എനിക്കിപ്പോൾ കാണാൻ കഴിയുന്നത് സൊഹ്റബുദ്ധീന്റെ കണ്ണുകളിലെ ദൈന്യതയാണു.! എത്രവട്ടമാണയാൾ പൊലീസിനോട് യാചിച്ചത് എന്നെയൊന്നും ചെയ്യരുതെന്ന്. എന്തിനാണു നിങ്ങളെന്നെ കൊല്ലുന്നതെന്ന്. ആർക്കുവേണ്ടിയാണിത് ചെയ്യുന്നതെന്ന്.
അതിനൊന്നും ഉത്തരമില്ലാതെ തനിക്കുനേരെ വെടിയുതിർത്ത് തന്റെ ഭാര്യ കൗസർബിയെ കണ്മുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആ കാപാലികനോട് മരണവേളയിൽ അയാൾ എത്രവട്ടം യാചിച്ചിട്ടുണ്ടാകും. പ്രിയപ്പെട്ടവളെയെങ്കിലും ഒന്ന് വെറുതെവിടൂ എന്ന്.
തന്റെ ഭാര്യ മൂന്നാം നാളിൽ മരണപ്പെട്ടത് അയാൾ അറിഞ്ഞിട്ടുണ്ടാകില്ല. എന്നല്ല തന്റെ മരണത്തിനു ദൃസാക്ഷിയായ തുളസീദാസ് പ്രജാപതിയുടെയും വിധി ആ കാപാലികനാൽ കൊല്ലപ്പെടാനായിരുന്നെന്ന് അയാൾ എങ്ങനെ അറിയാനാണു.
സൊഹ്റബുദ്ധീൻ വധക്കേസിലെ മുഖ്യപ്രതിയെന്ന് സി ബി ഐ കണ്ടെത്തിയ അമിത്ഷായ്ക്ക് അത് അധികാരത്തിലേയ്ക്കുള്ള അവസരം മാത്രമായിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല.കാലങ്ങൾ നീണ്ട കേസ് അന്വേഷണത്തിൽ സാക്ഷികളെല്ലാം കൂറുമാറ്റപ്പെട്ടു. ഒടുവിൽ ഒരു ജസ്റ്റിസ് ലോയ മാത്രം നീതിപീഠത്തിൽ ബാക്കിയായി. കേസിൽ ഹാജരാകേണ്ട ദിവസം കോടതിയെ പരിഹസിച്ച് വിവാഹസൽക്കാരത്തിൽ പങ്കെടുത്ത അമിത്ഷായ്ക്ക് ലോയ അന്ത്യശാസനം നൽകി. ലോയയെത്തേടി ഒത്തുതീർപ്പുകാരെത്തി. 100 കോടി രൂപയുടെ കണ്ണഞ്ചിപ്പിയ്ക്കുന്ന ഓഫർ. സുഖകരമായ ശിഷ്ടജീവിതം. പക്ഷെ നീതിമാനായ ലോയ അത് തിരസ്കരിച്ചു. പിന്നീട് ഭീഷണിയായി. ദിവസങ്ങൾക്കകം ജസ്റ്റിസ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. തനിക്കുണ്ടായ പ്രലോഭനവും ഭീഷണിയും പങ്കുവെച്ച സുഹൃത്തുക്കൾ ഓരോരുത്തരായി കാണാതായി.
പീന്നീട് വന്ന ജഡ്ജി അമിത്ഷായ്ക്ക് ക്ലീൻ ചിറ്റ് നൽകി. അയാൾ ആർ എസ് എസ് നിയന്ത്രിത മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. നിരപരാധിയായ സൊഹ്റബുദ്ദീനു വേണ്ടി, ഭാര്യ കൗസർബിയ്ക്കുവേണ്ടി, സാക്ഷി തുളസീദാസിനു വേണ്ടി, നീതിമാനായ ജസ്റ്റിസ് ലോയയ്ക്കുവേണ്ടി, അയാളുടെ കാണാതായ സുഹൃത്തുക്കൾക്കുവേണ്ടി, ഇന്നും ട്രോമയിൽ ജീവിക്കുന്ന ലോയയുടെ മക്കൾക്കുവേണ്ടി…ആർക്കുവേണ്ടിയും ഒരിറ്റ് കണ്ണീരൊഴുക്കാത്ത, അൽപം പോലും പശ്ചാത്താപം തോന്നാത്തവർ, എൻ ആർ സി വഴി മുസ്ലിംകളെ മുഴുവൻ തുരത്തിയോടിയ്ക്കുമെന്ന് പറഞ്ഞ നീചനായ ഒരു മനുഷ്യനു നന്മവരണമെന്ന് പ്രാർത്ഥിയ്ക്കുന്നത് കൊടിയ കാപട്യവും അടിമത്തവും ആഴ്ന്നിറങ്ങിയ ഭയവുമല്ലാതെ മറ്റെന്താണു?!
പീ ആർ വർക്കിന്റെ ഭാഗമാകാൻ സാധ്യതയുള്ള, മറ്റുരോഗങ്ങളില്ലെങ്കിൽ 14 ദിവസം കഴിഞ്ഞാൽ എളുപ്പത്തിൽ ഭേദമാകുന്ന കോവിഡ് വൈറസ് വന്ന് അതിനേക്കാൾ ഭീകരനായ, നീചനായ ഒരു കൊലയാളി മരിച്ചുപോകുമെന്ന അമിതമായ ആത്മവിശ്വാസമൊന്നും ഒരിക്കലുമില്ല . പക്ഷെ സെക്കുലറിസം തെളിയിയ്ക്കാൻ അയാൾ മൂലം കൊല്ലപ്പെട്ട നിരവധി മനുഷ്യരുടെ രക്തത്തെ വ്യഭിചരിയ്ക്കരുത്, പ്ലീസ്!