ആമിസിലെ നിർമാലിയുടെ അടങ്ങാത്ത ‘വിശപ്പി’ന്റെ കാരണമെന്താവും ?

0
100

ആമിസിലെ നിർമാലിയുടെ അടങ്ങാത്ത ‘വിശപ്പി’ന്റെ കാരണമെന്താവും എന്ന ആലോചനയിൽ നിന്ന് ഉരുത്തിരിഞ്ഞ ചില തോന്നലുകൾ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ്. സുമോനുമായി വവ്വാലിറച്ചി കഴിക്കാൻ തീരുമാനിച്ചന്നാണ് നിർമാലി ഒരുപാട് നാളിന് ശേഷം സ്വാതന്ത്ര്യം അനുഭവിച്ചത്. ഭാര്യ, അമ്മ, ഡോക്ടർ എന്നീ ചുമതലകളിൽ നിന്നെല്ലാം വിട്ടകന്ന് സ്വസ്ഥയായത്. അവിടെ വെച്ച് തന്നെയാവണം സുമോനോട് തനിക്കുള്ളത് പ്രണയമാണെന്ന് നിർമാലി പറയാതെ പറഞ്ഞത്. അന്ന് തന്നെയാവണം നാളുകളായി ഉള്ളിലടക്കി വെച്ചിരുന്ന നിർമാലിയുടെ ലൈംഗിക ചോദനയ്ക്കും ഉത്തേജനമുണ്ടാവുന്നത്. ആഹാരം കഴിച്ചു കഴിഞ്ഞതിന് ശേഷം തിരിച്ചു പോരാൻ നേരം രണ്ട് പേരും സങ്കടത്തിലാണ്. ഉള്ളിൽ പ്രണയമുള്ള, എന്നാൽ അത് അന്യോന്യം തുറന്ന് പറയാൻ കഴിയാത്ത രണ്ടു പേർ.ഒരുമിച്ചിരിക്കാനും വർത്തമാനം പറയാനും കിട്ടിയ വളരെ കുറച്ച് സമയത്തിനു ശേഷം പിരിയാൻ നേരം വളരെ വിഷമത്തിലാണ് ഇരുവരും. നാളുകൾക്ക് ശേഷം അന്നാണ് നിർമാലി ശാരീരകമായി ബന്ധപ്പെടുന്നതിനെ കുറിച്ച് ആലോചിക്കുന്നത് പോലും. അന്ന് സുമോന് നൽകാൻ അവരൊരു ചുംബനം സൂക്ഷിച്ചിരുന്നു. എന്നാൽ തന്റെ സാമൂഹിക പരിസരം തന്നെ അതിനനുവദിക്കില്ലെന്ന് നിർമാലിക്ക് പെട്ടെന്ന് ഓർമ്മ വരുന്നു.

ആ വിഷമത്തിലാണ് നിർമാലി അന്ന് രാത്രി സ്വന്തം വീട്ടിലേക്കും അവളുടെ ഉത്തരവാദിത്തങ്ങളിലേക്കും തിരികെ വരുന്നത്. അതേസമയം തന്റെയീ ഇടപെടൽ അവർക്കിഷ്ടപ്പെട്ടു കാണില്ലെന്നും അതുകൊണ്ടാവണം കാറിൽ കയറിയപ്പോൾ മുതൽ നിർമാലി നിശ്ശബ്ദയായിരിക്കുന്നത് എന്ന ചിന്തയുമാണ് സുമോനെ വിഷമിപ്പിക്കുന്നത്. ഒരാൾക്ക് വേണ്ടത് സെക്ഷ്വൽ പ്ലെഷർ. മറ്റേയാൾ ആഗ്രഹിക്കുന്നത് ഇന്റിമസിയും.കാലങ്ങളായി താൻ അനുഭവിക്കുന്ന സെക്സ് ഡെപ്രിവേഷൻ അതിന്റെ പീക്കിൽ എത്തി നിൽക്കുന്ന സമയത്താണ് നിർമാലിക്ക് സുമോനെ പിരിയേണ്ടി വരുന്നത്. ഒരു ചുംബനം കൊണ്ടെങ്കിലും താനനുഭവിക്കുന്നയീ അതികഠിനമായ ദാഹം ശമിപ്പിക്കണമെന്ന് നിർമാലിയാഗ്രഹിച്ചിരുന്നു. അങ്ങനെ സുമോന് കൊടുക്കാൻ വച്ച ചുംബനഹാരം അന്നവൾ സ്വന്തം ഭർത്താവിനെ അണിയിക്കുകയാണ്. എന്നാൽ അയാളവളുടെ ചുംബനം സ്വീകരിക്കുക മാത്രമാണുണ്ടായത്. അവളാഗ്രഹിച്ചത് പോലെ അയാളവളെ തിരിച്ച് ഉമ്മവെച്ചില്ല. ആ ദേഷ്യവും വിഷമവും ഉള്ളിൽ നിറച്ചാണ് നിർമാലി, ഭർത്താവിന് മുഖം കൊടുക്കാതെ വീടിനുള്ളിലേയ്ക്ക് കുതിക്കുന്നതും.

നിനച്ചിരിക്കാതെ ഒരു ദിവസം തന്റെ ഭർത്താവ് തന്നെ വിട്ട് ദൂരേയ്ക്ക് പോകുമ്പോൾ അയാളെ ഒന്ന് യാത്രയാക്കാൻ പോലും തയ്യാറാകാതെ, വീടിന്റെ മട്ടുപ്പാവിൽ നിന്ന് ചിണുങ്ങുന്ന നിർമാലിയെയും സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട്. ഇത്തവണയും തന്റെ ഭർത്താവുമായി മാനസികമായും ശാരീരികമായും അടുപ്പം പുലർത്താൻ കഴിയാത്തത്തിലുള്ള നീരസവും അമർഷവും നിർമാലിയുടെ കണ്ണുകളിൽ വ്യക്തം.

ഇനി രണ്ടാമത്തെ കാര്യം..സുമോൻ നീട്ടുന്ന ചോറ്റുപാത്രം ഓരോ തവണയും കൊതിയോടെയും അതിലേറെ പ്രണയത്തോടെയും തിന്ന് തീർക്കുന്ന നിർമാലിയെയാണ് ആമിസിൽ കാണാൻ കഴിയുക. പലകുറി അതാവർത്തിച്ചതിനു ശേഷം സുമോനെ ഊട്ടാൻ നിർമാലി തീരുമാനിക്കുന്നു. അതിന് വേണ്ടി മാസംസളമായ സ്വന്തം ശരീരം തന്നെയവർ കീറിമുറിക്കുന്നു. എന്നാൽ താൻ കഴിച്ചത് നിർമാലിയെയാണ് എന്നറിയുന്നയാ നിമിഷം തന്നെ സുമോന് ഓക്കാനം വരുന്നു. കഴിച്ചത് മുഴുവനയാൾ തുപ്പിക്കളയുന്നു. സുമോന് നിർമാലിയോടുള്ള പ്രണയത്തിന്റെ പ്രത്യേകത കൊണ്ടാണയാൾ അങ്ങനെ ചെയ്തത് എന്നാണെന്റെ പക്ഷം.

സുമോനടക്കമുള്ള പുരുഷ വർഗ്ഗം മുഴുവൻ ആവർത്തിക്കുന്ന ഒരു വലിയ തെറ്റിനെയാണ് ഭാസ്കർ ഹസാരിക വിമർശിച്ചത് എന്നത് കൂടെ കൂട്ടിച്ചേർക്കുകയാണ്. പുരുഷൻ ഒരിക്കലും അറിയാൻ ശ്രമിച്ചിട്ടില്ലാത്ത, അറിയാൻ താല്പര്യം കാണിക്കാത്ത ഒരു മേഖലയാണ് സ്ത്രീ ലൈംഗീകത. ആണുങ്ങൾക്ക് കൃത്യമായ ലൈംഗിക താല്പര്യങ്ങളുണ്ട്. അതേപോലെ തന്നെ സ്ത്രീകൾക്കും അവരുടേതായ സെക്ഷ്വൽ ഫാന്റസികളുണ്ട്. ആണുങ്ങൾ തങ്ങളുടെ ഓപ്പോസിറ്റ് സെക്സിനെ ഫാന്റസൈസ് ചെയ്യുന്നത് പോലെ തന്നെ സ്ത്രീകളും ചെയ്യാറുണ്ട്. എന്നാൽ പുരുഷകേന്ദ്രീകൃതമായ ഈ സമൂഹത്തിൽ സ്ത്രീ ഈശ്വരിയാണ്, ഭഗവതിയും അമ്മയുമാണ്. ആർത്തവത്തെപ്പോലും അശുദ്ധിയായി കാണുന്ന സമൂഹം പെണ്ണിന്റെ കാമാസക്തിയെ അംഗീകരിക്കുമോ. പോട്ടെ, പെണ്ണിനെ ആ ദൈവസ്ഥാനത്ത് നിന്നൊന്ന് താഴെയിറക്കാനെങ്കിലും സമ്മതിക്കുമോ. ഒരിക്കലുമില്ല.

ഫീലിംഗ്‌സ് റെസിപ്രൊക്കേറ്റ് ചെയ്യാനുള്ളവയാണെന്ന് പ്രസംഗിക്കുന്ന ഇവിടുത്തെ പുരുഷകേസരികൾ ലൈംഗികതയുടെ കാര്യത്തിൽ പക്ഷേ ഈ സ്റ്റേറ്റ്മെന്റ് ബാധകമല്ല എന്ന് പറഞ്ഞൊഴിയും. സ്ത്രീകൾ സ്വയംഭോഗം ചെയ്യുമെന്നത് കേട്ട് അത്ഭുതം കൂറിയ, കണ്ണിൽ അറപ്പെരിയുന്ന ഒരുപാട് ആൺ മുഖങ്ങളെക്കൂടി ഈ അവസരത്തിൽ സ്മരിക്കുന്നു.. “ക്യാൻ ഐ ഗോ ഡൗൺ ഓൺ യൂ..” എന്ന് കാമുകൻ ചോദിച്ചാൽ അതിൽ ഒരസ്വാഭാവികതയും നമുക്ക് തോന്നില്ല. എന്നാൽ “ക്യാൻ ഐ ഗിവ് യു എ ബ്ലോജോബ്” എന്ന് ആദ്യമായി ഒരു പെണ്ണ് തിരിച്ച് ചോദിച്ചാൽ ഏതൊരു കാമുകനും പതറും. സ്വിച്ചിട്ട പോലെ അവിടെ നിൽക്കുമവന്റെ ഉദ്ധാരണം.

തന്നോടൊപ്പം ലൈംഗീകതയാസ്വദിക്കാനിരിക്കുന്ന കാമുകിയെ ഒരു ഡെയ്റ്റി ആയി, ഗോഡസ്സ് ആയി കാണുന്നതിന്റെ കുഴപ്പമാണ്. ഫോർപ്ലേ എന്ന് കേട്ടിട്ട് പോലുമില്ലാത്ത, ശീഘ്രസ്ഖലനത്തിന് സെക്സോളജിസ്റ്റിനെ കാണുന്നത് ആണത്തത്തിന്റെ അവസാനമാണ് എന്ന് കരുതുന്ന ആണുങ്ങളുള്ള ഇന്ത്യയിൽ ആമിസ് വളരെ പ്രസക്തമാണ്. ഇനിയും അതങ്ങനെ തന്നെ പ്രസക്തമായി തുടർന്നാൽ ഒരു പരിഷ്കൃത സമൂഹമാണ് നാമെന്നുള്ള ഈ വീമ്പ് പറച്ചിൽ അങ്ങ് അവസാനിപ്പിക്കേണ്ടി വരും.

നിർമാലിയുടെ ഇറച്ചി സുമോൻ ശർദ്ധിച്ച് കളയുന്ന ആ രംഗം ഇന്ത്യൻ സിനിമകളിൽ തന്നെ കണ്ടിട്ടുള്ള ഏറ്റവും മികച്ച അലിഗറികളിൽ ഒന്നാണ്. ഇവിടെ കുറ്റവാളിയൊരാളാണ്. മിക്ക ആണുങ്ങളുമില്ലായില്ലാ എന്ന് പറയുന്നതും ചില പെണ്ണുങ്ങൾ ഉറപ്പായുമതിവിടെയുണ്ട് ഉണ്ട് എന്ന് പറയുന്നതുമായ കാര്യം – പാട്രിയാർക്കി.അതിനെക്കുറിച്ച് ഇഗ്നോറന്റ് ആയവരെ നിരന്തരമായി എങ്കേജ് ചെയ്യിക്കുകയെന്നതാണ് ഈ രോഗത്തിനുള്ള ഒരേയൊരു മറുമരുന്ന്. ജനിച്ചു വീഴുന്ന ഓരോ ആൺകുഞ്ഞിലേക്കും പെൺകുഞ്ഞിലേക്കും അറിഞ്ഞും അറിയാതെയും ഇന്ത്യൻ സമൂഹം പകർന്ന് കൊടുത്ത് കൊണ്ടേയിരിക്കുകയാണ് ഈ വിഷം. അതുകൊണ്ട് ജന്മനാ കൈമാറ്റം ചെയ്ത് കിട്ടിയ ഈ വിഷത്തിന്റെ വരവ് ചെറുക്കുന്നത് ശ്രമകരമാണ്. ആമിസിലൂടെ നമുക്കാ വിഷ വൃക്ഷത്തിന്റെ വേരറുക്കലിന് തുടക്കമിടാവുന്നതാണ്.

കൈകൊണ്ട് ഭക്ഷണം വാരി കഴിക്കാൻ ഇഷ്ടമല്ലാത്ത നിർമാലി പോലും നന്നായി വിശന്നൊരു നേരം ഫ്രിഡ്ജിൽ നിന്ന് ഇറച്ചി കഴിക്കുന്നത് സ്വന്തം കൈയ്യുപയോഗിച്ചാണ്. അതേപോലെ തന്നെ ഒട്ടും അറയ്ക്കാതെ, തെല്ലും ചമ്മലില്ലാതെ വേണം നമ്മളും ലൈംഗീകതയുൾപ്പടെയുള്ള വിഷയങ്ങൾ പൊതുസമൂഹത്തിൽ സംസാരിച്ചു തുടങ്ങാൻ. സിനിമ ജനകീയമാവുന്നത് അത് മുന്നോട്ട് മുന്നോട്ട് വെയ്ക്കുന്ന പുരോഗമനപരമായ ആശയങ്ങൾ നമ്മൾ ചർച്ച ചെയ്യുമ്പോഴാണ്.ഇനി അവസാനമായി ഒന്ന്കൂടി..ഒരു സിനിമയിൽ പ്രേക്ഷകർ ആരെക്കാണണം, അവർക്കാരെ കാണിച്ചു കൊടുക്കണം എന്ന് തീരുമാനിക്കുന്നത് അതിന്റെ സംവിധായകനാണ്. ആമിസ് തുടങ്ങുന്നത് സുമോനിലൂടെയാണ്. അവിടേയ്ക്ക് നിർമാലി കടന്ന് വരികയും പിന്നീടുള്ള അവരിരുവരുടെയും ഒത്തുചേരലുകളും വേർപ്പിരിയലുകളുമാണ് സിനിമ. ഈ രണ്ട് പേരെ മാത്രം ഫോക്കസ് ചെയ്യുന്ന, അവരുടെ കണ്ണിലൂടെ മാത്രം ലോകത്തെ കാണിച്ചു തരുന്ന സിനിമയാണ് ആമിസ്. ഒട്ടും ഒബ്ജെക്റ്റിവിറ്റിയില്ല ഇവിടെ.

സിനിമകളിൽ കപ്പിളിനെ ഒന്നിക്കാൻ സമ്മതിക്കാത്ത, അവരെ വേർപെടുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന ഒരു ആന്റഗണിസ്റ്റ് എപ്പോഴും ഉണ്ടാവും. ആമിസിൽ ഈ വില്ലൻ റോൾ സമൂഹത്തിനാണ്. നേരത്തെ പറഞ്ഞല്ലോ ഈ സിനിമയിൽ സുമോന്റെയും നിർമാലിയുടേയും കണ്ണുകളിലൂടെയാണ് ചുറ്റുമുള്ള ലോകത്തെ സംവിധായകൻ നമുക്ക് കാട്ടിത്തരുന്നത്. അതുകൊണ്ട് ഉറപ്പായും ഇവിടുത്തെ തെറ്റും ശരിയും ആപേക്ഷികമായിരിക്കും. സുമോനും നിർമാലിയും വർത്തിക്കുന്നത് അവരുടെ മാത്രം ശരികളിലൂടെയാണ്. തന്റെ മാംസം ഏറ്റവും സ്വാദിഷ്ടമായി പാകം ചെയ്യണമെന്നത് സുമോന്റെ മാത്രം ശരിയാണ്. അതുകൊണ്ടാണ് ആ സീനിനെ സൗന്ദര്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്. ഓരോ തവണ സുമോനെ ഭക്ഷിക്കുമ്പോഴും ഏറ്റവും ആസ്വദിച്ചു തന്നെ അത് ചെയ്യണമെന്നത് നിർമാലിക്ക് മാത്രം അത് ശരി എന്ന് തോന്നുന്നത് കൊണ്ടാണ്.

ഉറപ്പായും ക്യാനിബാലിസത്തെ ഗ്ലോറിഫൈ ചെയ്യുന്നുണ്ട് ആമിസ്. കൂടാതെ നിർമാലിയുടെ ആഗ്രഹപൂർത്തീകരണത്തിനായി ഒരു മനുഷ്യനെ തന്നെ കൊല്ലാൻ സുമോൻ തയ്യാറാകുന്നതും അവൾ അതിനവനെ പ്രണയപൂർവ്വം അനുവദിക്കുന്നതും വളരെ കാഷ്വൽ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഒരു ആക്റ്റിലൂടെ കൊലപാതകത്തെ നോർമലൈസ് ചെയ്യുകയും ചെയ്തു ആമിസ്.
ഇനി നേരത്തെ പറഞ്ഞ സമൂഹം എന്ന വില്ലനിലേക്ക് വരാം. ആ വില്ലന്റെ കാഴ്ച്ച ഇവിടെയില്ലാത്തിടത്തോളം കാലം ആമിസ് സബ്ജെക്റ്റീവ് ആണ്. അങ്ങനെയൊരു മൂന്നാം കണ്ണ് ഇവിടെയുണ്ടാകുന്നത് നമ്മൾ പ്രേക്ഷകരിലൂടെയാണ്. എന്നാൽ നമ്മളിവരുടെ പ്രണയത്തെ കാണുന്നത് പല തലങ്ങളിൽ നിന്നുകൊണ്ടാവാം. എന്നാലും രണ്ട് വലിയ തെറ്റുകളെ ശരികളാക്കി അവതരിപ്പിച്ചു എന്നത് നമ്മളേവരും ഏകസ്വരത്തോടെ പറയും. അതുകൊണ്ട് ഒരിക്കൽക്കൂടി പറയുകയാണ് ഈ സിനിമ പൂർണ്ണമായും സബ്ജെക്റ്റീവ് ആണ്. ഇവിടുത്തെ ശരികൾ സുമോൻ, നിർമാലി എന്നിവരുടേത് മാത്രമാണ്. വളരെ വ്യക്തമായിത്തന്നെ ഈ ജോഡിയുടെയൊപ്പം നിൽക്കുകയാണ് സംവിധായകൻ. ഒരു കാഴ്ച്ചക്കാരൻ എന്ന നിലയിൽ ഭാസ്കർ ഹസാരിക സ്വീകരിച്ച ഈ ഒരു നരേറ്റീവ് സ്‌റ്റൈലിനോട് എനിക്ക് യോജിപ്പാണ്.

കാരണം ആദ്യം പറഞ്ഞ എന്റെ രണ്ട് കണ്ടെത്തലുകൾ.സെക്സ് ഡെപ്രിവേഷൻ മൂലമുണ്ടായേക്കാവുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ. അതുപോലെ തന്നെ സ്നേഹിക്കപെടാനുള്ള ഓരോ മനുഷ്യന്റെയും അവകാശം. ഈ രണ്ട് വിഷയങ്ങളിൽ ഒരുപാട് ചർച്ചകൾ ഇവിടെ നടക്കണം എന്നാഗ്രഹമുണ്ട്‌. അങ്ങേയറ്റം ഗൗരവത്തോടെ, വളരെ സട്ടിലായി ഈ രണ്ട് വിഷയങ്ങളെയും ഒറ്റയടിക്ക് അഡ്രസ്സ് ചെയ്തു എന്നത് കൊണ്ട് എനിക്കീ സിനിമ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ആമിസിലെ ഗ്ലോറിഫിക്കേഷൻ, നോർമലൈസേഷൻ എന്നീ രണ്ട് കുഴപ്പങ്ങൾ ഞാൻ സൗകര്യപൂർവ്വം മറന്ന് കളയുന്നു.

ആമിസ് കുട്ടികളെ കാണിക്കയോ വേണ്ടയോ എന്ന് മാതാപിതാക്കൾ തീരുമാനിക്കട്ടെ. മുതിർന്നവർ ഈ സിനിമയെ കുറേക്കൂടെ യുക്തിപരമായി സമീപിക്കുകയും ചെയ്യട്ടെ. ഈ ഒരു എക്സ്ക്യൂസ് ആമിസിന് കൊടുക്കണം എന്നാണ് വ്യക്തിപരമായ ആഗ്രഹം. ഇനി ഞാൻ മുകളിൽ കണ്ടെത്തിയ കാര്യങ്ങളിൽ കഴമ്പില്ല എന്റെ തോന്നലുകൾ തെറ്റാണ് എന്നൊക്കെയുള്ള വാദങ്ങൾ കമന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു. നമുക്കതിന്റെ പേരിൽ തർക്കിക്കുകയുമാവാം. എന്നാൽ നമ്മുടെയാ വാദ പ്രതിവാദങ്ങൾ ഭാസ്കർ ഹസാരിക എന്ന തിരകഥാകൃത്തിന്റെ വിജയത്തിന്റെ തെളിവാണ്. കാരണം ഈയടുത്തൊന്നും ഇത്രയധികം കണ്ടെത്തലുകൾക്കും വായനകൾക്കും അതിവായനകൾക്കും ഒരു സിനിമയും ഇടകൊടുത്തിട്ടില്ല.

ആമിസ്‌ എന്ന ചിത്രം പലരും കണ്ടുകാണും ഒരു വിധം എല്ലാ പോസ്റ്റുകളും ഞാൻ വായിക്കുകയും ചെയ്തു. മിക്കവാറും പോസ്റ്റുകൾ പ്രണയം/വിശപ്പ് എന്നീ രണ്ട് വശങ്ങളെക്കുറിച്ചാണ് കൂടുതലും സംസാരിച്ചിട്ടുള്ളത്. ആ സിനിമയുടെ പെരിഫെറൽ ആയ നരേഷൻ വിട്ട് ഉള്ളിലുള്ള ഒരു എലെമെന്റിനെ അന്വേഷിക്കുകയാണ് ഞാൻ. ഹെവി സ്പോയിലർ ആണ്. ഇത് വിശപ്പിന്റെ സിനിമയാണെന്ന് ഞാൻ കരുതുന്നേയില്ല. മെറ്റഫറിക്കൽ ആയ സിനിമകളുടെ കൂട്ടത്തിലെ പ്രഥമ സ്ഥാനം ഈ ചിത്രത്തിനായിരിക്കും. സംസ്കാരം എന്നതിനെ പൊളിച്ചടുക്കുന്ന, ഹിഡൻ സ്റ്റിമുലസിനെ പറ്റിയാണ് സിനിമ പറയുന്നത് എന്നാണ് എന്റെ വീക്ഷണം. പെരിഫെറൽ ആയ നരേഷനിൽ വിശപ്പും പ്രണയവും ഒക്കെ ഉണ്ട്, ഇല്ലെന്ന് തീർത്തും ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ആമിസ് ചർച്ച ചെയ്യുന്നത് സ്യൂഡോകൽച്ചറിനോടുള്ള കലഹവും അതിൽ നിന്നുള്ള വിടുതലും ആണ്. സദാചാര മൂല്യബോധങ്ങളോടുള്ള സമരസപ്പെടലും പൊട്ടിച്ചെറിയലും ആൺ-പെൺ ദ്വന്ദ്വം ഉപയോഗിച്ച് തൃഷ്ണകളെ അടയാളടുത്തുന്നൊരു ഇടമായിട്ടാണ് എനിക്ക് തോന്നിയത്.
ഉറപ്പായും പെരിഫെറൽ വായനയല്ല ഈ സിനിമയ്ക്ക് വേണ്ടത്. രണ്ട് ഡൈമൻഷനിൽ ഒരേ മാറ്റർ വച്ചു കൺസീവ് ചെയ്യുക എന്നതിന് ഇതിനേക്കാൾ നല്ലൊരു ഉദാഹരണം വേറെയില്ല. ജെല്ലിക്കെട്ടും ഇത്തരത്തിൽ ആയിരുന്നുവെങ്കിലും അതിൽ മേക്കിങ്ങ് തിരക്കഥയിൽ നിന്നും വളരെ ഉയരെ നിൽൽക്കുന്നതായി കാണാം. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രവും ഇതേ ട്രീറ്റ്മെന്റ് ഒരു പരിധി വരെ കൊണ്ട് വരാൻ ശ്രമിച്ചു പരാജയപ്പെട്ട ഒന്നാണ്. എന്നാൽ ഇതിൽ നിന്നൊക്കെ വിഭിന്നമായി ആമിസിൽ മെറ്റഫർ അപ്പ്രോച്ച് തീർത്തും subtle ആണ്.

ചിത്രത്തിലേക്ക് കടക്കുന്നതിന് മുൻപ് ഒരു രസകരമായ കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. ട്രാഫിക് സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ, ഹൃദയവുമായി ആ കാർ ഹോസ്പിറ്റലിലേക്ക് അടുക്കുമ്പോൾ നമ്മുടെയുള്ളിൽ ഉണ്ടാകുന്നൊരു സന്തോഷം ഓർക്കുന്നില്ലേ.. അതോടൊപ്പം സപ്തമശ്രീ തസ്കരാ, ദൃശ്യം പോലെയുള്ള സിനിമകളിൽ തെറ്റ് ചെയ്ത നായകൻ രക്ഷപെടുമ്പോൾ പ്രേക്ഷകന് തോന്നുന്ന ഒരാശ്വാസമില്ലേ.. അത്തരത്തിലൊന്നിന് ഇട നൽകുന്നില്ല ആമിസ്. അവർക്കിടയിലുള്ള ‘വിശപ്പ്’ എപ്പോൾ ശമിക്കപ്പെടും എന്നൊരു anxiety യിൽ ആണ് നമ്മൾ ചിത്രം കാണുന്നത്. എന്നാൽ ആ ഒരു അനുഭവപ്പെടുത്തലിന് സംവിധായകൻ മുതിരുന്നേയില്ല എന്നത് അങ്ങേയറ്റം രസകരമായി എനിക്കനുഭവപ്പെട്ടു.
അപ്പൊ ഇനി ചിത്രത്തിലേയ്ക്ക്..

നരവംശ ശാസ്ത്രത്തിൽ PhD ചെയ്യുന്ന വിദ്യാർത്ഥിയാണ് സുമോൻ. തന്റെ സുഹൃത്തിന് വയറുവേദന കലശലാകുന്നതിനെത്തുടർന്ന് ആ ചെറുപ്പക്കാരൻ പരിചയപ്പെടുന്ന ലേഡി ഡോക്ടറാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ നിർമാലി. അവർക്കിടയിൽ ഉടലെടുക്കുന്ന മനോഹരമായ സൗഹൃദത്തിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. അനാവശ്യ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും ഇല്ലാത്തത് തന്നെ വലിയൊരു പോസിറ്റീവ് ഫാക്ടർ ആണ്.

അവർക്കിരുവർക്കുമിടയിൽ ഒരു പാലമുണ്ട്. മാംസം, അഥവാ രുചിയുള്ള ഇറച്ചി. അവർ തമ്മിൽ കാണുന്നതും സംസാരിക്കുന്നതും അടുത്തിടപഴകുന്നതും ആ പാലത്തിലൂടെയാണ്. പെരിഫറൽ ആയി നോക്കുകയാണെങ്കിൽ സ്വാദുള്ള മാംസം ഇഷ്ടപ്പെടുന്ന രണ്ട് പേര് വളരെ പെട്ടെന്ന് ആ ഒരു പോയിന്റിൽ തന്നെ കൂട്ടിമുട്ടുകയും അടുക്കുകയും ചെയ്യുന്നു. ശേഷം പുതിയ പുതിയ രുചികൾ കണ്ടെത്താൻ അവർ ശ്രമിക്കുകയും ചെയ്യുന്നു. അത്തരമൊരു ശ്രമത്തിന്റെ വന്യത ആദ്യം കാട്ടുന്നത് സുമോൻ ആണ്. സ്വന്തം ശരീരത്തിലെ മാംസക്കഷ്ണം പാകപ്പെടുത്തി നിർമാലിക്ക് കഴിക്കാൻ കൊടുക്കുന്നു. നിർമാലി അതറിയുന്നില്ലെങ്കിൽ പോലും അത് വരെയുള്ളതിൽവച്ച് ഏറ്റവും രുചികരമായി അവർക്ക് അനുഭവപ്പെടുന്നത് സുമോൻ അന്ന് കൊടുത്ത അവന്റെ സ്വന്തം മാംസമാണ്..!!
സത്യമറിയുന്ന അവൾ ശർദ്ധിച്ചു കളയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവളറിയാതെ തന്നെ അവളിൽ വീണ്ടും അത് കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്റ്റിമുലസ് ഉണ്ട്. ആ സ്റ്റിമുലസിന്റെ പ്രതികരണം അവർ അവനെ അറിയിക്കുന്നു. അങ്ങനെ വീണ്ടും സുമോൻ തന്റെ ശരീരത്തിൽ നിന്ന് മാംസം അടർത്തി പാകം ചെയ്ത് നിർമാലിക്ക് കൊടുക്കുന്നു. തനിക്ക് അനുഭവിച്ച രുചി സുമോനും ലഭിക്കുന്നതിനു വേണ്ടി അവർ തന്റെ മാംസം അല്പം മുറിച്ച് പാകപ്പെടുത്തി അവനു നൽകുന്നു. അവരങ്ങനെ പരസ്പരം ഭക്ഷിക്കുന്നു..!! മനുഷ്യമാംസം ലഭിക്കാൻ വേണ്ടി അവർ ഇരുവരും ഒരാളെ കൊല്ലാൻ തീരുമാനിക്കുകയും കൃത്യത്തിനിടയിൽ സുമോൻ പോലീസ് പിടിയിലാകുന്നു. സുമോനെ ചോദ്യം ചെയ്യുന്നതിൽ നിന്നും നിർമാലിക്കുള്ള പങ്ക് പോലീസ് കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

ഇതാണ് മൊത്തത്തിൽ ആമിസ് എന്ന സിനിമ. എന്നാൽ ഇത് വെറും ആവരണം ആണ്. വളരെ unique ആയ ഒരു കൺസെപ്റ്റ് ആണ് ചിത്രത്തിനായി സംവിധായകൻ ഭാസ്കർ തിരഞ്ഞെടുത്തിരിക്കുന്നത്. അങ്ങനെ പറയാൻ കാരണം ഈ സിനിമ മുഴുവൻ മെറ്റഫറിക്കൽ ആയ ഒരു സമീപനം ആണെന്നുള്ളത് കൊണ്ടാണ്. മാംസം എന്ന അവർക്കിടയിലുള്ള, ഞാൻ നേരത്തെ സൂചിപ്പിച്ച, പാലം യഥാർത്ഥത്തിൽ ലൈംഗികത ആണ്. അതിന് സൗഹൃദം എന്നും പ്രണയം എന്നുമൊക്കെയുള്ള പല വശങ്ങൾ നമുക്ക് കാണാവുന്നതാണ്. അവർക്കിടയിലുള്ള, അവർ ആഗ്രഹിക്കുന്ന ലൈംഗികത ആദ്യം മുന്നോട്ട് വയ്ക്കുന്നത് സുമോൻ ആണ്. അത് തെറ്റാണെന്നു തോന്നുന്ന നിർമാലി അതിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ പിന്നീട് അത് തെറ്റല്ലെന്നും, തനിക്ക് സുമോനുമായി രതിയിലേർപ്പെടണമെന്നും അവർ ആഗ്രഹിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു (അവർ രണ്ട് പേരും സ്വന്തം ശരീരഭാഗങ്ങൾ പാകം ചെയ്ത് ഭക്ഷിക്കുന്നു).

സുമോനും നിർമാലിയും ആഗ്രഹിക്കുന്ന രതി അവർ പാകം ചെയ്യുന്ന രുചിയുള്ള മാംസം എന്ന രീതിയിലാണ് നമ്മളുടെ മുൻപിലെത്തുന്നത്. വേണമെങ്കിൽ അതിനെ വിശപ്പ് എന്ന് വിളിക്കാം. എന്നാൽ ആ വിശപ്പ് വയറിന്റെതല്ല, മറിച്ച് മനസ്സിന്റേതാണ്. ചിത്രം അതിന്റെ മെറ്റഫറിക്കൽ സാധ്യത കുടഞ്ഞെറിഞ്ഞ് നേരിട്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചില രംഗങ്ങളുണ്ട്.
• നിർമാലിയുമായി ഫോണിലൂടെ സുമോൻ ചാറ്റ് ചെയ്യുന്ന സമയം അവനടുത്തേയ്ക്ക് പ്രണയത്തോടെ നമുക്ക് നടക്കാൻ പോകാം എന്നാവശ്യപ്പെടുന്നൊരു പെൺകുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട് ചിത്രം. (ആ പെൺകുട്ടിയുടെ മറ്റു ഡീറ്റെയിൽസിലേയ്ക്ക് കഥയുടെ ഗതി മാറുന്നില്ല എന്നത് പ്രശംസനീയമാണ്). ആ പെൺകുട്ടിയോട് പോകാമെന്ന് അവൻ പറയുന്നുണ്ടെങ്കിലും അവനിലെ ത്വര നിർമാലിയോട് ആണെന്നത് സീനിൽ വ്യക്തമാക്കുന്നുണ്ട്.

• മറ്റൊരു സീനിൽ രാത്രി ഫ്രിഡ്ജിൽ നിന്നും മാംസം കഴിക്കുന്ന നിർമാലി ഉണ്ട്. “I wanted to eat some meat” എന്നവൾ പറയുന്നു. അന്ന് വൈകുന്നേരം സന്തോഷും നിർമാലിയും കുട്ടിയും ഭക്ഷണം കഴിക്കുന്നതായി കാണിക്കുന്നുമുണ്ട്. ഇതിനോട് ചേർന്ന് തൊട്ടടുത്ത് വരുന്ന സീനിൽ നിർമാലിയും രാകേഷും അവരുടെ ‘വിശപ്പ്’ തീർക്കുന്നതായി വേണമെങ്കിൽ കരുതാം.
• സുമോനൊപ്പം ആയിരുന്ന നിർമാലി സന്ധ്യക്ക്‌ തിരികെ വീട്ടിലെത്തുമ്പോൾ കതക് തുറക്കുന്ന ഭർത്താവിന്റെ ചുണ്ടുകളിലേയ്ക്ക് അവൾ അമർത്തി ചുംബിക്കുന്നുണ്ട്. (53:30 മുതൽ 53:55 വരെയുള്ള ഭാഗം കാണുക). എന്ത് പറ്റിയെന്നു രാകേഷ് ചോദിക്കുമ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ ഉള്ളിലേയ്ക്ക് പോകുന്നു.

• അവരുടെ പ്രണയം/സൗഹൃദം രതിയിലധിഷ്ഠിതമാണ് എന്നുള്ളത് വിഷ്വലി കാണിക്കുന്ന രണ്ട് സീനുകളുണ്ട്. സുമോന്റെ ഭാഗത്ത് നിന്നും (56:20 — 58:00 വരെയും 43:25 – 44:00 വരെയും) അതോടൊപ്പം നിർമാലിയുടെ ഭാഗത്ത് നിന്നും (01:13:2 മുതൽ 01:15:00 വരെയും 1:17:20 മുതൽ 1:18:22 വരെയും). ഈ രംഗംങ്ങൾക്ക് ശേഷമാണ് ശരീരത്തിലെ മാംസം അവർ ഭക്ഷണം ചെയ്യാൻ തുടങ്ങുന്നത് എന്നുള്ളതും ഇതിനോടൊപ്പം ചേർത്ത് വായിക്കണം. അതും വളരെ നന്നായി തന്നെ സീൻ കൊറിയോഗ്രാഫ് ചെയ്തിട്ടുമുണ്ട്.

ഇങ്ങനെ മൂന്നോളം സീനിലൂടെ തന്നെ അവർക്കിടയിലുള്ള ‘രതി’യുടെ സാന്നിധ്യത്തെ സംവിധായകൻ നമുക്കായി തുറന്നിടുന്നുണ്ട്. അരിസ്റ്റോട്ടിലിന്റെ നിർവചനം ഒക്കെ പോലെ ഒരു 3-act പ്ലേയിൽ ഉണ്ടാകേണ്ടുന്ന പ്ലോട്ട് പോയിന്റ്സ് കൃത്യമായും അടുക്കി വച്ചൊരു സിനിമയാണ് ആമിസ് എന്ന് നിസംശയം പറയാം.
രണ്ട് പേർക്കിടയിലെ ലൈംഗികതയ്ക്ക് സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ, സംസ്കാരത്തിന്റെ കെട്ടുപാടുകളെ ഒക്കെ തൃപ്തിപ്പെടുത്തേണ്ടി വരുന്നു എന്നിടത്താണ് ചിത്രം പറഞ്ഞവസാനിപ്പിക്കുന്നത്. വിശപ്പ്/രതി എന്നീ പ്രാഥമികാവശ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, ലൈംഗികത ആസ്വദിക്കുന്നതിലെ വെല്ലുവിളികളായി കുടുംബവ്യവസ്ഥ, പ്രായവ്യത്യാസം, സൗഹൃദത്തിന്റെ അതിർവരമ്പുകൾ, സദാചാര കണ്ണുകൾ എന്നിവയെല്ലാം എടുത്ത് കാട്ടുകയും ചെയ്യുന്നു.

ഇനി ഈ ചിത്രത്തിലെ ചില പൊതുബോധ സാധൂകരിക്കലുകൾ കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. അത്തരമൊരു ബോധപൂർവ ശ്രമം തിരക്കഥയിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇതൊരു മാസ്റ്റർ പീസ് സിനിമയാണെന്ന് ഞാൻ സമർത്ഥിച്ചേനെ.
എന്നാൽ രണ്ട് പേർക്കിടയിലുള്ള ലൈംഗികത ഉടലെടുക്കുന്നത്, അതിന് വഴിയൊരുക്കുന്നത് വൈവാഹിക ജീവിതം പരാജയപ്പെടുന്നിടത്ത്‌ ആണെന്നൊരു സൂചന ചിത്രം തരുന്നുണ്ട്. ഭർത്താവിന്റെ സാന്നിധ്യമില്ലായ്‌മയിൽ അതൃപ്തി പ്രകടിപ്പിക്കുകയും (47:15 മുതൽ) “the hunger grows at me” എന്നൊരു ആത്മഗതം നിർമാലി നടത്തുകയും ചെയ്യുന്നതായി ചിത്രത്തിലുണ്ട് (1:18:25 മുതൽ). സ്ത്രീയാണ് ആ ബുദ്ധിമുട്ട് നേരിടുന്നത്, പുരുഷ തൃപ്തി എളുപ്പമാണെന്നൊക്കെയുള്ള ഒരു തരം പറച്ചിൽ എന്നിൽ അതൃപ്തിയുണ്ടാക്കുന്നു. ഈയൊരു പൊതുബോധ തൃപ്തിപ്പെടുത്തൽ നീക്കം ചിത്രത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി.

വളരെ ഗ്ലോബലൈസ്ഡ് ആയൊരു കണ്ടന്റ് ആണ് ആമിസ് പറയുന്നത് എന്നതിനാൽ ഈ ചിത്രത്തിന് അർഹിക്കുന്ന പരിഗണന ലഭിക്കേണ്ടത് അത്യാവശ്യമാണ്. പരമാവധി ആളുകൾ കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇന്ത്യൻ സിനിമ എന്ന തരത്തിൽ തന്നെ പുറത്തും അറിയപ്പെടട്ടെ..