ന ബെർണി സാൻ‌ഡേഴ്സ് അമേരിക്കയിൽ പ്രസിഡണ്ട് പോയിട്ട് പ്രസിഡണ്ട് സ്ഥാനാർഥി ആകാൻ ഉള്ള പോലും വോട്ട് പോലും കിട്ടിയില്ല . കാരണം അദ്ദേഹം ഒക്കെ അധികാരത്തിൽ എത്തിയാൽ അമേരിക്ക മറ്റൊരു ഗ്രീസോ, വെനിസ്വേലയോ ആയി മാറും എന്ന ബോധം ഭൂരിപക്ഷം അമേരിക്കക്കാർക്കും ഉണ്ട്. അതിനാൽ 60 തികഞ്ഞ എല്ലാവർക്കും 10,000 വെച്ച് വെറുതേ കൊടുക്കാൻ പോയാൽ ഇപ്പോളത്തെ 2000 ത്തിന്റെ നോട്ടിന്റെ സ്ഥാനത്ത് രണ്ട് ലക്ഷത്തിന്റെ നോട്ട് ഒക്കെ ഇറക്കേണ്ടി വരും. പിന്നെ അർഹരായ അവശർക്ക് കൂടുതൽ സഹായം കിട്ടണം എന്ന ആത്മാർത്ഥമായ ആഗ്രഹമാണ് നിങ്ങളെ 10,000 രൂപാ പെൻഷൻ എന്ന പദ്ധതിയെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കുന്നത് എങ്കിൽ. അതിനുള്ള മാർഗ്ഗം ഇപ്പോളത്തെ 1100 രൂപാ ക്ഷേമ പദ്ധതിയിൽ നിന്ന് സാമ്പത്തിക ഭദ്രത ഉള്ളവരെ നീക്കം ചെയ്തിട്ട് പ്രസ്തുത തുക കൂടി അർഹരായ അവശർക്ക് നൽകുക എന്നതാണ്.