CR Neelakandan

കേരള ആഭ്യന്തര മന്ത്രി അമിത്ഷായൊ?
കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം അതിവേഗം മാറുകയാണ്. പൗരാവകാശങ്ങള്‍ക്കും പൊതുവിഭവങ്ങള്‍ക്കും മേല്‍ കടുത്ത സമ്മര്‍ദ്ദവും ചൂഷണവും ബലപ്രയോഗവും മുറുകുന്നു. നിയമങ്ങളെല്ലാം കര്‍ക്കശമാക്കി ജനങ്ങളെ വേട്ടയാടുന്ന ഒരധികാര വ്യവസ്ഥയെ നാം മുഖാമുഖം നേരിടുകയാണ്. ക്രമസമാധാനവും വികസനവും ഭൂരിപക്ഷത്തിന്റെ അശാന്തിയായി മാറുന്നു. സമീപ ദിവസങ്ങളിലെ കേരളീയാനുഭവം ഭയപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്.

വാളയാര്‍ കേസിലെ പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള പോക്സോ കോടതിയുടെ വിധി, പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കെടുകാര്യസ്ഥതയും പക്ഷപാതവും തുറന്നു കാട്ടുന്നു. ഒമ്പതും പതിമൂന്നും വയസ്സുകാരായ രണ്ടു കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്നുകളഞ്ഞ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ല. പൊതുസമൂഹം കടുത്ത പ്രതിഷേധമുയര്‍ത്തിയെങ്കിലും കേസ് സി ബി ഐക്കു വിടാനോ പുനരന്വേഷണം നടത്താനോ ഗവണ്‍മെന്റ് തയ്യാറായില്ല. കുട്ടികളുടെ അച്ഛനെയും അമ്മയെയും വിളിച്ചു വരുത്തി അപ്പീല്‍ പോകാന്‍ ഉപദേശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഏറ്റവും ലജ്ജാകരമായ നടപടിയാണിത്. കേസിന്റെ പുനരന്വേഷണം ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാനും വലിയ ജനകീയ പ്രക്ഷോഭം വേണ്ടിവരും. അതു ക്ഷണിച്ചു വരുത്തുന്നത് ഗവണ്‍മെന്റിന് ഗുണകരമാവില്ല.

വാളയാര്‍ കേസിന്റെ വിധിയുണ്ടാക്കിയ കാലുഷ്യത്തിനിടയിലാണ് മഞ്ചങ്കണ്ടിയില്‍ വെടി പൊട്ടിയത്. നാലു മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് കൊലപ്പെടുത്തി. ഏറ്റുമുട്ടല്‍കൊലയെന്നാണ് സര്‍ക്കാര്‍ഭാഷ്യം. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള മൂന്നാമത്തെ മാവോയിസ്റ്റു വേട്ടയാണിത്. 2016 നവംബറില്‍ നിലമ്പൂരിലും 2019 മാര്‍ച്ചില്‍ വയനാട്ടിലുമായി മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതെല്ലാം ഏറ്റുമുട്ടല്‍ കൊലകളായാണ് സര്‍ക്കാര്‍ രേഖപ്പെടുത്തുന്നത്. ഏത് ഏററുമുട്ടലിലും മുട്ടിനു താഴെ വെടിവെച്ചു ജീവനോടെ പിടികൂടാന്‍ ശ്രമമുണ്ടാവണമല്ലോ. ദൗര്‍ഭാഗ്യവശാല്‍ ആരെയും ജീവനോടെ പിടികൂടാന്‍ കേരളത്തിലെ സേനയ്ക്കു താല്‍പ്പര്യമില്ല. മഞ്ചങ്കണ്ടി സന്ദര്‍ശിച്ചവര്‍ക്കു സംഭവസ്ഥലം കാണുമ്പോഴും ഊരുവാസികളുമായി സംസാരിക്കുമ്പോഴും ബോധ്യപ്പെടുന്ന കാര്യം അവിടെ ഒരേറ്റുമുട്ടലും നടന്നിട്ടില്ല എന്നതാണ്.

വനഉദ്യോഗസ്ഥരും ഊരുവാസികളും നിത്യവും എത്താറുള്ള ഒരിടത്ത് ഒളിപ്പോരാളികള്‍ തമ്പടിച്ചു ഏറ്റുമുട്ടലിനു തുനിയുമെന്ന് കരുതാനാവില്ല. ഒരു മാസമായി അവിടെ കഞ്ചാവു കൃഷി നശിപ്പിക്കലും കൃഷിക്കാരെ നിരീക്ഷിക്കലുമൊക്കെ നടത്തിവരുന്നുണ്ട് വനപാലകരെന്ന് ആദിവാസികള്‍ പറയുന്നു.. അതിനിടയില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചുവെന്ന കഥ അവര്‍ക്ക് അവിശ്വസനീയമാണ്. സംഭവത്തിനു തലേ ദിവസം വൈകീട്ട് തണ്ടര്‍ബോള്‍ട്ട് സേന മല കയറിയതും രാത്രി രണ്ട് ആംബുലന്‍സുകളെത്തിയതും സംശയാസ്പദമായി അവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ക്ഷീണിതരും അസുഖബാധിതരുമായിരുന്ന ചില മാവോയിസ്റ്റു പ്രവര്‍ത്തകര്‍ കീഴടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും മധ്യസ്ഥര്‍ മുഖേന പൊലീസുമായി സംസാരിക്കുകയും ചെയ്തതായി ആക്റ്റിവിസ്റ്റ് ശിവാനി വെളിപ്പെടുത്തിയിട്ടുണ്ട്. കീഴടങ്ങാന്‍ തയ്യാറായവരില്‍ ഒരാളും വധിക്കപ്പെട്ടു. ഇക്കാര്യമെല്ലാം ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐക്കും ബോധ്യമാണ്. മഞ്ചങ്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് സി പി ഐയും വിമര്‍ശിക്കുന്നു.

മാവോയിസ്റ്റുകളുടെ മാര്‍ഗം ജനാധിപത്യവാദികള്‍ക്ക് അംഗീകരിക്കാനാവില്ല. ജനാധിപത്യത്തിന്റെ സാധ്യതകളിലേയ്ക്ക് അവരെ തിരിച്ചെത്തിക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. ആശയപരവും നിയമപരവുമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തണം. നേപ്പാളിലെ മാവോയിസ്റ്റുകള്‍ ആയുധമുപേക്ഷിച്ചു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ അനുഭവം നമ്മുടെ മുന്നിലുണ്ട്. അവിടെയവര്‍ സര്‍ക്കാര്‍ രൂപീകരിക്കുകപോലുമുണ്ടായി. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്തു ശാന്തി വരുത്താമെന്ന മോഹം മൗഢ്യമാണ്. ജീവനെടുക്കാന്‍ ആര്‍ക്കാണ് അവകാശം? കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാനാണ് നിയമപാലകര്‍. കോടതിക്കു പുറത്തു വിചാരണയും വിധിയും നടപ്പാക്കാന്‍ പൊലീസിനെന്ത് അധികാരമാണുള്ളത്? ഏറ്റുമുട്ടല്‍ക്കഥ ചമച്ചാല്‍ ഹിംസ സാധൂകരിക്കപ്പെടില്ല. വധശിക്ഷ പോലും പുനപ്പരിശോധിക്കപ്പെടണമെന്നു നിലപാടുള്ള ഒരിടതുപക്ഷ പാര്‍ട്ടിയുടെ പ്രതിനിധിയായ മുഖ്യമന്ത്രിയുടെ കീഴിലാണ് ഈ കൂട്ടക്കൊലയെന്നത് ശ്രദ്ധിക്കണം.

മഞ്ചങ്കണ്ടിക്കൊലയുടെ വാര്‍ത്തകള്‍ തിളച്ചു മറിയുന്നതിനിടെയാണ് പന്തീരങ്കാവിലെ രണ്ടു വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി യുഎപിഎ ചുമത്തി ജയിലിലാക്കിയത്. അവരില്‍നിന്നു ചില പുസ്തകങ്ങളും ലഘുലേഖകളും കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ബിനായക് സെന്‍ കേസിലെ സുപ്രീംകോടതി വിധിയും ശ്യം ബാലകൃഷ്ണന്‍ കേസിലെ കേരള ഹൈക്കോടതി വിധിയും ഇത്തരം അറസ്റ്റുകളെ അപലപിക്കുന്നുണ്ട്. പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വെക്കുന്നത് കുറ്റകരമല്ല. മാവോയിസ്റ്റാവുന്നതും കുറ്റമെന്നു കാണാനാവില്ലെന്നാണ് കോടതി പറഞ്ഞത്. ചെയ്ത കുറ്റകൃത്യത്തിന്റെ തെളിവുകളാണാവശ്യം. അലനെയും താഹയെയും അറസ്റ്റു ചെയ്ത് യുഎപിഎ ചേര്‍ത്ത് എഫ് ഐ ആറിടുമ്പോള്‍ പൊലീസിന്റെ കൈവശം അത്തരമൊരു കുറ്റകൃത്യത്തിന്റെയും തെളിവുകളില്ലായിരുന്നു.

മുഖ്യമന്ത്രി കോഴിക്കോടുള്ള ദിവസമായിരുന്നു അത്. അലന്റെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടു. മുഖ്യമന്ത്രി ഡി ജി പിയെ വിളിച്ച് അന്വേഷിക്കുന്നു. ഡി ജി പി ഉടന്‍ ഐ ജിയുടെ റിപ്പോര്‍ട്ടു തേടി. മുഖ്യമന്ത്രി ഇടപെട്ട വിഷയമാണെന്ന ബോധ്യമുണ്ടായിട്ടും ഐ ജി കുലുങ്ങിയില്ല. മുകളിലേക്കു റിപ്പോര്‍ട്ടു നല്‍കുന്നതിനെക്കാള്‍ ഉത്സാഹത്തില്‍ മാധ്യമങ്ങളോട് കേസ് യുഎപിഎതന്നെയെന്ന് ഉറപ്പിച്ചു പറയാനായിരുന്നു അദ്ദേഹത്തിനു ധൃതി.

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎപിഎ വിഷയത്തില്‍ മറ്റിടങ്ങളില്‍നിന്നു ഭിന്നമായ ഒരു നയം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പല കേസുകളിലും യുഎപിഎ പുനപ്പരിശോധിക്കുമെന്നും പിന്‍വലിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ടായിരുന്നു. പി ജയരാജനു നേരെ യുഎപിഎ ചുമത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ചാടി വീണതുമാണ്. യുഎപിഎയ്ക്ക് എതിരായ നയം തുടരുമെന്ന ഉറപ്പാണ് അദ്ദേഹത്തിന്റെ കീഴിലെ പൊലീസ് ലംഘിച്ചത്. ഭരിക്കുന്ന മുന്നണിയുടെ ഇഷ്ടമോ അനിഷ്ടമോ പരിഗണിക്കാതെയാണ് കേരളാ പൊലീസ് അതു നടപ്പാക്കുന്നത്. സിപി ഐ എം അംഗങ്ങളെത്തന്നെ യുഎപിഎ കേസില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയകേരളത്തെ സ്തംഭിപ്പിച്ച പൊലീസ് ആരുടെ ആജ്ഞ നടപ്പാക്കുന്നതെന്ന് ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കുന്ന ആര്‍ക്കും മനസ്സിലാകും. തീക്കട്ടയില്‍ ഉറുമ്പരിക്കുകയോ എന്ന് ചിലരൊക്കെ വിസ്മയിക്കുന്നുണ്ടാവണം! അതു വെറും കരിക്കട്ടയായിരിക്കുന്നുവെന്ന് വിപ്ലവകാരിയുടെ നിസ്സഹായതയില്‍ തെളിഞ്ഞു കാണാം!

കേരളാ പൊലീസ് സംസ്ഥാന സര്‍ക്കാറിന്റെ നയമോ ആഭ്യന്തര മന്ത്രിയുടെ ആജ്ഞകളോ അല്ല അനുസരിക്കുന്നതെന്നു വ്യക്തം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഇത്തരം ഓപ്പറേഷനുകളുടെ പൂര്‍വ്വ നായകനുമായ രമണ്‍ ശ്രീവാസ്തവയും ഗുജറാത്തു ശിക്ഷണത്തിന്റെ മികവുള്ള ബെഹറയും ആഭ്യന്തര വകുപ്പു ഭരിക്കുന്നു. ഒപ്പം തന്റെ നേതൃത്വമെന്തെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനവുമായി രംഗത്തു വന്നു. കൊല്ലാന്‍ വരുന്നവരെ കൊല്ലുകതന്നെയാണ് വേണ്ടതെന്ന് മഞ്ചങ്കണ്ടി കൊലപാതകത്തിന് ന്യായീകരണമുണ്ടാക്കി. മജിസ്റ്റീരിയല്‍ അന്വേഷണംനടക്കുന്ന വിഷയത്തില്‍ ഇങ്ങനെ പ്രതികരിച്ചുകൂടാ എന്ന മര്യാദ അദ്ദേഹത്തിനില്ല. സര്‍ക്കാര്‍ നയവും നിലപാടും പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയുണ്ടായിരിക്കെ ചീഫ് സെക്രട്ടറിയിലൂടെ ഭരണകൂടത്തിന്റെ സമാന്തര ശബ്ദം ഉയര്‍ന്നത് ജനാധിപത്യ രാഷ്ട്രീയത്തെ സ്തബ്ധമാക്കി.

അപ്പോള്‍ കേരളത്തില്‍ രമണ്‍ ശ്രീവാസ്തവയും ടോം ജോസും ബെഹറയും ഭരണചക്രം കയ്യിലെടുത്തിരിക്കുന്നു. ഭരണ പ്രതിപക്ഷ കക്ഷികള്‍ക്കും ജനാധിപത്യ സംവിധാനത്തിനും മേല്‍ ഉദ്യോഗസ്ഥരാജ് നടപ്പാക്കുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയല്ലെന്ന് നാമെങ്ങനെ ഉറപ്പിക്കും? പാര്‍ട്ടിക്കുമേല്‍ അദ്ദേഹത്തിനുള്ള ഏകശാസകാധികാരം സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ കാണുന്നു. യുഎപിഎയുടെ ദുരുപയോഗം തടയും എന്നാണ് പത്രക്കുറിപ്പ്. അപ്പോള്‍ പിണറായി വഴങ്ങിയിരിക്കുന്നു! ഒപ്പം പാര്‍ട്ടിയും!

യുഎപിഎയുടെ ഉപയോഗംതന്നെ തെറ്റാണ് എന്നതാണ് സിപിഐഎമ്മിന്റെ നിലപാട്. അവിടെ ശരിയായ ഉപയോഗം, തെറ്റായ ഉപയോഗം എന്നിങ്ങനെ വേര്‍തിരിവു സാധ്യമല്ല. അപ്പോള്‍ യുഎപിഎയുടെ ദുരുപയോഗത്തിനാണ് എതിര് എന്ന പിണറായിയുടെയും കേരളാ സിപിഎമ്മിന്റെയും നിലപാടിന്റെ അര്‍ത്ഥമെന്ത്? യെച്ചൂരിയും കാരാട്ടും ബേബിയും ബൃന്ദയും ഉള്‍പ്പെടെയുള്ള പിബി അംഗങ്ങള്‍ പന്തീരങ്കാവ് കേസിലെ യുഎപിഎ പിന്‍വലിക്കണമെന്ന് പിണറായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതാണ്. പക്ഷെ പിണറായി കുലുങ്ങിയില്ല. യുഎപിഎയ്ക്കല്ല അതിന്റെ ദുരുപയോഗത്തിനാണ് എതിര് എന്ന പുതിയ വാദംകൊണ്ട് സ്വന്തം പാര്‍ട്ടി നേതൃത്വത്തെ നേരിടാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇത്രമേല്‍ പിണറായിയെ കീഴ്പ്പെടുത്തിയ രാഷ്ട്രീയ കൗശലം ആരുടേതാവുമെന്ന് ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കുന്ന ആര്‍ക്കും ഊഹിക്കാനാവും.

ബാബറിമസ്ജിദ് കേസില്‍ വിധിവന്ന ദിവസം കേരളത്തിലെ സാമൂഹിക മാധ്യമങ്ങള്‍ മൗനത്തിലായിരുന്നു. വല്ലാത്ത ഒരു ഭയം നിറഞ്ഞുതൂവി. സ്വതന്ത്രാഭിപ്രായം പ്രകടിപ്പിക്കാന്‍ ഇടയുള്ള ഏക സംസ്ഥാനത്ത് ഇടതുപക്ഷ ഭരണമായിട്ടുപോലും ഒച്ച പൊന്തിയില്ല. സാക്ഷാല്‍ പിണറായി വിചാരിച്ചാലും രക്ഷിക്കാനാവാത്ത ഒരു വിപത്സന്ധിയാണിതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കുപോലും മനസ്സിലായി. കേരളത്തിലെ ആഭ്യന്തര വകുപ്പിന് മന്ത്രി കേന്ദ്രത്തിലാണെന്ന മട്ടോളം കാര്യങ്ങളെത്തി.

സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെയും ഡിജിപിമാരെയും വേറെവേറെ വിളിച്ചു കേന്ദ്രം പറഞ്ഞതെന്താവും? ഭീകര വിരുദ്ധ നായാട്ടജണ്ടയില്‍ മാവോയിസ്റ്റു വേട്ടയെ മുകളില്‍ വെയ്ക്കാനും താരതമ്യേന മാവോയിസ്റ്റു ഭീകരത അറിഞ്ഞിട്ടില്ലാത്ത കേരളത്തെ ആ നായാട്ടിന്റെ കേന്ദ്രമാക്കാനും തീരുമാനിച്ചതിന്റെ യുക്തിയെന്താവും? അതിലൊരു രാഷ്ട്രീയ തീരുമാനം തീര്‍ച്ചയായുമുണ്ട്. അതിനു കേരള സി പിഎം വഴിപ്പെടുന്നതിന്റെ യുക്തിയേ അറിയാതെയുള്ളു.

ലോകം ഭീകരവാദത്തെ നേരിടാന്‍ തുടങ്ങിയിട്ടു രണ്ടു പതിറ്റാണ്ടിലേറെയായി. ഭീഷണിയുയര്‍ത്തുന്ന ഭീകരതകളേതെന്ന് നിര്‍വ്വചിക്കപ്പെട്ടിട്ടുമുണ്ട്. മത ഭീകരവാദം, വംശീയതയിലൂന്നിയ സാംസ്കാരിക ദേശീയതാ ഭീകരവാദം, തീവ്ര ഇടതു ഭീകരവാദം, ലഹരി മാഫിയാ ഭീകരവാദം എന്നിവയാണവ. ഇന്ത്യയിലും ഇവയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനെന്ന വാദത്തോടെയാണ് നിയമങ്ങള്‍ പരിഷ്കരിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുന്നത്. യു എ പി എ നിയമം കൂടുതല്‍ കര്‍ക്കശമാക്കിയതും ഈ സാഹചര്യം വിശദീകരിച്ചുകൊണ്ടാണ്.

നമ്മുടെ രാജ്യത്ത് ഈ നാലു വിഭാഗം ഭീകരതകളും സ്ഫോടനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവയില്‍ ജനാധിപത്യ ഭരണകൂടത്തിന് ഏതെങ്കിലും ചിലത് സ്വീകാര്യവും ചിലത് അസ്വീകാര്യവുമാവേണ്ടതില്ല. ഇന്ത്യന്‍ തടവറയില്‍ വിചാരണയില്ലാതെ പതിറ്റാണ്ടു പിന്നിട്ട കരുതല്‍ തടങ്കലുകാരുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങളാണ് ആരോപിക്കപ്പെട്ടത്. കുറ്റവിചാരണ നടത്തി ശിക്ഷ നല്‍കാതെ തടങ്കലില്‍ അനിശ്ചിതമായി പാര്‍പ്പിക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. അതിനിരയായവര്‍ ഏറെയും ന്യൂനപക്ഷങ്ങളാണെന്നത് യാദൃച്ഛികമല്ല. കേന്ദ്രാധികാരത്തിന്റെ സ്വഭാവമാണ് അതു വെളിപ്പെടുത്തുന്നത്. മതഭീകരവാദം എന്നത് ഒരിടത്തും ഒരേ മതം സൃഷ്ടിക്കുന്നതല്ല. പക്ഷെ വേട്ടയാടപ്പെടുന്നത് അതതിടങ്ങളിലെ ന്യൂനപക്ഷങ്ങളാവും. ഇന്ത്യയിലെ സ്ഫോടനക്കേസുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാവും. വംശ/വര്‍ണ ദേശീയ ഭീകരതയുടെ വക്താക്കള്‍ അധികാരത്തിന്റെ ഭാഗമാകുമ്പോള്‍ ഭരണകൂട ഭീകരതയുടെ സ്വഭാവം അതാവും. ‘വിചാരധാര’ ചൂണ്ടിക്കാട്ടിയ ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുമായി പുതുകാലത്തെ ഭീകരതാവിരുദ്ധ പ്രവര്‍ത്തനങ്ങളെ കണ്ണി ചേര്‍ക്കുകയാണ് കേന്ദ്ര ഭരണാധികാരികള്‍.

രണ്ടാം മോദിസര്‍ക്കാര്‍ വന്നതോടെ നിയമങ്ങള്‍ കര്‍ക്കശമാവുന്നു. നടത്തിപ്പ് അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നു. ഒന്നാം സര്‍ക്കാറിന്റെ കാലത്തു തുടങ്ങിയ മുസ്ലീം വിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ച മുഖ്യശക്തികളെ ദുര്‍ബ്ബലപ്പെടുതത്താനാണ് ഇപ്പോഴത്തെ നീക്കം. അതില്‍ രാജ്യത്തെ ഇടതുപക്ഷാഭിമുഖ്യമുള്ള മനസ്സും അനേകം അതിജീവന സമരങ്ങളുടെ സാമൂഹിക ഇടതുപക്ഷ സ്വഭാവമാര്‍ന്ന സമര മുഖങ്ങളും പെടും. അവയെ ശിഥിലമാക്കാനുള്ള പദ്ധതികളില്‍ ഒന്നാണ് ഇല്ലാത്ത പ്രാധാന്യം കല്‍പ്പിച്ചുള്ള കേരളത്തിലെ മാവോയിസ്റ്റു വേട്ടയെന്ന മനസ്സിലാക്കാന്‍ പ്രയാസമില്ല.

കേരളത്തില്‍ മാവോയിസ്റ്റുകള്‍ നടത്തിയതെന്ന് ഓര്‍ക്കാന്‍ ഒരു ഹിംസാത്മക പ്രവര്‍ത്തനവുമില്ല. എന്നാല്‍ അവര്‍ക്കു നേരെ നടന്ന പൊലീസ് അതിക്രമവും കൊലയും ശ്രദ്ധേയവുമാണ്. മാവോ വാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനല്ല കൊന്നുകളയാനാണ് ഭരണകൂടത്തിന് ഉത്സാഹം. വധശിക്ഷയെയും യു എ പി എ പോലെയുള്ള മാരണ നിയമങ്ങളെയും എതിര്‍ക്കുന്ന സി പി ഐ എം ഭരിക്കുന്ന കേരളത്തില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടത്തിയെടുക്കാന്‍ കേന്ദ്ര ഭരണത്തിലെ സംഘിരാഷ്ട്രീയത്തിനു കഴിയുന്നു. സി പി എം നേതൃത്വം ഇത്രമാത്രം ഓജസ്സറ്റ് മുഖം കുനിച്ചു നിന്ന മറ്റൊരു ഭരണകാലവും ഉണ്ടായിട്ടില്ല.

തീവ്രഇടതുപക്ഷത്തെ എതിരിടുന്നത് ഒറീസയിലും വടക്കു കിഴക്കന്‍ ഖനന മേഖലയിലുമുള്ള കോര്‍പറേറ്റ് ചൂഷണം എളുപ്പമാക്കാന്‍ കൂടിയാണ്. ജനങ്ങളെ രക്ഷിക്കാന്‍ എന്നതിലേറെ പൊതുവിഭവങ്ങളുടെ ചൂഷണത്തിനു നിലവിലുള്ള എതിര്‍പ്പു കുറയ്ക്കല്‍കൂടി ലക്ഷ്യമാകുന്നുണ്ട്. ജനകീയ സമരങ്ങള്‍ എവിടെയെവിടെയുണ്ടോ അവിടെയെല്ലാം തീവ്രവാദികളും ഭീകരവാദികളും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആരോപണമാവും ഭരണകൂടം ആദ്യമുയര്‍ത്തുക. സമരങ്ങളെ ദുര്‍ബ്ബലമാക്കാനോ ശിഥിലമാക്കാനോ ഉള്ള വഴികളില്‍ ഒന്നാണത്. കേരളത്തിലെ ജനകീയ സമരങ്ങള്‍ക്കു നേരെയും നാമത് കണ്ടിട്ടുണ്ട്. പുതിയ മാവോയിസ്റ്റു വേട്ടയുടെ സന്ദേശങ്ങളിലൊന്ന് സമരത്തിനിറങ്ങുന്നവര്‍ക്കുള്ള താക്കീതാണ്. ഭരണകൂടത്തിന് ഭീകരവാദം ആരോപിക്കാനാവും. സമര നേതാക്കളെ വിചാരണയില്ലാത്ത തടങ്കല്‍പ്പാളയങ്ങളിലേയ്ക്ക് അയക്കാനാവും. ചിലപ്പോള്‍ ഏറ്റുമുട്ടല്‍ കൊലകളില്‍ അവരൊടുങ്ങിയെന്നും വരാം. ഇങ്ങനെ ഭീതി വിതച്ചു പൊതുവിഭവചൂഷണവും കയ്യേറ്റവും കൊള്ളയും സംരക്ഷിക്കപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

തീവ്ര ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാന്‍ ഇടതുപക്ഷ നാമത്തിലുള്ള ഒരു സര്‍ക്കാറിനെത്തന്നെ പ്രയോഗസജ്ജമാക്കുന്ന വിധമാണ് കേരളത്തില്‍ നാം കാണുന്നത്. കാബിനറ്റിനു മേല്‍ ഉന്നതോദ്യോഗസ്ഥരെ ഉയര്‍ത്തിനിര്‍ത്തി കേന്ദ്ര ഭരണം നടത്തുന്ന തീക്കളിയാണിത്. മുഖ്യമന്ത്രിക്ക് സ്വബോധം നഷ്ടപ്പെട്ടതുപോലെയുണ്ട്. ബിജെപിയുടെ പാവഗവണ്‍മെന്റായി കേരളത്തിലേത് മാറിയ മട്ടാണ്. ഫെഡറല്‍ ഘടനയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. കാഷ്മീരിലെന്നപോലെ പ്രകടമായ ഒരാക്രമണമാണ് കേരളവും നേരിടുന്നത്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാറിനുള്ള നയവും സമീപനവും ഒരു അതീതാധികാര ശക്തി പിടിച്ചു വാങ്ങുന്നു. അതിന് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ കരുവാക്കുന്നു. നിയമങ്ങളുടെ രൂപീകരണത്തിലും നടത്തിപ്പിലും ജനവിരുദ്ധ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ നടപ്പാക്കുന്ന ഭരണകൂട ഉപജാപങ്ങള്‍ക്ക് അവര്‍ കാര്‍മ്മികരാവുന്നു. പ്രതികരിക്കുന്ന ജനങ്ങളെ ഭയത്തില്‍ മുക്കി അവര്‍ നിശബ്ദരാക്കുന്നു. ഇത് ഫാഷിസത്തിന്റെ വേലിയേറ്റങ്ങളുടെ തുടക്കമാവണം.

മോദി അമിത്ഷാ സംഘപരിവാര ഭരണത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് കേരളത്തെ പരുവപ്പെടുത്തുന്ന ദല്ലാള്‍ ഭരണമാണ് പിണറായിയുടെത്. പൗരജീവിതത്തിനും പൊതു വിഭവങ്ങള്‍ക്കും മേല്‍ കോര്‍പറേറ്റധികാരത്തെ ഉറപ്പിക്കാനുള്ള ഹീനമായ കൂട്ടുകെട്ടാണത്. ജനാധിപത്യ മൂല്യങ്ങളെ തിരിച്ചാനയിച്ചും തത്വാധിഷ്ഠിത രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയും ജനകീയമായ അതിജീവന സമരങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നും മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ സാധ്യമാവൂ എന്ന് ജനകീയ രാഷ്ട്രീയ മുന്നണി കരുതുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.